#

കാരികാക്ക

കൊത്തുനേരം : Dec 27, 2015

പങ്കു വെയ്ക്കൂ !

പാപുവ ന്യൂ ഗിനിയ

ഓഷ്യാനിയയിലെ അനേക ദ്വീപുകൾ ചേർന്ന പ്രകൃതി സുന്ദരമായ ചെറുരാജ്യമാണ്

പാപുവ ന്യൂ ഗിനിയ . ഗിനിയ ദ്വീപിന്റെ കിഴക്കു ഭാഗവും അനവധി ദ്വീപുകളും

ചേർന്ന ഈ രാജ്യത്തിന്റെ തലസ്ഥാനം പോർട്ട് മോറെസ്ബി ആണ്. കൊച്ചുകൊച്ചു

ദ്വീപുകൾ തൊപ്പിക്കുട കമഴ്ത്തിയാലെന്നപോലെ കടലിൽ ഈ രാജ്യം ചിതറി കിടക്കുന്നു.ജര്‍മ്മന്‍കാരും ബ്രിട്ടീഷ്‌കാരു

കൂടി 1885ല്‍ വീതംവച്ച് എടുത്ത രാജ്യമാണ് ഇത്. ക്യാപ്ടൻ ജയിംസ് കുക്ക്

ആസ്‌ട്രേലിയ കണ്ടെത്തുന്ന കാലത്തുതന്നെ ‘പാപ്പുവാ’യും പാശ്ചാത്യലോകത്തിന് കൺമുമ്പിൽ വന്നതാണ്. എന്നാൽ, അതിനുമുമ്പേ ഇന്തോനേഷ്യക്കാരും ചൈനക്കാരും ഈ ദ്വീപിലെത്തിയിരുന്നു. സൗത്ത് പസഫിക്ക് രാജ്യങ്ങളിൽ ഏറ്റവും വലിയ രാജ്യമാണിത്.ആദ്യമായി മനുഷ്യര്‍ ഇവിടെ വന്നത് ഏകദേശം 42,000 മുതല്‍ 45,000 വര്‍ഷം മുന്‍പ് ആണ് എന്ന്‍ അനുമാനിക്കുന്നു.7000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കൃഷി വ്യവസായിക അടിസ്ഥാനത്തില്‍ നടത്തിയിരുന്ന ഒരു ജനവിഭാഗമാണ് ഇവിടത്തുകാര്‍.

ലോകത്തിൽ ഏറ്റവുമധികം സാംസ്കാരികവൈവിധ്യം നിറഞ്ഞ രാജ്യമായ പാപ്പുവാ ന്യുഗിനിയുടെ വിസ്തീർണം 4,62,800 ചതുരശ്രകിലോമീറ്ററാണെങ്കിലും ജനസംഖ്യ എഴുപത് ലക്ഷത്തിന് അടുത്ത് ആണ് . 850 പ്രാദേശികഭാഷകളും അത്രയുംതന്നെ പരമ്പരാഗതമായ സമൂഹങ്ങളും നിലവിലുണ്ട്. ഇംഗ്ലീഷിൽനിന്ന് മിഷനറിമാർ തരപ്പെടുത്തിയെടുത്ത ദേശീയ ഭാഷയാണ് ജനങ്ങൾ ഉപയോഗിക്കുന്ന പൊതുഭാഷ. 82 ശതമാനത്തോളം ജനങ്ങൾ ഗ്രാമപ്രദേശങ്ങളിലാണ് നിവസിക്കുന്നത് ഭാക്കിയുള്ള ജനങ്ങള്‍ വസിക്കുന്നത് പോർട്ട് മോർസ്ബി, ലേ, മഡാംഗ്, വീമാക്ക്, ഗാറോക്കാ മുതലായ നഗരപ്രദേശങ്ങളിലാണ് . സാംസ്കാരികപരമായും ഭൂമിശാസ്ത്രപരമായും ഈ രാജ്യത്തിനെക്കുറിച്ചു് വളരെക്കുറച്ചുമാത്രമേ പുറം ലോകത്തിന് അറിയുകയുള്ളൂ, ഇവിടത്തെ ഉൾനാടുകളിൽ ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്ത ജന്തുക്കളും സസ്യങ്ങളുമുണ്ടെന്ന് കരുതപ്പെടുന്നു.

