നാഗരത്ന

ബുദ്ധധമ്മ പ്രചാരകൻ, സാമൂഹികപ്രവർത്തകൻകൊത്തുനേരം : Dec 25, 2015

പങ്കു വെയ്ക്കൂ !

ബുദ്ധത്വം മാനവരാശിയുടെ ആദര്‍ശം

ഒരു ബൗദ്ധന്‍ ബുദ്ധിസ്സത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍, ബൗദ്ധര്‍ ധമ്മമെന്നു പറയുന്നത് എന്തെന്ന് നോക്കുമ്പോള്‍, - സാധാരണ ആദ്യമായി ചിന്തിക്കുന്നത് ബുദ്ധന്‍ അഥവാ ബോധോദയം നേടിയ വ്യക്തി എന്നാലെന്ത് എന്നാകും. ബൗദ്ധരല്ലാത്തവരും മിക്കവാറും ഇത് തന്നെയാകണം ചിന്തിക്കുന്നത്. നമുക്ക് ബൗദ്ധ ശിക്ഷണങ്ങളെ കുറിച്ച് ഒന്നും അറിയില്ലായിരിക്കാം എന്നാല്‍ ബുദ്ധന്‍റെ പടങ്ങളോ പ്രതിമയോ കണ്ടിട്ടുണ്ടാവും. ചിലപ്പോള്‍ വളരെ സുപരിചിതമായ ചിത്രങ്ങളായിരിക്കും അവ, അതിനെ കുറിച്ച് അറിയാനുള്ള ആകാംശ ഉണ്ടാകാം. അപ്പോള്‍ എന്താണ് അങ്ങനെയൊരു ചിത്രത്തില്‍ അഥവാ പ്രതിമയിലൂടെ കാണിക്കുന്നത്. അതില്‍ യവ്വനദശയിലുള്ള സുമുഖനും തികഞ്ഞ ആകാരവടിവുള്ള രൂപത്തെയാകും നിങ്ങള്‍ കാണുന്നത്. അദ്ദേഹം ബോധിവൃക്ഷ ചുവട്ടില്‍ ധ്യാനമുദ്രയിലാകും ഇരിക്കുന്നത്. അദ്ദേഹത്തിന്‍റെ കണ്ണുകള്‍ പകുതി അടഞ്ഞ്‌, ചുണ്ടുകളില്‍ നേര്‍ത്ത പുഞ്ചിരിയുണ്ടാകും. ആ രൂപത്തെ പൂര്‍ണ്ണമായി നോക്കുമ്പോള്‍, മൊത്തത്തില്‍ അത് നമുക്ക് പകര്‍ന്നു നല്‍കുന്ന അനുഭവം ദൃഡതയും ധൈര്യവുമാണ്. അത് നമുക്ക് സമ്പൂര്‍ണ്ണ ശാന്തിയുടെ, സ്വസ്ഥതയുടെ അനുഭൂതിയാണ് പകര്‍ന്നു തരുന്നത്. ആ ബിംബം മിക്കവാറും എല്ലാവരെയും ആകര്‍ഷിപ്പിക്കുന്നത് ബുദ്ധന്‍റെ പ്രശാന്തവും സുന്ദരവുമായ മുഖമാകും, അതിന്‍റെ കാരണം വാക്കുകളില്‍ വര്‍ണ്ണിക്കാന്‍ കഴിയില്ല. നമ്മള്‍ അതിനെ നോക്കുകയും, അതിലേക്ക് ഏകാഗ്രത നല്‍കുകയും ചെയ്യുമ്പോള്‍, നമുക്ക് ആ മുഖത്ത് ജീവന്‍ തുടിക്കുന്നതായി കാണാന്‍ കഴിയും. അതില്‍ ജ്വലിക്കുന്ന തേജസ്സ് നമ്മില്‍ പ്രതിഫലിക്കുന്നത് നസ്സീമമായ കരുണയും, അവാച്യമായ സന്തോഷവും, ആഴത്തിലുള്ള അറിവുമാണ്. ബുദ്ധന്‍ എന്ന് പറയുമ്പോള്‍ ചരിത്ര പുരുഷനായ സിദ്ധാര്‍ത്ഥ ഗൌതമ ബുദ്ധന്‍റെ രൂപമാണ് സാധാരണ നമുക്ക് ചുറ്റും കാണാറുള്ളത്‌. അദ്ദേഹമാണ് ബുദ്ധിസ്സത്തിന്‍റെ സ്ഥാപകന്‍, ക്രിസ്തുവിന് 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന മഹാനായ ഇന്ത്യന്‍ ശിക്ഷകന്‍. ആ വ്യക്തി പ്രതിനിധീകരിക്കുന്ന ആദര്‍ശത്തെ കുറിച്ചാണ് ഇവിടെ ബുദ്ധത്വം മാനവരാശിയുടെ ആദര്‍ശം എന്ന ഈ വിഷയത്തിലൂടെ നോക്കാന്‍ പോകുന്നത്.

