പ്രദീപ്‌

RADIOGRAPHER at Ministry of Health, Maldives

കൊത്തുനേരം : Dec 27, 2015

പങ്കു വെയ്ക്കൂ !

മാലീദ്വീപിലേക്ക് ഒരു യാത്ര


ഓര്‍മ്മകളില്‍ കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളെ മുള്‍മുന ത്തുമ്പില്‍ നിര്‍ത്തിയ , കേരളത്തിന്‍റെ ഒരേയൊരു ലീഡര്‍ പിന്നെ ആരാധ്യരായി തീരേണ്ടിയിരുന്ന ശാസ്‌ത്രഞ്ജരുള്‍പ്പടെ പലരുടെയും ജീവിതം അക്ഷരാര്‍ത്ഥത്തില്‍ നശിപ്പിച്ച ഒരു കേസ് ... ചാരക്കേസ് ... ലീഡറും നമ്പി നാരായണനും പിന്നെ മാലിദ്വീപ് നിവാസികള്‍ ആയ രണ്ടു വനിതകള്‍ ഫൗസിയ ഹസ്സനും മറിയം റഷീദയും ... അന്നാണ് മാലിദ്വീപ് എന്ന് ആദ്യമായ് ഞാന്‍ കേട്ടത് ... പിന്നീട് എപ്പോഴോ കടല്‍ മാര്‍ഗ്ഗം പുലികള്‍ (എല്‍ ടി ടി ഇ ) മാലിദ്വീപ് തലസ്ഥാനത്തിനെ ആക്രമിച്ചെന്നോ ഇന്ത്യന്‍ നാവികസേനയോട് സഹായം അഭ്യര്‍ത്ഥിക്കുകയും ... മാലിദ്വീപ് തലസ്ഥാനത്തിനെ പുലികളുടെ ആക്രമണത്തില്‍ നിന്നും ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി തിരികെ മാലിദ്വീപുകാര്‍ക്ക് കൊടുത്തെന്നോ പത്രങ്ങള്‍ പറഞ്ഞു ഞാന്‍ അറിഞ്ഞു .. ഒടുവില്‍ തീരദേശ ജീവിതങ്ങള്‍ കഴുകിയെടുത്ത സുനാമിതിരമാലകള്‍ മാലിദ്വീപ് എന്ന ദ്വീപു രാജ്യത്തിലെ പല ദ്വീപുകളെയും അക്ഷരാര്‍ത്ഥത്തില്‍ കഴുകിക്കളഞ്ഞെന്നും വാര്‍ത്തകള്‍ വന്നു... അവിടേക്ക് ഒരിക്കലെങ്കിലും പോകണമെന്നും ദ്വീപുകള്‍ ഒക്കെയും കാണണമെന്നും എപ്പോഴൊക്കെയോ ആഗ്രഹിച്ചിരുന്നു ... എങ്കിലം സ്വകാര്യ ആശുപത്രി ജീവനക്കാരനായി നിത്യവൃത്തിക്കായി വിവിധ ആശുപത്രികളില്‍ പാര്‍ട്ട്‌ ടൈം ആയി ജോലി ചെയ്തിരുന്നവന് വെറുതെ ആഗ്രഹിക്കാം എന്നുമാത്രം ... അങ്ങനെയിരിക്കെ 2007 ല്‍ സഹോദര തുല്യനായ ഒരു സുഹൃത്ത് മാലിദ്വീപ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഒരാശുപത്രിയില്‍ എനിക്ക് ജോലി ശരിയാക്കി തരുന്നു ...

