#

ഫ്രാൻസിസ് നസ്രേത്ത്
കൊത്തുനേരം : Aug 27, 2016

പങ്കു വെയ്ക്കൂ !

#

ജനാധിപത്യവും സാമൂഹികനീതിയും മഹാത്മാ അയ്യങ്കാളിയുടെ ദാർശനികതയും :കൊല്ലം പീരങ്കിമൈതാനത്തിനടുത്താണു എന്റെ വീട്. കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് ബസ്സിൽ പോകുമ്പോൾ നിങ്ങൾക്ക് ഈ മൈതാനം ഇപ്പൊഴും കാണാം. ഇവിടെയാണു മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ വെച്ച് ദളിത് സ്ത്രീകൾ കല്ലുമാല അറുത്തുകളഞ്ഞത്. അന്ന് അവർ അറുത്തുകളഞ്ഞ കല്ലുമാലകൾ ഒരു മലപോലെ കൂമ്പാരമായി കിടന്നു എന്ന് ചരിത്രം.

അയ്യങ്കാളിയുടെ ദാർശനികതയെപ്പറ്റി പറയുമ്പോൾ നാലു കാര്യങ്ങളാണു പ്രധാനമായും പറയാനുള്ളത്.

  • 1) മനുഷ്യാവകാശം
  • 2) വിദ്യാഭ്യാസം
  • 3) ഭൂമി
  • 4) അധികാരം


1) മനുഷ്യാവകാശം

വില്ലുവണ്ടി സമരമുൾപ്പെടെ മഹാത്മാ അയ്യങ്കാളിയുടെ മനുഷ്യാവകാശ സമരങ്ങളെപ്പറ്റി, വഴിനടക്കാനും ചന്തയിൽ കയറാനും വസ്ത്രം ധരിക്കാനും ഉള്ള സമരങ്ങളെപ്പറ്റി പലരും പറഞ്ഞു. ദളിത-വിദ്യാർത്ഥികളെ പഠിക്കാൻ സമ്മതിക്കില്ലെങ്കിൽ ഈ നെൽപാടങ്ങളിലെല്ലാം മുട്ടിപ്പുല്ലു വിളയിക്കും എന്ന് പ്രഖ്യാപിച്ച് മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന നെൽവയൽ സമരത്തിനു മറ്റൊരു കാരണം കൂടിയുണ്ട്. തിരുവനന്തപുരത്ത് ഊരുട്ടമ്പലം എന്ന സ്ഥലത്ത് ചന്തയിൽ കയറിയതിനു രണ്ട് പറയരെ തല്ലിയതായിരുന്നു സമരം തുടങ്ങാൻ പെട്ടെന്നുള്ള പ്രകോപനം. അയ്യങ്കാളിയെ ഗാന്ധി ഉൾപ്പെടെ പലരും വിളിച്ചത് പുലയരാജാവ് എന്നാണു. പക്ഷേ അയ്യങ്കാളി സാധുജന പരിപാലന യോഗം തുടങ്ങിയപ്പോൾ അത് പുലയരെ മാത്രമല്ല, പറയരെയും മറ്റ് എല്ലാ ദളിത് വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു.

സാധുജന പരിപാലനയോഗത്തിനു ഏതാനും വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ എസ്.എൻ.ഡി.പി. ഈഴവർക്ക് മാത്രമുള്ള ഒരു ജാതി സംഘടനയായി നിന്നപ്പോൾ സാധുജന പരിപാലനയോഗം വിവിധ ജാതികളെ ഉൾക്കൊള്ളിച്ച ഒരു വർഗ്ഗ സംഘടനയായിരുന്നു.