സൈദ്ധാന്തികമായും പ്രായോഗികമായും മാനവരാശിയുടെ ആദര്‍ശം എന്നതാണ് ബുദ്ധത്വത്തെ കുറിച്ചു പറയുമ്പോള്‍ അതിന്‍റെ കേന്ദ്രത്തില്‍ നിലകൊള്ളുന്നത്. ‘ബുദ്ധത്വം’ എന്ന ആശയമാണ് ഇതിലെ കേന്ദ്ര പ്രതിപാദ്യ വിഷയം, ബുദ്ധിസ്സത്തിലെ തന്നെ കേന്ദ്രഭാഗത്ത് നില്‍ക്കുന്നത് ഈ ആശയമാണ്. ബുദ്ധിസ്സം ഇതിനെ എപ്പോഴും കേന്ദ്രഭാഗത്ത് പരിഗണിക്കുന്നു. പൊതുവേ ബുദ്ധത്വം എന്നാലെന്തെന്നും ?, അത് മാനവരാശിക്ക് എങ്ങനെ ആദര്‍ശമാകുന്നു എന്നതിനെ കുറിച്ചും ഈ വിഷയത്തിലൂടെ നോക്കാം.വിഷയത്തിലേക്ക് പോകുംമുമ്പ് ഇതിന്‍റെ തലകെട്ടില്‍ സൂചിപ്പിക്കുന്ന മൂന്നാമത്തെ വാക്കായ ‘ആദര്‍ശം‘ എന്നാലെന്തെന്ന് നോക്കാം. ഞാനതിനെ നിഗണ്ടുവില്‍ വ്യാഖ്യാനിക്കുന്ന അര്‍ത്ഥത്തിലൂടെ പോകുന്നില്ല, അതിലെ താത്വിക വശങ്ങളിലേക്കും പോകുന്നില്ല. പൊതുവേ ആ വാക്കിനെ നാം ഉപയോഗിക്കുന്നത് മുഖ്യമായും ‘സങ്കല്‍പ്പിക്കാവുന്നതില്‍ എറ്റവും മികച്ചത്’ എന്ന അര്‍ത്ഥത്തിലാണ്. ഉദാഹരണത്തിന്, ലണ്ടനില്‍ എല്ലാവര്‍ഷവും വേനല്‍കാലത്ത് ‘ideal home exhibition’ നടത്തിപോരുന്നു. അത് കാണാന്‍ വര്‍ഷംതോറും ആയിരകണക്കിന് ആളുകള്‍ അവിടെയെത്താറുണ്ട്. അവിടെ ഓരോ സെക്ക്ഷനിലും വിവിധ തരം വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നു; ആദര്‍ശ അടുക്കള, ആദര്‍ശ കുളിമുറി, ആദര്‍ശ കിടക്ക, ആദര്‍ശ ഗ്രഹോപകരണങ്ങള്‍ എന്നിങ്ങനെ കാണാം. അവിടെ ഓരോ നിര്‍മ്മതാകളും അവരുടെ പ്രദര്‍ശന വസ്തുക്കള്‍ ‘ആദര്‍ശ’ വസ്തുക്കളാണെന്ന് വാദിക്കുന്നു. അവരുടെ വാദങ്ങള്‍ മൊത്തത്തില്‍ സൂചിപ്പിക്കുന്നത്‌ ഒരു ആദര്‍ശഗ്രഹം അഥവാ ‘സങ്കല്‍പ്പിക്കാവുന്നതില്‍ എറ്റവും മികച്ച ഗ്രഹം’ എന്നതാണ്. ആരും ആഗ്രഹിക്കുന്ന എല്ലാ പരിപൂര്‍ണതകളും അടങ്ങിയ ഒരു ആദര്‍ശഗ്രഹം. ഇതേരീതിയില്‍ മറ്റ് പല വസ്തുക്കളെയും വ്യക്തികളെയും പറ്റി നമ്മള്‍ പറയാറുണ്ട്‌. ചിലര്‍ പറയാറുണ്ട്‌ ആദര്‍ശ ഭാര്യയെന്ന്‍, നല്ല രീതിയില്‍ കുടുംബകാര്യങ്ങള്‍ ക്രമീകരിക്കുന്ന, നല്ല പാചകം ചെയുന്ന, ഭര്‍ത്താവിനെ എല്ലാ ദിവസവും ജോലിക്ക് അയക്കാന്‍ തയ്യാറെടുപ്പുകള്‍ ചെയ്തു നല്‍കുന്ന, വീട്ടുചിലവുകള്‍ നിയന്ത്രിക്കുകയും അധികം രൂപ ചോദിക്കാതിരിക്കുകയും, എപ്പോഴും തന്നെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഉത്തമയായ ഒരു ആദര്‍ശ ഭാര്യ. തീര്‍ച്ചയായും ആദര്‍ശ ഭര്‍ത്താവിനെ കുറിച്ചും ഇതേപോലുള്ള പല സങ്കല്‍പ്പങ്ങളും കാണും. അതുപോലെതന്നെ ആദര്‍ശ ദമ്പതികള്‍, ആദര്‍ശ ജോലി, ആദര്‍ശ തൊഴിലാളി, ആദര്‍ശ മുതലാളി, ആദര്‍ശ കാലാവസ്ഥ, ആദര്‍ശ ക്രമീകരങ്ങള്‍... എന്നിങ്ങനെ പറയപ്പെടുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, വളരെ സ്വാഭാകമായി പ്രവര്‍ത്തിക്കുന്ന നമുക്ക് സങ്കല്‍പ്പിക്കാവുന്നതില്‍ എറ്റവും മികച്ചതും നമ്മെ തൃപ്തിപ്പെടുത്തുന്നതുമായ ഒന്നിനെ നമ്മള്‍ ആദര്‍ശവത്തായതെന്നു പരിഗണിക്കുന്നു. ആദര്‍ശത്തിന്‍റെ ഒന്നാമത്തെ പ്രയോഗം ഇതാണ്.

രണ്ടാമതായി, ആദര്‍ശമെന്നാല്‍ ‘മാതൃക’ അഥവാ ‘അനുകരിക്കാന്‍ യോഗ്യമായത്. ഇന്ന് ആദ്യത്തെതിനേക്കാള്‍ വളരെ കുറച്ച് മാത്രമേ ഈ പദത്തെ പൊതുവേ ഉപയോഗിക്കാറുള്ളൂ, എന്നിരിക്കിലും ചില സാഹചര്യങ്ങളില്‍ ഒന്ന് മറ്റൊന്നിന് മീതെ ഉപയോഗിക്കപ്പെടുന്നു. ഈ പ്രയോഗത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നത് ഒരു ആദര്‍ശഗ്രഹം സങ്കല്‍പ്പിക്കാവുന്നതില്‍ എറ്റവും മികച്ച എന്ന അര്‍ത്ഥത്തില്‍ ഒതുങ്ങി നില്‍ക്കുന്നില്ല, എന്നാല്‍ അത് മറ്റ് വീടുകളെക്കാള്‍ മികച്ചതും അനുകരിക്കാന്‍ യോഗ്യവുമായത് എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുന്നു. നിങ്ങളില്‍ ചിലരെങ്കിലും സ്വന്തം വീട് അപ്രകാരമുള്ളതാക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ ആദര്‍ശം എന്ന ഈ പ്രയോഗത്തെ അനുകരിക്കാന്‍ യോഗ്യമായത് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്നു. ഒരുവശത്ത്‌ ആദര്‍ശം എന്നരീതിയിലും മറുവശത്ത്‌ യാഥാര്‍ത്ഥ്യമായതിനെ നമുക്ക് കഴിയുമെങ്കില്‍ സ്വന്തമാക്കാം എന്നാ അര്‍ത്ഥത്തിലും പ്രയോഗിക്കുന്നു.

