#

ഫ്രാൻസിസ് നസ്രേത്ത്

കൊത്തുനേരം : Jan 20, 2016

പങ്കു വെയ്ക്കൂ !


നാളെ "പീപ്പിൾ എഗെയ്ൻസ്റ്റ് ഫാസിസം" - ഫാസിസത്തിനു എതിരെ ചിത ഒരുക്കി പ്രതിഷേധിക്കുന്നു, എന്നു Shahina Nafeesa-യുടെ നോട്ട്.


എല്ലാ പ്രതിഷേധങ്ങളും നല്ലതാണു. എന്നാലും ചില കൂട്ടിച്ചേർക്കലുകൾ പറയട്ടെ.


1) അണ്ണാ ഹസാരെ സമരം തുടങ്ങിയപ്പൊ തിരുവനന്തപുരത്തെ മിഡിൽക്ലാസ് ഉദ്യോഗസ്ഥരും സോഷ്യലൈറ്റുകളും ഒക്കെ രാത്രി മെഴുകുതിരി കത്തിച്ച് സമരം നടത്തിയിരുന്നു. അതിന്റെ അർത്ഥം - സാർ, ഈ അഴിമതി ഞങ്ങളിലുള്ള കാര്യമല്ല, ദോ അവിടെ അഴിമതി ഉണ്ട്, അതിനു ഞങ്ങൾ എതിരായിരുന്നു എന്നായിരുന്നു - ഒരു സ്വയം കഴുകിയെടുക്കൽ. നാളത്തെ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർ കേരളത്തിലെ ദളിത് വിദ്യാഭ്യാസ പ്രശ്നങ്ങളോട് നിരന്തരം കണ്ണടക്കുകയാണെങ്കിൽ - തുടർന്നും കണ്ണടയ്ക്കുകയാണെങ്കിൽ - നാളത്തെ പരിപാടിയും മറ്റൊരു മെഴുകുതിരി സമരമാകും.


2) ഫാസിസത്തിനു എതിരെ ചിത ഒരുക്കരുത് - ഫാസിസം വളരെ വേഗ് റ്റേം ആണു. ഇന്ത്യൻ ജാതി വ്യവസ്ഥയുടെ ഇരകളാണു നിരനിരയായി ആത്മഹത്യ ചെയ്ത ദളിത് വിദ്യാർത്ഥികൾ. ഇതിപ്പൊ കേന്ദ്രസർക്കാരിന്റെ ഇത്ര നഗ്നമായ ഇടപെടൽ കൊണ്ട് രോഹിതിന്റെ ആത്മഹത്യ വെളിച്ചത്തുവന്നു. ജാതിവ്യവസ്ഥയ്ക്കെതിരെയോ ബ്രാഹ്മണിസത്തിനു എതിരെയോ വേണമായിരുന്നു ചിതയൊരുക്കാൻ. (കേരളത്തിൽ അതിനു നായരിസം, ക്രിസ്ത്യനിസം, എന്നൊക്കെ പറയാം). ഉപയോഗിച്ചുപയോഗിച്ച് അർത്ഥമില്ലാതായ പദമാണു ഫാസിസം.


3) പീപ്പിൾ എഗെയ്ൻസ്റ്റ് ഫാസിസം എന്ന കൂട്ടായ്മയിൽ ഞാനും അംഗമാണു. പക്ഷേ നിങ്ങളുടെ രോഷം ഇങ്ങനെ കത്തിച്ചു കളയരുത് - കേരളത്തിൽ നിരന്തരം ദളിത് വിദ്യാഭ്യാസ പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുകയാണു. ഇനിയും തുടരും, അപ്പോൾ എതിർഭാഗത്ത് ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങളാണെന്നു കണ്ട് മിണ്ടാതിരിക്കരുത്.


4) ഇങ്ങനെയുള്ള പ്രശ്നങ്ങൾ നിരന്തരമായി ദളിത് സമുദായങ്ങളിൽ നിന്നുള്ള ചിന്തകർ രംഗത്തു കൊണ്ടുവരുന്നുണ്ട്. Rekha Raj, Praveenaa Thaali, Sathy Angamali, Dhanya Raman, Sunny Mannumanam Kapicadu, Ajay Kumar, Rupesh Kumar, K K Babu Raj, Vasu Ak, Jayakumar Mk, K K Kochu Kabani, Ajith Kumar A S, C S Murali Shankar തുടങ്ങിയ ദളിത് ആക്റ്റിവിസ്റ്റുകളുടെയും ചിന്തകരുടെയും പോസ്റ്റുകൾ നോക്കിയാൽ മതി. അവരുന്നയിക്കുന്ന പ്രശ്നങ്ങൾ കേൾക്കണം.


ഒന്നു രണ്ട് ഉദാഹരണങ്ങൾ തരാം..