അങ്ങനെ ആദ്യമായി യന്ത്രപ്പക്ഷിയിലേറി മാലിയിലേക്ക് തിരുവനന്തപുരം മാലി നേരിട്ടുള്ള വിമാനം കിട്ടാഞ്ഞതിനാല്‍ ശ്രീലങ്കന്‍ വിമാനത്തില്‍ ശ്രീലങ്ക വഴി മാലിയിലേക്ക് രാത്രി ഏഴു മണിയോടെ ശ്രീലങ്കയില്‍ .. അവിടെ ആറു മണിക്കൂര്‍ കാത്ത് നിന്ന് വെളുപ്പിനെ ഒരു മണിക്ക് വീണ്ടും വിമാനത്തില്‍ കേറണം ... ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്‍റെ ആതിഥേയത്വം ഭക്ഷണം കഴിക്കുവാനും വിശ്രമിക്കുവാനും ഹോട്ടലും .. ഹോട്ടലില്‍ പോയിവരാന്‍ വാഹനവും...... ഹോട്ടലിലേക്ക് ... വഴിയില്‍ പലതവണ യന്ത്രത്തോക്ക് എന്തിയ പട്ടാളക്കാരുടെ വാഹന പരിശോധന ചിലപ്പോള്‍ വെറും പത്ത് മീറ്റര്‍ അകലത്തില്‍ രണ്ടു സംഘങ്ങളുടെ പരിശോധന ... ഒടുവില്‍ ഹോട്ടല്‍ മുറിയില്‍ ... കുളി കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് വിളിക്കാന്‍ ഒരു തോന്നല്‍ ... കയ്യില്‍ ഡോളര്‍ ഇല്ല ഉള്ളത് ഇന്ത്യന്‍ രൂപ മാത്രം .. റിസപ്ഷന്‍ ജീവനക്കാരന്‍റെ വാഗ്ദാനം 100 ഇന്ത്യന്‍ രൂപ തന്നാല്‍ 200 ശ്രീലങ്കന്‍ രൂപ തരാം .. ഇന്ത്യന്‍ രൂപയുടെ വില കണ്ട് ഞാന്‍ ആദ്യമായി ഞെട്ടി .. ശ്രീലങ്കന്‍ രൂപയുമായ് പുറത്തേക്ക് ടെലെഫോണ്‍ ബൂത്തില്‍ നിന്നും 2 മിനുട്ട് ഇന്ത്യയിലേക്ക് 100 ശ്രീലങ്കന്‍ രൂപ തീര്‍ന്നു .. ഒരു ചായ ഒരു സിഗരറ്റ് 50 രൂപ കൂടി കഴിഞ്ഞു ... തിരികെ ഹോട്ടലില്‍.... ഭക്ഷണം ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ വക സൗജന്യം .. രാത്രി 11:30 ഓടെ തിരികെ എയര്‍പോര്‍ട്ടില്‍ .. അവിടെ സുനാമി പുനരധിവാസ ഫണ്ടിലേക്ക് എന്നെഴുതിയതിനോപ്പം ശ്രീബുദ്ധ വിഗ്രഹവും അതില്‍ 30 ശ്രീലങ്കന്‍ രൂപ നിക്ഷേപിച്ചു ഓരോര്മയ്ക്കായി ബാക്കി 20 രൂപയും ബാഗുകളുമായി വിമാനത്തിലേക്ക് ...