ഈ വാക്കിന് മൂന്നാമതൊരു പ്രയോഗം കൂടിയുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ ഒരു സുഹൃത്തിനോട് റിട്ടയര്‍ ആയതിന് ശേഷം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ചോദിക്കുകയാണ്. അപ്പോള്‍ അദ്ദേഹം പറയും, ഞാന്‍ വളരെ മനോഹരമായ ഒരു ദ്വീപില്‍ പോകും, അവിടെ വളരെ സുഖപ്രദമായ കാലാവസ്ഥയും ഒട്ടേറെ സമുദ്രതീരങ്ങളും ഉണ്ടാകും, തിരമാലകള്‍ക്കിടയിലൂടെ നീന്തികുളിക്കുകയും സൂര്യസ്നാനം ചെയ്യുകയും... അങ്ങിനെ എല്ലാ തിരക്കുകളും ഉപേക്ഷിച്ച് സ്വസ്ഥമായി സന്തോഷത്തോടെ മുന്നോട്ടുള്ള കാലം അവിടെ ജീവിക്കും. എന്നാല്‍ അദ്ദേഹം മറ്റൊരു ഉത്തരം അതിനോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നു, ‘അതെ ഇങ്ങനെയൊക്കെ ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്, എന്നാല്‍ അത് അതേപടി നടക്കും എന്ന് എനിക്ക് തോനുന്നില്ല. അത് എന്‍റെ ആദര്‍ശ വിശ്രമവേളയാണ്’. ഈ ഉദാഹരണത്തില്‍ ആദര്‍ശം എന്ന പദം പ്രതിനിധാനം ചെയ്യുന്ന അര്‍ത്ഥം, ‘വ്യവഹാര ജീവിതത്തിലെ സ്ഥിതിഗതികള്‍ അത്യന്തം ഉന്നതമായതാകണം’ എന്ന ആഗ്രഹം, മിക്കവാറും അതിനെ സ്പഷ്ട്ടമായി സങ്കല്‍പ്പിക്കനാകും, എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അത് നേടിയെടുക്കാന്‍ അസാധ്യമായതാവുന്നു. ആദര്‍ശം എന്ന പദത്തെ ഇപ്രകാരം മൂന്ന് വിധത്തില്‍ ഉപയോഗിക്കപ്പെടുന്നു.

ആദര്‍ശത്തെ എങ്ങനെയെല്ലാം നാം ഉപയോഗിക്കുന്നു എന്ന ഈ മനസിലാക്കലിന്‍റെ പശ്ചാത്തലത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യത്തിലേക്ക് നമ്മള്‍ എത്തുകയാണ്. ഈ ചോദ്യത്തിലൂടെ നമ്മുടെ വിഷയത്തിന്‍റെ കേന്ദ്രഭാഗത്ത് നാം എത്തിച്ചേരുന്നു. ആദര്‍ശഗ്രഹം എന്നാലെന്തെന്ന് പറഞ്ഞു, അത് എങ്ങനെയാകും എന്ന് നാം മനസിലാക്കുന്നു, ആദര്‍ശ ഭാര്യയെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും ഇവിടെ സൂചിപ്പിച്ചു. എന്നാല്‍ നമ്മള്‍ വിട്ടുപോയ മറ്റൊരു കാര്യമുണ്ട്, ഈ വസ്തുക്കള്‍ ഉപയോഗിക്കുന്ന ആ വ്യക്തിയെന്താണ്, ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന ആ വ്യക്തിയെ കുറിച്ച് എന്താണ് പറയാനുള്ളത്, ഒരു മനുഷന്‍ എന്ന നിലയില്‍ ആ വ്യക്തി എന്തായിരിക്കും ? നമ്മുടെ ആധുനീക ജീവിതക്രമത്തിന്‍റെ സങ്കീര്‍ണതകളുടെ നടുവില്‍ അവനെ/ അവളെ കാണാനുള്ള കാഴ്ച്ച നഷ്ട്ടമാകുന്നു, അത് പലപ്പോഴും നമ്മളില്‍ ശീഖ്രം സംഭവിക്കുന്നു. ഇവിടെ യഥാര്‍ഥത്തില്‍ ചോദിക്കുന്ന ചോദ്യമിതാണ്, എന്താണ് ആദര്‍ശ മനുഷജീവിതം ? ആദര്‍ശഗ്രഹം, ആദര്‍ശ ഭാര്യ, ആദര്‍ശ ഭര്‍ത്താവ്, ആദര്‍ശ കുടുംബം... എന്നിങ്ങനെ മറ്റ് എല്ലാ വിഷയങ്ങളിലും നമുക്ക് നമ്മുടെ ആദര്‍ശങ്ങളുണ്ട്, എന്നാല്‍ നമ്മള്‍ എപ്പോഴെങ്കിലും എന്താണ് സങ്കല്‍പ്പിക്കാവുന്നതില്‍ ഏറ്റവും മികച്ചതരം മനുഷ്യജീവിതം എന്നതിനെ കുറിച്ച് ചിന്തിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടുണ്ടോ ? മികച്ച ഒരു തൊഴിലാളിയെന്നോ, മികച്ച പൌരനെന്നോ, ഏതെങ്കിലും സാമൂഹിക കൂട്ടത്തിന്‍റെയോ രാഷ്ട്രീയ വര്‍ഗ്ഗത്തിന്‍റെയോ മികച്ച അംഗമെന്നോ, വിശിഷ്ട്ട പ്രായക്കാരിലെ മികച്ചതെന്നോ ഉള്ള അര്‍ത്ഥത്തിലല്ല ഞാന്‍ ചോദിക്കുന്നത്, എന്നാല്‍ മനുഷ്യരില്‍ തന്നെ ഏറ്റവും മികച്ചതരം മനുഷ്യന്‍ എന്താണ്. ഈ ചോദ്യം വളരെ ഗൗരവമായി നമ്മെത്തന്നെ പരിഗണിക്കുന്ന ഒന്നാണ്, കാരണം നമ്മള്‍ മനുഷ്യരാണ്. നമ്മുടെ ജീവിതത്തിന് ആദര്‍ശവത്തായത് എന്താണ് ? ഇതിന്‍റെ ഉത്തരം ഒരു ബൗദ്ധനെ സംബന്ധിച്ച് വളരെ സ്പഷ്ട്ടവും, ദൃഡവും ദ്വയാര്‍ത്ഥമില്ലാത്തതുമാണ്, - ആദര്‍ശ മനുഷ്യന്‍ എന്നാല്‍ ബോധോദയം ലഭിച്ച വ്യക്തി എന്നായിരിക്കും ഉത്തരം, അതായത് ബുദ്ധന്‍. അങ്ങനെ പറയുകയെന്നാല്‍, മാനവീകതയുടെ ആദര്‍ശം, മനുഷ്യവര്‍ഗ്ഗത്തിലെ വ്യക്തികള്‍ക്കുള്ള ആദര്‍ശം, അതിനെ ബുദ്ധത്വം അഥവാ ബോധോദയം എന്ന് പറയുന്നു.

ഇതില്‍ നിന്ന് മൂന്ന് ചോദ്യങ്ങള്‍ ഉയരുന്നു, അവയെ ഓരോന്നായി നമുക്കിവിടെ ചര്‍ച്ചചെയ്യാം. ഒന്നാമതായി, ‘എന്താണ് ബുദ്ധത്വം അഥവാ ബോധോദയം’ ?, രണ്ട്, ‘ബോധോദയം എന്നത് മനുഷ്യന് ആദര്‍ശമെന്ന് നമുക്ക് എങ്ങനെ മനസിലാക്കാനാകും’ ?, മൂന്ന്, ‘ബോധോദയം എന്ന ആദര്‍ശം എവിടെനിന്ന് വരുന്നു, എപ്പോള്‍ ഉത്ഭവിച്ചു, അത് എങ്ങനെ ഉണ്ടായി’ ? ഇവയുടെ ഉത്തരം തേടുമ്പോള്‍, നമുക്ക് ബുദ്ധത്വം മാനവരാശിയുടെ ആദര്‍ശം എന്നതിനെ കുറിച്ചുള്ള പൊതുവായ ആശയം എന്തെന്ന് മനസിലാകും.

