#

സുദേഷ് എം രഘു

കൊത്തുനേരം : Jul 19, 2017

പങ്കു വെയ്ക്കൂ !

പി.എസ്.സി റൊട്ടേഷനും സംവരണവും

കേരളത്തിലെ ഉദ്യോഗങ്ങളിൽ സംവരണാവകാശമുള്ള എസ്.സി.-എസ്.ടി.-ഓബീസീ വിഭാഗങ്ങളുടെ ലിസ്റ്റ് ഓരോ പി.എസ്.സി. വിജ്ഞാപനത്തോടൊപ്പവും ഗസറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. ഇപ്പോഴത് ഓൺലൈനിലും ലഭ്യമാണ്. കേരളത്തിൽ സംവരണാവകാശമുള്ള 73-ൽപ്പരം ഓ.ബി.സി. ജാതികളും 53 പട്ടികജാതിക്കാരും 35 പട്ടികവർഗക്കാരുമാണുള്ളത്. പി.എസ്.സി.മുഖേനയുള്ള നിയമനങ്ങളിൽ ഈ സമുദായങ്ങളെ പത്തു ഗ്രൂപ്പുകളായി തിരിച്ച്, അവയ്ക്കോരോന്നിനും വ്യത്യസ്ത തോതിലുള്ള സംവരണം അനുവദിച്ചിരിക്കുന്നു. താഴെ പട്ടികയായി കൊടുത്തിരിക്കുന്നതു പോലാണത്:

#

രണ്ടു കാറ്റഗറിയിലും പട്ടികജാതി-വർഗ വിഭാഗങ്ങളുടെയും ലത്തീൻ കത്തോലിക്കരുടെയും ഹിന്ദു നാടാന്മാരുടെയും സംവരണശതമാനത്തിൽ വ്യത്യാസമില്ല.

പി. എസ്. സി. വഴിയുള്ള നിയമനങ്ങളിൽ 50% സീറ്റുകളാണ് മൊത്തം സംവരണം ചെയ്തിരിക്കുന്നത്; 40% ഒബി.സിക്കാർക്കും 10% എസ്.സി.-എസ്.ടി. വിഭാഗങ്ങൾക്കും. ബാക്കിവരുന്ന 50% സീറ്റുകൾ മെറിറ്റ് സീറ്റുകളാണ്. ഈ സീറ്റുകളിൽ തിരഞ്ഞെടുപ്പു നടത്തുന്നത് യോഗ്യത മാത്രം കണക്കിലെടുത്താണ്. ഇവയെ —ഈ സീറ്റുകളെ —

തുറന്ന മത്സര (Open Competition[OC]) ത്തിനുള്ള സീറ്റുകളെന്നാണു പറയുന്നത്. സമുദായ വ്യത്യാസം കൂടാതെ (മുന്നാക്ക-പിന്നാക്ക വ്യത്യാസം) പ്രസ്തുത സീറ്റുകളിൽ മത്സരിച്ചു യോഗ്യത നേടി നിയമനം സമ്പാദിക്കാൻ എല്ലാ ഉദ്യോഗാർഥികൾക്കും അവകാശമുണ്ട്. പട്ടിക ജാതി - പട്ടിക വർഗ - മറ്റു പിന്നാക്കവർഗ ( ഒ ബി .സി) ഉദ്യോഗാർഥികൾക്കും മെറിറ്റ് നിയമനത്തിന് അർഹതയുണ്ടെന്നും അങ്ങനെ അവർക്കു മെറിറ്റിൽ നിയമനം കിട്ടിയെന്നു കരുതി (തുറന്ന മത്സരത്തിൽ സീറ്റുകൾ ലഭിച്ചുവെന്നു കരുതി) അവർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളെ അതു ബാധിക്കരുതെന്നും (ആ സീറ്റിൽ കുറവുവരുത്തരുതെന്ന് ) നിയമം അനുശാസിക്കുന്നു.

