#

സണ്ണി എം കപിക്കാട്
ചിന്തകൻ, പ്രഭാഷകൻ

കൊത്തുനേരം : Jan 01, 2016

പങ്കു വെയ്ക്കൂ !

വേർപെടുക്കപെട്ടവരും വിദ്യാഭ്യാസവും


എന്ഹാൻസ്ട് വിദ്യഭ്യാസ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സണ്ണി എം കപിക്കാട് സർ ചെയ്ത പ്രസംഗത്തിന്റെ എഴുത്ത് രൂപം.

കടപ്പാട് : - ഫ്രാൻസിസ് നസ്രേത്ത്

എനിക്കു മുൻപ് പലരും കൊങ്ങപ്പാടം പദ്ധതിയുടെ വിജയത്തെക്കുറിച്ചും, ഈ പ്രോജക്റ്റിന്റെ സാദ്ധ്യതയെക്കുറിച്ചും ദീർഘമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കൊങ്ങപ്പാടം പദ്ധതി - ഇതുപോലൊരു സംരംഭം ഇവിടെ നടക്കുന്നുണ്ട് എന്നത് ഞാൻ അറിഞ്ഞിട്ടില്ല എന്നത് എന്റെ കുറവായിട്ടാണു ഞാൻ മനസിലാക്കുന്നത്. എന്നെപ്പോലെ സാമൂഹിക രംഗത്ത് നിൽക്കുന്നൊരാൾ, പ്രത്യേകിച്ചും ദളിത് ആദിവാസി മേഖലകളിൽ പ്രവർത്തിക്കുന്നൊരാൾ, അറിയേണ്ടതായിരുന്നു കേരളത്തിൽ ഇങ്ങനൊരു കാര്യം നടക്കുന്നുണ്ട് എന്നത്. ഇത് ഇതിനുമുൻപ് ഞാൻ അറിഞ്ഞില്ല എന്നത് തീർച്ചയായും നമ്മുടെ സമൂഹത്തിന്റെ തന്നെ ഒരു പ്രശ്നമായാണു ഞാൻ മനസിലാക്കുന്നത്. അത്തരം ഒരു പ്രശ്നത്തെ മറികടക്കുന്ന, അതായത് പരസ്പരം അറിയാതെ പോകുന്ന ഒരു കാര്യത്തെ; നിർണ്ണായകമായ ഒരു കാര്യത്തെ, മറികടക്കുന്ന ഒരു വലിയൊരു പദ്ധതിക്കാണു യഥാർത്ഥത്തിൽ കൊങ്ങപ്പാടത്ത് തുടക്കം കുറിച്ചിരിക്കുന്നത് എന്ന് ഞാൻ മനസിലാക്കുന്നു.

ഇന്നലെ ഞാൻ അതിപ്രശസ്തരായ മൂന്നുനാലു അദ്ധ്യാപകരോടൊപ്പമാണു ഒരു സമ്മേളനത്തിൽ പങ്കെടുത്തത്. അതിപ്രശസ്തർ എന്നു പറഞ്ഞാൽ ലോകപ്രസിദ്ധരായിട്ടുള്ള, ദിലീപ് മേനോൻ അടക്കമുള്ള, ഡോക്ടർ ദിലീപ് മേനോൻ, ഡോക്ടർ സനൽ മോഹൻ, ഡോക്ടർ അൻസാരി, തുടങ്ങിയ ആൾക്കാരുടെ കൂടെ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ ഇടയായി. സമ്മേളനത്തിനു ശേഷം ഞങ്ങൾ ഇങ്ങനെ സൗഹൃദസംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഞാൻ പറഞ്ഞത് എനിക്കു വൈകിട്ടുതന്നെ പോകേണ്ടതുണ്ട്, നാളെ എനിക്കൊരു പ്രധാനപ്പെട്ട പരിപാടിയുണ്ടെന്നാണു. എന്താണു പരിപാടി?

അപ്പോൾ ഞാനവരോടു വിശദീകരിച്ചു, disconnected ആയ കുട്ടികൾക്ക് - ഈ disconnected എന്ന വാക്കു പറഞ്ഞപ്പോൾത്തന്നെ ഈ പണ്ഢിതന്മാർ വളരെപ്പെട്ടെന്ന് respond ചെയ്യുകയും, എന്താണു disconnected, അതിന്റെ അർത്ഥമെന്താണു, നിങ്ങളെന്താണു അതുകൊണ്ട് ഉദ്ദേശിക്കുന്നത്, എന്ന് അവരെന്നോടു തിരിച്ചു ചോദിച്ചപ്പോൾ ആദ്യമെനിക്ക്, സജിത്തിനെക്കുറിച്ച് വലിയൊരു അഭിമാനബോധമാണു തോന്നിയത്. അത് ആ വാക്കുതന്നെ മനുഷ്യനെ ഒരു ജിജ്ഞാസയിലേക്ക് നയിക്കുന്നുണ്ട് എന്നുള്ളതാണു. ഈ പ്രോജക്റ്റിലെ പ്രധാനപ്പെട്ടൊരു വാക്കാണു. disconnected students. ആ വാക്കുതന്നെ, കേൾക്കുന്നവനെ പെട്ടെന്ന് ഇതെന്താണു എന്നൊരു ചോദ്യത്തിലേക്ക് കൊണ്ടുവരുന്നുണ്ട് എന്നുള്ളതാണു അതിന്റെ പ്രാധാന്യം.അപ്പോൾ ഞാനൊരു മറുപടി വളരെ ഇതായിട്ടു പറഞ്ഞു. വിദ്യാഭ്യാസത്തിൽ നിന്നും വിട്ടുപോകേണ്ടിവരുന്ന കുട്ടികൾക്ക്, ഗ്ലോബൽ മാർക്കറ്റിൽ സ്ഥാനം മേടിച്ചുകൊടുക്കുക എന്നുള്ളതാണു പ്രോജക്റ്റിന്റെ ഒരു ലക്ഷ്യം.
അപ്പോൾ ഇത് കേട്ടുനിന്ന, ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിനി ഇതിന്റെ വിശദാംശങ്ങൾ ചോദിക്കുകയും - അവർ കോട്ടയം കാരിയാണു - അവരുടെ അടുത്തുള്ള കോളനിയിലെ സ്ഥിതി അവർ പറയുകയും, ഈ പ്രോജക്ടുമായിട്ട് സഹകരിക്കാം എന്ന നിലക്ക് സംസാരിക്കുകയും ചെയ്തു. ഞാൻ പറയുന്ന കാര്യം നമ്മൾ ഒട്ടനവധി മനുഷ്യരോട് ഒട്ടനവധി കാര്യങ്ങൾ പറഞ്ഞുനടക്കുന്ന ഒരാളാണു ഞാൻ. ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് മനുഷ്യരോടു സംസാരിക്കുമ്പോഴെല്ലാം, വളരെ പോസിറ്റീവായൊരു എനെർജി കേൾവിക്കാരനിൽ വളരെപ്പെട്ടെന്ന് ഉണ്ടാവുകയും, അത് കൊള്ളാമല്ലോ, അത് ചെയ്യാവുന്നതാണല്ലോ എന്നൊരു തോന്നൽ, അവരിലുണ്ടാവുന്നത് ഞാൻ വളരെ കൃത്യമായി മനസിലാക്കിയിട്ടുണ്ട്, റീഡ് ചെയ്തിട്ടുണ്ട്. അതിന്റെ അർത്ഥം ഞാൻ മനസിലാക്കുന്നത്, ഈ പ്രോജക്റ്റ്, ഈ ഒരു വിദ്യാഭ്യാസ പദ്ധതിക്ക്, എന്തൊക്കെയോ വലിയ പ്രാധാന്യങ്ങളുണ്ട്, ഇമ്മിനന്റ് ആയ, ഒരുപക്ഷേ നമ്മൾ പോലുമറിയാത്ത, മഹത്തായ എന്തോ ഒരു പ്രാധാന്യമുണ്ട് എന്നുള്ളതാണു ഞാൻ അതിൽ നിന്നും മനസിലാക്കുന്ന ഒരു കാര്യം. ആദ്യത്തെ, എനിക്കീ പ്രോജക്റ്റുമായി ബന്ധപ്പെട്ട് എനിക്ക് തോന്നിയ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം, പ്രത്യേകിച്ച്, കേരളത്തിലെ മുഴുവൻ ഡിസ്കണക്റ്റഡ് വിദ്യാർത്ഥികൾക്കും വേണ്ടിത്തന്നെയാണു ഈ പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്.