മഹാത്മാ അയ്യങ്കാളിയുടെ ആദ്യകാല സമരങ്ങളെ കലാപങ്ങളായിട്ടാണു പലരും രേഖപ്പെടുത്തുന്നത്. വെങ്ങാനൂരിൽ മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ ഒരു സമാന്തര കോടതിയും നടന്നിരുന്നു. എന്നാൽ അന്നത്തെ കഠിനമായ ജാതിവ്യവസ്ഥയുടെ കാലത്ത് അതൊക്കെ ആവശ്യമായിരുന്നു. ഉദാഹരണത്തിനു ദളിതർക്ക് കോടതിയിൽ കയറാൻ അവകാശമില്ല, കോടതി വളപ്പിൽ നിന്നും ദൂരെ മാറിനിന്ന് ഉറക്കെ വിളിച്ചുകൂവി വേണം ദളിതർ പരാതികൾ പറയാൻ. ഗുമസ്തൻ കേട്ടാലായി. കേൾക്കുന്നത് തെറ്റിയാലും ഗുമസ്തനു തോന്നുന്നത് കോടതിയിൽ ഉന്നയിക്കും. വിധി തിരിച്ച് വിളിച്ചുകൂവിപ്പറയും. പിന്നീട് കോടതിപിരിഞ്ഞ് വക്കീലന്മാർ ആലുംചുവട്ടിൽ ഇരിക്കുമ്പോൾ ആവലാതികൾ മാറിനിന്ന് ഉണർത്തിക്കാം എന്ന നിലയായി. ഇങ്ങനെ ഒരു അവസ്ഥയിലാണു മഹാത്മാ അയ്യങ്കാളി സമാന്തര കോടതി നടത്തിയത്. അതുപോലെ വിദ്യാഭ്യാസ അവകാശം നിഷേധിച്ചാൽ നെൽവയലുകളിൽ പണിക്കിറങ്ങില്ല എന്ന് ആഹ്വാനം ചെയ്ത് ഒരു വർഷത്തോളം സമരം ചെയ്തപ്പോൾ ദിവാൻ പോലീസിനെയും പട്ടാളത്തിനെയും ഇറക്കി ദളിതരെ അടിച്ചമർത്താൻ നോക്കിയില്ല. സവർണ്ണ-അവർണ്ണ ജാതികൾക്കിടയിൽ സംഘർഷത്തിലൂടെത്തന്നെ ഇങ്ങനെ ഒരു കലങ്ങിത്തെളിയൽ ആവശ്യമാണു എന്നായിരിക്കണം ദിവാൻ വിചാരിച്ചത്. അതേസമയം പിന്നീട് ശ്രീമൂലം പ്രജാസഭയിൽ ദീർഘകാലം മെംബറായിരുന്ന് ആവശ്യങ്ങൾ നേടിയെടുത്ത ചരിത്രമാണു മഹാത്മാ അയ്യങ്കാളിക്കുള്ളത്.

2) വിദ്യാഭ്യാസം

മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള സമരത്തെപ്പറ്റി - പഞ്ചമിയുടെ സ്കൂൾ പ്രവേശനവും സ്കൂൾ പ്രവേശനത്തിനു വേണ്ടി നടന്ന സമരങ്ങളെപ്പറ്റിയും മറ്റും - മുൻപ് സംസാരിച്ച പലരും പറഞ്ഞു. 1937-ൽ ഗാന്ധി മഹാത്മാ അയ്യങ്കാളിയെ കാണാൻ വന്നപ്പോൾ എന്റെ വർഗ്ഗത്തിൽ നിന്നും പത്ത് ബി.എ.ക്കാരെ കണ്ടിട്ട് മരിക്കണം എന്നാണു അയ്യങ്കാളി പറഞ്ഞത്. സാമൂഹിക കീഴാളത്വത്തിൽ നിന്നും കരകയറാനുള്ള വഴി വിദ്യാഭ്യാസമാണെന്ന് മഹാത്മാ അയ്യങ്കാളിക്ക് തീർച്ചയുണ്ടായിരുന്നു. ദളിതരിൽ പഠിക്കാൻ മിടുക്കരായ ചിലരെ സംസ്ഥാനത്തിനു പുറത്തേക്കയച്ച് ഉപരിപഠനം നടത്താൻ ധനസഹായത്തിനു മഹാത്മാ അയ്യങ്കാളി രാമകൃഷ്ണപിള്ളയ്ക്കും മറ്റും കത്തയച്ചിട്ടുണ്ട്.

