#

പ്രദീപ് പി ജി

കൊത്തുനേരം : Aug 01, 2017

പങ്കു വെയ്ക്കൂ !


ദളിത് ടി.വി പ്രേക്ഷകരും സ്റ്റോപ് മീഡിയ വയലന്‍സ് ക്യാമ്പയിനും എന്ന വിഷയത്തിൽ അജിത് കുമാർ എ എസിന്റേതായി അഴിമുഖത്തിൽ വന്ന ലേഖനം വായിക്കുകയുണ്ടായി. കാമ്പയിനെ പലയിടത്തും വിമർശന വിധേയമാക്കുകയുണ്ടായി. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ വിമൾശനങ്ങൾ അടിസ്ഥാനരഹിതമാണ് എന്നത് കൊണ്ട് കാമ്പയിനു പിന്നിൽ പ്രവർത്തിക്കുന്നവരിൽ ഒരാൾ എന്ന നിലയിൽ അതിനു ഒരു മറുപടി/വിശദീകരണം നൽകുന്നത് നല്ലതാണ് എന്നതുകൊണ്ട് എഴുതുകയാണ്.


സ്റ്റോപ് മീഡിയ വയലൻസ് എന്ന കാമ്പയിൽ ഔദ്യോഗികമായി രൂപം കൊണ്ടത് 2016 ലെ ദലിത് ഓൺലൈൻ മൂവ്മെന്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ മീറ്റിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ്. അതിനു മുൻപ് തന്നെ കാമ്പയിന്റെ അടിസ്ഥാന ആശയങ്ങൾ പിന്നിൽ പ്രവർത്തിക്കുന്നവർ വളരെയധികം ചർച്ച ചെയ്ത് രൂപപ്പെടുത്തിയിരുന്നു. സിനിമകളിലും ടി വി കോമഡി പ്രോഗ്രാമുകളിലും ദലിതർക്കും ആദിവാസികൾക്കുമെതിരെ തമാശയെന്ന നിലയിൽ വംശീയ ആക്ഷേപങ്ങൾ വളരെയധികം ഉയർന്നു വരുന്നു എന്നും അത് ഒരു സാധാരണ കാര്യം പോലെ എതിർക്കപ്പെടാതെ പോവുന്നു എന്ന നിരീക്ഷണത്തിലുമാണ് അതിനെതിരെ ഒരു കാമ്പയിൻ ചെയ്യണം എന്ന ചിന്ത ഉരുത്തിരിയുന്നത്. സിനിമയും മറ്റ് മാധ്യമങ്ങളും നിലവിലെ ചിന്തകളെ പ്രതിഫലിപ്പിക്കുക മാത്രമല്ല അത് ഊട്ടിയുറപ്പിക്കുകയും പുതിയ ധാരണകളെ ഉത്പാദിപ്പിക്കുക കൂടിയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ആക്ഷേപങ്ങളെ എതിർക്കേണ്ടതും സമൂഹത്തിൽ ഇത്തരം തമാശകൾ നിർവഹിക്കുന്ന അനീതികളേയും ചർച്ചാവിഷയമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം കറുത്ത ഒരാൾ പെട്ടെന്ന് മുന്നിൽ വരുമ്പോൾ ഞെട്ടുകയും അയാൾ ചിരിക്കുമ്പോൾ "കണ്ടിട്ട് തന്നെ പേടിയാവുന്നു, ഇനി ചിരിച്ചു കൂടി പേടിപ്പിക്കരുത്" എന്ന് പറയുകയും ചെയ്യുമ്പോൾ ആ 'തമാശ' സമൂഹത്തോട് പറയാതെ പറയുത് കറുപ്പ് എന്നത് അഭംഗിയാണെന്നും ഭയപ്പെടുത്തുന്നതാണെന്നും അഥവാ കറുത്തവർ ഭംഗിയില്ലാത്തവരും ഭീകരരൂപികളുമാണെന്നാണ്. ഇത്തരം ആക്ഷേപങ്ങളോട് ഏതു തരത്തിലാണ് സന്ധി ചെയ്യാനാവുക? ഇതിനേക്കാൾ ഭയപ്പെടുത്തിയ മറ്റൊരു സംഗതി ഇതിൽ യാതൊരു വിധ കുഴപ്പങ്ങളുമില്ല എന്ന് പറഞ്ഞു കൊണ്ട് ആസ്വദിച്ച് ചിരിക്കുന്ന ആയിരക്കണക്കിനു ആളുകൾ ഇത്തരം വർണ്ണവെറിയുടെ ആസ്വാദകരായി ഉണ്ട് എന്നതാണ്. മറ്റേതൊരു തമാശയുമെന്ന പോലെ ഈ വംശീയാക്ഷേപങ്ങളും എതിർക്കപ്പെടാതെ കാണണം എന്ന ഒരു നിർബന്ധം ഉള്ള ആളുകളുടെ മുന്നിൽ 'ഇത് തമാശയല്ല വ്യക്തമായ വംശീയ ആക്ഷേപമാണ്' എന്ന വാദം കൊണ്ടു വരേണ്ടത് ആവശ്യമാണ്. ഒരു സമൂഹം പുരോഗമനപരമായി പരിവർത്തനപ്പെടണമെങ്കിൽ ആദ്യം വേണ്ടത് അത് അങ്ങേയറ്റം സാധാരണമായി ആചരിച്ചു വരുന്ന അനീതികൾ ഒരു അനീതിയായിത്തന്നെ തിരിച്ചറിയുക എന്നതാണ്. അനീതിയായി തിരിച്ചറിയപ്പെടുന്നില്ലെങ്കിൽ അത് തിരുത്തേണ്ടതുണ്ട് എന്ന ബോധ്യം ഉണ്ടാവുകയേ ഇല്ല എന്നത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ്. അതുകൊണ്ട് ഈ 'തമാശകൾ' ഒരു ആക്ഷേപമാണെന്നും അനീതിയാണെന്നും വിളിച്ചു പറയുക എന്ന ലക്ഷ്യത്തിൽ കാമ്പയിൻ ഡിസംബറിൽ ആരംഭിച്ചു.