1958-ലെ കേ രള സ്റ്റേറ്റ് & സബോഡിനേറ്റ് സർവീസസ് റൂൾസ് (കെ .എസ്. & എസ്.എസ്.ആർ.) രണ്ടാം ഭാഗം (ജനറൽ റൂൾസ്) 14 മുതൽ 17 വരെ യുള്ള ചട്ടങ്ങളാണ് സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിൽ സംവരണം പാലിക്കേണ്ടതെങ്ങനെയെന്നു നിർദേശിക്കുന്നത്. അതിലെ 14 (എ) നിയമം, നിയമനത്തിന്റെ യൂണിറ്റ് 20 ആയിരിക്കണമെന്നും അതിൽ രണ്ടെണ്ണം പട്ടികജാതി-പട്ടികവർഗക്കാർക്കും എട്ടെണ്ണം മറ്റു പിന്നാക്ക വർഗങ്ങൾക്കും നൽകണമെന്നും ബാക്കി പത്തെണ്ണം മെറിറ്റടിസ്ഥാനത്തിൽ നികത്തണമെന്നും നിഷ്കർഷിക്കുന്നു. എസ്.സി.-എസ്.റ്റി.-ഒ. ബി. സി. ക്കാരുടെ മെറിറ്റ് അവകാശത്തെക്കുറിച്ചു പ്രതിപാദിക്കുന്നത് 14 (ബി) യിലാണ്.

മെറിറ്റ് സീറ്റുകളിലേക്കും സംവരണ സീറ്റുകളിലേക്കും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത് റൊട്ടേഷൻ സമ്പ്രദായമനുസരിച്ചാണ്. ഒരു തസ്തികയിലെ നൂറ് സീറ്റുകളുടെ അഥവാ 100 നിയമനങ്ങളുടെ ഒരു ചക്രം (റൊട്ടേഷൻ) പൂർത്തിയാകുമ്പോഴാണ് എല്ലാ സംവരണ വിഭാഗങ്ങൾക്കും അനുവദിച്ചിട്ടുള്ള ആകെ 50 ശതമാനം സംവരണ സീറ്റുകൾ നികത്തപ്പെടുന്നത്. ബാക്കി 50 സീറ്റുകൾ മെറിറ്റിലും നികത്തുന്നു. ഒരു റൊട്ടേഷൻ സൈക്കിൾ പൂർത്തിയാകുമ്പോൾ, 50 സീറ്റുകൾ മെറിറ്റുകാർക്കിടയിലും 50 സീറ്റുകൾ സംവരണക്കാർക്കിടയിലും വിതരണം ചെയ്യപ്പെടുന്നു. റൊട്ടേഷൻ സീറ്റുകളെ ഊഴങ്ങൾ (ടേണുകൾ) എന്നാണു പറയുന്നത്. 50

സംവരണ ഊഴങ്ങളും (റിസർവേഷൻ ടേണുകളും ) 50 യോഗ്യതാ ഊഴങ്ങളും (മെറിറ്റ് ടേണുകളും ) അടങ്ങിയ നൂറു ടേണുകൾ ചേർന്നതാണ് ഒരു മെയ്ൻ റൊട്ടേഷൻ (MR). ഒന്നു മുതൽ നൂറു വരെയുള്ള സീറ്റുകളിൽ മെറിറ്റ് ടേണുകളും സംവരണ ടേണുകളും ഒന്നിടവിട്ടു വരുന്നു. അത്രയും ടേണുകളിൽ തിരഞ്ഞെടുപ്പു നടന്നു കഴിയുമ്പോൾ മെയ്ൻ റൊട്ടേഷൻ ഒന്ന് (MR I) പൂർത്തിയാവുന്നു. ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്കും ലാസ്റ്റ്ഗ്രേഡിതര തസ്തികകൾക്കും വ്യത്യസ്ത റൊട്ടേഷൻ ചാർട്ടുകളാണുള്ളത് . എസ്.സി./എസ്.ടി.-എൽ.സി., എച്ച്.എൻ. വിഭാഗങ്ങളൊഴിച്ചുള്ളവരുടെ സംവരണവിഹിതത്തിൽ രണ്ടു വിഭാഗം തസ്തികകളിലും

വ്യത്യാസമുള്ളതുകൊണ്ടാണത്.

റൊട്ടേഷൻ ചാർട്ടിൽ 1, 3, 5, 7, 9, 11 എന്നീ ക്രമത്തിലുള്ള ഒറ്റസംഖ്യാ സ്ഥാനങ്ങൾ ഒ.സി. (ഓപ്പൻ കോമ്പറ്റീഷൻ, തുറന്ന മത്സരം അഥവാ മെറിറ്റ്) ടേണുകളും 2, 4, 6, 8, 10, 12 എന്നീ ക്രമത്തിൽ വരുന്ന ഇരട്ടസംഖ്യാ സ്ഥാനങ്ങൾ റിസർവേഷൻ (സംവരണ) ടേണുകളുമാണ്. റൊട്ടേഷൻ ചാർട്ടിൽ കാണുന്ന കൃത്യമായ ക്രമത്തിലല്ല റാങ്ക് ലിസ്റ്റിൽ നിന്ന് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. ഉദാഹരണമായി, ഒരു തസ്തികയിൽ 10 ഒഴിവുണ്ടെന്നിരിക്കട്ടെ . റാങ്ക് ലിസ്റ്റിലെ ഒന്നാമത്തെയാളെ 01 ഒ.സി. ടേ ണിലും തുടർന്ന് ആദ്യം വരുന്ന ഈഴവ ഉദ്യോഗാർഥിയെ 02 ഈഴവ ടേണിലും രണ്ടാം റാങ്ക് നേടിയയാളെ 03 ഒ.സി ടേ ണിലും (രണ്ടാം റാങ്കുള്ളയാൾ ഈഴവയാണെങ്കിൽ, മൂന്നാം റാങ്കുള്ളയാളാവും 3 ഒ.സി ടേ ണിൽ) അങ്ങനെ പത്ത് ഒഴിവുകളിലേക്കും തിരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്.