എന്താണ് ബോധോദയം ?

ബൗദ്ധ പരമ്പരകളിലെ എല്ലാ സ്കൂളുകളും ബോധോദയത്തെ കുറിച്ച് പറയുമ്പോള്‍, ചുരുക്കത്തില്‍ മുഖ്യമായും മൂന്ന് കാര്യങ്ങളാണ് പറയുന്നത്. ബോധോദയമെന്നാല്‍ വളരെ ശുദ്ധമായ, സ്പഷ്ട്ടമായ, തേജസ്സുള്ള ‘ജാഗ്രത’. ചില വിഭാഗം സ്കൂളുകള്‍ പറയുന്നത് താനും അന്യനും എന്ന ദ്വൈതഭാവം ഇല്ലാത്ത ജാഗ്രതയുടെ അവസ്ഥ. അവിടെ പുറത്ത് അകത്ത് എന്ന അനുഭവങ്ങളില്ല. ഇത്തരമൊരു അവസ്ഥയെ നമ്മള്‍ സാധാരണ പറയുന്നത് അതീന്ദ്രീയ അവസ്ഥയെന്നാണ്. അവിടെ ഒരൊറ്റ ശുദ്ധമായ, തെളിഞ്ഞ, നിരന്തരമായ ജാഗ്രത മാത്രമാണുള്ളത്, അത് എല്ലാ ദിക്കുകളിലേക്കും തുല്യമായി നിലകൊള്ളുന്നു. അതിനെ ഇങ്ങനെയും പറയാം, വസ്തുക്കളുടെ യാഥാര്‍ത്യത്തെ മനസിലാക്കുന്ന ജാഗ്രത. ഇവിടെ വസ്തുക്കള്‍ എന്നാല്‍ എന്തെങ്കിലും വസ്തുക്കളല്ല, എന്നാല്‍ ഞാനും താനും അഥവാ അകത്തും പുറത്തും എന്നാ ദ്വൈതഭാവത്തെ ഇന്ദ്രീയങ്ങള്‍ക്ക് അതീതമായി അനുഭവിക്കുന്ന ജാഗ്രതയെന്നാണ്. അപ്പോള്‍ ഈ ജാഗ്രതയെ യാഥാര്‍ത്ഥ്യത്തിന്‍റെ ജാഗ്രതയെന്നും പറയാം. അതുകൊണ്ടുതന്നെ അതിനെ ‘തിരിച്ചറിവിന്‍റെ അവസ്ഥ’യെന്നും പറയപ്പെടുന്നു. സാധാരണ അര്‍ത്ഥത്തിലുള്ള ഞാനും താനും എന്ന ചട്ടകൂടിലുള്ള അറിവുകളുടെ അഥവാ വിവരങ്ങളുടെ അറിവല്ല ഇത്. എന്നാല്‍ വിചിന്തനമില്ലാതെ പ്രത്യക്ഷത്തില്‍ ലഭിക്കുന്ന ധാര്‍മിക ദൃഷ്ട്ടിയാണത്. അതിലൂടെ എല്ലാ വസ്തുക്കളുടെയും യഥാര്‍ത്ഥ സത്യത്തെ സ്പഷ്ട്ടമായി, ശരിയായി, നേരിട്ട് കാണാന്‍ കഴിയുന്നു. എല്ലാ മിഥ്യാധാരണകളില്‍ നിന്നും, എല്ലാ തെറ്റിധാരണകളില്‍ നിന്നും, എല്ലാ തിന്മകളില്‍ നിന്നും, എല്ലാ കുടിലചിന്തകളില്‍ നിന്നും, എല്ലാ അവ്യക്തതയും അസ്പഷ്ടതകളില്‍ നിന്നും, എല്ലാ മാനസീക വ്യവസ്ഥാപിത സ്ഥിതികളില്‍ നിന്നും, എല്ലാ മുന്‍ധാരണകളില്‍ നിന്നും ഈ ധാര്‍മിക ദൃഷ്ട്ടി അഥവാ അതീന്ദ്രീയ ദൃഷ്ട്ടി മുക്തമാണ്. അപ്പോള്‍, ഒന്നാമതായി ബോധോദയം എന്നാല്‍ ജാഗ്രത നിലനില്‍ക്കുന്ന തിരിച്ചറിവിന്‍റെ ദൃഷ്ട്ടി എന്ന് പറയുന്നു. രണ്ടാമതായി, ബോധോദയമെന്നാല്‍, ആഴത്തിലും തീക്ഷണതയോടെ സ്നേഹവും കരുണയും പ്രവഹിക്കുന്ന അവസ്ഥ. പലപ്പോഴും ഈ അവസ്ഥയെ ഒരമ്മക്ക് തന്‍റെ കുഞ്ഞിനോടുള്ള സ്നേഹ അവസ്ഥയായി താരതമ്യം ചെയ്യപ്പെടുന്നു. വളരെ പ്രസിദ്ധമായ പാലി ഗ്രന്ഥത്തിലെ ‘മെത്ത സുത്ത’യില്‍ - കരുണാദ്രമായ സ്നേഹം എന്ന ബുദ്ധന്‍റെ പ്രസംഗത്തില്‍ ഇതിന്‍റെ താരതമ്യപ്പെടുത്തല്‍ കാണാം. ഇതില്‍ ബുദ്ധന്‍ പറയുന്നത്, സ്വന്തം ജീവനെ തന്നെ പണയപ്പെടുത്തി ഒരു അമ്മ തന്‍റെ കുഞ്ഞിനെ സംരക്ഷിക്കുന്നത് പോലെ, ഒരുവന്‍ തന്‍റെ മനസ്സിനെ എല്ലാ ജീവജാലങ്ങളോടും സ്നേഹം വികസിപ്പിക്കുന്നു. ഇത്തരമൊരു അനുഭവം, ഇത്തരമൊരു മനോഭാവം നാം വികസിപ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്, ബുദ്ധന്‍ ഇവിടെ എല്ലാ മനുഷ്യരോടും എന്നല്ല പറയുന്നത്, എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുക എന്നാണ് പറയുന്നത്, അതായത് സചേതനമായ എല്ലാ പ്രാണികളെയും സ്നേഹിക്കുക. ഇത് തന്നെയാണ് ബോധോദയ മനസ്സ് അനുഭവിക്കുന്നത്. അങ്ങനെയുള്ള ബോധമനസ്സില്‍ സ്നേഹവും കരുണയും ഉള്‍കൊണ്ടിരിക്കുന്നു, അതില്‍ എപ്പോഴും ഹൃദയംഗമമായ ആഗ്രഹത്തോടെ – ആഴത്തിലുള്ള, ജ്വലിക്കുന്ന വികാരത്തോടെ, എല്ലാ ജീവജാലങ്ങളുടെയും നന്മയും, സന്തോഷവും, ഐശ്വര്യവും, അവ വികസിക്കുകയും വളരുകയും ചെയ്യണമെന്ന മനോഭാവത്തോടെ, അവ എല്ലാ ദുഖങ്ങളും പ്രതിസന്തികളില്‍ നിന്നും മുക്തമാകണമെന്ന ആഗ്രഹത്തോടെ, - ആത്യന്തികമായി അവയെല്ലാം ബോധോദയ പ്രാപ്തി നേടണമെന്ന ലക്ഷ്യത്തോടെ സമീപിക്കുന്നു. എല്ലാ ജീവജാലങ്ങളിലേക്കും പ്രവഹിക്കുന്ന ഇത്തരത്തിലുള്ള പരിധികളില്ലാത്ത സ്നേഹവും കരുണയും ബോധോദയത്തിന്‍റെ ഭാഗമാണ്.

