#

സ്റ്റാന്‍ലി.ജി.എസ്
കൊത്തുനേരം : Jan 29, 2016

പങ്കു വെയ്ക്കൂ !

വടക്ക് പടിഞ്ഞാറന്‍ തിരുവിതാംകൂറിലെ ഗ്രാമീണ കാര്‍ഷിക വ്യവസ്ഥയും ജാതിയും വീട്ടുപേരിലൂടെ - ഇടവയിലെ ചിന്നാംകുളം വയല്‍ ഒരു പഠനം


കഴിഞ്ഞ കാലത്തെക്കുറിച്ചുളള ശാസ്ത്രീയമായ പഠനമാണ് ചരിത്രം. സ്ഥലകാല ബന്ധം ചരിത്രമെഴുത്തിന്റെ അടിസ്ഥാനമാത്രെ. സ്ഥലകാലബോധമില്ലാത്ത ചരിത്രപഠനം വെറും വിഡ്ഢിത്ത വിശേഷണങ്ങളുടെ കൂമ്പാരം മാത്രമായിരിക്കും. കേരളത്തിന്റെ ചരിത്രമെഴുതാന്‍ ശ്രമിച്ചവരെല്ലാം നേരിട്ട പ്രധാന പ്രശ്‌നം ചരിത്രനിര്‍മ്മാണത്തിനാവശ്യമായ സ്ഥലകാലബന്ധിതമായ രേഖകളുടെ ദൗര്‍ലഭ്യമായിരുന്നു. എഴുതപ്പെട്ട രേഖകള്‍, ശാസനങ്ങള്‍ തുടങ്ങിയവയും കണ്ടുകിട്ടുന്ന പുരാവസ്തുക്കളുടെ വിജ്ഞാനവും പരസ്പരം ശരിവെയ്ക്കുന്നിടത്ത് മാത്രമാണ് പൗരാണിക ചരിത്രത്തിന്റെ നിലനില്‍പ്പെന്ന ഡി.ഡി.കൊസാംബിയുടെ വാക്കുകള്‍ (1) പരിഗണിക്കുമ്പോള്‍ കേരള ചരിത്രമെഴുതാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ കൂടുതല്‍ പരുങ്ങലിലാകുന്നു. കാരണം, പുരാതനമായ എഴുതപ്പെട്ട രേഖകളും ശാസനങ്ങളും മാത്രമല്ല കണ്ടു കിട്ടുന്ന പുരാവസ്തുക്കളും കേരളത്തെ സംബന്ധിച്ച് തീരെ വിരളമെന്നതാണ് വസ്തുത. ഇത്തരമൊരു സാഹചര്യത്തിലാണ് ഭാഷാപരമായ സാമഗ്രികളിലൂടെയുളള ചരിത്രപഠനത്തിന് പ്രസക്തിയേറുന്നത്. ഭാഷാപരമായ സമാഗ്രികള്‍ ഭൗതിക വസ്തുക്കളെക്കാള്‍ കാലാതിവര്‍ത്തികളാണെന്നതാണ് ഇതിന് കാരണം. ചിലപ്പോള്‍ പൂര്‍ണ്ണമായും ഇല്ലാതാകുകയും തേഞ്ഞു പോകുകയും അര്‍ത്ഥമാറ്റം വരികയുമൊക്കെ ചെയ്തുപോകുന്നുവെങ്കിലും മനസുകളിലൂടെ സഞ്ചരിക്കുന്നവയായതിനാല്‍ അവ തലമുറകളിലൂടെ കാലാതിവര്‍ത്തികളായി തുടരുന്നതായി കാണാം. ഭാഷാപരമായ ചരിത്രസാമഗ്രികള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ടു ചിന്നഭിന്നയോ തേയ്മാനം സംഭവിച്ചോ ആഴങ്ങളിലേയ്ക്ക് താണുപോയോ പ്രചാരലുപ്തം വന്ന്, ആധുനീകരെ സംബന്ധിച്ചിടത്തോളം ദുര്‍ഗ്രഹ നിരര്‍ത്ഥങ്ങളായി തീര്‍ന്നു പോകാറുണ്ടെങ്കിലും അനുബന്ധമായി കിട്ടുന്ന പുരാവസ്തുക്കളുടെ താരതമ്യത്തിലൂടെ അവയുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിയുമെന്നത് നിസ്തര്‍ക്കമാണ്.

പുരാവസ്തു തെളിവുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെടാവുന്ന പരിധി വരെ മാത്രമെ ഭാഷാപരമായ ഈ സാമഗ്രികള്‍ക്ക് ചരിത്രപരമായ തെളിവുകള്‍ എന്ന പദവി ലഭിക്കുന്നത് (2) എന്ന വാദം പ്രസക്തമാകുന്നിടത്ത് വീണ്ടും ചരിത്രമെഴുത്ത് വഴിമുട്ടി നില്‍ക്കുന്നു. എന്നാല്‍ ചരിത്ര രചനയില്‍ അതിനാവശ്യമായ സമാഗ്രികള്‍ അനസ്യൂതം കിട്ടിക്കൊളളണമെന്നില്ല. എന്നുമാത്രമല്ല, കിട്ടുന്നവയ്‌ക്കൊക്കെ മേല്‍പറഞ്ഞപോലെ പുരാവസ്തു തെളിവുകള്‍ പൂരകമായി ലഭിച്ചുകൊളളണമെന്നുമില്ല. ഇങ്ങനെ ചരിത്ര രചന സ്തംഭിക്കുന്ന വേളയില്‍, പേന അടച്ചുവെച്ച് കടലാസു താളുകള്‍ മടക്കി നിശബ്ദനായിയിരിക്കുകയാണോ ചരിത്രകാരന്‍ ചെയ്യേണ്ടത്. അല്ല. അതിനുളള ഉത്തരം ഡോ.ബി.ആര്‍.അംബേദ്കര്‍ നല്‍കുന്നുണ്ട്. ചരിത്ര രചനയില്‍ ഒരു കണ്ണി നഷ്ടപ്പെട്ടിരിക്കുന്നതായി കാണുമ്പോള്‍, പ്രധാന സംഭവങ്ങള്‍ തമ്മിലുളള ബന്ധങ്ങളെ കോര്‍ത്തിണക്കുന്ന പ്രത്യക്ഷ സാക്ഷ്യം ലഭ്യമല്ലാതാകുമ്പോള്‍ ചരിത്രകാരന്‍ വസ്തുതകളുടെ ചങ്ങലയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത കണ്ണികള്‍ വരുത്തിയ വിടവുകള്‍ നികത്താന്‍ സ്വന്തം ഭാവനയും സഹജാവ ബോധവും ഉപയോഗിക്കുന്നതും അറിയപ്പെടുന്ന വസ്തുതകള്‍ കൊണ്ട് ബന്ധിപ്പിക്കാന്‍ കഴിയാത്ത വസ്തുതകള്‍ എങ്ങനെയായിരിക്കും പരസ്പര ബന്ധിതങ്ങളായിരുന്നതെന്ന് സൂചിപ്പിക്കുന്ന ഒരു പ്രവര്‍ത്തന സിദ്ധാന്തം അവതരിപ്പിക്കുന്നതും അനുവദനീയമാണെന്ന് അദ്ദേഹം കരുതുന്നു (3) . ഒന്നിലധികം കണ്ണികള്‍ കൊണ്ടു ബന്ധിപ്പിച്ച് സിദ്ധാന്തത്തിന്റെ ബലം കൂട്ടുകയുമാകാം. ഒരു കണ്ണി പൊട്ടിപ്പോയാലും സംഭവ്യതയുടെ മറ്റൊരു കണ്ണി സിദ്ധാന്തത്തെ താങ്ങി നിര്‍ത്തുന്നു. ഇത് തുടര്‍ന്ന് വരുന്ന ചരിത്രകാര•ാര്‍ക്ക് കൂടുതല്‍ തെളിച്ചമുളള പാതതുറന്ന് കൊടുക്കും. അനന്തമായ അന്ധകാരത്തില്‍ നോക്കി അന്തംവിട്ടിരിക്കുന്നതിനേക്കാള്‍ നല്ലതാണിതെന്ന് കാണാം.