20 ഒഴിവുകൾക്ക് ഒരു യൂണിറ്റ് എന്ന കണക്കുവച്ച് ഒഴിവുകളെ യൂണിറ്റുകളായി തിരിച്ച് ഓരോ യൂണിറ്റിലേക്കും റൊട്ടേഷൻ ക്രമത്തിൽ തിരഞ്ഞെടുപ്പു നടത്തുന്ന രീതിയാണു നിലവിലുള്ളത്. 20 ഒഴിവുകൾ അടങ്ങിയ ഒന്നാം യൂണിറ്റിന്റെ തിരഞ്ഞെടുപ്പു പൂർത്തിയായതിനുശേഷം രണ്ടാം യൂണിറ്റിൽപ്പെടുന്ന ഒഴിവുകളിലേക്കു തിരഞ്ഞെടുപ്പു നടത്തും. ഒരു സമയം 20 ഒഴിവുകൾ ഇല്ലാതെ വരുന്ന പക്ഷം, ഉള്ള ഒഴിവുകൾ ഒന്നിച്ചെടുത്ത് റൊട്ടേഷൻ പ്രകാരം നിയമനം നടത്തും. തുടർന്നു വരുന്ന

ഒഴിവുകളെ , നേരത്തേയുള്ള യൂണിറ്റിലെ കുറവ് (20 ഒഴിവുകളിലെ കുറവ്) പരിഹരിക്കാതെ തന്നെ 20 വീതമടങ്ങുന്ന യൂണിറ്റുകളായി തിരിച്ചു തിരഞ്ഞെടുപ്പു നടത്തുകയാണു ചെയ്യുന്നത്. ഉദാഹരണത്തിന്; ഒരു തസ്തികയുടെ 25 ഒഴിവുകൾ ഉണ്ടെന്നു കരുതുക. 20 ഒഴിവുകൾ ചേർന്ന ഒരു യൂണിറ്റിലെ തിരഞ്ഞെടുപ്പ് ആദ്യം

നടത്തുന്നു. അതിനുശേഷം 5 ഒഴിവുകളിൽ (3 ഒ.സി +2 റിസർവേ ഷൻ) ഒരുമിച്ചു തിരഞ്ഞെടുപ്പു നടത്തും. അതേ തസ്തികയുടെ തന്നെ 30 ഒഴിവുകൾ

കൂടി പിന്നീടു വന്നുവെന്നിരിക്കട്ടെ . ആ ഒഴിവുകളെ ഇരുപതും പത്തും ആയി തിരിച്ചിട്ടാണ് അതിൽ തിരഞ്ഞെടുപ്പു നടത്തുക; മുൻബാക്കി 15, ശേഷിക്കുന്ന 15 എന്നിങ്ങനെ വിഭജിച്ചല്ല.

ഒരു തസ്തികയ്ക്കുള്ള ആദ്യത്തെ തിരഞ്ഞെടുപ്പാണെന്നും ആയതിലേക്കു റൊട്ടേഷൻ ആരംഭിക്കുകയാണെന്നും കരുതുക. ആ തസ്തികയുടെ 20

ഒഴിവുകളിലേക്കാണു തിരഞ്ഞെടുപ്പു നടത്തേണ്ടതെന്നും വിചാരിക്കുക. ആദ്യമായി റൊട്ടേഷൻ ചാർട്ട് വച്ച്,അതിന്റെ ക്രമത്തിൽ 20 ടേണുകളുള്ള റൊട്ടേഷൻ തയ്യാറാക്കുന്നു. അതായത് 01 OC , 02 E, 03 OC, 04 SC, 05 OC, 06 M എന്നീ ക്രമത്തിൽ 20 ടേൺ വരെ . ഇതിൽ 10 ഒ.സി. ടേണുകളും 10 റിസർവേഷൻ ടേണുകളും ഉണ്ടായിരിക്കും; ഇങ്ങനെ :