കാമ്പയിനു വലിയ പ്രചാരം കിട്ടിയതിനോടൊപ്പം കുറച്ചധികം വിമർശനങ്ങളും ലഭിക്കുകയുണ്ടായി. അവയിലൊന്ന് കാമ്പയിൻ മുന്നോട്ട് വെച്ച 'നിരോധനം' എന്ന ആവശ്യത്തെ പറ്റിയാണ്. ഇതിനോട് അനുബന്ധിച്ച് വന്ന പല വാദങ്ങളിൽ നിന്നും മനസിലാകുന്നത് ആ ആവശ്യം വളരെയധികം വളച്ചൊടിക്കപ്പെടുകയും അതിവായിക്കപ്പെടുകയും ചെയ്തു എന്നാണ്. കോമഡിപ്രോഗ്രാമുകൾ മൊത്തത്തിലങ്ങ് നിരോധിക്കാൻ ഗവണ്മെന്റിനോട് കാമ്പയിൻ ആവശ്യപ്പെടുകയാണ് എന്നതരത്തിൽ പല വിമർശനങ്ങളും ഉണ്ടായി. 'ധർമജനേയും നോബിയേയും അറസ്റ്റ് ചെയ്ത് ജയിലടക്കാൻ ആവശ്യപ്പെടുന്ന കാമ്പയിൻ' എന്ന ആരോപണങ്ങളും, 'കലാഭവൻ മണിയെ തന്നെ നിരോധിച്ചുകളയണം എന്നാണോ പറയുന്നത്' എന്ന ചോദ്യങ്ങളും നേരിടേണ്ടി വന്നു. ഇതിനെയൊക്കെ വെറും സ്റ്റ്രോമാൻ ഫാലസിയായാണ് കാണുന്നത്. ഇത്തരം വാദങ്ങളാണ് കാമ്പയിൻ ഉന്നയിക്കുന്നത് എന്ന വരുത്തിത്തീർത്താൽ കാമ്പയിനെ എതിർക്കാൻ കൂടുതൽ എളുപ്പമാകും. കാമ്പയിൻ നിരോധനം എന്ന വാദം മുന്നോട്ട് വെക്കുന്നത് ഇങ്ങനെയൊന്നുമല്ല. വിശദീകരിക്കാൻ എളുപ്പത്തിനായി ഈയിടെ നടന്ന ഒരു കാര്യം പറയട്ടെ. സൂര്യ ടി വിയിൽ നടന്നു വന്നിരുന്ന കുട്ടിപ്പട്ടാളം എന്ന പ്രോഗ്രാം പരാതിയെ തുടർന്ന് കോടതിയുടെ വിശകലനത്തിനു വിധേയമാവുകയുണ്ടായി. പരിപാടി കുട്ടികളെ ദുരുപയോഗം ചെയ്യുന്നു എന്ന് കണ്ട് കോടതി ചാനലിനോട് പരിപാടിയുടെ ഉള്ളടക്കം നീതിപൂർവ്വം പരിഷ്കരിക്കാൻ ഉത്തരവിട്ടു. എന്നാൽ ചാനൽ ആ പരിപാടി തുടർന്ന് സംപ്രേക്ഷണം ചെയ്തില്ല നിർത്തുകയാണുണ്ടായത്. സമാനമായിത്തെ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ വംശീയ അധിക്ഷേപങ്ങൾ ഉണ്ടായാലും സ്വയം പരിഷ്കരിക്കാൻ ആവശ്യപ്പെടുകയോ അതിനവർ തയ്യാറാവാത്ത പക്ഷം പരിപാടിയുടെ പ്രദർശനം തടയുകയോ ചെയ്യാൻ ഗവണ്മെന്റോ മറ്റേജൻസികളോ തയ്യാറാവണം എന്നതാണ് കാമ്പയിൻ ആദ്യമായി മുന്നോട്ട് വെച്ചത്.