3) ഭൂമി

മഹാത്മാ അയ്യങ്കാളി 1912 മുതൽ തുടർച്ചയായി 22 വർഷത്തോളം അന്നത്തെ തിരുവിതാംകൂർ പാർലമെന്റായ ശ്രീമൂലം പ്രജാസഭയിൽ മെംബറായിരുന്നു. മഹാത്മാ അയ്യങ്കാളി ആദ്യ പ്രജാസഭാ സമ്മേളനം മുതൽക്കേ തുടർച്ചയായി ഉന്നയിച്ചുകൊണ്ടിരുന്ന ഒരു കാര്യം ദളിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനെപ്പറ്റിയാണു. തിരുവനന്തപുരത്ത് വിളപ്പിൽ പുത്തൻവളപ്പിൽ 500 ഏക്കർ സ്ഥലം പുറമ്പോക്കായി കിടക്കുന്നു, ഇത് ദളിതർക്ക് പതിച്ചുനൽകണം എന്ന് ആവശ്യപ്പെട്ടു. സർക്കാർ ഈ ആവശ്യം അംഗീകരിച്ചെങ്കിലും മറ്റ് ജാതിക്കാർ ഈ സ്ഥലം കയ്യേറി. ഇതുപോലെ മറ്റൊരിടത്ത് 300 ഏക്കർ പുറമ്പോക്ക് സ്ഥലം ദളിതർക്ക് പതിച്ചുനൽകണം എന്നും മഹാത്മാ അയ്യങ്കാളി ആവശ്യപ്പെട്ടു. ഒടുവിൽ മഹാത്മാ അയ്യങ്കാളിയുടെ ആവശ്യഫലമായി ചങ്ങനാശ്ശേരിയിൽ 500 ഏക്കർ പതിച്ചുനൽകി. ഇങ്ങനെ ഭൂമിക്കു വേണ്ടിയുള്ള നിരന്തരമായ ആവശ്യങ്ങൾ മഹാത്മാ അയ്യങ്കാളിയുടെ ശ്രീമൂലം പ്രജാസഭയിലെ പ്രസംഗങ്ങളിൽ കാണാം.

4) അധികാരം

രണ്ട് ചെറിയ കഥകൾ പറയട്ടെ. ഒന്നാമത്തേത് എന്റെ ഒരു കൂട്ടുകാരന്റെ കാര്യമാണു. പുള്ളി ജൈനമതക്കാരനാണു. ഗുജറാത്തി മാർവാഡി സമൂഹാംഗം. ഐ.ഐ.ടി.യിൽ നിന്നും എഞ്ജിനിയറിങ്ങ് ബിരുദവും ഐ.ഐ.എമ്മിൽ നിന്നു എം.ബി.എ.യും നേടിയ, നല്ല ശമ്പളമുള്ള ആൾ. പുള്ളി കല്യാണം കഴിക്കാൻ പെണ്ണന്വേഷിച്ചപ്പോൾ പുള്ളിക്ക് ആളുകൾ പെണ്ണു കൊടുക്കുന്നില്ല. കാര്യം മാർവാഡികൾ ബിസിനസുകാരാണു. ഇയാൾ ശമ്പളം മേടിച്ച് ജോലിചെയ്യുന്ന ആൾ. പുള്ളി പോരാ എന്നാണു ബിസിനസുകാർക്ക്. മാർവാഡികൾ ബിസിനസിൽ ഇത്ര വിജയകരമാകുന്നത് എങ്ങനെയാണു എന്ന് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് ഇതാണു.