മെലനേഷ്യൻ വർഗത്തിൽപ്പെട്ടവരാണ് ഭൂരിപക്ഷവും. വൈവിധ്യമാർന്ന സംസ്‌കാരങ്ങളും വിവിധ പാരമ്പര്യങ്ങളുംകൊണ്ട്

സമ്പന്നമാണ് പാപ്പുവാ ന്യുഗിനി. ഗോത്രങ്ങൾ തമ്മിൽ ആശയവിനിമയവും

സമ്പർക്കവും അത്ര എളുപ്പമല്ല. എഴുതുവാനോ വായിക്കുവാനോ അറിയാത്തവരാണ്

ഗ്രാമീണർ. 1948 – ലാണ് പുറംലോകത്തുനിന്ന്

തുണിവസ്ത്രം ധരിച്ച ഒരു മനുഷ്യനെ അവർ ആദ്യം കാണുന്നത്. ഓരോ ഗോത്രത്തിനും

സ്വന്തമായ ഭൂമിയും കൃഷിരീതികളും വിശ്വാസങ്ങളും ഉണ്ട്. ഭൂമിയെ ചൊല്ലിയും

വളർത്തുമൃഗങ്ങളെ ചൊല്ലിയും ഗോത്രകലഹങ്ങളും യുദ്ധവും ഇവിടെ പതിവായിരുന്നു. ശത്രുക്കളെ കൊല്ലുന്നതും ഭക്ഷിക്കുന്നതും ധീരതയുടെയും അഭിമാനത്തിന്റെയും അടയാളമായിരുന്നു. നരനായാട്ടും നരഭോജനവും നടമാടിയിരുന്ന പാപ്പുവാ ന്യുഗിനി മിഷനറിമാരുടെ വരവോടെ ആധുനിക സംസ്‌കാരത്തിലേക്ക് മാറിത്തുടങ്ങി. പക്ഷേ, പഴയ പാരമ്പര്യത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും തലപൊക്കി നിൽക്കുന്നു.

സ്വർണം, വെള്ളി, നിക്കൽ, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, ചെമ്പ്

തുടങ്ങിയവയിൽ സമ്പന്നമാണ് രാജ്യം. പലയിടത്തും ഇതിനോടകം ഇവയുടെ ഖനനം

ആരംഭിച്ചുകഴിഞ്ഞു. 1975 വരെ വിദേശ ഭരണത്തിൻ കീഴിലായിരുന്നു. ഇപ്പോൾ ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യമാണിത്. രാജ്യം സാവധാനം വികസനപാതയിലാണെന്നു പറയാം. എന്നാൽ ശക്തമായ ഭരണനേതൃത്വത്തിന്റെ അഭാവം ഇവിടെയുണ്ട്. അഴിമതിയുടെ മുൻപന്തിയിലാണ് ഉദ്യോഗസ്ഥവൃന്ദവും ഗവൺമെന്റും.

ദൈവം കൈവിരൽ തൊട്ട അതിമനോഹരമായ ഭൂപ്രദേശമാണിത്.

പക്ഷേ, ഇവിടുത്തെ പ്രകൃതി വിഭവങ്ങളും സമ്പത്തും ജനങ്ങൾക്ക് അനുഭവിക്കാൻ

യോഗമില്ല എന്നുമാത്രം. പാശ്ചാത്യരായ വൻകിട വ്യവസായികളാണ് എല്ലാം

നിയന്ത്രിക്കുന്നത്. ഭരണം, വ്യവസായം, വിദ്യാഭ്യാസം എല്ലാം അവർക്ക് അനുകൂലമായ വിധത്തിൽ മാത്രം നടക്കുന്നു.

ഈ രാജ്യത്ത് ഉള്ളവരെ പൊതുവേ രണ്ടു ഗണത്തിൽ പെടുത്താം-

‘പാപ്പുവൻസ്’ എന്നും ‘ഗിനിയൻസ്’ എന്നും. പാപ്പുവൻ എന്നാൽ വെളുത്തവരും

ഗിനിയൻ എന്നാൽ കറുത്തവരുമാണെന്ന് മാത്രം. പല കാലങ്ങളിൽ പല രാജ്യങ്ങളിൽനിന്ന് കുടിയേറിയവരാണിവരെന്ന് നരവംശ ശാസ്ത്രജ്ഞർ പറയുന്നു. അനേകായിരം വർഷത്തെ പഴക്കം ഇവിടുത്തെ ജനവാസത്തിനുണ്ടെന്നാണ് വിശ്വാസം. നരഭോജികളും ഇവർക്കിടയിൽ ഉണ്ടായിരുന്നുവത്രേ. ഇപ്പോഴും ചില സ്ഥലങ്ങളിൽ ഇത്തരം വിഭാഗങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.ഈ നരഭോജികള്‍ പണ്ടു കാണാതായ ഇസ്രയേല്‍ ഗോത്രമാണ് എന്നുള്ള ഒരു അനുമാനം ഉണ്ട്.