ഒരു വലിയ ഭൂഭാഗത്തിന്റെ ചരിത്രമെഴുതുമ്പോള്‍ അതിനെ സഹായിക്കുന്നത് ഇത്തരം ചെറുകണ്ണികളായിരിക്കും. പ്രാദേശിക ചരിത്ര രചന എന്നാണത് അറിയപ്പെടുന്നത്. പ്രാദേശിക ചരിത്ര രചനയില്‍ ഏറെ സഹായിക്കുന്ന ഒന്നാണ് സ്ഥലനാമ പഠനം. ഓരോ സ്ഥലത്തിന്റെയും പേരിന് പിന്നില്‍ ഒരു ചരിത്രം ഒളിഞ്ഞിരിക്കുന്നുവെന്നതാണിതിന്റെ അടിസ്ഥാന തത്വം. മറിച്ച് പറയുകയാണെങ്കില്‍ സ്ഥലനാമ പഠനം ഒരു സ്ഥലത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്നു. ആഴത്തില്‍ പരിശോധിക്കുമ്പോള്‍, സ്ഥലനാമം എന്നത് രാജ്യങ്ങളോ അതിനേക്കാള്‍ വിശാലമായതോ ആയ സ്ഥലതലങ്ങളില്‍ തുടങ്ങി ജനപദങ്ങളും പ്രവിശ്യകളും ജില്ലകളും താലൂക്കുകളും ഗ്രാമങ്ങളുമൊക്കെ കടന്ന് മുക്കിലേയ്ക്കും ഇടുക്കിലേയ്ക്കും മൂലയിലേയ്ക്കും വരെ ചുരുങ്ങി വന്ന് സൂക്ഷ്മമായ ചരിത്ര വസ്തുതകള്‍ പ്രദാനം ചെയ്യാന്‍ ശേഷിയുളള ചരിത്രസാമഗ്രിയാണെന്ന് കാണാം. വീണ്ടും സൂക്ഷ്മ തലത്തിലേയ്ക്ക് ചുരുക്കുമ്പോള്‍ കുടുംബം എന്ന സാമൂഹിക അടിസ്ഥാന ഘടകത്തിന്റെ സ്ഥലീയ രൂപമായ കുടിപ്പാര്‍പ്പുകളിലേയ്ക്ക് അത് എത്തിച്ചേരുന്നു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ചരിത്രകാര•ാരുടെ ശ്രദ്ധ ഈ വിഷയത്തിലേയ്ക്ക് വേണ്ടത്ര പതിഞ്ഞിട്ടുളളതായി തോന്നുന്നില്ല.


കായ്കനികള്‍ പെറുക്കിത്തിന്നും മീന്‍പിടിച്ചും വേട്ടയാടിയും ജീവിച്ച പ്രാകൃത മനുഷ്യന്റെ ജീവിത പന്ഥാവിലെ ഏറ്റവും വലിയ മാറ്റമായിരുന്നു കൃഷിയുടെ കണ്ടെത്തല്‍. കൃഷി ആരംഭിച്ചതോടെ മനുഷ്യന്‍ ഒരിടത്ത് സ്ഥിരമായി താമസിക്കാന്‍ തുടങ്ങി. അതിന് മുമ്പേ തന്നെ മനുഷ്യന്‍ കന്നുകാലികളെ ആഹാരത്തിനായി ഇണക്കി വളര്‍ത്തിയിരുന്നു. അവയായിരുന്നു ആദ്യത്തെ സമ്പത്ത്. എന്നാല്‍ കന്നുകാലികളെന്ന ഈ സമ്പത്ത് പുല്ലിന്റെയും ജലത്തിന്റെയും ലഭ്യതയെ ആശ്രയിക്കുന്ന ഒന്നായിരുന്നു. കാലികള്‍ പുല്‍മേടുകള്‍ തോറും തീറ്റ തേടി അലഞ്ഞപ്പോള്‍ ആ സമ്പത്തിനൊപ്പം മനുഷ്യനും കാടും മേടും തോറും അലഞ്ഞ് തിരിഞ്ഞ് നടന്നു. സമ്പത്തിന്റെ ചലനാത്മകത മനുഷ്യനിലേയ്ക്കും പടര്‍ന്ന് പിടിക്കുകയായിരുന്നു. കൃഷി അതില്‍ നിന്നും വ്യത്യസ്തമായിരുന്നു. കാര്‍ഷിക വിഭവങ്ങള്‍ നട്ടു കഴിഞ്ഞാല്‍ വിളവെടുപ്പു വരെ
അവിടെ തങ്ങേണ്ടതുണ്ടായിരുന്നു. അങ്ങനെ കൃഷി ചെയ്യാന്‍ തുടങ്ങിയ ആദിമ മനുഷ്യന്‍ കൃഷിയിടത്തിനരികില്‍ സ്ഥിര താമസമുറപ്പിച്ചു. കുടിപ്പാര്‍പ്പുകള്‍ കൂടിക്കൂടി വന്ന് ഗ്രാമങ്ങളായും നഗരങ്ങളായും മനുഷ്യ ജീവിതം വികസിക്കുന്നതാണ് പിന്നീട് നാം കാണുന്നത്.
കേരളത്തിലെ സാഹചര്യവും ഏതാണ്ടിപ്രകാരം തന്നെയാണുണ്ടായിട്ടുളളത്. വന്‍ നദികള്‍ക്ക് പകരം കേരളത്തില്‍ നനവുളള ചതുപ്പുകളും നിലങ്ങളും അധികമുണ്ടായിരുന്നത് കൃഷിയോജ്യമായിരുന്നെങ്കിലും എല്ലാ വിളകളും കൃഷി ചെയ്യുന്നതിന് ഗുണകരമല്ലായിരുന്നു. ആദ്യകാലത്ത് കേരളത്തില്‍ ഇന്നു കാണുന്ന പോലെ തെങ്ങോ നെല്ലോ റബ്ബറോ ഒന്നുമില്ലായിരുന്നു. പകരം ഈര്‍പ്പമുളള മണ്ണില്‍ വളരാന്‍ കഴിവുണ്ടായിരുന്ന കാച്ചിലും ചേമ്പും മറ്റ് കിഴങ്ങ് വിളകളും മുതിര പോലുളള പയറു വര്‍ഗ്ഗവിളകളുമാണ് കൃഷി ചെയ്തിരുന്നത്. നെല്‍കൃഷിയാരംഭിക്കുന്നത് ഏറെത്താമസിച്ചായിരുന്നു. എന്നാല്‍ തമിഴ് സ്വാധീന മേഖലകളില്‍ നെല്ല് മുമ്പേ തന്നെ കൃഷി ചെയ്തിരുന്നുവെന്ന് സംഘകാല കൃതികളിലെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.


കേരളത്തിലെ ഭൂപ്രകൃതി കുന്നും കുഴിയും നിറഞ്ഞതാണെന്ന് കാണാം. അത് അന്നും ഇന്നും ഏതാണ്ടങ്ങനെ തന്നെയായിരുന്നു. പ്രാചീന തമിഴകത്തെ പോലെ വിശാലമായ കുന്നിന്‍ പ്രദേശങ്ങളായ കുറിഞ്ചി നിലങ്ങളോ വന്‍പുല്‍ത്തകിടികളായ മുല്ലൈ നിലങ്ങളോ അതിബൃഹത്തായ വയലേലകളായ മരുതം നിലങ്ങളോ കേരളത്തിലില്ല തന്നെ, പ്രത്യേകിച്ചും തെക്ക് പടിഞ്ഞാറന്‍ കേരളത്തില്‍. പടിഞ്ഞാറന്‍ കേരളത്തില്‍ വയലുകള്‍ കണ്ടങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. കണ്ടങ്ങള്‍ എന്നാല്‍ കഷ്ണങ്ങള്‍ എന്നാണ് അര്‍ത്ഥം. അതായത്, പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഈ മേഖലയിലെ വയലുകള്‍ ഇടയ്ക്കിടയ്ക്കുളള ചെറുകുന്നുകളാലും തോടുകളാലും നീരൊഴുക്കുകളാലും കഷ്ണങ്ങളാക്കപ്പെട്ടിരിക്കുന്നു.ഇത്തരം കണ്ടങ്ങള്‍ക്കു ചുറ്റുമാണ് കേരളത്തിലെ ആദ്യകാല ഗ്രാമങ്ങള്‍ രൂപപ്പെട്ടത്.


വിശാലമായ നെല്‍പ്പാടങ്ങള്‍ രൂപപ്പെടുന്നതിന് അത്യാന്തേപേക്ഷികമായ ഒരു ഘടകം ജലത്തിന്റെ ലഭ്യതയാണ്. മധ്യ കേരളത്തിലെ വിശാലവും നിരപ്പാര്‍ന്നതുമായ നിലങ്ങള്‍ക്ക് സമീപം ആവശ്യത്തിലധികം ജലം നല്‍കാന്‍ ശേഷിയുളള ഭാരതപ്പുഴയും പെരിയാറും ഉണ്ടായിരുന്നുവെന്നതാണ് അവിടെ വിശാലമായ വയലേലകള്‍ രൂപം കൊളളാന്‍ കാരണമായത്. എന്നാല്‍ തെക്കന്‍ കേരളത്തിലെ സ്ഥിതി അത്ര കണ്ട് മെച്ചമല്ലായിരുന്നു. തെക്കന്‍ കേരളത്തില്‍ ഇടനാട്ടിലും തീരപ്രദേശത്തും നദികളെക്കാളേറെ സഹായകമായിരുന്നത് കുളങ്ങളായിരുന്നു. ചുറ്റുമുളള പ്രദേശങ്ങളെ അപേക്ഷിച്ച് താഴ്ന്നതും ഈര്‍പ്പം നിലനിര്‍ത്തിക്കൊണ്ട് വെള്ളം ഒഴുകിപ്പോകുവാന്‍ തക്കവിധം അല്‍പ്പം ചരിഞ്ഞതുമായ പ്രദേശങ്ങളാണ് തെക്ക് പടിഞ്ഞാറന്‍ കേരളത്തില്‍ വയലുകളായി രൂപപ്പെട്ടിട്ടുളളത്. ഇത്തരം താഴന്ന നിലങ്ങളില്‍ കൂടുതല്‍ ആഴമുളള പ്രദേശം മിക്കവാറും പ്രകൃത്യായുളള കുളമായി രൂപപ്പെടുന്നു. ഈ കുളങ്ങള്‍ മഴ കുറവുളള സമയങ്ങളില്‍ ജലസേചനത്തിന് സഹായകമാകുന്നു. ഇത്തരം കണ്ടങ്ങള്‍ക്ക് ചുറ്റിലുമായാണ് ഗ്രാമകുടികള്‍ അധിവാസമുറപ്പിച്ചത്. തെക്കു പടിഞ്ഞാറന്‍ കേരളത്തിലെ കാര്‍ഷിക ഗ്രാമങ്ങളുടെ രൂപഘടന ഇത്തരത്തിലായിരുന്നു. അതിനെ സാധൂകരിക്കുന്നതാണ്, നമ്മുടെ പഠനത്തില്‍ നിന്നും വ്യക്തമാകുന്ന വിവരങ്ങള്‍.