ഒരു ചെറുപ്പക്കാരൻ പഠിത്തമൊക്കെ കഴിഞ്ഞ് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. ഉദാഹരണത്തിനു ഇവനു ഒരു ഇലക്ട്രിക്കൽ കട തുടങ്ങണം. ഈ ചെറുപ്പക്കാരൻ ആദ്യമേ ഇവരുടെ കൂട്ടത്തിലെ ഒന്നോ രണ്ടോ തലമുതിർന്ന ആൾക്കാരെപ്പോയി കാണും. ചാച്ചാ, ഞാനൊരു ഇലക്ട്രിക്കൽ കട തുടങ്ങാൻ ആഗ്രഹിക്കുന്നു, ആശീർവദിക്കണം എന്നു പറയും. അപ്പോൾ ഈ തലമുതിർന്നയാൾ - മോനെ, നല്ലകാര്യം, നിനക്കു ഇലക്ട്രിക്കൽ ബൾബ് വാങ്ങണമെങ്കിൽ എ. എന്ന ആളുടെ കയ്യിൽ നിന്നും വാങ്ങിയാൽ മതി. ഞാൻ പറഞ്ഞിട്ടാണെന്നു പറഞ്ഞാൽ അവൻ നിനക്ക് 20% ഡിസ്കൗണ്ട് തരും. നിനക്ക് ഇലക്ട്രിക്കൽ കേബിൾ വാങ്ങണമെങ്കിൽ ബി. എന്ന ആളുടെ പക്കൽ നിന്നും വാങ്ങിയാൽ മതി. ഞാൻ പറഞ്ഞുവിട്ടതാണെന്ന് പറഞ്ഞാൽ അയാൾ നിനക്ക് 15% ഡിസ്കൗണ്ട് തരും, ഇങ്ങനെ പറഞ്ഞുകൊടുക്കും. ഈ ചെറുപ്പക്കാരൻ ശുപാർശയുമായി ചെല്ലുന്ന സ്ഥലങ്ങളിൽ നിന്നും അയാൾക്ക് നല്ല ഡിസ്കൗണ്ട് കിട്ടുകയും ബിസിനസ് വിജയിക്കുകയും ചെയ്യും.

നാളെ മറ്റൊരു ചെറുപ്പക്കാരൻ ചാച്ചാ, ഞാനൊരു കൺസ്ട്രക്ഷൻ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാൽ - മോനേ, നീ ആ ചെറുപ്പക്കാരന്റെ ഇലക്ട്രിക്കൽ കടയിൽ നിന്നും ഇലക്ട്രിക്കൽ സാധനങ്ങൾ വാങ്ങിയാൽ മതി, ഞാൻ പറഞ്ഞുവിട്ടതാണെന്ന് പറഞ്ഞാൽ അയാൾ നിനക്ക് 20% ഡിസ്കൗണ്ട് തരും എന്ന് ഉപദേശം കൊടുക്കും. പുതുതായി കൺസ്ട്രക്ഷൻ ബിസിനസ് തുടങ്ങുന്ന ചെറുപ്പക്കാരൻ ആദ്യം ഇലക്ട്രിക്കൽ കട തുടങ്ങിയ ആളുടെ അടുത്ത് ചെല്ലുമ്പോൾ ഉറപ്പായും അയാൾക്ക് ഡിസ്കൗണ്ട് കിട്ടും, കാര്യം ആ ചാച്ചയോടുള്ള കടം അങ്ങനെ കിടക്കുകയാണു.

ഇങ്ങനെ ഒരുമിച്ചു നിന്നാണു എണ്ണത്തിൽ തൂലോം കുറവായിട്ടുപോലും മാർവാഡികൾ ഇത്ര വിജയകരമായ ബിസിനസുകാരായത്.