അന്ധവിശ്വാസവും ക്ഷുദ്രപ്രവൃത്തികളും മന്ത്രവാദവും സർവസാധാരണമാണ്. ഏതോ ഒരു പരമശക്തിയിൽ ഇവിടുത്തുകാർ വിശ്വസിക്കുന്നു. ഗളിബാവ എന്നാണ് അവർ അവരുടെ ദൈവത്തെ വിശേഷിപ്പിക്കുന്നത്. എല്ലാറ്റിനും മുകളിൽ എല്ലാം വീക്ഷിച്ചിരിക്കുന്നു ഗളിബാവ. പക്ഷേ, രോഗവും കഷ്ടനഷ്ട ദുരിതങ്ങളും വരുത്തുന്നത് ദുരാത്മാക്കളാണ്. അതുകൊണ്ട് അവരെ പ്രീതിപ്പെടുത്താൻ നേർച്ചകാഴ്ചകളും ബലിയും നടത്തിയിരുന്നു ആളുകൾ.

ഇവിടുത്തെ കാലാവസ്ഥ വർഷം മുഴുവൻ ഒരേ രീതിയിൽ തുടരുന്നു. എങ്ങും

പച്ചപ്പ് നിറഞ്ഞ ചെടികൾ കൂട്ടമായി വളരുന്ന ഭൂപ്രദേശം പക്ഷികൾക്ക്

അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ഇവിടുത്തെ സ്ഥലം വളരെ ഫലഭൂയിഷ്ഠമാണെങ്കിലും ജനങ്ങൾ എപ്പോഴും കൃഷിയിൽ ഏർപ്പെടാറില്ല. ‘കൗകൗ’ എന്ന് വിളിക്കപ്പെടുന്ന മധുരക്കിഴങ്ങാണ് പ്രധാന ഭക്ഷണയിനം. പോര്‍ച്ചുഗീസ്ക്കാരുടെ

വക സംഭാവനയാണ് മധുരക്കിഴങ്ങ് . പന്നിയിറച്ചി കൊണ്ടുള്ള ‘പിഗ് മുമ്മു’

മറ്റൊരു ഭക്ഷണമാണ്. മണ്ണിൽ കുഴി കുഴിച്ച് അതിൽ പച്ചക്കറികളും കൗകൗവും മറ്റ്

കാട്ടുചെടികളും ചേർത്താണ് ‘പിഗ് മുമ്മു’ തയാറാക്കുന്നത്.

കാട്ടുമൃഗങ്ങൾ കുറവാണ്. പട്ടിണിയും ദാരിദ്ര്യവും മൂലമുള്ള മരണങ്ങൾ

രാജ്യത്ത് ഉണ്ടാകാറില്ല. ചില ദിവസങ്ങളിൽ ശക്തമായ മഴയാണെങ്കിൽ തൊട്ടടുത്ത

ദിവസം കടുത്ത വെയിലായിരിക്കും. രണ്ടോ മൂന്നോ ദിവസം നീണ്ടുനിൽക്കുന്ന മഴയുളള അവസരങ്ങളിൽ പാലങ്ങളും റോഡുകളുമെല്ലാം ഒലിച്ചുപോകുന്നത് സാധാരണമാണ്.

പാപ്പുവാ ന്യുഗിനി ക്രൈസ്തവ രാജ്യമായിട്ടാണ് അറിയപ്പെടുന്നതെങ്കിലും പ്രാകൃതങ്ങളായ ഒട്ടനവധി ആചാരാനുഷ്ഠാനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.

ഗോത്രവർഗങ്ങൾ തമ്മിലുള്ള യുദ്ധം ഇവിടെ സ്ഥിരമായി ഉണ്ടാകാറുണ്ട്. അമ്പും

വില്ലും വാളുകളും ചിലപ്പോൾ നാടൻ തോക്കുകളുമായി ഇവർ പരസ്പരം മല്ലടിക്കുന്നു.

