#

കൃഷ്ണ കെ വാരിയത്ത്
കൊത്തുനേരം : Jan 11, 2016

പങ്കു വെയ്ക്കൂ !

ജാദവ് മൊലായ്പായംഗ്


1360 ഏക്കർ സ്ഥലം ഒറ്റയാൾ പ്രയത്നത്തിലൂടെ നിബിഡവനമായി മാറ്റിയെടുത്ത ജാദവ് മൊലായ്പായംഗിന്റെ ചരിത്രം!

#

അസമിലെ മിഷിങ് ഗോത്ര വംശജനാണ് പിൽക്കാലത്ത്‌ 'Forest Man of India' എന്നറിയപ്പെട്ട ജാദവ് മൊലായ്പായംഗ് . 1963 ൽ ജനിച്ചു. വിദ്യാഭ്യാസ കാലഘട്ടത്തെ കുറിച്ച് കൂടുതൽ അറിവുകൾ ലഭ്യമല്ല. എന്തായാലും അതുകൊണ്ടൊന്നുമല്ലല്ലോ മറിച്ച് തന്റെ കർമ്മം കൊണ്ടാണല്ലോ അദ്ദേഹം പ്രശസ്തനായത്!

1979 ൽ , തന്റെ പതിനാറാമത്തെ വയസ്സിൽ തന്റെ വീടിന്റെ പരിസരത്ത് അസാധാരണമായി പാമ്പുകൾ ചത്തൊടുങ്ങുന്നതും വീടിന്റെ പരിസരത്തുള്ള ചതുപ്പുകളിൽ സ്ഥിരമായി വന്നിരുന്ന ദേശാടനപക്ഷികളുടെ എണ്ണത്തിൽ വന്ന കുറവും പായംഗിന്റെ ശ്രദ്ധയിൽ പെട്ടു . അതിന്റെ കാരണമന്വേഷിച്ച അദ്ദേഹത്തോട് മുതിർന്നവർ പറഞ്ഞത് സമീപകാലത്തുണ്ടായ വെള്ളപ്പൊക്കത്തിൽ സസ്യജാലങ്ങൾ നശിച്ചതിനാൽ ഭൂമിയിലെ ചൂട് കൂടുന്നത് കൊണ്ടും സ്വന്തം ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നതുകൊണ്ടുമാണ് ഇങ്ങനെ സംഭവിക്കുന്നത്‌ എന്നായിരുന്നു. ഇതിനു പരിഹാരം കാണാനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ സ്വന്തമായി വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കാനാണ് അവർ ഉപദേശിച്ചത് !


തന്റെ ഉദ്യമത്തിൽ നിന്ന് പിന്മാറാൻ കൂട്ടാക്കാതിരുന്ന പായംഗ് ബ്രഹ്മപുത്രാ നദീതീരത്തായി ഒരു സ്ഥലം കണ്ടു പിടിച്ച് അവിടെ വൃക്ഷത്തൈകൾ നടാൻ ആരംഭിച്ചു. ദിവസേനെ കുറച്ചു തൈകൾ വീതം നടുന്നതായിരുന്നു രീതി. ക്രമേണ വര്ദ്ധിച്ചു വരുന്ന തന്റെ 'കൃഷി ഭൂമിയിൽ' വൃക്ഷത്തൈകൾക്ക് ഒറ്റയ്ക്ക് വെള്ളമെത്തിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി തീര്ന്നു. തൈകൾക്ക് മുകളിലായി മുള കൊണ്ടുള്ള പ്ലാറ്റ്ഫൊം നിർമ്മിച്ച്‌ അതിൽ ചെറിയ തുളയുള്ള മണ്‍കുടങ്ങൾ സ്ഥാപിച്ചു drip irrigation രീതിയിൽ അദ്ദേഹം അതിനു പരിഹാരം കണ്ടു.