രണ്ടാമത് ഒരു കഥയും കൂടെ പറയാം. അല്പം രസമുള്ള കഥയാണു. മഹാത്മാ അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ എത്തിയപ്പോൾ ദിവാനോടു ആദ്യം ആവശ്യപ്പെട്ടതും പിന്നീട് നിരന്തരം ആവശ്യപ്പെട്ടതും പുലയരെ പ്രതിനിധീകരിച്ച് ആറുലക്ഷം പേർക്ക് ഒരാൾ പോരാ, ഓരോ ലക്ഷത്തിനും ഒരാൾ വീതം ആറുലക്ഷം പേരെ പ്രതിനിധീകരിക്കാൻ ആറുപേർ വേണം എന്നായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ദിവാൻ (രാജഗോപാലാചാരി) മഹാത്മാ അയ്യങ്കാളിയോട് പ്രജാസഭയിലേക്ക് ദളിതരുടെ പ്രതിനിധിയായി ഒരാളെക്കൂടെ നിർദ്ദേശിക്കാൻ പറഞ്ഞു. അപ്പോൾ അയ്യങ്കാളി ഒരു ദളിത് ക്രിസ്ത്യാനിയായ വെള്ളിക്കര മത്തായി എന്ന ആളെ നിർദ്ദേശിച്ചു. വെള്ളിക്കര മത്തായിയുടെ മാതാപിതാക്കൾ പുലയരിൽ നിന്നും മതം മാറി ക്രിസ്ത്യാനികളായതാണു. ദിവാൻ പറഞ്ഞത് ക്രിസ്ത്യാനികളെ പ്രതിനിധീകരിച്ച് ഇപ്പോൾത്തന്നെ ആളുകളുണ്ട്, ഇനിയും ക്രിസ്ത്യാനികളുടെ പ്രതിനിധിയായി ഒരാളെക്കൂടെ പറ്റില്ലെന്നായിരുന്നു. ഇതറിഞ്ഞ വെള്ളിക്കര മത്തായി മഹാത്മാ അയ്യങ്കാളിയോട് പറഞ്ഞത് അതിനെന്താ, ഞാൻ മതം മാറാം എന്നാണു. അങ്ങനെ വെള്ളിക്കര മത്തായി മതം മാറി വെള്ളിക്കര ചോതിയായി. ശ്രീമൂലം പ്രജാസഭയിൽ അംഗമായി.

അന്നത്തെ ജാതിവ്യവസ്ഥയുടെ ഇടയിലും ദളിതരെ നിയമിക്കാവുന്ന സർക്കാർ വകുപ്പുകൾ മഹാത്മാ അയ്യങ്കാളി സർക്കാരിനു ചൂണ്ടിക്കാട്ടിക്കൊടുത്തു. ഇവിടങ്ങളിൽ ദളിതരെ സർക്കാരുദ്യോഗത്തിൽ നിയമിക്കണം എന്ന് ആവശ്യപ്പെട്ടു. ചില വകുപ്പുകളിൽ ജോലിചെയ്യുന്ന ദളിതരായ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടു. ഇങ്ങനെ നിരന്തരമായി രാഷ്ട്രീയാധികാരത്തിനായും നിയമസഭാ പ്രാതിനിധ്യത്തിനായും മഹാത്മാ അയ്യങ്കാളി വാദിച്ചിരുന്നു. ഒരു സമയത്ത് എസ്.എൻ.ഡി.പി. കഴിഞ്ഞാൽ തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ ശാഖകളുള്ളത് സാധുജന പരിപാലന യോഗത്തിനായിരുന്നു.

ഇവിടെ നിന്നും മഹാത്മാ അയ്യങ്കാളിയുടെ ജീവിതകാലത്തുതന്നെ സാധുജന പരിപാലന യോഗവും ദളിതരുടെ ഐക്യവും തകർന്നു. ഓരോരോ ജാതികളും ഉപജാതികളും അവരവരുടെ സംഘടനകളുണ്ടാക്കി. ഉദാഹരണത്തിനു പാമ്പാടി ജോൺ ജോസഫ് വലിയൊരു സംഘം പുലയരുമായി ചേരമർ സഭ ഉണ്ടാക്കി. പിന്നീട് ചേരമർ സഭ തന്നെ ക്രിസ്ത്യൻ ചേരമർ സഭയും ഹിന്ദു ചേരമർ സഭയുമായി പിരിഞ്ഞു. ഇങ്ങനെ ഐക്യം നഷ്ടപ്പെട്ടത് രാഷ്ട്രീയ അധികാര നഷ്ടത്തിനു ഒരു കാരണമാണു.