മൂന്നാമതായി, ഒരിക്കലും കെടാത്ത മാനസീക-ധാര്‍മിക ചൈതന്യമായി, ഊര്‍ജ്ജമായാണ് ബോധോദയം എന്ന അനുഭവം അഥവാ ആ അവസ്ഥ നിലനില്‍ക്കുന്നത്. അത് നമുക്ക് കാണാന്‍ കഴിയുന്നത്‌ ബുദ്ധന്‍റെ തന്നെ സ്വന്തം ജീവത അനുഭവത്തിലൂടെയാണ്. നിങ്ങള്‍ക്കറിയാമായിരിക്കും, അദ്ദേഹം ബോധോദയം നേടിയത് തന്‍റെ മുപ്പത്തിയഞ്ചാം വയസിലായിരുന്നു, അതേത്തുടര്‍ന്ന് തന്‍റെ ജീവിതകാലത്തിലെ മുഴുവന്‍ സമയവും ധമ്മ ശിക്ഷണങ്ങള്‍ ഉപദേശിച്ചും ജനങ്ങളുമായി സംവദിച്ചും, പ്രായാധ്യക്യത്താല്‍ ശാരീരികമായി വളരെയധികം ക്ഷീണിതനായിട്ടും അദ്ദേഹം അത് തുടര്‍ന്നുകൊണ്ടിരുന്നു. ഒരവസരത്തില്‍ അദ്ദേഹം പറയുകയുണ്ടായി, ‘എന്‍റെ ശരീരം പലവട്ടം അഴിച്ചുപണി നടത്തിയ, പൊട്ടിപൊളിഞ്ഞു വീഴാറായ ഒരു കാളവണ്ടിയെപോലെയാണ്. ഇതിനെ ഓരോ സ്ഥലത്തേക്കും ഒരു പാഴ്വസ്തുവിനെ പോലെ കൊണ്ടുനടക്കുമ്പോഴും, ആരുടെ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ എനിക്ക് കഴിയും, എന്‍റെ മനസ്സ് എപ്പോഴും ഊര്ജ്ജസ്വലതയോടെ അത് നല്‍കാന്‍ തയ്യാറാകുന്നു. എന്‍റെ ശാരീരിക ക്ഷീണവസ്ഥയെ മറികടന്നുകൊണ്ട്‌ എന്‍റെ ബുദ്ധിയും ധാര്‍മിക ഉഉര്‍ജ്ജവും അക്ഷീണിതമാണ്.’ ഇവിടെ ബുദ്ധത്വം എന്ന അവസ്ഥയുടെ സവിശേഷത ‘ഊര്‍ജ്ജമാണ്’. ഈ ബോധോദയ അവസ്ഥയെ ഊര്‍ജ്ജത്തിന്‍റെ സമ്പൂര്‍ണ്ണ അനൈചികത്വം, അഥവാ തുടര്‍ച്ചയായി പോന്തിവരുന്ന, ഇടതടവില്ലാത്ത സര്‍ഗ്ഗാത്മകത എന്ന് പറയാം. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, ബോധോദയമെന്നാല്‍ വ്യവസ്ഥകള്‍ക്കതീതമായ സ്വതന്ത്രമായി നിലകൊള്ളുന്ന എല്ലാ വൈകാരിക പരിമിതികളെയും മറികടന്ന പരിപൂര്‍ണ്ണതയുടെ അവസ്ഥ.

അപ്പോള്‍, ഇതിനെ പരമ്പരാഗത ബൗദ്ധ ശൈലിയില്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്ന് നോക്കാം. ബോധോദയത്തെ വ്യാഖ്യാനിക്കുമ്പോള്‍ അതിന്‍റെ വ്യത്യസ്ഥ കാഴ്ച്ചപ്പാടുകളെ ഇങ്ങനെ ക്രമീകരിക്കാം. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌ എന്ന് നോക്കാം, - അറിവുകള്‍ സ്നേഹവും കരുണയിലേക്ക് പ്രവേശിക്കുന്നു, സ്നേഹവും കരുണയും ഊര്‍ജ്ജം നിര്‍മ്മിക്കുന്നു, ഊര്‍ജ്ജം വീണ്ടും അറിവിലേക്കും... അങ്ങനെ വികാസത്തിന്‍റെ പാതയില്‍ മുന്നോട്ടു പോകുന്നു. ഇവ ഓരോന്നിനെയും വേര്‍തിരിച്ചു ക്രമീകരിക്കാന്‍ പറ്റില്ല, എങ്കില്‍ പോലും അവയെ ക്രമീകൃതരീതിയിലാണ് പരമ്പരാഗത ബൗദ്ധ സ്കൂളുകള്‍ വ്യാഖ്യാനിക്കുന്നത്. അതിന്‍റെ ആശയം വ്യക്തമാക്കാന്‍, അതിലെ അനുഭവം എന്തെന്നു മനസിലാക്കിത്തരാന്‍, അത് എങ്ങനെയാണ് എന്ന് തിരിച്ചറിയിക്കാന്‍ ആ വിധത്തില്‍ ക്രമപ്പെടുത്തിയിരിക്കുന്നു. അവ മനസിലാക്കിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ബൗദ്ധ ഗ്രന്ഥങ്ങളിലുള്ള കാവ്യരൂപത്തിലെ അറിവുകള്‍ വായിക്കുകയും, ധ്യാന അഭ്യാസം പതിവായി ചെയ്യുകയും വേണം. അതിലൂടെ ബോധോദയത്തിന്‍റെ ചില സ്പുരണങ്ങള്‍ നമുക്ക് അനുഭാക്കാന്‍ സാധിക്കും. ആയതിനാല്‍ ബോധോദയത്തെ കുറിച്ച് ബുദ്ധിസ്സം പറയുമ്പോള്‍, നിര്‍വാണം അഥവാ ബുദ്ധത്വം എന്നാല്‍ എന്താണ്, എന്ന് നോക്കുമ്പോള്‍, അത് അറിവിന്‍റെ ഉല്‍കൃഷ്ടമായ ഒരവസ്ഥയാണ്, അത് സ്നേഹത്തിന്‍റെയും കരുണയുടെയും ഊര്‍ജ്ജത്തിന്‍റെയും കലവറയാണ്.