വംശീയത ഏതു രൂപത്തിലായാലും ഇന്ത്യയിൽ നിയമവിരുദ്ധമാണെന്നും അത്തരം ഉള്ളടക്കങ്ങളെ തടയുന്നത് സാമൂഹ്യനീതിയുടെ ഭാഗം തന്നെയാണ് എന്നുമാണ് കാമ്പയിൻ വിശ്വസിക്കുന്നത്. ഗവണ്മെന്റിന്റേയും നിയമങ്ങളുടേയും ഒട്ടനവധി നിരോധങ്ങളുടേയും സംരക്ഷണങ്ങളുടേയും ബലത്തിലാണ് ഇന്ത്യയിൽ ഈ കുറഞ്ഞ അളവിലാണെങ്കിലും സാമൂഹിക നീതി നിലനിൽക്കുന്നത് എന്നത് കൊണ്ട് ഇത്തരമൊരു കാര്യം ആവശ്യപ്പെടാൻ കാമ്പയിനു ബുദ്ധിമുട്ടൊന്നും തോന്നുന്നില്ല. എന്നാൽ നിരോധനം എന്ന ഒറ്റ ആവശ്യത്തിൽ കടിച്ചു തൂങ്ങിയല്ല കാമ്പയിൻ മുന്നോട്ട് പോയത് എന്നത് പേജിൽ കയറി നോക്കുന്ന ആർക്കും മനസിലാകുന്നതാണ്. ഇത്തരം 'തമാശകളെ' കോമഡിയായി മാത്രം കണ്ട് വംശീയാക്ഷേപം എന്ന അനീതിയെ വിട്ടുകളയാതിരിക്കാൻ വേണ്ടി ആക്ഷേപത്തെ ആക്ഷേപമായി കാണുക എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള പോസ്റ്റർ പ്രചരണങ്ങളാണ് കാമ്പയിൻ നടത്തിയത്.