ആകാശയാത്രയില്‍ എപ്പോഴോ ഒരറിയിപ്പ് സീറ്റ്‌ ബെല്‍റ്റ്‌ മുറുക്കുക നിങ്ങള്‍ മാലിദ്വീപില്‍ ഇറങ്ങുവാന്‍ പോകുന്നു ... കണ്ണ്‍ തുറന്നു വിമാനത്തിന്‍റെ ജനാലയിലൂടെ താഴേക്ക് നോക്കി .. അവിടവിടെയായി കുറെ പ്രകാശക്കൂട്ടങ്ങള്‍ ... ഇടയില്‍ വെള്ളി തിളങ്ങുന്ന കറുപ്പ് നിറം .. നോക്കി ഇരിക്കവേ വിമാനം താഴ്ന്നു തുടങ്ങി ... താഴെയായി വൈദ്യുത വിളക്കുകള്‍ തെളിഞ്ഞു നില്‍കുന്ന ഒരു ദ്വീപും പ്രകാശം പ്രതിഫലിച്ച ഓളങ്ങള്‍ നിറഞ്ഞ കടലും .. കണ്ടു തീരും മുന്നേ വിമാനം റണ്‍വേയില്‍ ഇറങ്ങി .. വിമാനത്താവളത്തിനു പുറത്ത് കൂട്ടുകാരന്‍ ആ രണ്ടുമണി വെളുപ്പാന്‍കാലത്തും കാത്തു നില്‍പ്പുണ്ടായിരുന്നു ..ഒരു ആലിംഗനത്തില്‍ സ്നേഹപ്രകടനം കഴിഞ്ഞു .. “എന്നാ പിന്നെ ടാക്സി വിളി നിന്‍റെ വീട്ടിലോട്ടു പോകാം നല്ല ക്ഷീണം ഉറക്കവും വരുന്നു” എന്ന എന്‍റെ വാചകത്തിന് “ആ നീ വാ” എന്ന്‍ വെറുതെ പറഞ്ഞും ഒരു കളിയാക്കിയ ചിരി ചിരിച്ചും ലഗ്ഗേജ് ട്രോളിയുമായ് അവന്‍ മുന്‍പേ നടന്നു.. കൂട്ടത്തില്‍ ഒരു വിവരണവും “ഡേയ്.. ഇത് മാലീദ്വീപ് .. 1200 ല്‍ അധികം ദ്വീപുകള്‍ ചിതറിക്കിടക്കുന്ന ദ്വീപുരാജ്യം ... ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്ന വിമാനത്താവളം ഒരു കുഞ്ഞു ദ്വീപാണ് നമ്മള്‍ ഇതിനക്കരെ പോകണം .. അതാണ്‌ തലസ്ഥാനം “മാലി”.. അവിടെയാണ് നമ്മള്‍ താമസിക്കുന്നത്”. അപ്പോഴേക്കും ഞങ്ങള്‍ ബോട്ട്ജെട്ടിയില്‍ എത്തിയിരുന്നു. വായൂമാര്‍ഗം ഭൂമിയില്‍ വന്നിറങ്ങിയ ഞാന്‍ ആ പാതിരാവില്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കടല്‍മാര്‍ഗ്ഗം സഞ്ചരിക്കുന്ന കാര്യമോര്‍ത്തപ്പോള്‍ .. ഏതോ അത്ഭുതലോകത്തില്‍ എത്തിയ പോലെ ഒരു തോന്നല്‍. ഏതാണ്ട് 10 മിനിറ്റ്‌ കൊണ്ട് ഞങ്ങള്‍ കയറിയ ബോട്ട് “ഹുളൂലെ” എന്ന വിമാനത്താവള ദ്വീപില്‍ നിന്നും മാലി എന്ന തലസ്ഥാനത്തെത്തി.. ഇടയിലെപ്പോഴോ തിരമാലകള്‍ ബോട്ടിനെ അമ്മാനമാടുന്ന പോലെ ഒരു തോന്നല്‍ .. അപ്പോള്‍ ഭയത്തിന്‍റെ ഒരു നിഴലാട്ടം എന്‍റെ കൂട്ടുകാരന്‍റെ മുഖത്ത് കൂടി മിന്നി മറഞ്ഞതുപോലെ .. കരയിലെത്തിയപ്പോള്‍ അവന്‍റെ ആദ്യ ചോദ്യം “ഡാ നീ പേടിച്ചോ ഇന്ന് കടല്‍ അല്പം റഫ് ആയിക്കിടക്കുകയായിരുന്നു”... “ഏയ്‌ നല്ല രസമായിരുന്നു വള്ളം ആടി ആടി അല്ലേ വന്നത് ഞാന്‍ എന്‍ജോയ് ചെയ്തു”