ബോധോദയം മാനവരാശിയുടെ ആദര്‍ശമെന്ന് മനസിലാക്കാന്‍ സാധിക്കുന്നതെങ്ങനെ ?

ഈ ചോദ്യത്തിന് ഉത്തരം നല്‍കും മുമ്പ്, രണ്ടു തരത്തിലുള്ള ആദര്‍ശങ്ങളെ കുറിച്ച് നോക്കാം. പൊതുവേ അവക്ക് പ്രത്യേകം പദങ്ങളില്ല, എന്നാല്‍ നമുക്ക് ഇങ്ങനെ വിളിക്കാം, ‘നൈസര്‍ഗ്ഗീക ആദര്‍ശവും കൃത്രിമമായ ആദര്‍ശവും’. ഒരു വസ്തുവിന്‍റെ അഥവാ ഒരു വ്യക്തിയുടെ സ്വാഭാവിക ഗുണങ്ങളെ ആശ്രയിച്ച് എന്താണോ ആദര്‍ശമായത് അവയെ നൈസര്‍ഗ്ഗീക ആദര്‍ശമെന്ന് പറയുന്നു, എന്നാല്‍ കൃത്രിമമായ ആദര്‍ശത്തില്‍ സ്വാഭാവികതയില്ല. പുറത്ത് നിന്ന് എടുത്ത വസ്തുവിനെ നിര്‍ബന്ധപൂര്‍വം ഒന്നിലേക്ക് കൊണ്ടുവരുമ്പോള്‍ അത് കൃത്രിമമാകുന്നു, അതില്‍ അസ്വഭാവികതയുണ്ടാകുന്നു. ഉദാഹരണത്തിന്, നമ്മളിവിടെ ആദര്‍ശ വീടിനെ കുറിച്ച് നോക്കി, അത് വളരെ സുന്ദരമായ ഭവനമായിരിക്കാം, അതില്‍ എല്ലാ സൗകര്യങ്ങളും സുഖസംവിധാനങ്ങളും ഉണ്ടാകും. നിരവധി കോണിപ്പടികള്‍ ഉള്ള ആ വീട് അംഗവൈകല്യമുള്ളവര്‍ക്കും വൃദ്ധര്‍ക്കും അസൗകര്യമുള്ളതാവും. കലാകാരനും കര്‍ക്കശക്കാരനുമായ ഹെന്‍റി ഫോര്‍ഡിനെ പോലൊരാള്‍ക്ക് തികച്ചും ആത് ആദര്‍ശ വീടാകില്ല.

ഈ വ്യത്യസ്ഥതയെ മനസിലാക്കുമ്പോള്‍ ബോധോദയം കൃത്രിമ ആദര്‍ശമല്ല. ഒരുവന്‍റെ സ്വഭാവത്തില്‍ ഇല്ലാത്തതും ഒരുവന് അവകാശപെടാത്തതുമായ ഒന്നിനെ പുറത്ത് നിന്ന് ഒരുവനിലേക്ക് അടിച്ചേല്‍പ്പിക്കുന്ന ഒന്നല്ല ബോധോദയം. ബോധോദയം മനുഷ്യനില്‍ നൈസര്‍ഗ്ഗീകമായ ഒന്നാണ്, അതിനാല്‍ അതിനെ നൈസഗ്ഗീക ആദര്‍ശം എന്ന് പറയാം. മനുഷ്യന്‍റെ സ്വഭാവികതയെ, സ്വാഭാവിക ആവശ്യങ്ങളെ സംയോജിപ്പിക്കുന്നതിനെ ബോധോദയ ആദര്‍ശം എന്ന് പറയുന്നു. ബോധോദയത്തിന്‍റെ സവിശേഷതകളെ കുറിച്ച് പറഞ്ഞു. അതിനെ രണ്ട് രീതിയില്‍ കാണാം, അത് ബുദ്ധിപരമായ ഒന്നാണ്, വളരെ വേറിട്ടു നില്‍ക്കുന്നതും വ്യക്തിഗത അനുഭവത്തില്‍ നിന്ന് മാത്രം തിരിച്ചറിയാന്‍ കഴിയുന്ന ഒന്നാണ് അത്. എന്നാല്‍ ബോധോദയത്തിലുള്ള ഗുണഗണങ്ങള്‍ ഒരു മനുഷ്യന്‍റെ സ്വാഭാവിക വളര്‍ച്ചയില്‍ നിക്ഷിപ്തമായിരിക്കുന്നു, അവ പുറത്തുനിന്നു കടംകൊണ്ടതല്ല. സ്ത്രീയോ പുരുഷനോ, കുഞ്ഞുങ്ങള്‍ക്കോ, എല്ലാ മനുഷ്യനും അറിവും അനുഭവവുമുണ്ട്‌, - യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനുള്ള ചില നൈസര്‍ഗീക വാസനകളുണ്ട്. അകന്നു നില്‍ക്കുന്നതോ, അകറ്റി മാറ്റപ്പെട്ടതോ ആകട്ടെ, മനുഷ്യരില്‍ സ്നേഹവും കരുണയും നിലനില്‍ക്കുന്നു, അതിനു പരിമിതികളോ വേറിട്ട പ്രകടനശൈലിയോ ഉണ്ടാകാം. ആ ഊര്‍ജ്ജം ചെറുതോ വലുതോ ആകാം, അത് വ്യവസ്ഥിതപ്പെട്ടതോ സ്വഭാവികമോ ആകാം. അവയെല്ലാം ഒരു പരിധിവരെ മനുഷ്യരിലുണ്ട്. എന്നാല്‍ നമുക്ക് സങ്കല്‍പ്പിക്കാവുന്നത്തിലും അധികം ഈ ഗുണങ്ങളെ പൂര്‍ണ്ണതയില്‍ വികസിപ്പിക്കുമ്പോള്‍ അതിനെ ബോധോദയ അവസ്ഥ എന്ന് പറയപ്പെടുന്നു. ഒരുവന്‍ യാഥാര്‍ത്ഥ്യത്തിന്‍റെ കാഴ്ചപ്പാടിനെ കുറിച്ച് പറയുമ്പോള്‍ അത് അന്യമായ ഒന്നല്. അത് പരിശുദ്ധവും പരിപൂര്‍ണവും പരിമിതികളില്ലാത്ത സ്നേഹവും കരുണയും നിറഞ്ഞ എല്ലാ ജീവജാലങ്ങളുടെ നന്മക്കായി നിലകൊള്ളുന്ന ഒന്നാണ്. അത് ചില വാക്കുകളില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല, അത് നമ്മുടെ സ്വന്തം അനുഭവം തന്നെയാണ്, അത് ബീജ രൂപത്തില്‍ അവിടെ നിക്ഷിപ്തമാണ്. അതുകൊണ്ടുതന്നെ ആ ആദര്‍ശത്തോട് പ്രതികരിക്കാന്‍ നമുക്ക് സാധിക്കും, നമ്മുടെ നേര്‍ത്ത പരിമിതമായ അനുഭവമോ വികൃതമായ രൂപമോ ആയികൊള്ളട്ടെ, അതിനെ തിരിച്ചറിയാന്‍ നമുക്ക് സാധ്യമാണ്.