റിമോട്ട് കണ്ട്രോളെരിനെ പറ്റി ലേഖകൻ വിശദമായി പറയുന്നുണ്ട്. എന്നാൽ എങ്ങനെയാണ് ഇത്തരം ഇടങ്ങളിൽ അത് ഉപയോഗിക്കാൻ കഴിയുക? താല്പര്യമില്ലാത്ത പ്രോഗ്രാമുകൾ കാണുന്നില്ല എന്നു തീരുമാനിക്കാനുള്ള സൗകര്യം അത് പ്രേക്ഷകനു നൽകുന്നുണ്ട്. എന്നാൽ അതെങ്ങനെയാണ് ഫലപ്രാപ്തി ഉണ്ടാകാൻ സാധ്യതയുള്ള ഇടപെടലാകുന്നത്? ഒരു വലിയ വിഭാഗം പ്രേക്ഷകർ ഒരുമിച്ച് ഈ പ്രോഗ്രാമുകൾ റിമോട്ട് ഉപയോഗിച്ച് ബഹിഷ്കരിച്ചാൽ ഇത് സാധ്യമാകും. റേറ്റിംഗ് പോലെയുള്ള കാര്യങ്ങൾ അടിസ്താനമാക്കി പരിപാടികളിലെ ഉള്ളടക്കം ചാനലുകൾ തിരുത്താറുണ്ട്. എന്നാൽ അത് സാധ്യമാകണമെങ്കിൽ റേറ്റിംഗിൽ വ്യത്യാസം വരുത്താൻ മാത്രം വലിയ വിഭാഗം പ്രേക്ഷകർ ഈ ബഹിഷ്കരണത്തിൽ പങ്കാളിയാവണം. അവിടെ ചില ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ട്. ഇത് ഒരനീതിയായി തിരിച്ചറിയാതെ അതെങ്ങനെ സാധ്യമാകും? വലിയ വിഭാഗം ആളുകളും ഈ അനീതിയെ/അധിക്ഷേപത്തെ ഇഷ്ടപ്പെടുന്നു എങ്കിൽ ന്യൂനപക്ഷത്തിന്റെ ആവശ്യം ഇവിടെ നിഷ്പ്രഭമാകില്ലേ? ന്യൂനപക്ഷത്തിനു ഫലസാധ്യതയുള്ള ഒരു രീതിയാണോ ഈ ബഹിഷ്കരണം? അഥവാ ബഹിഷ്കരണമല്ല ലേഖകൻ ഉദ്ദേശിച്ചതെങ്കിൽ എങ്ങനെയാണ് റിമോട്ട് കണ്ട്രോളെർ ഇവിടെ പ്രസക്തമാകുന്നത് എന്ന് പറഞ്ഞാൽ നന്നായിരുന്നു.