തെക്കു പടിഞ്ഞാറന്‍ കേരളത്തിലെ വയലുകള്‍ മിക്കവയും മേല്‍പറഞ്ഞ കാരണത്താല്‍ തന്നെ അവിടങ്ങളിലെ കുളങ്ങളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ചിന്നാംകുളം, മേക്കുളം, കാക്കുളം, പുന്നകുളം, മേനാംകുളം, പൊട്ടക്കുളം, അട്ടക്കുളം, ഇടവാക്കുളം, വിളൈക്കുളം, വെണ്‍കുളം എന്നിങ്ങനെ നീണ്ടു പോകുന്നതാണ് ഈ മേഖലയിലെ വയലുകളുടെ പേരുകള്‍. ഇവയെല്ലാം മിക്കവാറും കണ്ടങ്ങള്‍ തന്നെയാണെന്ന് കാണാവുന്നതാണ്.
തെക്കു പടിഞ്ഞാറന്‍ കേരളത്തിലെ കണ്ടങ്ങള്‍ക്ക് ചുറ്റും ഉടലെടുത്ത കുടിപ്പാര്‍പ്പുകളെ കുറിച്ച് പഠിക്കാനായി ഈ പഠനത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഇടവ എന്ന ഗ്രാമത്തെയും അവിടത്തെ പ്രധാപ്പെട്ട കണ്ടങ്ങളിലൊന്നായ ചിന്നാം കുളത്തെയുമാണ്.
ആധുനിക കേരളത്തിലെ തിരുവനന്തപുരം ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിര്‍ത്തിയില്‍ തലസ്ഥാന നഗരിയില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായി പഴയ ചിറയിന്‍കീഴ് താലൂക്കില്‍ പുതിയ വര്‍ക്കല താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ഇടവ. 'കന്യാകുമാരി മുതലിന്നിടവാ വരയ്ക്കും ധന്യാഗ്രമെന്ന് പുകള്‍ പൊങ്ങിന നാട്ടിലെങ്ങും' എന്ന് ഉളളൂര്‍. എസ്. പരമേശ്വരയ്യര്‍ പഴയ വേണാട് രാജ്യത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നിടത്ത് ഉമാകേരളത്തില്‍ പരാമര്‍ശിക്കുന്നത് ഇതേ ഇടവയെ തന്നെയാണ്. ദേശിംഗനാടിന്റെയും (കൊല്ലം) വേണാടിന്റെയും (തിരുവിതാംകൂര്‍) ഇടയിലുളള പ്രദേശം എന്ന അര്‍ത്ഥത്തിലാണ് ഇടവ എന്ന പേര് നിലവില്‍ വന്നതെന്നാണ് ചിരലുടെ അഭിപ്രായം.


അനേകം ചെറു കണ്ടങ്ങള്‍ ഉളള പ്രദേശമാണ് ഇടവ. ഇടവാക്കുളം എന്ന പേരില്‍ തന്നെ ഒരു കണ്ടം ഇവിടെയുണ്ട്. അതില്‍ നിന്നാണോ ഈ പ്രദേശത്തിന് ഇടവയെന്ന പേര് വന്നതെന്ന കാര്യം പഠനാര്‍ഹമാണ്. പഠനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ചിന്നാംകുളം വയല്‍ തെക്ക് വശത്ത് കൂടി കടന്നു പോകുന്ന ഇടവ - കാപ്പില്‍ റോഡിനും വടക്കു വശത്തുകൂടി കടന്നു പോകുന്ന മദ്രസ്സമുക്ക് - പെത്തിരി റോഡിനും പടിഞ്ഞാറ് വശത്തുകൂടി കടന്നു പോകുന്ന തുണ്ടില്‍ - വൈദ്യന്റെമുക്ക് റോഡിനും കിഴക്കു വശത്തുകൂടി കടന്നു പോകുന്ന തെരുവ്മുക്ക് - തുഷാരമുക്ക് റോഡിനും ഇടയ്ക്കായാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ അവസാനത്തെ റോഡ് ഒഴികെ ബാക്കിയുളളവ വയലുമായി നേരിട്ട് അതിര്‍ത്തി പങ്കിടുന്നില്ല.


വയലിന് ചുറ്റും അതുമായി നേരിട്ട് അതിര്‍ത്തി പങ്കിടുന്ന താമസസ്ഥലങ്ങളുടെ പേരും അതിന്റെ വ്യുല്‍പ്പത്തിയും ആദ്യം പരിഗണിക്കാം. വയലിന്റെ കിഴക്ക് നിന്ന് തുടങ്ങി തെക്കോട്ട് തിരിഞ്ഞ് പടിഞ്ഞാറ് വഴി വടക്ക് എത്തി കിഴക്കില്‍ തുടങ്ങിയയിടത്ത് തന്നെ അവസാനിക്കുന്ന തരത്തില്‍ പ്രതിഘടികാര ദിശയില്‍ വയലുമായി നേരിട്ട് അതിര്‍ത്തി പങ്കിടുന്ന പുരയിടങ്ങളുടെ അല്ലെങ്കില്‍ കുടിപ്പാര്‍പ്പുകളുടെ പേരുകള്‍ പരിഗണിച്ചാല്‍ പേരുകളുടെ വിന്യാസക്രമം കൂടി മനസ്സിലാക്കാം എന്നതിനാല്‍ അത്തരം ഒരു ക്രമമാണ് പഠനത്തിന് പരിഗണിച്ചിരിക്കുന്നത്. ആ ക്രമം പ്രകാരം കുടിപ്പാര്‍പ്പുകളുടെ പേര് ഇങ്ങനെയാണ് - കുന്നും പുറം, ചരുവില്‍, ചരുവില്‍ കുന്നുവിള, തണ്ടാക്കുടി, നങ്ങമ്മയിന്നഴികം, കുഴി, ഓടേറ്റിക്കഴികം, മണിവിളാകം, ആതനഴികം, തോട്ടിനക്കരെ, കുഞ്ചന്‍ വിളാകം, മണ്ണാത്തൊടി, തച്ചര് വിളാകം, വടക്കേഭാഗം, കുന്നം. ഇവ കൂടാതെ അതിര്‍ത്തി പങ്കിടാത്തതും എന്നാല്‍ സമീപസ്ഥവും പ്രസക്തവുമായ കുടിപ്പാര്‍പ്പുകളുടെ പേരുകള്‍ കൂടി ചര്‍ച്ച ചെയ്യാവുന്നതാണ്. അത്തരം പേരുകകളാണ് - ആയവിളാകം, കല്ലായി, കുളങ്ങര, നെല്ലുപാറ, പ്ലാവിള, പുന്നവിളാകം, പാറയില്‍, പളളിവിളാകം, കരകുളം, ചാരക്ലാകം, ആലപ്പുറം, കറുത്തേച്ചിവിളാകം, വേലിക്കകം, കുമ്പിയം, കുമ്പിയത്തമ്പട്ടകുഴി, കുന്നുവിള, ചെക്കാല വിളാകം മുതലായവ.


ചരുവില്‍, ചരുവില്‍ കുന്നുവിള, കുന്നുംപുറം, കുന്നം, കുന്നുവിള, കുഴി, കുളങ്ങര, കരകുളം, തോട്ടിനക്കര, പാറയില്‍, പാറപ്പുറം എന്നീ പ്രദേശങ്ങള്‍ എല്ലാം പേരു സൂചിപ്പിക്കുന്നതുപോലെ ഭൂമിശാസ്ത്രപരമായി ചരുവുകളോ, കുന്നിന്‍ ചരുവുകളോ, കുന്നിന്‍ പുറങ്ങളോ, താഴന്ന പ്രദേശമോ, പാറ നിറഞ്ഞ പ്രദേശങ്ങളോ തോട്, കുളം എന്നീ പ്രദേശങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളോ ആണ്. തണ്ടാക്കുടി, നങ്ങമ്മന്നഴികം, തച്ചര് വിളാകം, കുമ്പിയത്തമ്പട്ടക്കുഴി, ആലപ്പുറം, ചെക്കാല വിളാകം, കല്ലായി, ആയവിളാകം, ചാരക്ലാകം, ഓടേറ്റിക്കഴികം, ആതനഴികം, മണ്ണാത്തൊടി, ഉപ്പുവീട്, കല്ലക്കുടി, തട്ടാന്‍ വിളാകം, വൈദ്യന്റെ വീട് എന്നീ കുടിപ്പാര്‍പ്പുകള്‍ ജാതിപ്പേരുമായി ബന്ധപ്പെട്ടവയാണ്. ചുളളി വിളാകം, പ്ലാവിള, തിനവിള, പുന്നവിളാകം, പയറന്‍വിളാകം, പുളിമൂട് എന്നിവ വൃക്ഷങ്ങളുമായോ ചെടികളുമായോ ബന്ധപ്പെട്ടവയാണ്. കുഞ്ചന്‍ വിളാകം, മാതേവീട്, മണിവിളാകം, കറുത്തേച്ചിവിളാകം എന്നിവ ഏതെങ്കിലും വ്യക്തികളുടെ സംജ്ഞാ നാമവുമായി ബന്ധപ്പെട്ടതാണ്. മറ്റുളളവ പ്രത്യേകം ഗണത്തില്‍പെടുത്താന്‍ കഴിയാത്തവയാണ്. മരടി എന്നാല്‍ പ്രസവിക്കാന്‍ കഴിവില്ലാത്ത സ്ത്രീ എന്നാണര്‍ത്ഥം. ചുണ്ടി എന്നാല്‍ സാധാരണ സംസാര ഭാഷയില്‍ ഉച്ചത്തില്‍ സംസാരിക്കുന്ന വഴക്കാളിയായ സ്ത്രീ എന്നര്‍ത്ഥം. രണ്ടും സ്ത്രീകളെ സാധാരണയായി അപഹസിച്ചു പറയുന്ന വിശേഷണങ്ങളാണ്. ഈ പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന സ്ത്രീകളുടെ സ്വഭാവത്തില്‍ നിന്നുണ്ടായതാകാം ഈ പേരുകള്‍.