ജാതി മത ഭേദമന്യേ വിദ്യാഭ്യാസത്തിനു ആക്സസ് ഇല്ലാത്ത മുഴുവൻ കുട്ടികൾക്കും സഹായകമായ ഒരു പ്രോജക്ടാണു സുജിത്തിന്റെതായിട്ട് ഈ പുറത്തുവന്നിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായി എനിക്കു തോന്നുന്നത് നമ്മുടെ സമുദായത്തിന്റെ, പ്രത്യേകിച്ച് ദളിത് സമുദായത്തിന്റെ, ആദിവാസി സമുദായത്തിന്റെ ഇടയിൽ നടക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ, സാംസ്കാരിക പ്രവർത്തനങ്ങളുടെ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ, സാമ്പത്തിക പ്രവർത്തനങ്ങളുടെ, പ്രധാനപ്പെട്ട ഒരു പരിമിതി, അതൊട്ടും measurable അല്ല എന്നുള്ളതാണു. അതളന്നു നോക്കാൻ പറ്റില്ല. നമ്മൾ ചെയ്യുന്നതിനു എന്താണു അതിന്റെ റിസൾട്ട് എന്നത് - it is not visible. അത് കാണാൻ പറ്റില്ല. അളാക്കാൻ പറ്റില്ല. റിസൾട്ട് എന്തെങ്കിലും ഉണ്ടായി എന്നത് നമുക്ക് അറിയാൻ പറ്റില്ല. സ്വന്തം പ്രവർത്തിയുടെ റിസൾട്ട് നമുക്ക് അളന്നെടുക്കാൻ കഴിയാതിരിക്കുക എന്നുപറഞ്ഞാൽ - ആ പ്രവൃത്തിയെ നമുക്ക് പുന:പരിശോധിക്കാൻ അവസരമില്ല എന്നർത്ഥം. അത് റിസൾട്ടുണ്ടാക്കിയിട്ടുണ്ടോ ഇല്ലയോ എന്നത്, നമുക്കത് അളന്നെടുക്കാൻ പറ്റുന്നില്ലെങ്കിൽ, ആ പ്രവൃത്തി നമുക്ക് പുന:പരിശോധിക്കാൻ പറ്റില്ല. അതുകൊണ്ട് പുന:പരിശോധന എന്ന പ്രക്രിയ നമ്മുടെ സാമൂഹിക ജീവിതത്തിൽ നമ്മൾ കണ്ടുവരുന്നില്ല. ദീർഘകാലമായി ആൾക്കാർ, ഞാനടക്കം പ്രവർത്തിക്കുന്നുണ്ട്. പുന:പരിശോധന നടക്കുന്നുണ്ടോ എന്നത് സംശയാസ്പദമാണു പലപ്പൊഴും. കാരണം, it is not measurable. ഞാൻ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം എന്ത് എന്നത് എനിക്കു മെഷർ ചെയ്യാൻ പറ്റുന്നില്ല എന്നത് എന്റെ പ്രവൃത്തിയുടെ സാധുതയെത്തന്നെ ചോദ്യം ചെയ്യുന്ന ഒരു കാര്യമാണു. എന്നുപറഞ്ഞ് എല്ലാ പ്രവൃത്തിയും മെഷർ ചെയ്ത് എടുക്കണമെന്നല്ല, ഒരു സാമൂഹിക ഇടപാടിൽ, അത് മനുഷ്യരുടെ ജീവിതത്തെ വെച്ചുള്ള കളിയാണു. നാടകമോ സിനിമയോ ഒന്നുമല്ല. മനുഷ്യന്റെ പച്ചയായ ജീവിതത്തെ വെച്ചുനടത്തുന്ന ഇടപാടാണു സാമൂഹിക പ്രവർത്തനം എന്നു പറയുന്നത്, വിദ്യാഭ്യാസ പ്രവർത്തനം എന്നു പറയുന്നത്. അത് മെഷറബിൾ ആക്കാൻ കഴിയുമെന്ന, വളരെ കൃത്യമായൊരു പദ്ധതിയാണു, ഈ കൊങ്ങപ്പാടം പ്രോജക്റ്റ് ഉള്ളത് എന്നതാണു ചരിത്രത്തിലെ വലിയൊരു ബ്രേക്ക് ആയി ഇത് മാറുന്നത്. നമ്മൾ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിന്റെതായ കാര്യങ്ങൾ ചെയ്താൽ, അത് എത്രമാത്രം ഫലപ്രദമായി എന്ന് അളന്നു തിട്ടപ്പെടുത്തിയെടുക്കാൻ കഴിയുന്നതിലൂടെ, എന്താണു അതിനു സംഭവിച്ച ഡ്രോബാക്ക് എന്ന് വളരെ കൃത്യമായി പിൻപോയിന്റ് ചെയ്യാനും അതിനെ പരിഹരിക്കാനും അങ്ങനെ നിരന്തരമായ ഒരു പ്രക്രിയയിലൂടെ ഒരു വലിയൊരു പദ്ധതിയിലേക്ക് ഇതിനു വികസിക്കാൻ കഴിയുമെന്നുള്ളതാണു, ഒറ്റനോട്ടത്തിൽ, ഒറ്റവായനയിൽ എനിക്ക് ഈ പ്രോജക്റ്റുമായി ബന്ധപ്പെട്ട് തോന്നിയ ഒരു പ്രധാനപ്പെട്ടൊരു കാര്യം.