01. MR I 01 OC 11. MR I 11 OC

02. MR I 02 E 12. MR I 12 SC OC

03. MR I 03 OC 13. MR I 13 OC

04. MR I 04 SC 14. MR I 14 E OC

05. MR I 05 OC 15. MR I 15 OC

06. MR I 06 M 16. MR I 16 M OC

07. MR I 07 OC 17. MR I 17 OC

08. MR I 08 LC/AI 18. MR I 18 E OC

09. MR I 09 OC 19. MR I 19 OC

10. MR I 10 OBC 20. MR I 20 Vആദ്യം ഒ.സി ടേ ണുകൾ നികത്തും. റാങ്ക് ലിസ്റ്റിൽനിന്ന് മുന്നാക്ക-പിന്നാക്ക വ്യത്യാസമില്ലാതെ , തികച്ചും റാങ്ക് ക്രമത്തിൽ പത്താം റാങ്ക്

വരെയുള്ള ഉദ്യോഗാർഥികളെ 1,3,5,7,9,11,13,15,17,19 ഈ ഒ.സി ടേണുകളിൽ തിരഞ്ഞെടുക്കുന്നു. അതായത് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് നേടി

യയാൾ ഒന്നാമത്തെ ഒ. സി ടേണിലും പത്താം റാങ്കുള്ളയാൾ പത്തൊമ്പതാമത്തെ ഒ.സി ടേണിലും തിരഞ്ഞെടുക്കപ്പെടുമെന്നർഥം.

ഒ.സി ടേണിലേക്കുള്ള തിരഞ്ഞെടുപ്പിനുശേഷമേ റിസർവേഷൻ ടേണിലേക്കു തിരഞ്ഞെടുപ്പു നടത്തൂ. അപ്പോൾ പത്താം റാങ്കിനു താഴെയുള്ളവരായിരിക്കും സംവരണ ടേൺ അനുസരിച്ചു തിരഞ്ഞെടുക്കപ്പെടുന്നത് 2, 4, 6, 8, 10, 12, 14, 16, 18, 20 ഈസംവരണ ടേണുകളിൽ ഓരോ വിഭാഗത്തിലും പെട്ട ഉദ്യോഗാർഥികളെ

റാങ്ക് ക്രമത്തിൽ തിരഞ്ഞെടുക്കുന്നു. രണ്ടാമത്തെ ഈഴവ ടേണിൽ റാങ്ക് ലിസ്റ്റിൽ 10 നുശേഷം വരുന്ന ആദ്യ ഈഴവ ഉദ്യോഗാർഥിയെയാണു തിരഞ്ഞെടുക്കുക. ഇവിടെ അത് 16-ാമത്തെ റാങ്കുകാരനാണ്. അതുകൊണ്ട് അയാളെ തിരഞ്ഞെടുക്കും. വീണ്ടും ഈഴവ ടേൺ വരുമ്പോൾ 16-നുശേഷം വരുന്ന ആദ്യ ഈഴവ ഉദ്യോഗാർഥിയെ തിരഞ്ഞെടുക്കും. നാലാമത്തെ പട്ടികജാതി ടേണിൽ 10-നു ശേ ഷം വരുന്ന ആദ്യത്തെ എസ്.സി.ഉദ്യോഗാർഥിയെ തിരഞ്ഞെടുക്കണം. പക്ഷേ , മെയ്ൻ റാങ്ക് ലിസ്റ്റിൽ ഒറ്റ

എസ്. സി. ഉദ്യോഗാർഥിയും ഇവിടെയില്ല. അതുകൊണ്ട് ആ ടേണിൽ എസ്.സി. സപ്ലിമെന്ററി ലിസ്റ്റിൽനിന്ന് അതിലെ ആദ്യ നംബറുകാരനെ തിരഞ്ഞെടുക്കും. അതുപോലെയാണ് ബാക്കി എല്ലാ സംവരണസമുദായ ഉദ്യോഗാർഥികളെയും തിരഞ്ഞെടുക്കുന്നത്.