തണ്ടാന്‍ എന്ന ജാതിക്കാര്‍ താമസിച്ചിരുന്ന പ്രദേശമാണ് തണ്ടാക്കുടി. തെക്കന്‍ കേരളത്തില്‍ ഊരാളികളെന്നും വടക്കന്‍ കേരളത്തില്‍ തണ്ടാന്‍ എന്നും അറിയപ്പെടുന്നതും ജാതി കാലഘട്ടത്തില്‍ തെങ്ങ് കയറ്റം തൊഴിലായി സ്വീകരിച്ചിരുന്നവരുമായ ഒരു സമുദായമാണ് തണ്ടാ•ാര്‍. തണ്ടാ•ാരുടെ കുടിപ്പാര്‍പ്പിനെ കുടി എന്നാണ് പറയുന്നത്. അതിനാല്‍ തണ്ടാക്കുടിയെന്നത് തണ്ടാ•ാരുടെ വാസസ്ഥലം തന്നെയെന്ന് ഉറപ്പിച്ച് പറയാവുന്നതാണ്. ഊരാളികള്‍ എന്നാല്‍ ഊരിനെ ആളുന്നവന്‍ അഥവാ ഊര് കാക്കുന്നവര്‍ എന്നാണ് അര്‍ത്ഥം. ക്രിസ്തുവര്‍ഷം ഏതാണ്ട് 1500-ാം ആണ്ടിന് ശേഷം മാത്രമാണ് കേരളത്തില്‍ തെങ്ങ് വ്യാപകമായി കൃഷി ചെയ്യാന്‍ തുടങ്ങിയത്. തെങ്ങിന്‍ തൊണ്ടില്‍ നിന്നും ലഭിച്ചിരുന്ന ചകിരിയാണ് സമുദ്രയാനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഈടുറ്റ കയര്‍ നിര്‍മ്മിക്കുന്നതിനുളള അസംസ്‌കൃത വസ്തു. അത് തെങ്ങില്‍ നിന്നും ലഭിക്കുന്നുവെന്ന കാരണത്താലാണ് തെങ്ങ് കൃഷി കേരളത്തില്‍ വ്യാപിച്ചത്. തെങ്ങു കൃഷി കേരളത്തില്‍ കൊണ്ടു വന്നത് ഡച്ചുകാരും പോര്‍ട്ടുഗീസുകാരുമാണ്. പിന്നീട് വന്ന ഇംഗ്ലീഷുകാരും തെങ്ങു കൃഷിയുമായി മുന്നോട്ടു പോയി. കേരളത്തിലെ ആദ്യകാല കയര്‍ ഫാക്ടറികളില്‍ ഒരെണ്ണം ഇടവയിലായിരുന്നു. കേരളത്തില്‍ രൂപപ്പെട്ട മേല്‍വിവരിച്ച രീതിയിലുളള കാര്‍ഷിക ഗ്രാമവ്യവസ്ഥയില്‍ തണ്ടാ•ാര്‍ ഊര് കാവല്‍ക്കാര്‍ എന്ന നിലയിലായിരക്കണം പ്രവര്‍ത്തിച്ചിരുന്നത്. ബ്രിട്ടീഷുകാര്‍ രൂപീകരിച്ച മലബാര്‍ സ്‌പെഷ്യല്‍ പോലീസില്‍ അധികവുമുണ്ടായിരുന്നത് തണ്ടാ•ാരായിരുന്നുവെന്നത് ഇതിന് ഉപോല്‍ബലകമായ ഒരു വസ്തുതയാണ്. ഡച്ചുകാരും പോര്‍ട്ടുഗീസുകാരും സ്ഥാപിച്ച തെങ്ങിന്‍തോപ്പുകളുടെ സംരക്ഷണ ചുമതല സ്വാഭാവികമായും ഇവരില്‍ വന്നു ചേര്‍ന്നിരിക്കണം. കാലക്രമത്തില്‍ തോപ്പിലെ തെങ്ങിന്റെ പരിചരണവും വിളവെടുപ്പുമെല്ലാം ഇവരുടെ തൊഴിലായി മാറിയതാകാനാണ് സാധ്യത. വാറു എന്ന പ്രദേശത്തിന് ലൈന്‍ ഓഫ് ട്രൂപ്പ് എന്നാണ് ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് നല്‍കുന്ന അര്‍ത്ഥം . ഊരാളികളായ തണ്ടാ•ാര്‍ താമസിക്കുന്ന മിക്ക സ്ഥലങ്ങള്‍ക്കും വാറുപുരയിടം, വാറുവിള, വാറില്‍, വാറ് മുതലായ പേരുകളാണുളളതെന്ന് കാണാം. ഇടവയിലെ പരാമര്‍ശിത പ്രദേശത്തിലെ തണ്ടാ•ാരുടെ പരദേവതാ സ്ഥാനം കുടികൊളളുന്നത് വാറുപുരയിടത്തിലാണെന്ന കാര്യവും ഇവരെ ഊരു കാവല്‍ക്കാര്‍ എന്ന നിലയില്‍ പരിഗണിക്കാന്‍ തക്കതായ വസ്തുതയാണ് മുന്നോട്ട് വെയ്ക്കുന്നത്.


നങ്ങ എന്ന പദത്തിന് സുന്ദരി, അവിവാഹിതയായ സ്ത്രീ, മിടുക്കി, നങ്ങച്ചിപ്പുല്ല് എന്ന പേരിലുളള ഒരിനം പുല്ല്, എന്നെല്ലാമാണ് അര്‍ത്ഥം. നങ്ക എന്ന പദത്തിന് സുന്ദരി, കന്യകയായ യുവതി എന്നുമാണ് പ്രധാന അര്‍ത്ഥം. തെക്കന്‍ തിരുവിതാംകൂറിലെ ചില നായര്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ക്കുളള സ്ഥാനപ്പേര് എന്നും രേഖപ്പെടുത്തിക്കാണുന്നു. നങ്ങ അഥവാ നങ്ക എന്ന പദത്തില്‍ നിന്നും തന്നെയാണ് നങ്ങമ്മ എന്ന പദമുണ്ടായിരിക്കുന്നത്. മണാളര്‍ എന്നത് കേരളത്തിലെ നായര്‍ ജാതിയിലെ ഒരു വിഭാഗമാണ്. അവരിലെ സ്ത്രീകളെ കുറിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് നങ്ങമ്മ. അഴികം എന്നാല്‍ അയ്യം, പുരയിടം എന്നൊക്കെയാണ് അര്‍ത്ഥം. നങ്ങമ്മയുടെ അഴികം അഥവാ നങ്ങമ്മയുടെ ഉടമസ്ഥതയിലുളള പുരയിടം അല്ലെങ്കില്‍ അവരുടെ വാസസ്ഥലം എന്നര്‍ത്ഥത്തിലാകണം നങ്ങമ്മന്നഴികം എന്ന പദം ഉപയോഗിച്ചിരിക്കുന്നതെന്ന് ന്യായമായും കരുതാവുന്നതാണ്. എഴുത്തില്‍ നങ്ങമ്മന്നഴികം എന്നാണെങ്കിലും വാമൊഴിയില്‍ നങ്ങമ്മയിന്നഴികം എന്നും കാണുന്നുണ്ട്. ഇന്‍ എന്ന പ്രത്യയം ഭാഷയില്‍ ഉപയോഗിച്ചു തുടങ്ങിയത് ഏതാണ്ട് 12 മുതല്‍ 14 വരെ നൂറ്റാണ്ടിനിടയിലായതിനാല്‍ ഏറ്റവും പിന്നിലേയ്ക്ക് കാലഗണന കൊണ്ടു പോയാല്‍ ഇപ്പറഞ്ഞ കാലത്തെപ്പോഴോ ആണ് ഈ ഇവര്‍ ഈ മേഖലയില്‍ കുടിപ്പാര്‍പ്പുറപ്പിച്ചതെന്ന് ഭാഷാപരമായ പോരായ്മകള്‍ പരിഗണിക്കാതെ കരുതാവുന്നതാണ്.