#

രണ്ടാമതൊരു കാര്യം - കേരളത്തിലെ വിദ്യാഭ്യാസ ദർശനത്തെ - നമ്മുടെ വിദ്യാഭ്യാസത്തിനു പിന്നിൽ ഒരു ദർശനമുണ്ട്, ഒരു philosophy ഉണ്ട്, ഒരു pedagogy ഉണ്ട്. അതനുസരിച്ചിട്ട് കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികളും തുല്യരാണു, തുല്യരാണു എന്നൊരു സങ്കൽപ്പത്തിൽ നിന്നാണു കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സ്റ്റേറ്റ് ആരംഭിക്കുന്നത്. അതുകൊണ്ട് ഒരേപോലെ, എല്ലാ സ്ഥലത്തും വിദ്യ എത്തിക്കുക എന്നൊരു കാര്യമാണു സർക്കാർ ചെയ്യുന്നത്. എല്ലാസ്ഥലത്തും സ്കൂളുകളൊക്കെയുണ്ട്. ഒരേപോലെ വിദ്യ എല്ലാസ്ഥലത്തും എത്തിക്കുക. ഇത് റിസീവ് ചെയ്യുന്ന വിദ്യാർത്ഥിയുടെ സ്ഥിതി എന്ത് എന്ന കാര്യം പരിശോധിച്ച് അറിയാൻ പറയുന്നൊരു മെക്കാനിസം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇല്ല. ഇപ്പോൾ കേരളത്തിൽ നിലവിലുള്ളൊരു വിദ്യാഭ്യാസ സമ്പ്രദായത്തിലില്ല. അത് ജയിക്കുന്ന കുട്ടികളുടെ എണ്ണവും എണ്ണക്കുറവും ഒക്കെ വെച്ച് ചെയ്യുന്ന ഒരു മെക്കാനിസം മാത്രമാണു. അതിനപ്പുറം, ഈ വിദ്യാർത്ഥീകേന്ദ്രീകൃതമായ, വിദ്യാർത്ഥിയെ പ്രധാന സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട്, വിദ്യാർത്ഥിയുടെ കഴിവെന്ത്, കഴിവുകേടെന്ത് എന്നു കൃത്യമായി മനസിലാക്കിക്കൊണ്ട്, അവനാവശ്യമായ രീതിയിൽ അവന്റെ സ്കില്ലിനെ വളർത്തിയെടുക്കുന്ന, വളരെ സൂക്ഷ്മമായ ഒരു വിദ്യാഭ്യാസ ദർശനം, ഈ പദ്ധതിയുടെ പിന്നിൽ അടങ്ങിയിട്ടുണ്ട്. അതൊരുപക്ഷേ നാളെ വെളിപ്പെടുന്നൊരു കാര്യമായിരിക്കും. പക്ഷേ എനിക്ക്, വായിക്കുമ്പോൾ എനിക്കു ബോധ്യപ്പെടുന്നൊരു കാര്യം, വിദ്യാർത്ഥിയെ കേന്ദ്രീകരിച്ചും, അവന്റെ സ്കില്ലിനെ പരമാവധി വളർത്തിയെടുക്കാൻ കഴിയുന്ന വളരെ സൂക്ഷ്മമായ ഒരു ഇടപെടൽ ഈ പൊങ്ങപ്പാടം എന്നുപറയുന്ന പ്രാക്ടീസിൽ അടങ്ങിയിട്ടുണ്ട്. ഇത് കേരളത്തിലെ ഡിസ്കണക്റ്റഡ് വിദ്യാർത്ഥികൾക്ക് പൊതുവിലും, കേരളത്തിലെ ദളിത് ആദിവാസി സമുദായത്തിലെ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ചും, വളരെ ഫലപ്രദമായ ഒരു അപ്രോച്ചാണു.എന്തുകൊണ്ടെന്നാൽ, ഒരു കോളെജ് കാമ്പസിലേക്ക്, ഒരാൾ കടന്നുചെല്ലുമ്പോൾ - ഒത്തിരിപേർ ആ കാമ്പസിൽ പഠിക്കാനായിട്ട് ചെല്ലുന്നുണ്ട്. അവർ ഒരിക്കലും അവരുടെ കയ്യിലുള്ള കാപ്പിറ്റൽ - അവന്റെ വിദ്യാഭ്യാസത്തിന്റെ കാപ്പിറ്റൽ, അല്ലെങ്കിൽ അവന്റെ കുടുംബത്തിന്റെ കാപ്പിറ്റൽ, ഇങ്ങനെ ഈ കാപ്പിറ്റലിൽ ഒരിക്കലും ഇവർ തുല്യരല്ല. ഒരിക്കലും ഇവർ തുല്യരല്ല. വളരെ വ്യത്യസ്ഥതകളുള്ള ഒരു സ്പെയ്സിലേക്കാണു വിദ്യാർത്ഥികൾ കടന്നുചെല്ലുക. ഇപ്പൊ ഈ ആദിവാസി സമൂഹങ്ങളിൽ നിന്നും കുട്ടികളെന്തുകൊണ്ട് ഇടക്കാലത്ത് ഓടിപ്പോകുന്നു എന്നുള്ളൊരു ചോദ്യം - അത് കുട്ടികളുടെ കഴിവുകേടിന്റെ പ്രശ്നം മാത്രമല്ല, മറിച്ച് ആ പ്രത്യേകമായൊരു സ്ഥലത്ത് നിന്നുകൊണ്ട് സ്വന്തം കഴിവ് പ്രയോജനപ്പെടുത്തി യുദ്ധം ചെയ്ത് മറികടന്നു പോകാൻ കഴിയുന്ന യാതൊരുവിധ എക്വിപ്മെന്റും ആ വിദ്യാർത്ഥിയുടെ കയ്യിലില്ല എന്നുള്ളതാണു മർമ്മപ്രധാനമായൊരു കാര്യം. അത്തരമൊന്നിനെ വളരെ സൂക്ഷ്മമായി നമ്മുടെ കുട്ടികൾക്ക് കൊടുക്കുക എന്നു പറയുന്ന ആ സൂക്ഷ്മദർശനത്തിന്റെ - ആ സൂക്ഷ്മമായ ഒരിടപെടലിന്റെ പ്രാധാന്യം, ഒരുപക്ഷേ പുറത്തത്ര വിസിബിൾ ആയിരിക്കില്ല. കൊങ്ങപ്പാടം പോലൊരു സ്ഥലത്ത് മൂന്നുവർഷം ചെയ്ത ഈ ഒരു ചെറിയ പ്രവർത്തനത്തിന്റെ - ഇത്തരം വിഷനറിയായിട്ടുള്ള, ദാർശനികമായിട്ടുള്ള, വലിയൊരു മാനം ഇതിനുണ്ട് എന്നാ ഞാൻ പറഞ്ഞത്. ഇത്തരം സൂക്ഷ്മ ഇടപെടലിലൂടെ മാത്രമേ, യഥാർത്ഥത്തിൽ നമ്മുടെ കുട്ടികളെ നമ്മൾ എക്വിപ്ഡ് ആക്കൂ. എക്വിപ്ഡ് ആക്കിക്കഴിഞ്ഞാൽ ആ എക്വിപ്മെന്റ് കൊണ്ട് അവനൊരു യുദ്ധത്തിലേക്ക് പ്രവേശിക്കാൻ പറ്റുമെന്നുള്ളതാണു.