ഈ വിധത്തിലാണ് 20 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പു നടക്കുന്നത്. രണ്ടു ടേണുകളിലേക്കുമുള്ള തിരഞ്ഞെടുപ്പിനുശേഷം,ആദ്യം ഒന്നാമത്തെ ഒ.സി ടേ ണിൽ തിരഞ്ഞെടുക്കപ്പെട്ടയാളെ ,പിന്നെ രണ്ടാമത്തെ സംവരണടേണിൽ തിരഞ്ഞെടുക്കപ്പെട്ടയാളെ ,അതിനുശേഷം മൂന്നാമത്തെ ഒ.സി ടേണിലെയാളെ എന്ന ക്രമത്തിലാണ്

അഡ്വൈസ് നടത്തുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ വേറൊരു കാര്യം കൂടി നോക്കണം. അതായത്, ഒരേ സമുദായക്കാര്‍ ഓസീ ടേണിലും റിസര്‍വേഷനിലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കണം. (ആദ്യ യൂണിറ്റില്‍ മാത്രമേ സാധാരണ ഈ അവസ്ഥ വരാറുള്ളൂ. തുടര്‍ന്നുള്ള യൂണിറ്റുകളില്‍ സംവരണ സമുദായക്കാര്‍ ഓസീ ടേണില്‍ വളരെ അപൂര്‍വമായേ തിരഞ്ഞെടുക്കപ്പെടാറുള്ളൂ). അങ്ങനെ വന്നാല്‍ റാങ്ക് ലിസ്റ്റിന്‍ പ്രകാരമുള്ള അവരുടെ സീനിയോറിറ്റി സംരക്ഷിക്കണം. അതിന്നായി അത്തരക്കാരെ പരസ്പരം സ്ഥാനം മാറ്റിയേ അഡ്വൈസ് ചെയ്യൂ. അതായത്, റാങ്ക് ലിസ്റ്റില്‍ മുന്നിലുള്ളയാള്‍ ആദ്യം അഡ്വൈസ് ചെയ്യപ്പെടുന്ന വിധം റൊട്ടേഷനില്‍ വെട്ടിയെഴുത്തു നടത്തണം.

റൊട്ടേഷൻ ഒരു തുടർപ്രക്രിയയായതിനാൽ മിക്ക തിരഞ്ഞെടുപ്പുകളും മേല്‍ വിവരിച്ച രീതിയിലായിരിക്കില്ല ശരിക്കും നടക്കുക. ഒരു റാങ്ക്ലിസ്റ്റ് വരുമ്പോൾ റൊട്ടേഷൻ പുതുതായി ആരംഭിക്കയല്ല ചെയ്യുന്നത്; ആ തസ്തികയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ റൊട്ടേഷൻ എവിടെ വച്ചാണോ അവസാനിച്ചത്, അതിന്റെ തുടർച്ചയായി അടുത്ത റാങ്ക്‌ലിസ്റ്റിൽ നിന്നു നിയമനം നടത്തുകയാണു ചെയ്യുക. അങ്ങനെ ചെയ്തില്ലെങ്കിൽ ചില സമുദായങ്ങൾക്ക് ഒരിക്കലും നിയമനം കിട്ടാതെ പോവും.

ഉദാഹരണം കൊണ്ടു സമർഥിക്കാം : ധീവര സമുദായത്തിന്റെ ടേൺ വരുന്നത് ലാസ്റ്റ് ഗ്രേഡിതര തസ്തികകളിൽ 50-ാമതായാണ്. ഒരു ലിസ്റ്റിൽനിന്ന് ഇരുപതോ മുപ്പതോ പേരെ നിയമിച്ചപ്പോഴേക്കും ലിസ്റ്റിന്റെ കാലാവധി തീർന്നെന്നു കരുതുക. തുടർന്ന് അടുത്ത ലിസ്റ്റ് വരുന്നു. 30 ഒഴിവുണ്ട്. അതിൽനിന്നു വീണ്ടും ഒന്നുമുതലുള്ള റൊട്ടേഷൻ

തുടങ്ങി നിയമനം നടത്താനാണു പോകുന്നതെങ്കിൽ 50 D എന്ന ധീവര ടേൺ ഒരിക്കലും വരില്ല. എന്നാൽ തുടർച്ചയായ റൊട്ടേഷനാണെങ്കിൽ തീർച്ചയായും ധീവര ഉദ്യോഗാർഥിക്കു നിയമനം കിട്ടും. നേരത്തേയുള്ള മുപ്പതിന്റെയോ ഇരുപതിന്റെയോ ബാക്കിയായി 30 കൂടിവരുമ്പോൾ 50 എന്ന ടേൺ വരും . അതുകൊണ്ട് റൊട്ടേഷൻ തുടർപ്രക്രിയ ആക്കിയതു വളരെ ശാസ്ത്രീയവും നീതിപൂർവകവുമാണ്.

ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് ഡെന്റൽ സർജൻമാരെ തിരഞ്ഞെടുക്കുന്നതിനായി 31. 12. 2012-നു നിലവിൽ വന്ന റാങ്ക് ലിസ്റ്റ് നമുക്കിവിടെ ഉദാഹരണമായെടുക്കാം .

ആ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമന ശിപാര്‍ശ (അഡ്വൈസ് ലിസ്റ്റ്) സൂക്ഷ്മമായി പരിശോധിച്ചാൽ പി.എസ്.സിയുടെ നിയമനരീതിയുടെ അപാകം മനസ്സിലാക്കാനാവും. ആകെ 63 ഫ്രെഷ് നിയമനങ്ങളാണ് ഈ ലിസ്റ്റിൽനിന്നു നടത്തിയിട്ടുള്ളത്. 20 നിയമനങ്ങൾ നടത്തുമ്പോൾ, 20-ന്റെ 50 ശതമാനം അഥവാ പകുതി വരുന്ന, റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 10 പേരെയാണ് സമുദായ പരിഗണന കൂടാതെ മെറിറ്റ് (ഒ.സി.)ടേണുകളിലേക്കു തിരഞ്ഞെടുക്കുന്നതെന്നു നാം കണ്ടു. ആ 20 പേരിൽ ആദ്യത്തെ 10 റാങ്കുകാർക്കാണ് ഏറ്റവും കൂടുതൽ മെറിറ്റ്/മാർക്ക് ഉള്ളത് എന്നതാണ് അതിനു കാരണം.

അങ്ങനെയെങ്കില്‍ ആകെ 63 പേരെ തിരഞ്ഞെടുക്കുമ്പോൾ റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 32 (63-ന്റെ 50%) പേർക്ക് മെറിറ്റ് നിയമനം ലഭിക്കേണ്ടേ?

അവർക്കാണല്ലോ ആ 63 പേരിൽ ഏറ്റവുമധികം മെറിറ്റ്/മാർക്ക് ഉള്ളത്. എന്നുവച്ചാൽ, 32-നകത്തു വരുന്ന എല്ലാ ഉദ്യോഗാർഥികൾക്കും സമുദായപരിഗണന കൂടാതെ മെറിറ്റ് സെലക്ഷൻ ലഭിച്ചിരിക്കണം. 32-ാം റാങ്കിനകത്ത്, 4 ഈഴവരും 3 മുസ്ലിംകളും 3 ഒ.ബി.സികളും 1 ആങ്ഗ്ലോ ഇന്ത്യക്കാരനും ഉൾപ്പെടെ 11 സംവരണസമുദായക്കാരുണ്ട്. അവരിൽ പകുതിപ്പേർക്കു പോലും പി. എസ്.സിയുടെ നിയമന ശിപാർശയിൽ മെറിറ്റ് സെലക്ഷൻ ലഭിച്ചില്ലെന്ന് നിയമന ശിപാര്‍ശയില്‍ നിന്നു മനസ്സിലാക്കാം. കേവലം 4 പേര്‍ക്കാണ് ഒ.സി. ടേണിൽ സെലക്ഷന്‍ ലഭിച്ചത്. ബാക്കി 7 പേരെയും സംവരണ ടേണുകളിലാണു തിരഞ്ഞെടുത്തത്. സംവരണസമുദായക്കാരുടെ ഈ നഷ്ടം സംവരണേതരർക്കു ലാഭമാകുന്നതു കാണാം. അതായത് 32-ാം റാങ്കിനകത്ത്

21 സംവരണേതരക്കാർ മാത്രമുണ്ടായിട്ടും 28 പേർക്കു മെറിറ്റ് നിയമനം ലഭിച്ചു; കൃത്യമായി 7 എണ്ണം കൂടുതൽ. മെറിറ്റിൽ നിയമനം കിട്ടേണ്ട 7

സംവരണസമുദായക്കാരെ സംവരണത്തിൽ തിരഞ്ഞെടുത്തതിനാലാണ് അത്രയും അനർഹരായ സംവരണേതരരെ മെറിറ്റിലെടുക്കാൻ

സാധിച്ചത്. ചുരുക്കത്തിൽ, 63 പേരെ തിരഞ്ഞെടുത്തപ്പോഴേക്കും 7 സംവരണസമുദായക്കാർക്കു നിയമനം നഷ്ടമായെന്നർഥം.