മാലിയില്‍ ആദ്യ ദിനം .. ആരോഗ്യ മന്ത്രാലയത്തിലെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി ഒരു പകല്‍ കറക്കത്തിന്‌ ഞാന്‍ തയ്യാറായ്.. നടന്നു കാണുവാന്‍ തന്നെ തീരുമാനിച്ചു. “കറങ്ങിക്കോ പക്ഷെ വഴി തെറ്റി എന്ന് തോന്നിയാല്‍ ടാക്സിയില്‍ കയറി ചമ്പാ ഫ്ലാറ്റില്‍ പോകണം എന്ന് പറയുക അവര്‍ ഇവിടെ കൊണ്ട് വിടും” കൂട്ടുകാരന്‍റെ ഉപദേശം. ഞാന്‍ മുന്നോട്ട് നടന്നു. ഇവിടെ ഓരോ ചെറിയ റോഡിനുപോലും ഇവര്‍ പേരിട്ടുകൊടുത്തിരിക്കുന്നു... മജീദീമഗു , സോസന്‍മഗു , ചാന്ദിനീമഗു, ജംബുമഗു, ഫരീദീ മഗു ... ഇവര്‍ക്ക് മഗു (റോഡ്‌) മാത്രമേയുള്ളോ എന്ന് കരുതി നടക്കവേ അതാ വരുന്നു ഹിന്‍ഗുന്‍ ... ഹവീരീഹിന്ഗുന്‍ ,മൂണ്‍ ലൈറ്റ് ഹിന്‍ഗുന്‍ ,ജനവരീ ഹിന്‍ഗുന്‍, കാഷിമാ ഹിന്‍ഗുന്‍ .. എങ്കിലും റോഡിന്‍റെ പേരുകള്‍ കൂടുതലും അവസാനിച്ചിരുന്നത് മഗു എന്നാണെന്നു തോന്നി... ഒടുവില്‍ അര മണിക്കൂറോളം മുന്പോട്ട് ഉള്ള വഴിയെ മാത്രം നടന്ന ഞാന്‍ ഒന്ന് നിന്നു.. ഒരുനിമിഷം നാട്ടില്‍ എന്‍റെ വീടിനു മുന്‍പില്‍ കൂടി പോകുന്ന ചെറിയ റോഡിന്‍റെ പേര് ആലോചിച്ചു ... ആ..അങ്ങനൊരു പേരുണ്ടോ .. ആര്‍ക്കറിയാം ..? പിന്നെ സൈഡിലേക്ക് നോക്കി ... ചമ്പ ഫ്ലാറ്റ് .. നോവെല്ടി പ്രസ്‌ ഞാന്‍ യാത്ര തുടങ്ങിയ സ്ഥലം.. അപ്പൊ ഇത്രനേരോം ഞാന്‍ നടന്നില്ലായിരുന്നോ ? ആകെ കണ്ഫ്യൂഷന് .. ഓ.. മഗല്ലന്‍ പറഞ്ഞത് ശരിയാ ഭൂമി ഉരുണ്ടതാ... അല്ല .. ഇത് മാലിദ്വീപിലെ തലസ്ഥാനം ആയ മാലി എന്ന ചെറിയ ദ്വീപ്‌.. ആകെ ഒരു “ O ” വട്ടം സ്ഥലം അത് നിറയെ കെട്ടിടങ്ങള്‍ ... നിറയെ ആള്‍ക്കാരും .. ഈ രാജ്യത്തെ മുഴുവന്‍ ജനസംഖ്യ ഏകദേശം മൂന്ന്‍ ലക്ഷം അതില്‍ ഒരു ലക്ഷവും താമസിക്കുന്നത് ഈ തലസ്ഥാന നഗരിയില്‍ . പിന്നെ ടൂറിസ്റ്റുകള്‍ , ജോലി തേടി എത്തിയവര്‍, വിവിധ മന്ത്രാലയങ്ങള്‍, പ്രസിഡണ്ട്‌ ഓഫീസ്, സൈനിക കേന്ദ്രം , മത്സ്യ , പച്ചക്കറി ചന്തകള്‍, ചുറ്റിനും പലതരം ബോട്ടുകള്‍ക്കുള്ള ജെട്ടികള്‍, 2 ആശുപത്രികള്‍ IGMH, ADK (IGMH.. ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ADK സ്വകാര്യ ആശുപത്രി) പിന്നെ അനേകം സ്വകാര്യ ക്ലിനിക്കുകള്‍... കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിച്ച വിവരങ്ങള്‍ .. ഇപ്പൊ ഒരു ധൈര്യം വരുന്നു .. എന്നാല്‍ ഇനീ ഈ നഗരത്തിന്‍റെ എല്ലാ റോഡും നടന്നു കണ്ടാലോ..? അത് നാളെ ... കാരണം വെയിലിന്‍റെ ചൂട് അല്പം അസഹനീയമായ പോലെ ...