കുറച്ചുനാൾ മുൻപ് ദളിത് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടുകാരനോട് - നിയമസഭയിലേക്ക് 12 ദളിത് പ്രതിനിധികളും 2 ആദിവാസി പ്രതിനിധികളും ജയിച്ചു, ഈ 14 പേരെയും വിളിച്ചുകൂട്ടി നമുക്കൊരു സ്വീകരണം കൊടുത്തുകൂടേ, ആവശ്യങ്ങളൊന്നും മുന്നോട്ട് വെക്കണ്ട, പക്ഷേ ദളിതരായതുകൊണ്ടാണു അവർക്ക് മൽസരിക്കാൻ സീറ്റ് കിട്ടിയത് എന്നും അവർ ദളിതരുടെ പ്രതിനിധികളാണെന്നും അവർക്ക് ഓർമ്മവരാൻ ഇങ്ങനെ ഒരു സ്വീകരണം സഹായിക്കില്ലേ എന്ന് ചോദിച്ചു. സുഹൃത്തിന്റെ മറുപടി അത് നടക്കില്ല, അങ്ങനെ മുൻപെയും വിളിച്ചിട്ടുണ്ട്, അവരാരും വരില്ല, അവരുടെ രാഷ്ട്രീയ പാർട്ടികൾ സമ്മതിക്കില്ല എന്നായിരുന്നു.

ഇപ്പോൾ ഫെയ്സ്ബുക്കിലെ കൂട്ടായ്മയായ ദളിത് ഓൺലൈൻ മൂവ്മെന്റിൽ തന്നെ രാഷ്ട്രീയത്തിന്റെ പേരിൽ തമ്മിൽത്തല്ല് നടക്കുന്നു. ദളിത് സംഘി, ദളിത് കമ്യൂണിസ്റ്റുകാരൻ, ഇങ്ങനെ പല ലേബലുകളാണു. വിദ്യാഭ്യാസത്തിന്റെയും അധികാരത്തിന്റെയും ഭൂമിയുടെയും കാര്യത്തിൽ ദളിതർക്ക് പൊതുവിൽ നേരിടുന്ന വിവേചനം തന്നെ ഒരുമിച്ച് നിൽക്കാനുള്ള കാരണങ്ങളാണു. എന്നിട്ടും ഒരുമിച്ച് നിൽക്കാൻ പറ്റുന്നില്ല.

എനിക്ക് വലിയ മതവിശ്വാസമൊന്നും ഇല്ല എന്ന് കണ്ടപ്പോൾ എന്റെ അച്ഛൻ എന്നോട് പറഞ്ഞത് ദൈവത്തിലുള്ള മതവിശ്വാസം കുറഞ്ഞാലും ക്രിസ്തുവിന്റെ ദർശനങ്ങൾ മറക്കരുത് എന്നാണു. സ്നേഹമാണു ക്രിസ്തുവിന്റെ ദർശനം എന്നും. ഒരാളുടെ ദർശനങ്ങൾക്ക് തുടർച്ചകൾ ഇല്ലെങ്കിൽ ദാർശനികതയ്ക്ക് - ദർശനങ്ങൾക്ക് വിലയില്ലാതാവും.കക്ഷിരാഷ്ട്രീയത്തിനും ജാതിക്കും മറ്റും ഉപരിയായി ദളിതർക്ക് ഒരുമിച്ച് നിൽക്കാൻ പറ്റിയില്ലെങ്കിൽ മഹാത്മാ അയ്യങ്കാളിയുടെ ദർശനങ്ങൾക്ക് വിലയില്ലാതാവും.

നന്ദി.

Loading Conversation