നൈസര്‍ഗ്ഗികമായ ഒരു ആദര്‍ശമാണ് ബോധോദയം എന്ന് മനസിലാക്കാന്‍ മറ്റൊരു കാരണമുണ്ട്. മനുഷ്യന്‍ ശരിയായ അര്‍ത്ഥത്തില്‍ ഒരിക്കലും ഒന്നിലും തൃപ്തനല്ല. നമുക്ക് എല്ലാ തരത്തിലുള്ള സുഖങ്ങള്‍ ഉണ്ടാകും, വിവിധ തരത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചേക്കാം, എന്നാല്‍ ആത്യന്തികമായി ചില അതൃപ്തി നമ്മള്‍ അനുഭവിക്കുന്നു. ഇതിനെയാണ് ബുദ്ധിസ്സത്തില്‍ ദുഃഖം എന്ന് പറയുന്നത്, അതായത് അതൃപ്തിയുടെ ദുഃഖം. പരമ്പരാഗത ഭാഷയില്‍ മൂന്ന്‍ തരം ദുഖങ്ങളുണ്ട്; ഒന്ന്, ‘ദുഃഖം ദുഖമാണ്’. അത് പ്രകടമായ ദുഖമാണ്. ഉദാഹരണത്തിന്, നിങ്ങളുടെ ശരീരത്തില്‍ മുറിവോ ക്ഷതമോ സംഭവിക്കുമ്പോള്‍, ആരെങ്കിലും നിങ്ങളെ നിരാശപ്പെടുത്തുകയോ താറുമാറാക്കുകയോ ചെയ്യുമ്പോള്‍, നിങ്ങള്‍ അനുഭവിക്കുന്ന ദുഖത്തെ ദുഃഖം എന്ന് പറയുന്നു. രണ്ടാമത്തെ ദുഖത്തെ ‘അനിത്യതയുടെ ദുഃഖം’ എന്ന് പറയുന്നു. നമ്മുടെ കൈയില്‍ സന്തോഷം പ്രദാനംചെയ്യുന്ന എന്തെങ്കിലും ഉണ്ടെന്നിരിക്കട്ടെ, അതില്‍നിന്ന് വളരെയധികം സുഖം ലഭിക്കുന്നു, അവയെ അത്യന്തം നമ്മള്‍ ആസ്വദിക്കുന്നു, എന്നാല്‍ ഒടുവില്‍, അതിന്‍റെ സ്വാഭാവിക പ്രവണതമൂലം അത് നിലനില്‍ക്കുന്നില്ല, അഥവാ നമ്മുടെ അതുമായുള്ള ബന്ധം അയഞ്ഞുതുടങ്ങുന്നു. അവസാനം അത് നമ്മളില്‍ നിന്ന് അകന്ന് പോകുന്നു. ആ ബന്ധം വേര്‍പിരിയുന്നു, കാരണം ഒരുവേളയില്‍ അതിനോട് വളരെയധികം ആസക്തി പുലര്‍ത്തിയിരുന്നു, അതിലെ സുഖത്തെ നമ്മള്‍ അനുഭവിച്ചു കഴിഞ്ഞു, അതില്‍ സ്വാഭാവിക മാറ്റം സംഭവിക്കുമ്പോള്‍ ദുഖമുണ്ടാകുന്നു. കാലാന്തരത്തില്‍ അഥവാ സമയം നിമിത്തം അനിത്യതയുടെ ദുഖ അനുഭവം അപ്രകാരമുണ്ടാകുന്നു. മൂന്നാമത്തെ ദുഃഖം, ‘വ്യവസ്ഥിതിയുടെ അസ്തിത്വത്തിലുള്ള ദുഃഖം’. ഈ പ്രപഞ്ചത്തിലെ ഒരൊറ്റവസ്തുവിലും അന്തിമമായി ബോധോദയമില്ല, അവയെല്ലാം ദുഖമാകുന്നു. ഒരുപക്ഷെ നമ്മള്‍ ആഗ്രഹിക്കുന്ന എല്ലാം നേടിയെന്നിരിക്കട്ടെ, നമ്മളതിനെ കൈവശംവച്ച് ആസ്വദിച്ച് കൊണ്ടിരിക്കുകയാവാം, എങ്കിലും നമ്മുടെ ഹൃദയത്തിന്‍റെ കോണിലെവിടയോ ചില അതൃപ്തി നിലനില്‍ക്കുന്നു, അത് നമ്മെ അതിലും കൂടുതല്‍, അതിലുമപ്പുറം, മികച്ചവയെ കണ്ടെത്താന്‍ ആവശ്യപ്പെടുന്നു. അത്തരമൊരു അന്വേഷണ ത്വരയെയാണ് നമ്മള്‍ ബോധോദയമെന്ന് പറയുന്നത്. ഇതില്‍നിന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്‌, മനുഷ്യന്‍, ശരിയായ ഒരു വ്യക്തി ആത്യന്തികമായി ഒന്നിലും അഥവാ ന്യൂനതകളില്‍ തൃപ്തനല്ല, അത് മനുഷ്യസഹജമാണ്. കാരണം, ഒരു ശരിയായ മനുഷ്യന്‍, ഒരു യാഥാസ്ഥിതിക വ്യക്തി ഒരിക്കലും ന്യൂനതകളില്‍ തൃപ്തനാകില്ല. സെന്‍റ്. അഗസ്റ്റിന്‍ പറയുന്ന വാക്കുകളെ കടമെടുക്കാം, ‘തനിക്ക് ലഭിക്കുന്നവയെല്ലാം തനിക്കായുള്ളതാണ്, അവയെ പ്രാപിച്ചാലും നമ്മുടെ ഹൃദയം അശാന്തമാണ്‌’.