വിമർശകർ മുന്നോട്ട് വെക്കുന്ന വാദങ്ങളിൽ ഒന്ന് ദൃശ്യ മാധമങ്ങളെ ഫലപ്രഥമായി ഉപയോഗിച്ച ദലിതരേയും അവിടെ ശക്തമായി നടന്ന ദലിത് ഇടപെടലുകളേയും കാംപയിൻ കാണാതെയാണ് ഭരണകൂട ഇടപെടൽ ആവശ്യപ്പെട്ടത് എന്നതാണ്. അഴിമുഖത്തിലെ ലേഖനത്തിലും ഇതുണ്ട്. സ്റ്റാർ സിംഗർ പോലുള്ള പ്രോഗ്രാമുകളിൽ നടന്ന പല കാര്യങ്ങളും അതിനു തെളിവുകളായി ലേഖകൻ നിരത്തുന്നുണ്ട്. ഇത് വസ്തുതയാണ്. സത്യമാണ്. അംഗീകരിക്കുന്നു. ഇത് കാമ്പയിന്റെ പിന്നിൽ പ്രവർത്തിച്ചവർ ഇതൊന്നും കണ്ടിട്ടില്ല എന്ന് എങ്ങനെയാണ് കണ്ട് പിടിച്ചത് എന്നു മാത്രമറിയില്ല. ഇത്തരം ഇടപെടലുകൾ ദലിത് പക്ഷത്തു നിന്നും ഉണ്ടാവുന്നുണ്ട് എന്നത് സിനിമ ചാനലിലെ വംശീയാധിക്ഷേപങ്ങൾ നിറഞ്ഞ 'തമാശകൾക്കെതിരേ" പ്രതികരിക്കാൻ തടസ്സമാണോ? അല്ലെങ്കിൽ അവിടെ അത്തരം ഇടപെടലുകൾ നടന്നിട്ടുണ്ട് എന്നത് കൊണ്ട് കാമ്പയിൻ ഇതൊന്നും പറയേണ്ട എന്നാണോ? വിവേചനമുള്ള ഇടങ്ങളിൽ വിവിധരീതിയിൽ എതിർപ്പുകളും പ്രതികരണങ്ങളും ഉയർന്നു വരട്ടെ എന്നല്ലേ ചിന്തിക്കേണ്ടത്. മാത്രവുമല്ല കാമ്പയിൻ കൈകാര്യം ചെയ്യുന്ന കോമഡി പ്രോഗ്രാമുകളിലെയും സിനിമകളിലെയും വംശീയ ആക്ഷേപ 'തമാശകളെ' എതിർക്കുന്ന വലിയ പ്രതിഷേധപരിപാടികൾ ഇതിനു മുൻപ് ശ്രദ്ധയിൽ പെട്ടിട്ടുമില്ല. ഉണ്ടായിട്ടില്ല എന്ന് തറപ്പിച്ചു പറയുന്നില്ല. വ്യക്തിപരമായി കണ്ടിട്ടില്ല എന്നേ പറയുന്നുള്ളു. അതുകൊണ്ട് തന്നെ ആ വിഷയം കൈകാര്യം ചെയ്യുന്ന ഒരു കാമ്പയിൻ അത്യാവശ്യം ആണെന്നു തന്നെ കരുതുന്നു. മറ്റു രീതിയിൽ പലരും ഇടപെട്ടിട്ടുണ്ട് എന്നത് ഞങ്ങൾക്ക് ഇടപെടാൻ യാതൊരു തടസ്സവുമാകുന്നില്ല. അതുകൊണ്ട് തന്നെ "സ്റ്റോപ്പ്‌ മീഡിയാ വയലന്‍സ്’ ഇത്തരം സന്ദര്‍ഭങ്ങളെ മനസിലാക്കുന്നതില്‍ പരാജയപെട്ടു എന്ന ആരോപണത്തെ തള്ളിക്കളയുകയാണ്.