മാലിയിലെ രണ്ടാം ദിവസം ... അതിരാവിലെ പ്രാതലും കഴിച്ചു ഏഴു പതിനഞ്ചോടെ ആരോഗ്യ മന്ത്രാലയത്തില്‍ ... നേരെ ഹാജര്‍ പുസ്തകത്തില്‍ ഒപ്പിട്ടു ഡയറക്ടറുടെ മുറിയിലേക്ക് .. “ഗുഡ്മോര്‍ണിംഗ് മാം .. ഞാന്‍... ഇന്നലെ ജോയിന്‍ ചെയ്തതാ .. ഏത് ഹോസ്പിറ്റല്‍ ..” പറഞ്ഞു തീരുംമുന്‍പേ ഡയറക്ടറുടെ മറുപടി “യെസ് മിസ്ടര്‍ ...... നിങ്ങളെ ഥാ അറ്റോള്‍ ഹോസ്പിറ്റല്‍ വേമണ്ടൂ വില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നു .ആദ്യ ഒരാഴ്ച ലാമു ഗാന്‍ റിജിയണല്‍ ഹോസ്പിറ്റലില്‍ , ലാമു എയര്‍പോര്‍ട്ടില്‍ നിങ്ങളെ സ്വീകരിക്കാന്‍ ആള്‍ ഉണ്ടാകും... ഫോണ്‍ നമ്പര്‍ റിസപ്ഷനില്‍ കൊടുത്ത് പോകുക .. ഇവിടെ നിന്നും പോകേണ്ട സമയവും വിമാനവും അവര്‍ അറിയിക്കും. ഗെറ്റ് റെഡി അറ്റ്‌ എനി ടൈം ..” ഞാന്‍ ഒന്ന് ഞെട്ടി കൃത്യ സമയം പറഞ്ഞുമില്ല ..


ഒരുമാതിരി പട്ടാളക്കാരോട് തലവന്‍ ഏതു സമയവും യുദ്ധസന്നദ്ധരായിരിക്കാന്‍ പറഞ്ഞതുപോലെ ..വഴി തെറ്റിയാല്‍ ടാക്സി എന്ന വാചകം ഓര്‍മിച്ചു നേരെ മുന്നില്‍ കണ്ട വഴികളിലൂടെ ഇടവും വലവും വളവും തിരിഞ്ഞൊരു നടത്തം ഫുട്ബോള്‍ മൈദാനങ്ങള്‍, ചെറിയ വീടുകള്‍ , വലിയ ഫ്ലാറ്റുകള്‍, സുനാമി സ്മാരകം , പാര്‍ക്കുകള്‍ .. അങ്ങനെ വലിയ റോഡ്‌ വിട്ടു താരതമ്യേന ചെറിയ റോഡുകളിലൂടെ നടക്കുമ്പോള്‍

..ഫോണ്‍..

“SIR You Have To Report At The Ministry Before 11AM.. Your Flight Is At 1:30 PM.. Come to the Ministry and Collect Your Ticket”


പതിനൊന്ന്‍ മണിക്ക് മുന്‍പേ റിസപ്ഷനില്‍ ചെന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പോകുന്ന വിമാനത്തിന്റെ ടിക്കറ്റ്‌ കൊണ്ടുപൊയ്ക്കോ എന്ന്. വാച്ചില്‍ സമയം പത്ത് മുപ്പത്. അഞ്ച് മിനിറ്റ് എങ്ങോട്ടോക്കൊയോ നടന്നു.. മിനിസ്ട്രി കാണുന്നില്ല !! വഴി തെറ്റി !! സമയവും തീരുന്നു!! കൂട്ടുകാരനെ വിളിച്ചു ബാഗുകള്‍ റെഡി ആക്കുവാന്‍ പറഞ്ഞു .. ഭാഗ്യം ടാക്സി കിട്ടി .. മിനിസ്ട്രിയില്‍ നിന്നും ടിക്കെറ്റുമായി റൂമിലേക്ക്

.

