Stay Unfair...Stay Beautiful !!
പണ്ട് പണ്ട്.... അങ്ങിനെ ഒരുപാട് പണ്ട് അല്ല, വളരെ കുറച്ചു പണ്ട്... അവിടെ ഒരു ഒരു ലോവർ പ്രൈമറി സ്കൂൾ ഉണ്ടായിരുന്നു. ഒരുപാട് കുഞ്ഞുകുട്ടികൾ, പൂമ്പാറ്റകളെ പോലെ പാറി പറന്നു നടക്കുന്ന കുട്ടികൾ, അതിൽ കുറച്ചു പേർ കറുത്ത നിറമുള്ളവർ ആയിരുന്നു. വ്യാവസായിക വിപ്ലവ കാലത്ത് വെളുത്ത പൂമ്പാറ്റകളെ എളുപ്പം തിരിച്ചറിയപെട്ടത് പോലെ, ഈ കറുത്ത കുഞ്ഞുങ്ങൾ ക്ലാസ്സ് മുറികളിലെ ഏതു കൂട്ടങ്ങളിൽ നിന്നും എളുപ്പത്തിൽ തിരിച്ചറിയപെട്ടിരുന്നു. തിളങ്ങുന്ന കണ്ണുകളും, ഓമനത്വമുള്ള മുഖങ്ങളും ഉണ്ടായിരുന്നെങ്കിലും, ഫ്രില്ലുള്ള പാവടക്കുട്ടികൾ ആയിരുന്നെങ്കിലും, മറ്റു കുട്ടികളെ പോലെ ഉള്ള ഒരു സന്തോഷം അവർക്ക് കിട്ടിയിരുന്നില്ല. കാരണം അവരുടെ കറുപ്പ് നിറം, അതിന്റെ പേരിൽ കേൾകേണ്ടിവരുന്ന ക്രൂരമായ തമാശകളും വിവേചനവും തന്നെ. ആകെയുള്ള ഒരു ആശ്വാസം എല്ലാരേയും പോലെ അവരെയും സ്നേഹിച്ചിരുന്ന അധ്യാപകർ മാത്രം ആയിരുന്നു
നമ്മുടെ കഥാനായിക, ഈ കറുത്ത നിറമുള്ള കുട്ടികളിൽ ഒരാൾ ആയിരുന്നു
ആ കുഞ്ഞിന്റെ തലമുടി കെട്ടുന്ന രീതി മൂലം മാമാട്ടികുട്ടിയമ്മ എന്നും, മായാവി കഥകളിലെ രാധ എന്നുമൊക്കെ വിളിപ്പേർ ഉണ്ടായിരുന്നു. തന്റെ ഈ കറുത്ത നിറം മാറ്റി, തന്നെ ഒരു നല്ല വെളുത്ത കുട്ടിയാക്കി മാറ്റി തരാൻ ആ കുഞ്ഞു,എല്ലാ ദിവസവും ദൈവത്തോട് പ്രാർഥിക്കുമായിരുന്നു ഒരു ദിവസം കുട്ടി ഒരു സ്വപ്നം കണ്ടു.. ദൈവം തനിക്കു ഒരു മാന്ത്രിക റബ്ബർ വരമായി തന്നിരിക്കുന്നു. അത് വെച്ച് തന്റെ ശരീരത്തിലെ എല്ലാ കറുത്തപാടുകളും മായ്ച്ചു കളഞ്ഞു താൻ ഒരു വെളുത്ത കുട്ടിയായി മാറിയിരിക്കുന്നു. എന്തൊരു മാജിക് !! ഒരു വെളുത്ത ആൺകുട്ടിയുടെ കൂടെ സ്റെജിൽ ഡാൻസ് കളിക്കുന്നു, മറ്റു കുട്ടികളുടെ അച്ഛനമ്മമാർ തന്നെ താലോലിക്കുന്നു. പക്ഷെ ആ നേരം ഉറക്കത്തിൽ നിന്നും എണീറ്റപ്പോൾ അത് വെറും സ്വപ്നമായിരുന്നു എന്ന് തിരിച്ചറിഞ്ഞു വളരെ വേദനയോടെ, നിരാശയോടെ പൊട്ടികരഞ്ഞു പോയി ആ കുട്ടി, ...
കറുത്ത നിറത്തിന്റെ അപകര്ഷതാബോധത്തിൽ നിന്നും ഞാൻ എന്നേ പുറത്തു കടന്നു കഴിഞ്ഞു, പക്ഷെ എന്നിൽ ആ ബോധം കുത്തിചെലുത്തിയ സമൂഹം ഇന്നും അവിടെ തന്നെ നിൽകുന്നു. അത് കൂടുതൽ അപകടകരമായികൊണ്ടിരിക്കുന്നു. ബാംഗ്ലൂർ പോലെ ഒരു ആധുനിക - അതിവേഗ നഗരത്തിൽ പോലും കറുത്ത നിറമുള്ളവൾ ആയതു കൊണ്ട് മാത്രം ആൾക്കൂട്ടം നന്ഗ്നയാക്കിയവൾ, അവൾ വിളിച്ചു പറയുന്നത്, ഇന്ത്യൻ സമൂഹം എന്ത് മാത്രം പൈശാചികം ആണെന്നുള്ളതാണ്. ഇന്ത്യ കരുതുന്നത് കറുപ്പ് അഴുക്കാണു , കറുപ്പ് വിഷം ആണ്, കറുപ്പ് അറപ്പാണ് എന്നൊക്കെയാണ് ...
അത് കൊണ്ട്, ഞാൻ പറയുന്നു..
- ഈ ഫെയർ ആൻഡ് ലവിലി കാലത്ത്, ഈ നിശബ്ദ വിവേചനത്തിന്റെ ലോകത്ത്, ഈ മുൻവിധികളുടെ, വംശീയവെറികളുടെ നേരത്ത് .... നിങ്ങൾ UNFAIR ആയി തന്നെ തുടരുക... നിങ്ങളുടെ ജീൻ തന്ന നിറമേന്തായാലും നിങ്ങൾ സൌന്ദര്യമുള്ളവർ തന്നെയാണ്. നിറമോ, ജാതിയോ, പദവിയോ അല്ല ഒരാളുടെ സ്വഭാവം മാത്രമാണ് ആ വ്യക്തിയോട് ഇടപെടുന്നതിന്റെ അളവുകോൽ !!
(Note: This is a free/libre translation to the original post, please read it here >> )