ഇനി ഒ. സി. ടേണിൽ അവസാനമായി തിരഞ്ഞെടുക്കപ്പെട്ടയാളുടെ മാർക്കൊന്നു പരിശോധിക്കാം . 40-ാം റാങ്കുകാരനാണ് അവസാനമായി

മെറിറ്റിൽ തിരഞ്ഞെടുക്കപ്പെട്ടത്. അയാളുടെ മാർക്ക് 86 ആണ്. 86 മാർക്ക് നേടിയ ആൾക്കു മെറിറ്റ് നിയനം ലഭിച്ചപ്പോൾ

അയാളേക്കാൾ കൂടുതൽ മാർക്ക് വാങ്ങി റാങ്ക് ലിസ്റ്റിൽ മുന്നിലെത്തിയ 7 സംവരണസമുദായക്കാർക്കു ലഭിച്ചതു സംവരണനിയമനമാണ്. 91ഉം

89ഉം 87ഉം മാർക്ക് നേടിയ ഈഴവ ഉദ്യോഗാർഥികളെയും 92ഉം 90ഉം 87ഉം മാർക്ക് നേടിയ ഒ.ബി.സി. ഉദ്യോഗാർഥികളെയും 88ഉം 87ഉം മാർക്ക് നേടിയ മുസ്ലിം ഉദ്യോ ഗാർഥികളെയും 88 മാർക്ക് നേടിയ ആങ്ഗ്ലോ ഇന്ത്യൻ ഉദ്യോഗാർഥിയെയും സംവരണത്തിൽ തിരഞ്ഞെടുത്തപ്പോഴാണ് 86 മാർക്ക് നേടിയയാൾക്കു മെറിറ്റ് നിയമനം

ലഭിച്ചതെന്നോർക്കണം (ഇപ്പോള്‍ റാങ്ക് ലിസ്റ്റില്‍ ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കും നല്‍കാറുണ്ട്).

ഈ 63 ഒഴിവുകളും ഒറ്റയടിക്കു റിപ്പോർട്ട് ചെയ്യുകയും അത്രയും പേരെ ഒറ്റ യൂണിറ്റായെടുത്തു സെലക്ഷൻ നടത്തുകയും ചെയ്തിരുന്നെങ്കിൽ ഈ 40-ാം റാങ്കുകാരനു നിയമനമേ ലഭിക്കില്ലായിരുന്നു എന്നോർക്കണം. അയാൾക്കു മാത്രമല്ല, 32-ാം റാങ്കിനപ്പുറത്തുള്ള ഒറ്റ സംവരണേതര ഉദ്യോഗാർഥിക്കും നിയമനം ലഭിക്കില്ലായിരുന്നു. എന്നാൽ പി. എസ്.സിയുടെ നിയമന ശിപാർശയിൽ 32-ാം റാങ്കിനുശേ ഷമുള്ള 7 പേർക്കാ(33, 34, 36, 37, 38, 39, 40 റാങ്കുകാർക്കാണ്) ണ് അനർഹമായി മെറിറ്റ് സീറ്റുകൾ ലഭിച്ചത്. ഈയൊരു സംഗതി മൂലമാണ് പി.എസ്.സി. വെബ്സൈറ്റിലെ ഏത് അഡ്വൈസ് എടുത്തു പരിശോധിച്ചാലും ഒ.സി ടേണിൽ അവസാനമായി നിയമനം ലഭിച്ച ഉദ്യോഗാർഥിയുടെ റാങ്ക് നംബർ എപ്പോഴും മൊത്തം നിയമനങ്ങളുടെ പകുതിവരുന്ന എണ്ണത്തേ ക്കാൾ കൂടുതലാവുന്നത്.

റൊട്ടേഷൻ സമ്പ്രദായം ഏതായാലും, ഈ ശിപാർശകളുടെ അവസാനം 32-നപ്പുറത്തുള്ള ആർക്കും മെറിറ്റ് നിയമനം ലഭിക്കാത്ത അവസ്ഥയല്ലേ വാസ്തവത്തിൽ വരേണ്ടത് ? അതുപോലെത്തന്നെ ,32-നകത്തുള്ള എല്ലാവർക്കും മെറിറ്റ് നിയമനം ലഭിക്കുകയും വേണ്ടേ ?

എന്നാൽ, ഇവിടെ അതല്ല സംഭവിച്ചതെന്നു നാം കണ്ടു. അതിന്നർഥം,പി.എസ്.സി. പിന്തുടർന്നുപോരുന്ന 20 യൂണിറ്റ് റൊട്ടേഷൻ സമ്പ്രദായം അശാസ്ത്രീയവും നിയമത്തിന്റെ സത്തയ്ക്കു വിരുദ്ധവുമാണെന്നാണ്.