ഓടേറ്റി എന്ന പദം സ്ഥലനാമമായി കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഉപയോഗിച്ചു കാണുന്നുണ്ട്, പ്രത്യേകിച്ചും ആലപ്പുഴ ജില്ലയിലെ കുട്ടനാടന്‍ മേഖലകളില്‍. മലയാളത്തിലെ പ്രധാനപ്പെട്ട നിഘണ്ടുക്കളിലൊന്നും ഈ പദം കാണുന്നില്ല. ഓട എന്നാല്‍ വെളളം ഒലിച്ചു പോകുന്നതിനുളള ചാലാണ്. കൂടുതല്‍ ഓടകളുളള കൊല്ലം ജില്ലയിലെ ഒരു പ്രദേശം ഓടപ്പുറം എന്നാണ് വ്യവഹരിച്ചു കാണുന്നത്. അതേ പോലെതന്നെ ഓടയം എന്ന ഒരു സ്ഥലം ഇടവയില്‍ തന്നെയുണ്ട്. ഈ സ്ഥലത്തിന് ഓടേറ്റില്‍ എന്നും പേരുണ്ടെന്നത് പരിഗണനാര്‍ഹമായ കാര്യമാണ്. ഓടയം എന്നത് ഓട, അയ്യം എന്നീ പദങ്ങള്‍ ചേര്‍ന്നുണ്ടായതാണെന്ന് കരുതിയാല്‍ ചില സൂചനകള്‍ തെളിഞ്ഞു വരുന്നതായി കാണാം. ഓട വന്ന് പറമ്പിലേയ്ക്ക് കയറുന്ന അഥവാ ഏറുന്ന സ്ഥലമാകാം ഓടേറ്റി. അങ്ങനെയെങ്കില്‍ ഓടേറ്റിക്ക് അടുത്തുളള അഴികമാകണം ഓടേറ്റിക്കഴികം. ഓടേറ്റിക്കഴികത്തിനടുത്താണ് പരാമര്‍ശിത വയലിലൂടെ കടന്നു പോകുന്ന പ്രധാന നീര്‍ച്ചാല്, വയല് വിട്ട് പറമ്പിലേയ്ക്ക് പ്രവേശിക്കുയും പിന്നീട് നേരേ പടിഞ്ഞാറോട്ടൊഴുകി അറിബിക്കടലില്‍ പ്രവേശിക്കുകയും ചെയ്യുന്നത്. ഓട സാധാരണ പാഴ് വെളളമോ അഴുക്കു വെളളമോ കടന്നു പോകുന്ന ചാലിനെയാണ് സൂചിപ്പിക്കുന്നതെന്ന കാര്യം പരിഗണിക്കുകയാണെങ്കില്‍ ഈ വാദഗതി ശരിയാകണമെന്നില്ല. കൂടാതെ ഓടേറ്റിക്കഴികത്തിന് എതിരെയുളള പ്രദേശത്തിന് തോട്ടിനക്കര എന്നാണ് പേര്. അങ്ങനെയെങ്കില്‍ തോടേറ്റിക്കഴികം എന്നല്ലേ പേര് വരേണ്ടതുളളൂവെന്നും ചോദിക്കപ്പെട്ടേയ്ക്കാം. മറ്റൊരു സാധ്യത ഓടത്തുനായര്‍ എന്ന ജാതിപ്പേരുമായുളള പ്രസ്തുത സ്ഥലത്തിന്റെ ഉച്ചാരണ സാമ്യമാണ്. ഓടത്തുനായര്‍ എന്നത് ക്ഷേത്രങ്ങളുടെയും ഇല്ലങ്ങളുടെയും ഓടു മേച്ചില്‍ തൊഴിലായിട്ടുളള നായ•ാരിലെ ഒരു വിഭാഗമാണ്. ഇവരുടെ കുടിപ്പാര്‍പ്പോ അധീനപ്രദേശമോ ആകാം ഓടേറ്റിക്കഴികം.
ആതനഴികം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പേരാണ്. ഈ പേര് ഇടവാ പ്രദേശത്തെ ബുദ്ധ പാരമ്പര്യവുമായി ബന്ധപ്പെടുത്താന്‍ തക്കതാണെന്ന വസ്തുതയാണ് ഇതിന് പ്രാധാന്യം നല്‍കുന്നത്. ആതന്‍ എന്ന പദം ആര്‍ഹതന്‍ എന്ന സംസ്‌കൃത പദത്തില്‍ നിന്നുമാണ് രൂപം കൊണ്ടിട്ടുളളതെന്നാണ് പണ്ഡിത മതം. ആര്‍ഹതന്‍ എന്നത് ബുദ്ധ ഭിക്ഷുവിനെ കുറിക്കുന്ന പദമാണ്. ആതനഴികം ബുദ്ധമതാനുയായികളായ ആരുടെയെങ്കിലും കുടിപ്പാര്‍പ്പാകാനാണ് സാധ്യത.


മണ്ണാ•ാരുടെ അധീനത്തിലുളള പ്രദേശം തന്നെയാകണം മണ്ണാത്തൊടി. പാരമ്പര്യമായി അലക്കു തൊഴിലെടുക്കുന്നവരാണ് മണ്ണാ•ാര്‍. ഗ്രാമത്തില്‍ വളരെയധികം അവകാശങ്ങളുളള ഒരു വിഭാഗമായിരുന്നു അവര്‍. മരണം മൂലമുണ്ടാകുന്ന ആചാരപരമായ അശുദ്ധിയായ പുല, പ്രസവം മൂലമുണ്ടാകുന്ന അശുദ്ധിയായ വാലായ്മ എന്നിവയില്‍ നിന്നും ശുദ്ധരാകുന്നതിന് ഇവരാല്‍ അലക്കിയ മാറ്റ് എന്ന തുണി അത്യന്താപേക്ഷികമായിരുന്നു. മണ്ണാത്തൊടിക്ക് കുറച്ചധികം മേല്‍ഭാഗത്തായുളള ഒരു പുരയിടമാണ് ചാരക്ലാകം. ഒറ്റനോട്ടത്തില്‍ അര്‍ത്ഥം പിടിച്ചെടുക്കാന്‍ കഴിയാത്ത വിധം സങ്കീര്‍മായ ഒരു പദമാണിത്. സൂക്ഷിച്ചു നോക്കുമ്പോള്‍ അര്‍ത്ഥം തെളിഞ്ഞു വരുന്നതായി കാണാം. ചായക്കാരിവിളാകം എന്നതാണ് ചുരുങ്ങി ചാരക്ലാകമായി മാറിയിരിക്കുന്നത്. ചായക്കാര്‍ എന്നത് തുണിയില്‍ ചായം മുക്കുന്ന ജാതിക്കാരാണ്. അവരുടെ വാസസ്ഥലമത്രെ ചാരക്ലാകം.