ഇതിന്റെ അടിസ്ഥാനപരമായൊരു ദർശനം, സാധാരണഗതിയിൽ നമ്മുടെ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള, വിദ്യാർത്ഥികളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള, നമ്മുടെ വിദ്യാർത്ഥികളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള ചർച്ചയിൽ, കടന്നുവരുന്നൊരു കാര്യം - ഇത് വളരെ ഒപ്രസീവ് ആയ, അടിച്ചമർത്തപ്പെടുന്നൊരു സ്ഥലമാണു, അവിടെ രക്ഷയില്ല, അതുകൊണ്ട് ഇതു മൊത്തം മാറണം, മാറിയാലേ രക്ഷപെടൂ എന്ന, ഒരുപക്ഷേ വിപ്ലവകരമെന്നൊക്കെ പറയാവുന്ന ചില വാഗ്വാദങ്ങളാണു ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും നമ്മൾ കേൾക്കുന്നത്. എന്നാൽ സജിത്ത് തയ്യാറാക്കിയ, അതിലേക്ക് അദ്ദേഹം പ്രാക്ടീസ് ചെയ്തുവരുന്ന, ഈ കാര്യത്തിന്റെ അടിസ്ഥാനപരമായ ഒരു ദർശനം എന്നു പറയുന്നത്, ഇപ്പോൾ, ഇവിടെ നിന്നുകൊണ്ട് നമുക്കു വിജയിക്കാൻ കഴിയുമെന്നുള്ള ഒരു പ്രഖ്യാപനമാണു. അത് കേരളത്തിലെ ദളിതരെയും ആദിവാസികളെയും സംബന്ധിച്ച് നിസ്സാരമായൊരു പ്രഖ്യാപനമല്ല. ഇവിടെ ഈ വിദ്യാഭ്യാസ മേഖല ശരിയാണോ തെറ്റാണോ എന്നൊന്നും നമ്മൾ പരിശോധിക്കുന്നില്ല. മറിച്ച് ഈ പുതിയ കാലത്ത്, പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിനകത്ത് നമ്മുടെ കുട്ടികളെ, എക്വിപ്മെന്റുള്ള പോരാളികളായി, ആ മേഖലയിലുറപ്പിക്കാൻ നമുക്ക് കഴിയും, എന്നുപറഞ്ഞാൽ within this space, ഇതേ സ്ഥലത്തുതന്നെ നമുക്ക് വിജയിക്കാൻ കഴിയുമെന്നുള്ള, മർമ്മപ്രധാനമായ ഒരു പ്രഖ്യാപനമാണു കൊങ്ങപ്പാടത്തിന്റെ ഒരു അനുഭവമെന്നു പറയുന്നത്. ഏതാണ്ടറുപത് വർഷത്തെ ചരിത്രത്തിനകത്ത് രണ്ടേരണ്ട് മെട്രിക്കുലേറ്റ്സ് മാത്രമുണ്ടായിരുന്ന ആ സ്ഥലത്ത് സജിത്തിന്റെ പദ്ധതിയുടെ ഇടപെടലിന്റെ ഭാഗമായി, ഇന്ന് സയൻസൊക്കെ പഠിക്കുന്ന എ+ ഒക്കെ കിട്ടാൻ ശേഷിയുള്ള ചെറിയൊരു വിദ്യാർത്ഥിസമൂഹം അവിടെ ഉയർന്നുവരുന്നുണ്ട്. അത് സൈസിൽ ചെറുതാണെങ്കിലും അതിന്റെ ക്വാളിറ്റിയിൽ കേരളത്തിനു മാതൃകയാണെന്നാണു ഞാൻ പറയുന്നത്. ഈ വിദ്യാഭ്യാസത്തിന്റെ - വിദ്യാർത്ഥി കടന്നുചെല്ലുമ്പോഴുള്ള സമ്മർദ്ദം നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വലിയൊരു പ്രശ്നമാണു.