ഒരു സെലക്ഷൻ സമ്പ്രദായം ശാസ്ത്രീയമാണോ അല്ലയോ എന്ന് എങ്ങനെ പരിശോധിക്കാം ? മൊത്തം നിയമനങ്ങൾ നടന്നു കഴിയുമ്പോൾ ആകെ ഒ. സി. ടേണുകളിൽ റാങ്ക് ലിസ്റ്റിലെ ആദ്യത്തെ അത്രയും എണ്ണം പേർക്ക് സെലക്ഷൻ ലഭിച്ചിട്ടുണ്ടോ , അതിനപ്പുറത്തുള്ള ആരെങ്കിലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് ആദ്യം നോക്കേണ്ടത്. യൂണിറ്റ് സമ്പ്രദായം ഏതായാലും മൊത്തം ഒ. സി. ടേ ൺ നിയമനങ്ങളിൽ അത്രയും എണ്ണത്തിനപ്പുറത്തു റാങ്കുള്ള ആരും തിരഞ്ഞെടുക്കപ്പെടാൻ പാടില്ല. അതിനകത്തുള്ള സകലർക്കും സമുദായപരിഗണനയില്ലാതെ മെറിറ്റ് സെലക്ഷൻ ലഭിച്ചിരിക്കയും വേണം. എങ്കിൽ മാത്രമേ അതൊരു ശാസ്ത്രീയമായ തിരഞ്ഞെടുപ്പുരീതിയാവൂ. അല്ലാതെ 20 യൂണിറ്റ് സമ്പ്രദായമനുസരിച്ചു തിരഞ്ഞെടുക്കുമ്പോൾ ഒരു ഫലം, 40 യൂണിറ്റാക്കിയാൽ വേറൊരു ഫലം, 100 യൂണിറ്റാക്കുമ്പോ ൾ മറ്റൊരു ഫലം എന്നാവരുത്. സെലക്ഷൻ നടത്താനുള്ള സൗകര്യത്തിനുവേണ്ടി 20 യൂണിറ്റോ 100 യൂണിറ്റോ 1:1 ഓ എന്തു വേണമെ ങ്കിലും സ്വീകരിക്കാം . പക്ഷേ ,

അന്തിമഫലം ഒന്നായിരിക്കണം. അന്തിമഫലം വ്യത്യസ്തമാണെങ്കിൽ നിയമനരീതിയ്ക്ക് എന്തോ കുഴപ്പമുണ്ടെന്ന് അനുമാനിക്കണം.

അസിസ്റ്റന്റ് ഡെന്റൽ സർജന്മാരുടെ മൊത്തം 63 നിയമനങ്ങളെയും ഒറ്റ യൂണിറ്റാക്കി സെലക്ഷൻ നടത്തുകയാണെങ്കിൽ ആദ്യം , MR II 37 OC മുതൽ MR II 99 OC വരെ യുള്ള 32 ഒ.സി. ടേണുകൾ റാങ്ക് ലിസ്റ്റിലെ 1 മുതൽ 32 വരെ യുള്ള റാങ്കുകാരെ വച്ചു നികത്തണം. ശേ ഷം, MR II 28 E മുതൽ MR II 88 E വരെ യുള്ള 31 റിസർവേഷൻ

ടേണുകൾ, 32-ാം റാങ്കിനുശേഷം വരുന്ന സംവരണസമുദായക്കാരെ തിരഞ്ഞെടുത്തു നികത്തണം. അങ്ങനെ ചെയ്താൽ 32-ാം റാങ്കിനകത്തുവരുന്ന 11 സംവരണസമുദായക്കാർക്കും മെറിറ്റ് സെലക്ഷൻ ലഭിക്കുന്നതു കാണാം. 32 നകത്തുവരുന്ന സംവരണേതരക്കാർ 21ആണെന്നു നാം നേരത്തേ കണ്ടു. അതിനപ്പുറത്തുള്ള ഒറ്റയാൾക്കും മെറിറ്റ് സെലക്ഷൻ ലഭിക്കുകയില്ല ഇവിടെ . ഏതു രീതിയിൽ നിയമനം നടന്നാലും അന്തിമഫലം ഇതായിരിക്കണം. എങ്കിലേ ആ നിയമനരീതി ശാസ്ത്രീയമാണെന്നു പറയാനാവൂ.

(കൂടുതലറിയാന്‍, പി എസ് സി നിയമനങ്ങളിലെ മെറിറ്റ് അട്ടിമറി ( അദര്‍ബുക്സ്) വായിക്കുക)


Loading Conversation