മറ്റൊരു ആരോപണം 'കോമഡി പ്രോഗ്രാം എന്നത് വംശീയത നിറഞ്ഞ ഒന്നായി അത് (കാമ്പയിൻ) കാണുന്നു എന്നുള്ളതാണ്. കൂടെ "(ഈ പ്രോഗ്രാമുകൾ) സവര്‍ണ്ണ/അധികാര യുക്തികളെയും അത് ഉലയ്ക്കാറുണ്ട്'.മറുപടിയായി പറയട്ടെ കോമഡി പ്രോഗ്രാമുകളിൽ വംശീയത നിറഞ്ഞതാണോ പകുതിയാണോ കാൽഭാഗമാണോ എന്നുള്ളത് പ്രശ്നമേയല്ല. അതിൽ വംശീയ ആക്ഷേപമമുള്ള ഉള്ളടക്കം ഉണ്ട് എങ്കിൽ അത് എതിർക്കപ്പെടേണ്ടതാണ് എന്നതാണ് കാമ്പയിന്റെ നിലപാട്. ജാതീയമായ അധിക്ഷേപങ്ങള്‍, സ്ത്രീ വിരുദ്ധതയും കറുപ്പിനെ അധിക്ഷേപ്പിക്കുന്നതും ഇല്ല എന്നു ലേഖകനും പറയുന്നില്ല. അതായത് ഉണ്ട് എന്ന് സമ്മതിക്കുകയാണ്. മാത്രമല്ല ഈ പ്രോഗ്രാമുകളിൽ കൂടെ പല കലാകാരന്മാരും നല്ലരീതിയിലുള്ള ഇടപെടൽ നടത്തുന്നുമുണ്ട്. എന്നാൽ ഇതൊന്നും ഈ ആക്ഷേപങ്ങൾ എതിർക്കപ്പെടാതിരിക്കാനുള്ള കാരണമല്ല. കലാകാരന്മാർ അതിനുള്ളിൽ നിന്ന് ശ്രമങ്ങൾ നടത്തട്ടെ. എന്നാൽ അതൊന്നും ജാതീയത കാണുമ്പോൾ ജാതീയതയാണ് എന്ന് വിളിച്ചു പറയുന്നതിനോ വംശീയവിദ്വേഷ ഉള്ളടക്കമുള്ള പരിപാടികൾ എതിർക്കുന്നതിനോ തടസ്സമാകുന്നേയില്ല.
മറ്റൊരു വിമർശനം ഇതാണ്. "ദളിത് കലാകാരികള്‍ നിഷ്കളങ്കരായി നിന്നുകൊണ്ട് ജാതി അധിക്ഷേപത്തിന് കൂട്ടുനില്‍ക്കുന്നു എന്ന വാദം ദളിത് കലാമേഖലയില്‍ നില്‍ക്കുന്നവരെ തന്നെ അധിക്ഷേപിക്കുകയല്ലേ? ദളിത് രാഷ്ട്രീയക്കാര്‍ ദളിത് കലാകാരികള്‍ക്ക് രാഷ്ട്രീയത്തില്‍ ക്ലാസ്സെടുക്കാമെന്ന രക്ഷാകര്‍തൃത്വ ബോധമല്ലേ ഇത്?" ഇതാണ് സ്റ്റ്രോമാൻ ഫാലസ്സി ആണ് എന്ന് ഞാൻ ആദ്യം തന്നെ പറഞ്ഞത്. ദളിത് കലാകാരികള്‍ നിഷ്കളങ്കരായി നിന്നുകൊണ്ട് ജാതി അധിക്ഷേപത്തിന് കൂട്ടുനില്‍ക്കുന്നു എന്ന് കാമ്പയിൻ എവിറ്റെയും വാദിക്കുന്നില്ല. ഞങ്ങൾ അങ്ങനെ കരുതുന്നില്ല. അവരെല്ലാവരും വ്യക്തമായ രാഷ്ട്രീയബോധ്യമുള്ള ആളുകളായി തന്നെയാണ് കാണുന്നത്. അവരെ രാഷ്ട്രീയത്തിൽ ക്ളാസ്സെടുക്കാം എന്ന് കാമ്പയിനു പിന്നിൽ നിൽക്കുന്നവർ കരുതുന്നുമില്ല. കാമ്പയിൻ പലതും മനസിലാക്കുന്നതിൽ പരാജയപ്പെട്ടു എന്ന വാദം ഉന്നയിച്ചത് ഞങ്ങൾ കാര്യങ്ങൾ അത്രക്കൊന്നും മനസിലാക്കാൻ കഴിവില്ലാത്തവരാണ് എന്നു കരുതിയിട്ടാണോ എന്ന മറുചോദ്യം ഉന്നയിക്കുന്നില്ല.