മഹാരാജാസ് കോളെജിൽ ഒരു ദളിത് വിദ്യാർത്ഥിക്ക് അഡ്മിഷൻ നിഷേധിച്ചു. ആ വിദ്യാർത്ഥി മാത്രമേ അപേക്ഷിച്ചുള്ളൂ, സംവരണം അനുസരിച്ച് അഡ്മിഷൻ കൊടുക്കേണ്ടതാണു, പക്ഷേ പ്രായം കൂടിപ്പോയി എന്നു പറഞ്ഞ് അഡ്മിഷൻ നിഷേധിച്ചു. യൂണിവേഴ്സിറ്റി പ്രായപരിധി ഒന്നും നിശ്ചയിച്ചിട്ടില്ല. പത്താം ക്ലാസ് കഴിഞ്ഞ് കുറച്ചുനാൾ ജോലിചെയ്തു ജീവിച്ച് പിന്നെ പഠിക്കാൻ തീരുമാനിച്ച വിദ്യാർത്ഥിയോടായിരുന്നു അവഗണന. C S Murali Shankar-ന്റെയും മറ്റും നേതൃത്വത്തിൽ ദളിത് സംഘടനകൾ മഹാരാജാസ് കോളെജിനു മുന്നിൽ കുടിൽ കെട്ടി സമരം നടത്തി. മഹാരാജാസിലെ എസ്.എഫ്.ഐ.യും മറ്റ് വിദ്യാർത്ഥി സംഘടനകളും അനങ്ങിയില്ല. സമരം വിജയിച്ചു, വിദ്യാർത്ഥിക്ക് പ്രവേശനം കിട്ടി. ഇതേ പാറ്റേൺ കോട്ടയത്തെ ഒരു ക്രിസ്ത്യൻ കോളെജിലും ആവർത്തിച്ചു - ദളിത് സംഘടനകളുടെ സമരത്തെത്തുടർന്ന് അഡ്മിഷൻ കിട്ടി.


വാസുവേട്ടനും മറ്റും നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യം - എയ്ഡഡ് കോളെജുകളിൽ അഡ്മിഷനു സംവരണം പാലിക്കണം എന്നാണു. കേരളത്തിൽ (മൂന്നു സർവ്വകലാശാലകളിലുമായി) 200-ൽ പരം എയ്ഡഡ് കോളെജുകളുണ്ട്. ഇതിൽ ഒരു കോളെജിൽ ശരാശരി 30 അധ്യാപകർ വെച്ച് കൂട്ടിയാൽ 6000 അധ്യാപകർ, 20% സംവരണം കൊടുത്താൽത്തന്നെ 1200 ദളിതരായ കോളെജ് അദ്ധ്യാപകർ വന്നേനെ. പക്ഷേ ഓരോ എയ്ഡഡ് കോളെജുകളും (കാശു വാങ്ങിച്ചും വാങ്ങിക്കാതെയും) സ്വന്തം സമുദായത്തിലുള്ള ആളുകൾക്ക് ജോലി കൊടുക്കുന്നു, നിയമനത്തിൽ ഒരു സംവരണ തത്വവും പാലിക്കുന്നില്ല. ഇത്രയും ദളിത് അധ്യാപകരെ ഇല്ലാതാക്കുന്നതിലൂടെ കുറച്ചുപേരുടെ ജോലിയും യു.ജി.സി. സ്കെയിൽ ശമ്പളവും മാത്രമല്ല, ഒരു സമുദായത്തിനു മുതൽക്കൂട്ടാവുന്ന ബൗദ്ധിക നേതൃത്വവും ആണു ഇല്ലാതാക്കുന്നത്.


ഇതിനെതിരെ വാസുവേട്ടനും മറ്റും കേസ് കൊടുത്തു. ആദ്യം അനുകൂല വിധി വന്നു, പക്ഷേ നായർ സർവ്വീസ് സൊസൈറ്റി ഈ വിധിക്കെതിരെ സ്റ്റേ വാങ്ങിച്ചു. കേസ് നടക്കുന്നു.


ദളിത് വിദ്യാർത്ഥി സംഘടനകൾക്ക് നേരെ എസ്.എഫ്.ഐ.യും മറ്റ് വിദ്യാർത്ഥി സംഘടനകളും നടത്തുന്ന അക്രമങ്ങൾ, അവർക്ക് പ്രവർത്തിക്കാനും മൽസരിക്കാനും സ്ഥലം കൊടുക്കാനുള്ള മടി - ജനാധിപത്യമില്ലായ്മ, ഇതൊക്കെ എത്രയോ നാളായിട്ടുണ്ട്.

പീപ്പിൾ എഗെയ്ൻസ്റ്റ് ഫാസിസത്തിൽ കൂടെയുള്ള എക്സ് എസ്.എഫ്.ഐ / കമ്യൂണിസ്റ്റ് ചേട്ടന്മാർ - നാളെ കേരളത്തിലെ കോളെജുകളിലും അംബദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ വരുമ്പോൾ അനിയന്മാരോട് - അവരെ തല്ലാൻ നടക്കരുത്, അവരുടെ ഇടം നിഷേധിക്കരുത് എന്ന് പറയണം. അത്രയുമെങ്കിലും ചെയ്യാൻ പറ്റണം.


ഇങ്ങനെ ഇൻസ്റ്റിറ്റ്യൂഷണലായി ഒരുപാട് വയലൻസ് കേരളത്തിൽ തന്നെ നടക്കുന്നുണ്ട്. ദളിതർക്ക് അവസരങ്ങൾ നിരന്തരം നിഷേധിക്കപ്പെടുന്നുണ്ട്. ഇതൊന്നും ഞാൻ പറയുന്നതല്ല, ദളിത് സമുദായത്തിൽ നിന്നുള്ള ചിന്തകർ തന്നെ പറയുന്നതാണു. അവർ പറയുന്നത് കേൾക്കുന്നതു തന്നെ ഇപ്പൊഴത്തെ പ്രതിഷേധങ്ങളെക്കാളും പ്രധാനമാണു എന്ന് ഞാൻ കരുതുന്നു.
നാളത്തെ പ്രതിഷേധത്തിന്റെ വില കുറക്കാനല്ല ഇത് എഴുതിയത്. ഒരു കൂട്ടിച്ചേർക്കലായി കരുതിയാൽ മതി.


സമരങ്ങൾ നടക്കട്ടെ, അഭിവാദ്യങ്ങൾ..

Loading Conversation