ഈ കഴിഞ്ഞ വർഷം, ഈ വർഷം ജൂൺ ജുലൈ കാലങ്ങളിൽ, ഐ.ഐ.ടി - ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി എന്നു പറയുന്ന ഇന്ത്യയിലെ ഏറ്റവും ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണു. ഈ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന്, യോഗ്യതയില്ല, കഴിവില്ല എന്ന പേരിൽ എഴുപതോളം കുട്ടികളെ പുറത്താക്കി. ഈ എഴുപത് കുട്ടികളിൽ, ഏതാണ്ട് അറുപതുപേരും - അൻപത്തഞ്ച് പേർ പട്ടികജാതി പട്ടികവർഗ്ഗ കുട്ടികളായിരുന്നു. അതിനെക്കുറിച്ച് സൂക്ഷ്മമായി പഠിച്ച് ഒരു റിപ്പോർട്ട് പുറത്തുവന്നു. ഒരു അന്വേഷണക്കമ്മീഷൻ നടത്തി പഠിച്ചപ്പോൾ രണ്ടുമൂന്നു കാര്യങ്ങൾ അവർ കണ്ടെത്തി. ഒന്ന് ആ ഇൻസ്റ്റിറ്റ്യൂഷൻ തന്നെ മൊത്തത്തിൽ ഒരു പ്രശ്നമാണെന്ന് ഒരു കാര്യം കണ്ടെത്തിയതോടൊപ്പം ഈ കുട്ടികൾ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് ആ റിപ്പോർട്ടിൽ വിശദമായൊരു കാര്യം പറയുന്നുണ്ട്. അതിന്റെ ഒരു കാര്യമെന്തെന്നു വെച്ചാൽ ഈ റൂറൽ ഏരിയകളിൽ നിന്നാണു, ഗ്രാമീണ മേഖലകളിലെ സാധാരണ കുടുംബങ്ങളിൽ നിന്നാണു സ്വന്തം കഴിവുകൊണ്ടു മാത്രം എൻട്രൻസ് ഒക്കെ എഴുതി ജയിച്ചിട്ടാണു ഈ കുട്ടികൾക്ക് അവിടെ അഡ്മിഷൻ കിട്ടുന്നത്. അവിടെ ചെന്നുകഴിയുമ്പോൾ, ഇവർക്ക് യാതൊരു വിധത്തിലും പിടികിട്ടാത്ത ഇംഗ്ലീഷ് ലാങ്ങ്ഗ്വജിന്റെ വലിയൊരു വിർച്വൽ വേൾഡിലേക്കാണു അവർ പ്രവേശിക്കുന്നത്. ഒന്നും അവർക്ക് മനസിലാകുന്നില്ല. ഒരു കാര്യവും പിടികിട്ടുന്നില്ല. മാസങ്ങളെടുക്കും അധ്യാപകൻ പറയുന്നതെന്താണെന്ന് അറിയാൻ തന്നെ. ഈയൊരു lack, ഈ ഒരു ഗാപ്പ് എന്നു പറയുന്നത് വിദ്യാഭ്യാസത്തിലെ മർമ്മപ്രധാനമായ ഒരു കാര്യമാണു. ഈ ഗാപ്പ് അടക്കാമെന്നാണു സജിത്തിന്റെ ഈ പ്രോജക്റ്റ് പ്രഖ്യാപിക്കുന്നത്. ഈ ഗാപ്പാണു നമ്മൾ അടക്കേണ്ടത്. നമ്മുടെ വിദ്യാർത്ഥി ആത്മവിശ്വാസത്തോടേ കാമ്പസിലേക്ക് കടന്നുചെല്ലാൻ കഴിയുന്ന വിധം വിദ്യാർത്ഥിയെ പരുവപ്പെടുത്തിയെടുക്കുമ്പോൾ ഇത് കേവലം ഒരു വിദ്യാഭ്യാസ പ്രവർത്തനം അല്ലാതായി മാറുകയാണു. നമ്മുടെ വിദ്യാർത്ഥികൾക്ക് പൊതുവിൽ എന്താണോ ഇല്ലാത്തത്, കോൺഫിഡൻസ് എന്നു പറയാവുന്ന, എന്നുപറഞ്ഞാൽ അത് അവന്റെ അപകർഷതാബോധമൊന്നുമല്ല - അവനറിയില്ല. അറിയില്ല എന്നത് തന്നെയാണു അതിന്റെ പ്രശ്നം. അതായത് നാട്ടിൻപുറത്തെ സാധാരണ സ്കൂളിൽ പഠിച്ചുവരുന്ന ഒരു വിദ്യാർത്ഥിയും, നവോദയ സ്കൂളിൽ നിന്നും വരുന്ന ഒരു വിദ്യാർത്ഥിയും ഒരേ പരീക്ഷ എഴുതിയാൽ നാട്ടിൻപുറത്തെ അതിബുദ്ധിമാന്മാരായ കുറച്ച് കുട്ടികൾ ഒരുപക്ഷേ ജയിച്ചേക്കാം. പക്ഷേ ആവറേജ് വിദ്യാർത്ഥിക്ക് അവിടെ compete ചെയ്ത് നിൽക്കാൻ പറ്റില്ല. ഇത് വിദ്യാഭ്യാസത്തിൽ നമ്മെ പിറകോട്ടടിപ്പിക്കുന്ന, വസ്തുനിഷ്ഠമായ ഒരു കാര്യമാണെന്നാണു സജിത്ത് നമ്മളോടു പറയുന്നത്. ഈ കൊങ്ങപ്പാടം നമ്മളോടു പറയുന്നത്. അതുകൊണ്ട് അത് പരിഹരിക്കാൻ ഒരു വിപ്ളവവും നടത്തേണ്ട കാര്യമില്ല, ഒരു വലിയ സംഘടനയും ഉണ്ടാക്കേണ്ട കാര്യമില്ല, committed ആയ, കുറച്ച് മനുഷ്യരുണ്ടെങ്കിൽ ഈ പ്രവർത്തി കേരളത്തിൽ വിസ്തൃതമാക്കാനും വിശാലമാക്കാനും മുന്നോട്ടുകൊണ്ടുപോവാനും കഴിയും. ഇതിലൂടെ യഥാർത്ഥത്തിൽ നമ്മൾ സാധിച്ചെടുക്കാൻ ശ്രമിക്കുന്ന ഒരു കാര്യം - ഞാൻ മനസിലാക്കുന്നിടത്തോളം, സ്വന്തം സ്കില്ലിനെ encash ചെയ്യാനും - പൈസയാക്കി മാറ്റാനും, സ്വന്തം സ്കില്ലിനെ കാപ്പിറ്റൽ ആക്കി മാറ്റാൻ കഴിയുന്ന ഒരു തലമുറയെ സൃഷ്ടിക്കുക എന്നതാണു. അതിനു വേറൊന്നും ചെയ്യേണ്ടതില്ല, നമ്മൾ പുറത്തുനിന്നൊന്നും പഠിപ്പിക്കണ്ട. യഥാർത്ഥത്തിൽ എനിക്കു മുൻപുള്ള, അല്ലെങ്കിൽ എന്റെയൊക്കെ തലമുറയിൽപ്പെട്ട ആൾക്കാർ skilled