പലപ്പോഴും നിസാര കാര്യങ്ങളായിരിക്കും

കാരണം. സ്വഭാവിക മരണം എന്നൊന്നില്ല എന്നതാണ് ഇവിടുത്തെ ജനങ്ങളുടെ

വിശ്വാസം. മരണം എപ്പോഴും ‘ബിരുവാ’ – ശത്രുവിന്റെ പ്രവർത്തനമായിട്ടാണ് ഇവർ കാണുന്നത്. അന്ധവിശ്വാസങ്ങളെയും മന്ത്രവാദത്തെയും ജനങ്ങൾ മുറുകെ പിടിക്കുന്നതിന്റെ അനന്തരഫലമാണിത്. ഇവിടുത്തെ കറൻസിയായ ‘കിനാ’ അല്ലെങ്കിൽ പന്നികളെ നൽകിയാണ് പ്രശ്‌നങ്ങളെല്ലാം ഒത്തുതീർപ്പാക്കുക. ഇങ്ങനെ വിലയ്ക്ക് വാങ്ങുന്ന സമാധാനം പെട്ടെന്ന് അവസാനിക്കുന്നതായിട്ടാണ്

കണ്ടുവരുന്നത്. നഗരങ്ങളിലൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലും പുല്ലുമേഞ്ഞ

കുടിലുകളിലാണ് ജനങ്ങളുടെ താമസം. പ്രായമായവരെ പരിചരിക്കുന്ന കാര്യത്തിൽ

ഇവിടുത്തെ ജനങ്ങൾ മാതൃകയാണ്. മരണശേഷം മനോഹരമായ ‘മാറ്റ്മാറ്റ്’

ശവകുടീരങ്ങളിൽ അവരെ അടക്കം ചെയ്യുന്നു. ആഴ്ചകളും മാസങ്ങളും അവരുടെ വിലാപം

നീണ്ടുനിൽക്കും. ഒടുവിൽ പന്നികളെ കൊന്ന് ‘ഹാവുസ് ക്രൈ’ അവർ അവസാനിപ്പിക്കുന്നു.

‘സംഗുമാ’ എന്ന വാക്ക് പപ്പുവാ ന്യൂഗിനിയായിലെ ജനങ്ങൾ പുലർത്തിപ്പോരുന്ന ഒരു അന്ധവിശ്വാസത്തെ സൂചിപ്പിക്കുന്നു. ഏതെങ്കിലും വ്യക്തി ഹൃദയസ്തംഭനം മൂലമോ സ്‌ട്രോക്ക് മൂലമോ പെട്ടെന്ന് മരണമടയുകയാണെങ്കിൽ ദുർഭൂതം ബാധിച്ച ആരെങ്കിലുമാണ് അതിനുത്തരവാദിയെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.