ആടിനെ മേയ്ക്കുകയും അതില്‍ നിന്നും ഉപജീവനം നടത്തുകയും ചെയ്യുന്ന ഒരു ഇടയ ജാതിയാണ് ആയര്‍. സംഘകാല കൃതികളില്‍ മുല്ലൈ നിലവാസികളായ ആയര്‍മാരെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ കാണാം. ആയര്‍മാര്‍ വസിച്ചിരുന്ന പ്രദേശമാകാം ആയര്‍ വിളാകം എന്നറിയപ്പെട്ടിരുന്നത്. ആടുകളുടെ പ്രധാന ആഹാരം പ്ലാവിന്റെ ഇലയാണെന്നറിയാത്തവരായി ആരുമുണ്ടാകില്ല, പ്രത്യേകിച്ചും മേയാനായി അധികം പുല്‍മേടുകളില്ലാത്ത സ്ഥലങ്ങളില്‍. ആയവിളാകത്തിന്റെ തൊട്ടടുത്ത പുരയിടത്തിന്റെ പേരാണ് പ്ലാവിള. ആടുകള്‍ക്കാവശ്യമായ ഇലകള്‍ പ്രദാനം ചെയ്യുവാനായി തയ്യാറാക്കിയെടുത്ത പ്ലാന്തോട്ടം തന്നെയായിരിക്കണം പ്ലാവിള. ചുളളിവിളാകവും പുളിമൂടും തിനവിളയും പയറന്‍വിളാകവും അവ എന്താണ് പ്രദാനം ചെയ്യുന്നതെന്നും അവയുടെ പേരുകള്‍ എങ്ങനെ രൂപപ്പെട്ടുവെന്നും സ്വയം വെളിവാക്കുന്നുണ്ട്. പുന്നവിളാകം തൊട്ടടുത്തുളള ചെക്കാലവിളാകവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെക്കാല എന്നാല്‍ എണ്ണക്കുരുക്കള്‍ ആട്ടി എണ്ണയെടുക്കുന്നതിനുളള പുരാതന മില്ലുകളാണ്. പണ്ട് കാലത്ത് വിളക്കെണ്ണയായി ഉപയോഗിച്ചിരുന്നത് പുന്നയ്ക്കാ എണ്ണയായിരുന്നു. ചെക്കാലകള്‍ എണ്ണവാണിയര്‍ എന്ന ജാതിക്കാരുടെയോ ചെട്ടിയാര്‍ എന്ന വിഭാഗക്കാരുടെയോ നിയന്ത്രണത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വയലിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ചെക്കാലയും വടക്ക് ഭാഗത്ത് ചെക്കാലക്കുടിയും വടക്ക് കിഴക്ക് ഭാഗത്ത് ചെക്കാലവിളയും സ്ഥിതി ചെയ്യുന്നു. പുന്നവിളാകം, തൊട്ടടുത്തുളള ചെക്കാലവിളയിലേയ്ക്കുളള എണ്ണക്കുരുക്കള്‍ പ്രദാനം ചെയ്യുന്നതിനുളള പ്രദേശങ്ങള്‍ ആയിരുന്നുവെന്ന് നിസ്സംശയം പറയാം.
തച്ചര് വിളാകം തച്ച•ാരുടെ അധീനതയിലുളള പ്രദേശമായിരിക്കണം. കുടികള്‍ പണിയുന്ന മരപ്പണിക്കാരാണവര്‍. തടികൊണ്ടുളള കളിപ്പാട്ടങ്ങള്‍, ഗാര്‍ഹിക സാമഗ്രികള്‍ എന്നിവ മുതല്‍ ക്ഷേത്രങ്ങളും പത്തേമാരികളും വരെ നിര്‍മ്മിക്കുന്ന പ്രഗത്ഭരായ മരപ്പണിക്കാരാണ് തച്ച•ാര്‍. ആശാരി വിളാകം എന്നല്ല, മറിച്ച് തച്ചര് വിളാകമെന്നാണ് പേരെന്നത് പ്രത്യേകം പരിഗണിക്കേണ്ട കാര്യമാണ്. ഇന്ന് മരപ്പണിക്കാര്‍ വിശ്വകര്‍മ്മജരായ ആശാരിമാര്‍ എന്ന പേരിലാണ് സമൂഹത്തില്‍ അറിയപ്പെടുന്നത്. ഇന്ന് തച്ച•ാര്‍ പേരിലറിയപ്പെടുന്ന ജനത, വിശ്വകര്‍മ്മജരെന്ന് ഇന്ന് പൊതുവേ വ്യവഹരിക്കപ്പെടുന്ന ജാതിക്കൂട്ടായ്മക്കകത്ത് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതും തണ്ടാ•ാരുമായി വിവാഹത്തിലേര്‍പ്പെടുന്നവരുമായ പട്ടികജാതിക്കാരാണ്. ഈ വിഭാഗക്കാരാണ് ഇവിടെ താമസിച്ചിരുന്നതെന്ന് കരുതാവുന്നതാണ്. തച്ചര് വിളാകത്തിന് വടക്ക് വശത്തുളള പ്രദേശമാണ് വടക്കേഭാഗം. വടക്കു വശത്തുളള പ്രദേശമായതിനാലാകാം ഇങ്ങനെ പേര് വന്നതെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്. കല്ലുവീട്, കല്ലക്കുടി എന്നീ കുടിപ്പാര്‍പ്പുകള്‍ കല്ല•ാര്‍ അഥവാ കല്ലാശാരിമാരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവര്‍ മികച്ച കല്‍പ്പണിക്കാരായിരുന്നു. ഊര്‍ത്തച്ച•ാരെപ്പോലെ തന്നെ ഇവരില്ലാത്ത ഗ്രാമത്തിനെ സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുകയില്ല. തീര്‍ച്ചയായും ഇവരില്ലാത്ത ഗ്രാമം പ്രാകൃതവും പരിഷ്‌കാര രഹിതവുമായിരിക്കുമെന്നത് ഗ്രാമത്തിലെ ഇവരുടെ സാന്നിധ്യം അനിവാര്യമാക്കുന്നു. കല്ലാഴിയാണ് മറ്റൊരു പ്രദേശം. എഴുത്തില്‍ കല്ലാഴി എന്നാണെങ്കിലും വാമൊഴിയില്‍ ഇപ്പോഴും കല്ലായി എന്നാണ് പ്രയോഗം. പടിഞ്ഞാറേ കല്ലായി എന്നും കിഴക്കേ കല്ലായി എന്നും രണ്ട് കല്ലായികള്‍ ഉണ്ട്. കല്ലായി എന്ന പദത്തിനര്‍ത്ഥം പാത്രങ്ങളുടെയും മറ്റും കേടുപാടുകള്‍ തീര്‍ക്കുന്ന ലോഹപ്പണിക്കാര്‍ അഥവാ കന്നാന്‍ എന്നാണ്. കന്നാ•ാര്‍ അഥവാ മൂശാരികള്‍ താമസിച്ചിരുന്ന പ്രദേശമായിരിക്കണം കല്ലായി എന്ന് ന്യായമായും കരുതാവുന്നതാണ്. കല്ലായി പ്രദേശത്തു നിന്നും അകലെയായി, വയലിന്റെ തെക്ക് പടിഞ്ഞാറേ ഭാഗത്തായി വയലുമായി നേരിട്ട് അതിര്‍ത്തി പങ്കിടാത്ത ഒരു പ്രദേശമാണ് ആലപ്പുറം. ആല ഇരുമ്പ് പണിക്കാര്‍ അഥവാ കൊല്ലപ്പണിക്കാരുടെ പണിശാലയുടെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. പുറം എന്ന വാക്ക് സാധാരണയായി കരമൊഴിവായ ഭൂമിയെയാണ് സൂചിപ്പിക്കുന്നത്. കൊല്ലന്മാര്‍ക്ക് ആല പണിയാനായി കരമൊഴിവായി ലഭിച്ച ഭൂമിയായിരിക്കാം ആലപ്പുറം. തിരുവിതാം കൂറിന്റെ വടക്കന്‍ അതിര്‍ത്തിയായ ഇടവയില്‍ ഒരു ആയുധനിര്‍മ്മാണ ശാല ആവശ്യമാണെന്ന് അധികാരികള്‍ കരുതിയിരുന്നതിന്റെ ഫലമാണോയെന്നത് വ്യക്തമല്ലെങ്കിലും അങ്ങനെയാകാനുളള സാധ്യത വെറുതെ തളളിക്കളയാവുന്നതല്ല. തെക്ക് കിഴക്കായുളള മറ്റൊരു സ്ഥലമാണ് നെടിയാല. നെടിയ അഥവാ പെരിയ ആല ആകാം നെടിയാല. ഇതും കൊല്ല•ാരുടെ സാന്നിധ്യത്തെയാണ് കാണിക്കുന്നത്. പരാമര്‍ശിത വയലിന് വടക്ക് വശത്ത് ഏതാണ്ട് നാന്നൂറ് മീറ്ററില്‍ അധികരിക്കാത്ത സ്ഥലത്തുളള ഒരു പ്രദേശമാണ് തട്ടാന്‍ വിളാകം. തട്ടാ•ാര്‍ സ്വര്‍ണ്ണപ്പണിക്കാരാണ്. തട്ടാന്‍ വിളാകം തട്ടാന്‍ ജാതിക്കാരുടെ അധീനപ്രദേശം തന്നെയെന്ന് പേരില്‍ നിന്നും തന്നെ ഉറപ്പിക്കാവുന്നതാണ്. ഈ മേല്‍പ്പറഞ്ഞ കുടിപ്പാര്‍പ്പു നാമങ്ങള്‍ പരിശോധിക്കുമ്പോള്‍ തച്ചന്‍, തട്ടാന്‍ കല്ലായി (കന്നാന്‍), കല്ലന്‍, കൊല്ലന്‍ എന്നീ ഐങ്കമ്മാളര്‍ ചിന്നാംകുളത്തിന് ചുറ്റുമായി കുടിപ്പാര്‍ത്തിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.