#


അടുത്തവർഷം , 1980 ൽ അസമിലെ ഗോലാഘട്ട് ജില്ലയിൽ സാമൂഹ്യ വനവല്ക്കരണ പദ്ധതിയിൽ അദ്ദേഹം തൊഴിലാളിയായി ചേർന്നു . 200 ഹെക്ടർ സ്ഥലത്ത് വനവല്ക്കരണം നടപ്പാക്കുന്ന പദ്ധതിയായിരുന്നു. അഞ്ചു വര്ഷം അദ്ദേഹം അവിടെ പ്രവർത്തിച്ചു . പദ്ധതി പൂർത്തിയായതോടെ കൂടെയുള്ളവർ മടങ്ങിപ്പോയിട്ടും , വെച്ച് പിടിപ്പിച്ച മരങ്ങളെ പരിരക്ഷിച്ചും ഏകനായി കൂടുതൽ സ്ഥലത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും അവിടെതന്നെ തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

തന്റെ രണ്ടര പതിറ്റാണ്ടിന്റെ ശ്രമഫലമായി 1360 ഏക്കർ വിസ്തൃതി വരുന്ന ഒരു വനം സൃഷ്ടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു ! ഇന്നവിടം ബംഗാൾ കടുവകളും കണ്ടാമൃഗങ്ങളും മാനും മുയലും പിന്നെ അനേകതരം പക്ഷികളും ഉള്പ്പെടുന്ന ജീവി വർഗ്ഗത്തിന് സ്വാഭാവിക ആവാസ കേന്ദ്രമാണ്. നൂറിൽപരം ആനകൾ അടങ്ങുന്ന കാട്ടാനക്കൂട്ടം എല്ലാവർഷവും അവിടെ വിരുന്നിനെത്തുന്നു.പത്തോളം ആനക്കുട്ടികളും ഇവിടെ പിറന്നു വീണു . കൃഷി നശിപ്പിച്ചിരുന്ന പ്രശ്നക്കാരായ ഒരു കൂട്ടം കാട്ടാനകളെ തേടി 2008 ൽ വനപാലകർ ഇവിടെ എത്തിയപ്പോഴാണ് ജാദവ് പായംഗിന്റെ അധ്വാനഫലത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞത് .

ജാദവ് മൊലായ്പായംഗിന്റെ ബഹുമാനാർത്ഥം അദ്ദേഹം വച്ച് പിടിപ്പിച്ച കാടിന് 'മൊലായ് വനം ' എന്ന് ഭാരത സര്ക്കാര് പേര് നല്കി. അദ്ദേഹത്തെ ആദരിക്കാനായി 2012 ഏപ്രിൽ 22 നു ജവഹർലാൽ നെഹ്‌റു സർവ്വകലാശാല സംഘടിപ്പിച്ച പൊതു ചടങ്ങിൽ വച്ച് JNU വൈസ് ചാൻസലർ സുധീർ കുമാർ സോപോറിയാണ് അദ്ദേഹത്തെ 'Forest Man of India' എന്ന് വിശേഷിപ്പിച്ചത്‌. മാഗ്സെസേ അവാര്ഡ് ജേതാവ് രാജേന്ദ്രസിങ്ങും സന്നിഹിതനായ ചടങ്ങിൽ തന്റെ പ്രവര്ത്തനത്തെ കുറിച്ച് പുറം ലോകത്തോട്‌ സംവദിച്ചു .ഒക്ടോബർ 2013 ൽ Indian Institute of Forest Management അവരുടെ വാർഷിക ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചു.2015 ൽ രാഷ്ട്രം പദ്മശ്രീ പുരസ്കാരം നല്കി പായംഗിനെ ആദരിച്ചു .

ഭാര്യയും മൂന്നു മക്കളുമടങ്ങിയ തന്റെ കുടുംബത്തോടൊപ്പം ഉപജീവനത്തിനായി കാലിവളർത്തൽ നടത്തി , താൻ നട്ടു നനച്ചു വളർത്തിയ നിബിഡവനത്തെ കണ്‍കുളിർക്കെ കണ്ട് സംതൃപ്തനാണ് പായംഗ് . ഓരോ കുട്ടിയും വിദ്യാഭ്യാസത്തോടൊപ്പം കുറഞ്ഞത്‌ രണ്ടു വൃക്ഷതൈകളെങ്കിലും നടാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നു....


അവലംബം : എഴുതപ്പെട്ട പുസ്തകങ്ങൾ ലഭ്യമല്ലാത്തതിനാൽ പ്രധാനമായും ദേശീയ പത്രങ്ങളിൽ വന്ന ലേഖനങ്ങളെയും വിക്കിയെയും ആധാരമാക്കി തയ്യാറാക്കിയതാണ് ഈ പോസ്റ്റ്‌.


കടപ്പാട് - കൃഷ്ണ facebook പോസ്റ്റ്‌

Loading Conversation