ഇങ്ങനെയുള്ള സന്ദർഭത്തിൽ പട്ടിയുടെയോ പൂച്ചയുടെയോ രൂപത്തിൽ അതിനുള്ള

അടയാളങ്ങൾ അവർ അന്വേഷിക്കും. ഏതെങ്കിലും വീട്ടിലേക്ക് പട്ടിയുടെയോ

പൂച്ചയുടെയോ കാൽപാടുകൾ കണ്ടാൽ ആ വീട്ടിലുള്ള ഒരംഗത്തിൽ ഈ ദുരാത്മാവിന്റെ

സാന്നിധ്യം അവർ ആരോപിക്കും. പിന്നീട് ആ വ്യക്തിയെ പട്ടിയെയോ പൂച്ചയെയോ

കൊല്ലുന്നതുപോലെ ക്രൂരമായി വധിക്കുന്നു. സ്ത്രീകളാണ് ഇത്തരം ആരോപണങ്ങൾക്ക് കൂടുതലായും വിധേയരാവുന്നത്. ചിലപ്പോൾ ഇവരെ ജീവനോടെ ദഹിപ്പിക്കുന്നു. ആരോപണവിധേയനായ വ്യക്തിയെ കമ്പിയിൽ കെട്ടി തീയുടെ മുകളിൽവച്ചാണ് കൊലപ്പെടുത്തുക. അങ്ങനെ ചെയ്താൽ ഭൂതം അവരുടെ പ്രദേശത്തുനിന്നും വിട്ടുപോയി എന്നതാണവരുടെ വിശ്വാസം. ഇങ്ങനെ അനേകം നിരപരാധികളാണ് ദിവസവും കൊല്ലപ്പെടുന്നത്. ഇങ്ങനെ വധിക്കപ്പടുന്നയാൾ മനുഷ്യനല്ല പട്ടിയോ പൂച്ചയോ ആണെന്ന് വിചാരിച്ച് കൊലപ്പെടുത്തുന്നതിനാൽ ഈ കൊടുംപാതകത്തിൽ അവർക്ക് പശ്ചാത്താപമോ കുറ്റബോധമോ തോന്നാറില്ല. മറിച്ച് വലിയ സന്തോഷമാണ് അവർ അനുഭവിക്കുന്നത്.

കുടുംബ പശ്ചാത്തലം നോക്കിയാൽ മാതാപിതാക്കളും മക്കളും

ഒരുമിച്ചു വസിക്കുന്ന വീടുകൾ വളരെ വിരളമാണ്. പെൺകുട്ടികൾ അമ്മയുടെ കൂടെയും

ആൺകുട്ടികൾ അപ്പനോടുമൊപ്പമാണ് താമസം. പരമ്പരാഗതമായി, വരന്റെ ബന്ധുക്കളോ ഗോത്രവർഗമോ ഭാര്യയെ കണ്ടെത്തുന്നു. വിവാഹം ചെയ്യുന്നതിനായി

വില കൊടുത്ത് പുരുഷൻ സ്ത്രീയെ സ്വന്തമാക്കണം. വിവാഹത്തിൽ മാത്രമല്ല

മറ്റനേകം സന്ദർഭങ്ങളിലും ഗോത്രപരമായ ഈ സഹവർത്തിത്വം ദൃശ്യമാണ്. ‘കിനാ’എന്ന

നാണയമോ പന്നികളോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് വിലയായി നൽകുന്നത്.ചുരുകം പറഞ്ഞാല്‍ വിവാഹത്തിന് സ്ത്രീധനം എന്ന്‍ പറഞ്ഞാല്‍ പന്നിയാണ് .ഗ്രാമങ്ങളും ബന്ധുക്കളുമൊക്കെ ഈ വില കൊടുക്കാൻ വരനെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ അവരോട് ഈ വ്യക്തിക്ക് വലിയ കടപ്പാടുണ്ടാകുന്നു. വിവാഹത്തിന്റെ കാര്യത്തിൽ മാത്രമല്ല മറ്റെല്ലാ ആഘോഷങ്ങൾക്കും നഷ്ടപരിഹാരങ്ങൾക്കും പരസ്പരമുള്ള ഈ സഹകരണം ഒരേ ഗോത്രത്തിൽപ്പെട്ടവർ തമ്മിൽ പുലർത്തിപ്പോരുന്നു. മറ്റുള്ളവരെ ഉപദ്രവിക്കുന്നതു മുതൽ കൊലപാതകം വരെയുള്ള പ്രശ്‌നങ്ങൾ ഇങ്ങനെ പന്നിയെ നഷ്ടപരിഹാരമായി നൽകി പരിഹരിക്കുന്നു.

ഇവിടുത്തെ രീതിയനുസരിച്ച് ഒരു യുവാവ് ഒരു യുവതിയെ ഇഷ്ടപ്പെട്ടാൽ അവളെ കൊണ്ടുവന്ന് തന്റെ അമ്മയുടെ കൂടെ താമസിപ്പിക്കുന്നു.

അമ്മ അവളെ ഒപ്പം നിർത്തി ജോലി ചെയ്യിച്ച് പഠിച്ചറിയും. പിന്നീട് പണവും,

പന്നിയും പെണ്ണിന്റെ വീട്ടുകാർക്ക് കൊടുത്ത് അവളെ സ്വന്തമാക്കും.

ഇതിനുശേഷമാണ് വിവാഹജീവിതം തുടങ്ങുന്നത്. ഇന്നും ഏറെക്കുറെ അങ്ങനെതന്നെ.

മലയാളികളും ഇന്ത്യന്‍ ഭക്ഷണശാലകളും നഗരങ്ങള്‍ കുറച്ച് ഉണ്ട്


credited toചരിത്രന്വേഷികൾ

Loading Conversation