വയലിന്റെ തെക്ക് ഭാഗത്തുളള ഒരു കുടിപ്പാര്‍പ്പാണ് തെരുവും പുത്തന്‍ തെരുവും. ശാലിയര്‍, തമിഴ് ബ്രാഹ്മണര്‍ എന്നിവരെല്ലാം തെരുവ് എന്ന് നാമമുളള പ്രദേശങ്ങളില്‍ വസിക്കുന്നവരാണ്. ഇതില്‍ ആരുമായി ബന്ധപ്പെട്ടതാണ് ഈ സ്ഥലമെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയുന്നില്ല.
ഉപ്പുവീടാണ് മറ്റൊരു കൗതുകമുണര്‍ത്തുന്ന നാമം. ഉപ്പൂട് എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. ഉപ്പു വീടാണ് ഉപ്പൂടായതെന്ന് നിസ്സാരബുദ്ധികൊണ്ടു തന്നെ മനസിലാക്കാവുന്നതേയുളളു. ആയര്‍മാരെ പോലെ തന്നെ, ഉപ്പൂടുകളില്‍ താമസിക്കുന്ന ഉമണര്‍ എന്നതും സംഘകാലം മുതല്‍ കേള്‍ക്കുന്ന പേരാണ്. ഉപ്പ് നിര്‍മ്മാണമാണ് ഇവരുടെ പ്രധാന തൊഴില്‍. പ്രാചീന തമിഴകത്തെ തീരപ്രദേശമായ നൈതല്‍ നിലത്തുളള വലയര്‍, അരയര്‍, ഉമണര്‍ എന്നീ വിഭാഗക്കാര്‍ യഥാക്രമം വല കൊണ്ടു മീന്‍പിടിക്കുന്നവരും കടലില്‍ നിന്നും മീന്‍പിടിക്കുന്നവരും ഉപ്പുണ്ടാക്കുന്നവരുമാണ്. ഉപ്പ് വില്‍ക്കുന്നവരെ ഉപ്പു വാണിയര്‍ എന്നാണ് പറയുന്നത്. ഉപ്പൂട് എന്ന നാമം ഉമണരുടെയോ ഉപ്പു വാണിയരുടെയോ സാന്നിധ്യത്തെയാണ് കുറിക്കുന്നത്.
ചര്‍ച്ച ആവശ്യമുളള മറ്റൊരു നാമം കുമ്പിയവും കുമ്പിയത്തമ്പട്ടക്കുഴിയുമാണ്. ഒരു തുണ്ടു വയലിന്റെ രണ്ട് വശത്തായാണ് ഇവ കിടക്കുന്നത്. പരാമര്‍ശിത വയലിന്റെ ഒരു അനക്‌സ് പോലെ കുറച്ച് തെക്ക് കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ചെറിയ വയലിന് ഇരു കരകളിലായാണ് ഈ സ്ഥലങ്ങള്‍ കിടക്കുന്നത്. ഈ വയലിനെ നാട്ടുകാര്‍ തുണ്ടു വയല്‍ എന്നും കൊച്ചു വയല്‍ എന്നുമൊക്കെയാണ് വിളിക്കുന്നത്. കൊച്ചു വയലിന്റെ അടുത്തുളള ഒരു സ്ഥലമാണ് കരിക്കോത്തില്‍. കരിക്കകത്തില്‍ എന്നതിന്റെ ശുശ്കരൂപമാണിതെന്ന് കാണാം. കരിക്കകം എന്ന വാക്കിനര്‍ത്ഥം കാട് ചുട്ടു കരിച്ച് വെട്ടിത്തെളിച്ചുണ്ടാക്കിയ കൃഷിയിടം എന്നാണ്. കുമ്പി എന്ന വാക്കിന്റെ ഒരര്‍ത്ഥം ചുടു ചാമ്പല്‍ എന്നാണ്. കരിയക്കകത്തു നിന്നും ലഭിച്ച ചാരം കൊണ്ടിട്ട അയ്യം, കുമ്പിയം (കുമ്പി+അയ്യം) ആയതാകാം. കുമ്പി എന്ന വാക്കിന് ചേറ്, ചെളി എന്നൊക്കെ അര്‍ത്ഥമുണ്ട്. എന്നാല്‍ ഈ പ്രദേശം താരതമ്യേന ഉയര്‍ന്നതും ചേറും ചെളിയും ഇല്ലാത്തതുമാണെന്ന് കാണാം. അക്കാരണത്താല്‍ ചെളിപ്പറമ്പ് എന്നൊരര്‍ത്ഥം പരിഗണിക്കേണ്ടതില്ല. കുമ്പിക്ക് ആന എന്നൊരര്‍ത്ഥമുണ്ട്. ആനയെ കെട്ടിയിരുന്ന പ്രദേശമാണോ ഇതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം കുമ്പിയം എന്ന പദം ചേര്‍ന്ന് വന്നിരിക്കുന്ന കുമ്പിയത്തമ്പട്ടക്കുഴിയെന്ന രണ്ടാമത്തെ പദം കൂടി നമുക്ക് പരിഗണിക്കേണ്ടതായിട്ടുണ്ട്. അമ്പട്ടന്‍ എന്ന വാക്കിന് ക്ഷുരകന്‍ എന്നാണ് അര്‍ത്ഥം. ക്ഷുരകന്റെ സേവനം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ആവശ്യമായിരുന്നു. അതിനാല്‍ കുമ്പിയത്തമ്പട്ടക്കുഴിയില്‍ താമസിച്ചിരുന്നത് മുടിവെട്ടുന്ന ജാതിക്കാരായ ക്ഷുരക•ായിരുന്നിക്കാമെന്ന് അനുമാനിക്കാവുന്നതാണ്. സാധാരണ അമ്പട്ടക്കുടിയെന്നാണ് ഇത്തരം വാസസ്ഥലങ്ങള്‍ക്ക് പേര്. എന്നാല്‍ ഇവിടെ കുമ്പിയം എന്ന വാക്കുകൂടി അതിനൊപ്പം ചേര്‍ത്തിരിക്കുന്നുവെന്ന് മാത്രമല്ല, കുടി എന്നതിന് പകരം കുഴി എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോള്‍ അമ്പട്ടന്‍ എന്ന പദത്തിനെ കൂടുതല്‍ പഠന വിധേയമാക്കാന്‍ നാം നിര്‍ബന്ധിതരാകുന്നു. അമ്പട്ടന്‍ എന്ന വാക്ക് അംബഷ്ടന്‍ എന്ന സംസ്‌കൃത പദത്തിന്റെ തത്ഭവമാണ്. അതിന് ആനക്കാരന്‍ എന്നു കൂടി അര്‍ത്ഥമുളളതായി കാണുന്നു. കുംഭി എന്ന സംസ്‌കൃത വാക്കിന്റെ തത്ഭവമാണ് കുമ്പി. അതിന് നേരത്തേ പരഞ്ഞതുപോല ആന എന്നു തന്നെയാണര്‍ത്ഥം. കൂടാതെ കുമ്പിയത്തമ്പട്ടക്കുഴിയില്‍ വളരെക്കാലം മുമ്പേ താമസിച്ചു വരുന്നത് ക്ഷുരക സമുദായത്തില്‍പ്പെട്ടവരല്ല, മറിച്ച് പറയ സമുദായത്തില്‍പ്പെട്ടവരാണെന്നും അവരില്‍ ചിലര്‍ ആനപ്പാപ്പാ•ാരായി ജോലി ചെയ്തിരുന്നുവെന്നും ഉളള വസ്തുത കൂടി പരിഗണിക്കുമ്പോള്‍ കുമ്പിയം കുമ്പികളെ കെട്ടിയിരുന്ന അയ്യം അഥവാ ആനകളെ കെട്ടിയിരുന്ന പ്രദേശമായിരുന്നെന്നും കുമ്പിയത്തമ്പട്ടക്കുഴി ആനപ്പാപ്പാ•ാരുടെ വാസകേന്ദ്രമായിരുന്നുവെന്നും അനുമാനിക്കാം.


പുള്ളോളാകം എന്നത് കിഴക്കന്‍ കല്ലായിക്കടുത്തുളള ഒരു കുടിപ്പാര്‍പ്പാണ്. പിളള വിളാകം എന്നതാകാം പുള്ളോളാകം ആയിട്ടുളളത്. പിളള എന്നാല്‍ നായര്‍ ജാതിയിലെ ഒരു അവാന്തര വിഭാഗമാണ്. കുട്ടി എന്ന അര്‍ത്ഥവും ഉണ്ട്. മറ്റൊരു സാധ്യതയുളളത് പുള്ളുവര്‍ + വിളാകം എന്നതുമാകാം. നാഗാരധന നടത്തുകയും മറ്റുളളവര്‍ക്കായി സര്‍പ്പദോഷം മാറുന്നതിനായി കര്‍മ്മങ്ങള്‍ ചെയ്യുകയുമൊക്കെ ചെയ്യുന്ന ഒരു വിഭാഗം ജാതിക്കാരാണ് പുളളുവര്‍.
വേലിക്കകം വേലി കെട്ടിത്തിരിച്ച സ്ഥലം തന്നെ. പളളി വിളാകം പളളിക്കായി ദാനം ചെയ്യപ്പെട്ട സ്ഥലമായിരിക്കാം. ഇന്ന് ഒരു മുസ്ലീം പളളിയാണ് അതിനടുത്തുളളത്. ആലുമ്മൂട്ടില്‍ പളളിയെന്നാണ് ഈ പളളി അറിയപ്പെടുന്നത്.


പരാമര്‍ശിത നാമങ്ങള്‍ ചുവടെ കാണിച്ചിരിക്കുന്ന വിധത്തില്‍ പട്ടികപ്പെടുത്താവുന്നതാണ്.
കുടിപ്പാര്‍പ്പിന്റെ പേര്, പദവിന്യാസം, ഇപ്പോള്‍ ഈ പ്രദേശത്ത് താമസിക്കുന്നവരുടെ ജാതി/മതം എന്ന ക്രമത്തില്‍ -