അല്ലാത്തതുകൊണ്ടല്ല പരാജയപ്പെടുന്നത്. അവരൊക്കെ സ്കിൽഡ് ആണു. പക്ഷേ അവരുടെ സ്കിൽ എന്താണെന്നു പോലും തിരിച്ചറിയാൻ കഴിയാത്തവിധമുള്ള ഒരവസ്ഥയിലാണവൻ ജീവിക്കുന്നത്. എന്താണു എന്റെ skill, എന്റെ പ്രത്യേക ശേഷിയെന്താണു, ആ ശേഷി ഈ സമൂഹത്തിൽ ഞാനെങ്ങനെ വിനിയോഗിക്കണം, ഞാനെന്തു ചെയ്യണം, എന്ന കാര്യത്തിൽ കൃത്യമായ യാതൊരു മാർഗ്ഗനിർദ്ദേശവും കിട്ടാതെ, പതിനെട്ട് ഇരുപത് വയസുവരെ സ്വന്തം സ്കിൽ ഒക്കെ പറയും. ഇരുപത് വയസ്സു കഴിയുമ്പോൾ ഏതെങ്കിലും കൂലിപ്പണിയുടെ മേഖലയിലേക്ക് തിരിയുകയും ജീവിതം താറുമാറാകുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം നമ്മുടെ മുന്നിലുണ്ട്. ഇത് യഥാർത്ഥത്തിൽ അതിനെയാണു pinpoint ചെയ്തുകൊണ്ട് നമ്മുടെ വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങളും പുതിയ കാഴ്ച്ചക്കളും പുതിയ ബോധ്യങ്ങളും കൊടുത്തുകൊണ്ട്, അവരുടെ self confidence വർദ്ധിപ്പിച്ചുക്കുന്നതിലൂടെ യഥാർത്ഥത്തിൽ ആത്മവിശ്വാസമുള്ള പുതിയൊരു തലമുറയെ സൃഷ്ടിക്കുന്ന മഹത്തായൊരു പ്രവർത്തനത്തിലാണു, ഈ വിദ്യാഭ്യാസ പ്രവർത്തനം ഏർപ്പെട്ടിരിക്കുന്നത് എന്ന് നിസ്സംശയമായും പറയാൻ കഴിയും.വിദ്യാഭ്യാസത്തിന്റെ ഒരു പ്രോബ്ലത്തിൽ ഞാനെന്റെ ഒരു വ്യക്തിപരമായ അനുഭവം നിങ്ങളോടു പങ്കുവെക്കാൻ ആഗ്രഹിക്കുകയാണു. ഞാൻ ചെറുപ്പത്തിൽ അത്രനല്ല വിദ്യാർത്ഥിയൊന്നുമായിരുന്നില്ല. വളരെ റൂറലായ, കല്ലറ പോലെ വളരെ റൂറലായൊരു സ്ഥലത്ത്, ഒരു സാധാരണ സ്കൂളിലാണു ഞാൻ പഠിച്ച് വളർന്നത്. അവിടെനിന്ന് ഞാൻ പ്രീഡിഗ്രിക്കു പഠിക്കുന്നത്, കേരളത്തിലെ ഏറ്റവും പ്രശസ്തമായ സെന്റ് ബെർഗ്മാൻസ് കോളെജ് - ചങ്ങനാശ്ശേരി - അവിടെയാണു ഞാൻ പ്രീഡിഗ്രിക്കു പഠിക്കുന്നത്. ഞാനവിടെ കയറിച്ചെല്ലുമ്പോൾ - ഞാൻ നാട്ടീന്നു പോകുമ്പോൾ എന്റെ നാട്ടിൽ എസ്.എസ്.എൽ.സി.ക്ക് ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയിട്ടുള്ളൊരു ആളാണു ഞാൻ. മാർക്കെന്നു പറയുമ്പോൾ എനിക്കൊത്തിരി മാർക്കുണ്ടെന്ന് നിങ്ങൾക്കു തോന്നരുത്. മുന്നൂറ്റഞ്ച് മാർക്കേ എനിക്കുള്ളൂ. അതാ നാട്ടിലതൊരു വലിയൊരു കാര്യമാണു - മുന്നൂറ്റഞ്ച് മാർക്കെന്നു പറയുമ്പോൾ - എനിക്ക് മുന്നൂറ്റഞ്ച് മാർക്ക് കിട്ടിയെന്നു പറയുമ്പോൾ വിശ്വസിക്കാത്തൊരു ഗ്രാമമാണു - മുന്നൂറ്റഞ്ച് മാർക്കൊക്കെ കിട്ടുമോ? ഇരുന്നൂറ്റിപ്പത്തോ ഇരുന്നൂറ്റിപ്പതിനേഴോ മാർക്കൊക്കെ കിട്ടുന്ന സ്ഥലത്ത് മുന്നൂറ്റഞ്ച് മാർക്ക് കിട്ടുന്നത് വലിയൊരു കഥയായിട്ട് അവിടെ പരക്കുമ്പോൾ അതിന്റെ ഒരു അഭിമാനത്തിലാണു ഞാൻ ക്ലാസിലേക്ക് ചെല്ലുന്നത്. എസ്.ബി. കോളെജിലേക്ക് ചെല്ലുന്നത്. ക്ലാസിൽ ചെന്നുകഴിയുമ്പോഴാണു എനിക്ക് മനസിലാവുന്നത് ആ ക്ലാസിലെ ഏറ്റവും കുറവ് മാർക്കുകാരിലൊരാളാണു ഞാൻ. ഏറ്റവും കുറവ് മാർക്കുള്ള അഞ്ചോ ആറോ പേരിലൊരാൾ ഞാനാണു. അപ്പൊ നമ്മുടെ ഉള്ള ആത്മവിശ്വാസം അങ്ങ് പോയെന്നോർത്തോണം. രണ്ടാമത് ഞാൻ പഠിച്ചത് എൻ.എസ്.എസ്. സ്കൂളിലാണു. ആ സ്കൂളിലെ ഇംഗ്ലീഷ് പഠിപ്പിച്ച അധ്യാപകനു ഇപ്പോൾ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ എനിക്കറിയാം, അയാൾക്ക് ഇംഗ്ലീഷേ അറിയത്തില്ലായിരുന്നു. ഇംഗ്ലീഷിന്റെ ഒരു കാര്യവും ആ മനുഷ്യനറിയില്ലായിരുന്നു. അദ്ദേഹം ഇങ്ങനെ - he is a boy, ഞാനൊരാൺകുട്ടിയാണു, ഇങ്ങനെ പറഞ്ഞുപോവുന്നതല്ലാതെ, what is english എന്ന് എനിക്കു തെല്ലുമേ അറിയത്തില്ലായിരുന്നു. അപ്പൊ ഈ അദ്ധ്യാപകൻ ഇംഗ്ലീഷൊക്കെ പറയുമ്പോൾ എനിക്കൊന്നും പിടികിട്ടില്ല, ഒരു കാര്യവും മനസിലാവില്ല. എനിക്ക് യാതൊരു കാര്യവും പിടികിട്ടുന്നില്ലെന്നുപറഞ്ഞാൽ ഒരു കാര്യവും പിടികിട്ടുന്നില്ല. ഒന്ന് നമ്മൾ ക്ലാസിലെ ഏറ്റവും കുറഞ്ഞ മാർക്കുകാരനായി മാറുന്നു, അധ്യാപകൻ പറയുന്നത് മനസിലാകാതെ വരുന്നു, പിന്നെ മറ്റുള്ള വിദ്യാർത്ഥികൾ - ഞാൻ ഹോസ്റ്റലിൽ താമസിച്ചാണു പഠിക്കുന്നത്. അപ്പൊ അവിടെ എന്റെ കൂടെ താമസിക്കുന്ന പിള്ളേരൊന്നൊക്കെ പറഞ്ഞുകഴിഞ്ഞാൽ - എന്റെ കൂടെ ഉണ്ടായിരുന്ന ഒരാൾ പഴയ എം.