ഇത്തരം തമാശകളിൽ സാന്നിദ്ദ്യമാകുന്ന ദലിത് കലാപ്രവർത്തകരുടെ ഇടപെടലുകളെ കലാഭവൻ മണിയുടേയും പ്രസീതയുടെയുമൊക്കെ ഇടപെടലുകളുമായി ഇടക്ക് താരതമ്യം ചെയ്തു കാണാറുണ്ട്. അത് ശരിയല്ല എന്നാണ് പറയാനുള്ളത്. കലാഭവൻ മണിയും പ്രസീതയുമൊക്കെ തങ്ങളുടെ സവിശേഷമായ സാംസ്കാരികമൂലധനത്തെ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് ജനങ്ങളുമായി കമ്യൂണിക്കേറ്റ് ചെയ്യുന്നത്? കറുത്ത നായികയെ നോക്കി ഈ രൂപം കണ്ടിട്ട് പേടിയാവുന്നു എന്നു പറഞ്ഞ് കറുത്തവർ എന്തോ വികൃതജീവികളാണ് എന്ന ധാരണ പങ്കുവെക്കുന്നവരുമായി അവരെ കമ്പയർ ചെയ്യരുതെന്നാണ് പറയാനുള്ളത്.

അവസാനമായി പറയട്ടെ, കാമ്പയിൻ ഉദ്ദേശിക്കുന്നത് സിനിമ റ്റി വി പ്രോഗ്രാമുകളിലെ വംശീയ ആക്ഷേപങ്ങളെ എതിർക്കുക എന്നതാണ്. ഈ ഇടങ്ങളിൽ ഇത്തരം ആക്ഷേപങ്ങൾ ഉണ്ട് എന്നത് മാത്രം പിൻ ബലമായി മതി ഇതിനെ എതിർക്കാൻ. ദലിതർ മറ്റ് ഇടപെടലുകൾ നടത്തുന്നുണ്ട്, ഇതിലെ കലാകാരന്മാർ പലരീതിയിൽ ഇടപെടുന്നുണ്ട് എന്നതൊന്നും കാമ്പയിനിലൂടെ ആളുകൾ ഇടപെടുന്നതിനെ ചോദ്യം ചെയ്യാൻ പര്യാപ്തമായ കാരണങ്ങളുമല്ല.


കാമ്പയിൻ ആരംഭിച്ചത് ദലിത് ആദിവാസി ആധിക്ഷേപങ്ങളിൽ ഊന്നിയായിരുന്നെങ്കിലും പിന്നീട് അതിന്റെ ലക്ഷ്യം ഭിന്നലിംഗ, സ്ത്രീ, മുസ്ളീം തുടങ്ങിയവരോടുള്ള അധിക്ഷേപങ്ങളും പരിഗണിച്ചാവണം എന്നായിരുന്നു തീരുമാനം. അതിന്റെ ഭാഗമായി കാമ്പയിനിൽ എഴുതാൻ ഫോൺ വഴിയും ഫേസ്ബുക്ക് വഴിയും ഭിന്നലിംഗ, സ്ത്രീ, മുസ്ളീം വിഭാഗത്തിലുള്ളവരോട് ആവശ്യപ്പെടുകയുണ്ടായി. ചിലർ എഴുതുകയും ചെയ്തു. എന്നാൽ മേല്പറഞ്ഞവരോടുള്ള ആക്ഷേപങ്ങളെ സമഗ്രമായി കൈകാര്യം ചെയ്യാൻ കാമ്പയിനു കഴിഞ്ഞില്ല. കാമ്പയിനിന്റെ ഒരു പോരായ്മയായി ഞങ്ങൾ അതിനെ വിലയിരുത്തുന്നു. മെറ്റീരിയൽസിന്റെ അഭാവം മറ്റും മൂലം കാമ്പയിൻ മാസങ്ങളോളം നിർജീവ അവസ്ഥയിൽ തന്നെയായിരുന്നു. മെറ്റീരിയൽസ് ലഭിക്കുന്ന മുറക്ക് പോസ്റ്ററുകൾ തുടർന്നും ചെയ്യാൻ തന്നെയാണ് കാമ്പയിന്റെ തീരുമാനം. കാമ്പയിൻ മാധ്യമ മേഖലയിലെ പല വിവേചനങ്ങളെയും അഡ്രസ്സ് ചെയ്യുന്നില്ല എന്ന വാദം ഉന്നയിക്കുന്നവർ ഉണ്ട്. കാമ്പയിൻ ഏതെങ്കിലും ഭാഗം അഡ്രസ്സ് ചെയ്യുന്നില്ല എന്നു തോന്നുന്നവർക്ക് നേരിട്ട് തന്നെ പേജിൽ എഴുതാവുന്നതാണ്. അല്ലെങ്കിൽ മെറ്റീരിയൽസ് ഇൻബോക്സ് ചെയ്യാം. ഇതു രണ്ടും ചെയ്യാതെ വെറുതേ വിമർശിക്കുന്നത് ശരിയല്ല എന്നാണ് പറയാനുള്ളത്.

Loading Conversation