മതവുമായോ ജാതിയുമായോ തൊഴിലുമായോ ബന്ധപ്പെട്ടവ :
തണ്ടാക്കുടി തണ്ടാന്‍ + കുടി മുസ്ലിം
തച്ചര് വിളാകം തച്ചര്‍ + വിള + അകം മുസ്ലിം
നങ്ങമ്മയിന്നഴികം നങ്ങമ്മ + അഴികം മുസ്ലിം
കുമ്പിയത്തമ്പട്ടകുഴി കുമ്പിയം + അമ്പട്ടന്‍ + കുഴി പറയര്‍
ചെക്കാലക്കുടി ചെക്കാല + കുടി മുസ്ലിം
ആലപ്പുറം ആല + പുറം മുസ്ലിം
നെടിയാല നെടിയ + ആല മുസ്ലിം
ചെക്കാല വിളാകം ചെക്കാല + വിള + അകം മുസ്ലിം
കല്ലായി കല്ലായി മുസ്ലിം
ആയവിളാകം ആയര്‍ + വിള + അകം മുസ്ലിം
ചാരക്ലാകം ചായക്കാരി + വിള + അകം മുസ്ലിം
ഓടേറ്റിക്കഴികം ഓട് + ഏറ്റുക + അഴികം മുസ്ലിം
ആതനഴികം ആതന്‍ + അഴികം മുസ്ലിം
മണ്ണാത്തൊടി മണ്ണാന്‍ + തൊടി മുസ്ലിം
കല്ലക്കുടി കല്ലന്‍ + കുടി തണ്ടാന്‍
ഉപ്പൂട് ഉപ്പ് + വീട് മുസ്ലിം
കല്ലുവീട് കല്ല് + വീട് മുസ്ലിം
തട്ടാന്‍വിളാകം തട്ടാന്‍ + വിള + അകം മുസ്ലിം
വൈദ്യന്റെ വീട് വൈദ്യന്‍ + വീട് മുസ്ലിം
തെരുവ് തെരുവ് മുസ്ലിം
പുത്തന്‍ തെരുവ് പുത്തന്‍ + തെരുവ് മുസ്ലിം
പുള്ളോളാകം പിളള+വിള+അകം / പുള്ളുവര്‍ വിള+അകം മുസ്ലിം
ചെടിയുമായോ ചെടിയുടെ ഭാഗവുമായോ ബന്ധപ്പെട്ടവ:
തിനവിള തിന + വിള മുസ്ലിം
പുന്നവിളാകം പുന്ന + വിള + അകം തണ്ടാന്‍
ചുളളിവിളാകം ചുളളി + വിള + അകം മുസ്ലിം
പ്ലാവിള പ്ലാവ് + വിള മുസ്ലിം
പയറന്‍വിളാകം പയര്‍ + വിള + അകം മുസ്ലിം
പുളിമൂട് പുളി + മൂട് മുസ്ലിം
ചരുവില്‍ കുന്നുവിള ചരുവില്‍ + കുന്നു + വിള മുസ്ലിം, തണ്ടാന്‍
കുഴി കുഴി മുസ്ലിം
ചരുവില്‍ ചെരിവ് മുസ്ലിം


ഭൂപ്രകൃതിയുമായി ഭൂമിയിലെ മനുഷ്യന്റെ നിര്‍മ്മിതിയുമായോ ബന്ധപ്പെട്ടവ:
കുന്നുവിള കുന്നു + വിള മുസ്ലിം
തോട്ടിനക്കരെ തോട് + കര മുസ്ലിം
കുന്നും പുറം കുന്നു + പുറം മുസ്ലിം
കുന്നം കുന്നം മുസ്ലിം
കുളങ്ങര കുളം + കര മുസ്ലിം
നെല്ലുപാറ നെല്ലു + പാറ മുസ്ലിം
പാറയില്‍ പാറ മുസ്ലിം
കരകുളം കര + കുളം മുസ്ലിം
കിണറ്റുവിളാകം കിണറ് + വിള + അകം മുസ്ലിം
സംജ്ഞാനാമവുമായോ വിശേഷണവുമായോ ബന്ധപ്പെട്ടവ:
കുഞ്ചന്‍ വിളാകം കുഞ്ചന്‍ + വിള + അകം മുസ്ലിം
മാതെവീട് മാതേവി (മാധവി) + വീട് മുസ്ലിം
മണിവിളാകം മണി + വിള + അകം മുസ്ലിം
കറുത്തേച്ചിവിളാകം കറുത്ത + അച്ചി+ വിള + അകം മുസ്ലിം
മരടിവിളാകം മരടി + വിള + അകം മുസ്ലിം
ചുണ്ടീവിളാകം ചുണ്ടി + വിള + അകം മുസ്ലിം


മറ്റുളളവ:
വടക്കേഭാഗം വടക്ക് + ഭാഗം മുസ്ലിം
പളളിവിളാകം പളളി + വിള + അകം മുസ്ലിം
വേലിക്കകം വേലി + അകം മുസ്ലിം
വാറുപുരയിടം വാറു+പുരയിടം തണ്ടാന്‍


നമ്മുടെ പഠനത്തില്‍ നിന്നും എത്തിച്ചേരാന്‍ കഴിയുന്ന കാര്യങ്ങള്‍ ചുവടെ കാണുംവിധം സംക്ഷിപ്തപ്പെടുത്താവുന്നതാണ്.
1. വയലുകള്‍ക്ക് ചുറ്റും വിവധ കുടിപ്പാര്‍പ്പുകള്‍ ഉണ്ട്.
2. അവയുടെ പേരുകള്‍ മിക്കവയും മതവുമായോ ജാതിയുമായോ തൊഴിലുമായോ ചെടിയുമായോ ചെടിയുടെ ഭാഗവുമായോ ഭൂപ്രകൃതിയുമായോ ഭൂമിയിലെ മനുഷ്യന്റെ നിര്‍മ്മിതിയുമായോ ബന്ധപ്പെട്ടവയാണ്.
3. ഏറ്റവും കൂടുതല്‍ പേരുകള്‍ ബന്ധപ്പെട്ടവ ജാതിയുമായോ തൊഴിലുമായോ ബന്ധപ്പെട്ടവയാണ്.
4. ഈ ജാതി നാമങ്ങളില്‍ നിന്നും ജാതിയുമായി ബന്ധപ്പെട്ട തൊഴിലെടുക്കുന്ന ജനതയുടെ സേവനം ഗ്രാമവാസികള്‍ക്ക് ലഭിച്ചിരുന്നുവെന്ന് കരുതാവുന്നതാണ്.
5. കാലക്രമത്തില്‍ ജാതിനാമങ്ങളില്‍ അറിയപ്പെട്ടിരുന്ന കുടികളില്‍ പാര്‍ത്തിരുന്നവര്‍ താമസ സ്ഥലം മാറിപ്പോവുകയും പുതിയ മതത്തിലും ജാതിയിലും ഉള്‍പ്പെട്ടവര്‍ ആ താമസസ്ഥലം സ്വന്തമാക്കുകയും ചെയ്തുവെങ്കിലും ജാതി സംബന്ധമായ വീട്ടുപേരുകള്‍ ഇപ്പോഴും അതേ പേരില്‍ തന്നെ നിലനില്‍ക്കുന്നു.
6. കുടിമക്കള്‍ എന്നറിയപ്പെടുന്ന ഗ്രാമത്തില്‍ സേവനമുഷ്ടിക്കുന്ന പതിനെട്ട് ജാതികളില്‍ വണ്ണാന്‍, തട്ടാന്‍, കന്നാന്‍, കല്ലാശാരി, കൊല്ലന്‍, തച്ചന്‍, എണ്ണവാണിയന്‍, ഉപ്പുവാണിയന്‍, പറയന്‍ എന്നിവരുടെ സാന്നിധ്യം വീട്ടുപേരില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍ ബാക്കിയുളള നാവിതന്‍, കുശവന്‍, ഇലവാണിയന്‍, പുളളി, പൂമാലക്കാരന്‍, ശംഖ് വിളിക്കുന്നവന്‍, ഓച്ചന്‍, മുക്കുവന്‍, പാണന്‍ എന്നിവരുടെ സാന്നിധ്യം വീട്ടുപേരില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.


വടക്ക് പടിഞ്ഞാറന്‍ തിരുവിതാംകൂറിലെ നെല്‍വയലുകളായ കണ്ടങ്ങളെ കുറിച്ചും അവയുടെ ചുറ്റിലുമായി രൂപപ്പെട്ടിട്ടുളള ഗ്രാമ വ്യവസ്ഥയെ കുറിച്ചുനമാണ് നമ്മള്‍ ഇതുവരെ വിശകലനം ചെയ്തത്. ഇതിനായി, കണ്ടങ്ങള്‍ക്ക് ചുറ്റുമുളള ജാതികളുടെയും പരമ്പരാഗത തൊഴില്‍ കൂട്ടായ്കളുടെയും വിതരണം, ഇടവയിലെ ചിന്നാംകുളം കണ്ടത്തെ അടിസ്ഥാനമായെടുത്ത് നിരീക്ഷിക്കുകയും ലഭ്യമായ വസ്തുകള്‍ രേഖപ്പെടുത്തുകയും മാത്രമാണ് ചെയ്തിട്ടുളളത്. വിശദമായ അപഗ്രഥനത്തിന് മുതിര്‍ന്നിട്ടില്ല. ആഴത്തിലുളള പഠനത്തിന് കൂടുതല്‍ സ്ഥലവും സമയവും ആവശ്യമാണ്. കുടിപ്പാര്‍പ്പുകളെക്കുറിച്ചുളള ഈ പഠനം ഒരു ഒറ്റയടിപ്പാതയാണ്. അതിലൂടെ കൂടുതല്‍പേര്‍ സഞ്ചരിച്ച് അതൊരു വിശാല വീഥിയായി പരിണമിക്കട്ടെ എന്നാശിച്ചു കൊണ്ടു ഈ പഠനം സമാപ്തീകരിക്കുന്നു.


--------------
1)കള്‍ച്ചര്‍ ആന്റ് സിവിലൈസേഷന്‍ ഓഫ് ഏന്‍ഷ്യന്റ് ഇന്‍ഡ്യ - ഡി.ഡി.കൊസാംബി, പുറം. 54
2)ഇതേ പുസ്തകം, പുറം. 13
3)അസ്പൃശ്യര്‍ - അവര്‍ ആരായിരുുന്നു? അവര്‍ അസ്പൃശ്യരായിത്തീരുുന്നു?-ഡോ.ബി.ആര്‍.അംബേദ്കര്‍.

***
- സ്റ്റാന്‍ലി.ജി.എസ് (28/01/2016)

Loading Conversation