പി.യുടെ - ബേബി മുണ്ടക്കൽ എന്നുപറഞ്ഞ് പഴയ ഒരു എം.പി.യുണ്ട്, ആ പുള്ളിയുടെ മോൻ എന്റെ റൂം മേറ്റായിരുന്നു. അവരൊക്കെയാ എന്റെ കൂടെ പഠിക്കുന്നത്. അപ്പൊ ഞാനവിടെ ഇല്ലാത്തൊരാളാ. ഞാനവിടെ ചുമ്മാ കട്ടിലിൽ കിടക്കുന്നുണ്ടെന്നുള്ളതല്ലാതെ, ആ മുറിക്കകത്ത് ഞാനില്ല ശരിക്കു പറഞ്ഞാൽ. എന്റേതായിട്ട് ഒന്നും പറയാൻ - ഇവരു പറയുന്ന ഒരു കാര്യത്തെയും ബാലൻസ് ചെയ്യാവുന്ന ഒരു അനുഭവവും എന്റെ ജീവിതത്തിലില്ല. മാത്രവുമല്ല ആഴ്ച്ചയിലാഴ്ച്ചയിൽ അവന്റെ അഛനും അമ്മയും കാണാൻ വരുന്നു. അവനു പൈസയൊക്കെ കൊടുക്കുന്നു. ഞാനീ രണ്ടുകൊല്ലം പഠിച്ചിട്ടും ഒരിക്കല്പോലും എന്റെ അഛനും അമ്മയും എന്നെ അന്വേഷിച്ച് വന്നിട്ടില്ല. എന്റെ അഛനെയും അമ്മയെയും ഞാൻ വഴക്കുപറയുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്, ഞാനൊരു അനുഭവം പങ്കുവെക്കാൻ വേണ്ടി പറഞ്ഞതാണു. മാത്രവുമല്ല, എന്റെ കൂടെ ഒരു വർഷം ഹോസ്റ്റൽ മുറിയിൽ നാലുപേരാ ഉള്ളത്. നാലുപേരിൽ ഒരാൾ ഇപ്പറയുന്ന സുറിയാനി ക്രിസ്ത്യാനിയാനി ആയൊരാളാണു. അതീവ സമ്പന്നനാണു. ഭയങ്കര ഇംഗ്ലീഷ് - അവൻ കൊഹിമയിലാണു ഉണ്ടായത്, അവിടെന്നാ പത്താം ക്ലാസ് കഴിഞ്ഞത്, ഭയങ്കര ഇംഗ്ലീഷൊക്കെ പറയുന്നൊരാളാണു. അവനെന്റെ കൂടെ മിണ്ടിയിട്ടേയില്ല. ഒരു വർഷം, ഒരു മുറിയിൽ, ഒരുമിച്ച് ജീവിച്ചിട്ട് രണ്ടുപേർ മിണ്ടിയിട്ടില്ല എന്നുപറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുമോ? എന്റെ ഒരു അനുഭവമാണു ഞാൻ പറഞ്ഞത്. മിണ്ടിയിട്ടില്ല. ഞാനവനെ കുറ്റം പറയുകയല്ല, കാരണം അവനെസംബന്ധിച്ച് ഞാനൊരു - ഒരു പുഴുപോലൊരു ചെറിയ ജീവിമാത്രമാണു. അവനു മിണ്ടേണ്ട കാര്യമില്ല. എനിക്കതിനെ വെല്ലുവിളിക്കാനുള്ള എക്വിപ്മെന്റ് എന്റെ കയ്യിലില്ലാത്തതുകൊണ്ട് എനിക്ക് അത് വെല്ലുവിളിക്കാനും കഴിയില്ല. ഇതാണു നമ്മൾ നേരിടുന്ന ഒരു crisis. എന്റെ കയ്യിൽ ഇംഗ്ലീഷ് ഉണ്ടായിരുന്നെങ്കിൽ ആ ഇംഗ്ലീഷ് പറഞ്ഞ് ഞാനവനെ മറികടന്നുപോവുമായിരുന്നു. എനിക്ക് കൂടുതൽ മാർക്കുണ്ടായിരുന്നെങ്കിൽ അതുപറഞ്ഞ് ഞാനവനെ മറികടന്നുപോവുമായിരുന്നു. എനിക്ക് കൂടുതൽ വിജ്ഞാനമുണ്ടായിരുന്നെങ്കിൽ അതുപറഞ്ഞ് മറികടന്നുപോവുമായിരുന്നു. ഇതൊന്നും എന്റെ കയ്യിലില്ല. നിങ്ങൾക്കറിയാമോ രണ്ട് വർഷം ഞാനാ എസ്.ബി. കോളെജിൽ പഠിച്ചു. അപ്പൊ അഞ്ച് നിലയാണു അവിടത്തെ ലൈബ്രറി. അഞ്ച് നില. വലിയ ലൈബ്രറിയാണു. ഒരു പ്രാവശ്യം പോലും ഞാനാ ലൈബ്രറിയിൽ പോയിട്ടില്ല. അവിടെ എന്താ നടക്കുന്നതെന്ന് പോലും ഞാനന്വേഷിച്ചിട്ടില്ല. എന്നാൽ നമ്മൾ fully alienated ആവുകയാണു. ആ കാമ്പസിൽ ഒരു വിലയുമില്ലാത്ത - അദ്ധ്യാപകർ പരിഗണിക്കുന്നില്ല, വാർഡൻ പരിഗണിക്കുന്നില്ല, സഹമുറിയൻ പരിഗണിക്കുന്നില്ല, സഹപ്രവർത്തകൻ പരിഗണിക്കുന്നില്ല, പിന്നെ എനിക്കെന്തു ചെയ്യാൻ പറ്റും? എനിക്കൊറ്റക്കാര്യമേ ചെയ്യാൻ പറ്റൂ, സിനിമ കാണുക എന്നുള്ളതാണു. രാപകലില്ലാതെ ഞാൻ സിനിമകാണുമായിരുന്നു. രാപകലില്ലാതെ സിനിമ കണ്ട് പരീക്ഷയും തോറ്റ് തിരിച്ച് വീട്ടിൽ വന്നു. ഞാൻ പറഞ്ഞത് എന്റെ അനുഭവമാണു ഞാനീപ്പറഞ്ഞത്.ഇത് പല ഘടകങ്ങൾ കൊണ്ട് സംഭവിക്കുന്നൊരു കാര്യമാണു. അതിനു ശേഷം ഞാൻ ഡിഗ്രിക്കു ചേരുന്നു - പ്രീഡിഗ്രി രണ്ടാമത് എഴുതി ജയിച്ചതിനു ശേഷം ഡിഗ്രിക്കു ചേരുമ്പോൾ, ഡോക്ടർ അംബദ്കറിന്റെ ജന്മദിന ആഘോഷം അവിടെ നടക്കുകയാണു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളെജിലാണു പഠിക്കുന്നത്. അപ്പോൾ എന്റെ അധ്യാപകൻ ഒരു എഴുത്തുകാരനായിരുന്നു. ജി. സുകുമാരൻ നായർ എന്നുപറയുന്ന ഒരാൾ. എന്നെ ബി.