ഒന്നും കഴിക്കുവാന്‍ നില്‍ക്കാതെ ലഗേജുകളുമായി ഡോമസ്റ്റിക്ക് എയര്‍പോര്‍ട്ടില്‍.. സുഹൃത്തിന്‍റെ വകയായി ഒരു കവര്‍ ബ്രെഡ്‌ .. വെറുതെ കയ്യില്‍ വച്ചോ ആവശ്യം വന്നാലോ എന്നൊരു ചോദ്യവും. വിശപ്പ്‌ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി.. തണുത്ത വെള്ളം കൊണ്ട് ഞാന്‍ മറുപടി കൊടുത്തു.

.

ഒരു ചെറിയ വിമാനം മുപ്പതോളം യാത്രക്കാര്‍ .. ഞാന്‍ ഇന്നും ജനലയോട് ചേര്‍ന്ന സീറ്റില്‍ തന്നെ.. മാലി കണ്ടു തീരാഞ്ഞതിലെ വിഷമം ഉള്ളില്‍ നില്‍ക്കവേ വിമാനം ഉയര്‍ന്നു തുടങ്ങി.. ഏതാനും നിമിഷങ്ങള്‍ സീറ്റ്ബെല്‍റ്റ് അഴിച്ചു താല്‍ക്കാലികമായി സ്വതന്ത്രര്‍ ആകുവാന്‍ അറിയിപ്പ്.. പതിയെ ജനാലയിലൂടെ പുറത്തെ മേഘങ്ങളിലേക്കും .. പിന്നെ താഴേക്ക് ഭൂമിയിലേക്കും ഒന്ന് നോക്കി...

ഒരു നിമിഷം എന്നെ ഞാന്‍ മറന്നു.. താഴെ ഭൂമിയില്‍ കണ്ട കാഴ്ച ! സഹയാത്രികരോട്‌ താഴേക്ക് നോക്കൂ എന്ന് പറയുവാന്‍ നോക്കുമ്പോള്‍ .. ഏവരും ജനാലയിലൂടെ താഴേക്ക് നോക്കുവാന്‍ തിരക്ക് കൂട്ടുന്നു

ഞങ്ങള്‍ അപ്പോള്‍ പറന്നു കൊണ്ടിരുന്നത് ഏതോ സ്വര്‍ഗലോകത്തിനും മുകളില്‍ കൂടി ആയിരുന്നു .. മേഘങ്ങള്‍ ഞങ്ങള്‍ക്കൊപ്പം .. താഴെ ഒരു നീല വേല്‍വെറ്റു പുതപ്പില്‍ അവിടവിടെയായി ഇളംപച്ച നിറത്തില്‍ പല അലങ്കാരങ്ങള്‍ പോലെ കടല്‍ ഇടയില്‍ എവിടൊക്കെയോ വെള്ളിനിറങ്ങള്‍..!!


ദൈവം ഉണ്ടായിരുന്നെങ്കില്‍ .. അദ്ദേഹത്തിന്‍റെ കഴുത്തില്‍ മുത്തുകളും രത്നങ്ങളും പവിഴങ്ങളും പതിച്ച ഒരു വലിയ ഹാരം ഉണ്ടായിരുന്നു എങ്കില്‍ ... അത് അറിയാതെ... അറിയാതെ... അബദ്ധത്തില്‍ കൈ തട്ടി... പൊട്ടി വീഴുന്നത് .. ചിതറി പരക്കുന്നത്... അനന്തമായ തിളങ്ങുന്ന ഒരു നീലപ്പട്ട് തുണിയില്‍ ആയിരുന്നുവെങ്കില്‍ ... അതിലെവിടെയൊക്കെയോ ഇളം പച്ച മുതല്‍ അനേകം നിറങ്ങളില്‍ ചിത്രപ്പണികള്‍ ഉണ്ടായിരുന്നുവെങ്കില്‍ .. ഈ കടലും ഇതിലെ ദ്വീപുകളും മറൊന്നായി തോന്നുകയില്ലായിരുന്നു . ഈ കാഴ്ച അവസാനിക്കാതെ ഇരുന്നെങ്കില്‍...

Loading Conversation