എ.ക്കു പഠിപ്പിച്ചുകൊണ്ടിരുന്നയാൾ. അദ്ദേഹം - ഇതിന്റെ ഉത്ഘാടകനായിട്ട് അദ്ദേഹം വന്നു. അപ്പോൾ ഞാനിങ്ങനെ വിദ്യാർത്ഥികളുടെ മുൻനിരയിൽ ഇരിക്കുകയാണു. സംഭാഷണമധ്യേ അദ്ദേഹം പറഞ്ഞു: “ഈ ഇരിക്കുന്ന എന്റെ വിദ്യാർത്ഥി, അവൻ ഒന്നാം റാങ്കോടെ ജയിക്കും”. എന്റെ ജീവിതത്തിൽ, ഒരധ്യാപകൻ, ഞാൻ കൊള്ളാവുന്നൊരാളാണെന്നു പറയുന്ന ആദ്യത്തെ സംഭവമാണത്. സ്കൂളിലൊക്കെ പഠിക്കുന്ന സമയത്ത് ആ സ്റ്റൈപ്പൻഡ് കിട്ടുന്നവർ എഴുന്നേറ്റുനിന്നേ, എഴുന്നേറ്റുനിന്നേ എന്ന് പറയും. നമ്മളെന്താണ്ട് സ്റ്റൈപ്പൻഡ് മേടിക്കാൻ മാത്രം വരുന്നവരാണെന്ന് നല്ല ഉറപ്പുള്ളതുപോലെയാണു അവരു പറയുന്നത്. ഞാൻ പറയുന്നത് അങ്ങനെ അപമാനിക്കപ്പെട്ട വലിയ ഒരു അനുഭവത്തിൽ നിന്നും ഒരു അധ്യാപകൻ വലിയൊരു സദസിൽ വെച്ച് പറയുകയാണു. ഇവൻ ഒന്നാം റാങ്ക് വാങ്ങിച്ച് ജയിക്കും. പിന്നെ ഈ ഒന്നാം റാങ്ക് വാങ്ങിക്കുക എന്നത് എന്റെയൊരു ബാധ്യതയായി മാറി. എന്റെയൊരു ഉത്തരവാദിത്വമായി മാറുകയാണു, എനിക്കെന്നെക്കുറിച്ച് വലിയൊരു പ്രതീക്ഷ തോന്നുകയാണു. അങ്ങനെ പ്രീഡിഗ്രിക്ക് തോറ്റ ഞാൻ, ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളെജിൽ ഒന്നാം വർഷ പരീക്ഷ എഴുതുമ്പോൾ, ഏറ്റവും കൂടുതൽ മാർക്ക് , ആ കോളെജിൽ ഏറ്റവും കൂടുതൽ മാർക്ക് എനിക്ക്. അതിനൊരു അവാർഡെനിക്കു കിട്ടി. ആ സംഭവം കഴിയുന്നതുപോലെ നമുക്കു പിന്നെ വിദ്യാഭ്യാസത്തിൽ പിറകോട്ടു പോകാൻ കഴിയാത്ത ഒരു ലോക്കിലേക്കാണു നമ്മൾ പെടുന്നത്. പിന്നെ ഒരാൾക്ക് നമ്മളെ തോൽപ്പിക്കാൻ പറ്റത്തില്ല. നമ്മൾ സമ്മതിച്ചുകൊടുക്കില്ല. ബി.എ.ക്ക് ഒന്നാം റാങ്കോടെയാണു ഞാൻ ജയിക്കുന്നത്. ഞാൻ നിങ്ങളോടു പറയാനാഗ്രഹിക്കുന്നത് എനിക്കൊരു റാങ്ക് കിട്ടിയ മഹിമയല്ല. ഞാൻ പറയുന്നത് ഒരു വിദ്യാർത്ഥിക്ക് ഏറ്റവും നല്ലതാകാനും പറ്റും, ഏറ്റവും മോശമാകാനും പറ്റും എന്നുള്ളതിനു ഒരു തെളിവാണു ഞാൻ. അതാണു ഞാൻ പറയുന്നത്. ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളെജിൽ പഠിക്കുന്ന സമയത്ത് ഞാനീപ്പറഞ്ഞ എല്ലാ കലാകായിക മേഖലകളിൽ ഇടപെടുകയും, കവിതാപാരായണം, പ്രസംഗം, ഇങ്ങനെ പറയുന്ന എല്ലാത്തിലും ഇടപെടും. ആ കാമ്പസിൽ, ആ ഹോസ്റ്റലിൽ, നമ്മളെ തള്ളിപ്പറയാൻ ഒരാൾക്കും പറ്റില്ല. ആ പ്രതിരോധം കേവലമായ ജാതിയുടെ പ്രതിരോധമല്ല, നമ്മുടെ എക്വിപ്മെന്റിന്റെ, അവനറിവുള്ളവനാണെന്ന സംഭവത്തിന്റെ, അവനിംഗ്ലീഷ് അറിയാവുന്ന, അവൻ നല്ല വിദ്യാർത്ഥിയാണു, അവനാണേറ്റവും കൂടുതൽ മാർക്കു കിട്ടുന്നത്, അവനു കവിതയറിയാം, സാഹിത്യമറിയാമെന്നു പറയുന്ന, നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കുന്ന എക്വിപ്മെന്റിന്റെ മുന്നിലാണു അവിടെ ജാതിയുടെ ധാർഷ്ട്യം തകർന്നുകിട്ടുന്നത്. ഇത് വേണമെങ്കിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് ഇത്തരം ഒരു എക്വിപ്മെന്റ് നമുക്ക് കൊടുക്കാൻ പറ്റണം. അതിലൂടെ കിട്ടുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല എന്ന് എന്റെ അനുഭവത്തിലൂടെ എനിക്ക് നല്ല ബോധ്യമുണ്ട്. നല്ല വിദ്യാർത്ഥിയെന്ന ഒരൊറ്റ ക്വാളിറ്റി മതി ആ സ്പെയ്സിനെ പിടിച്ചെടുക്കാൻ. ഒരു സംശയവും ഇല്ലാത്ത കാര്യമാണു. ഒരു നല്ല വിദ്യാർത്ഥിയെന്ന ഒരൊറ്റ ക്വാളിറ്റി മതി ആ സ്പെയ്സ് നമുക്ക് സ്വന്തമാക്കാൻ.

പ്രസംഗത്തിന്റെ മുഴുവൻ രൂപം ഇവിടെ
https://soundcloud.com/jeevachaithanyan-sivanandan...

Loading Conversation