ബോധോദയം എന്ന ആദര്‍ശം എവിടെ നിന്ന് ഉണ്ടായതാണ് ?

ഈ ആദര്‍ശം മനുഷ്യനില്‍ നിന്ന് തന്നെ ഉണ്ടായതാണ്; അത് മനുഷ്യചരിത്രത്തില്‍ നിന്ന് വരുന്നു. ബോധോദയം എന്ന മാനവീക ആദര്‍ശം മനുഷ്യരില്‍ നിന്നല്ലാതെ മറ്റൊരു സ്രോതസ്സില്‍ നിന്ന് ഉണ്ടാകില്ല. നമ്മള്‍ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ പലരും ബോധോദയ പ്രാപ്തി നേടിയിരുന്നതായി കാണാന്‍ സാധിക്കും. അവര്‍ ശരിയായ വ്യക്തിയും ആദര്‍ശ വ്യക്തിയും തമ്മിലുള്ള വിടവ് അകറ്റിയിരുന്നു. ഒരു കാലഘട്ടത്തില്‍ സ്ത്രീയും പുരുഷനിലുമുള്ള എല്ലാ ധാര്‍മിക കഴിവുകളെയും അവര്‍ പൂര്‍ണ്ണമായി യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അവ മുളപൊട്ടി വരുന്ന അവസ്ഥയിലായിരുന്നു എന്നേ പറയാനാകൂ. പല വ്യക്തികളും ആദര്‍ശ സാക്ഷാത്കാരത്തിനായി ജീവിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. പ്രത്യേകിച്ച് 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇന്ത്യന്‍ ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നത് ബുദ്ധന്‍ എന്ന വ്യക്തിത്വത്തെയാണ്. യുവാവായ അദ്ദേഹം തികഞ്ഞ ധാര്‍മിക അഭ്യാസിയായിരുന്നു, തന്‍റെ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ 35 –മത്തെ വയസ്സില്‍ ബോധോദയ പ്രാപ്തി നേടിയിരുന്നു. അതിനെ ബൗദ്ധ ഗ്രന്ഥങ്ങളില്‍ ബുദ്ധത്വം എന്ന് പറയുന്നു, അതായത് ഉണരുക, മറ്റൊരര്‍ത്ഥത്തില്‍ എല്ലാം അറിയുന്ന അവസ്ഥ എന്ന് പറയുന്നു. അദ്ദേഹമായിരുന്നു ബോധോദയ അവസ്ഥ നേടിയ ശേഷം ആദ്യമായി ലോകത്തോട്‌ പങ്കുവെച്ചത്. യഥാര്‍ത്ഥത്തില്‍ അതിലൂടെ ധാര്‍മിക വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് ചെയ്തത്, ധാര്‍മികതയുടെ പരമ്പരതന്നെ അവിടെ നിന്ന് രൂപപ്പെട്ടു, അതിനെ നാമിന്ന് ‘ബുദ്ധിസം’ എന്ന് വിളിക്കപ്പെടുന്നു.

ബുദ്ധനും ബുദ്ധിസ്സവും എന്നതിനെ കുറിച്ചുള്ള ഇന്ന് നിലനില്‍ക്കുന്ന ചില തെറ്റിദ്ധാരണകളെ ദുരീകരിക്കാന്‍ ഞാനിവിടെ ശ്രമിക്കാം. ഈ പ്രസംഗത്തിന്‍റെ തുടക്കത്തില്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു, ബൗദ്ധരല്ലാത്തവരും ബുദ്ധന്‍റെ രൂപം ഒരുപക്ഷെ കണ്ടിട്ടുണ്ടാവാം, അവര്‍ക്ക് വളരെ സുപരിചിതമായ രൂപമാണ് ബുദ്ധന്‍. എന്നിരിക്കിലും അദ്ദേഹത്തെ കുറിച്ചോ, ബുദ്ധ എന്ന അവസ്ഥയെ കുറിച്ചോ, അത് എന്തിനെ പ്രതിനിദാനം ചെയ്യുന്നു എന്നതിനെ കുറിച്ചോ വ്യക്തമായ ഒരു ധാരണയും ഉണ്ടാകില്ല. അവരില്‍ പലരിലും സത്യത്തില്‍ വളരെ ഗൌരവമേറിയ തെറ്റിദ്ധാരണകളാണ് നിലനിര്‍ത്തി പോരുന്നത്. രണ്ട് പ്രബലമായ തെട്ടിധാരണകളില്‍, ഒന്നാമതായി, ബുദ്ധന്‍ ഒരു സാധാരണ മനുഷ്യനായിരുന്നു എന്നതാണ്. രണ്ടാമതായി, ബുദ്ധന്‍ ദൈവമായിരുന്നു അഥവാ അവതാര പുരുഷനായിരുന്നു എന്ന തെറ്റിദ്ധാരണ. ഇവ രണ്ടും ദൈവശാസ്ത്ര ഭാഷയിലൂടെ ബോധപൂര്‍വ്വമോ അല്ലാതെയോ ചിന്തിച്ചതിന്‍റെ ഫലമായി ഉണ്ടായതാണ്.

നമുക്കറിയാം, ഒരു ആചാരനിഷ്ട്ടയുള്ള ക്രിസ്ത്യാനിയെ സംബന്ധിച്ച് ദൈവവും മനുഷ്യനും തികച്ചും വളരെ വ്യത്യസ്ഥരാണ്. ദൈവം അവിടെ മുകളിലാണ്, നമ്മള്‍ മനുഷ്യര്‍ ഇവിടെ താഴെ ഭൂമിയിലും, അതുകൊണ്ടുതന്നെ അവരുടെ ഇടയില്‍ വളരെ വലിയ അന്തരമുണ്ട്. ദൈവം സൃഷ്ട്ടാവാണ്, ദൈവം മനുഷ്യനെ മണ്ണില്‍നിന്നും ജനിപ്പിച്ചു, മനുഷ്യന്‍ അങ്ങനെ നിര്‍മ്മിക്കപെട്ടു. ചിലരുടെ വ്യാഖ്യാനത്തില്‍ കാണപ്പെടുന്നത്, ഒരു കുശവന്‍ എങ്ങനെ മണ്‍പാത്രം നിര്‍മ്മിച്ചുവോ അങ്ങിനെ നിര്‍മ്മിച്ചു. അതിലുമുപരി ദൈവം പവിത്രമാണ്, പരിശുദ്ധമാണ്, പുണ്യാത്മാവാണ്, പരിപാവനമാണ്; എന്നാല്‍ മനുഷ്യന്‍ പാപിയാണ്, അപവിത്രമാണ്, അശുദ്ധമാണ്, മനുഷ്യന് ഒരിക്കലും ദൈവമാകാന്‍ കഴിയില്ല. ഒരു ആചാരനിഷ്ട്ടയുള്ള ക്രിസ്ത്യാനിക്ക് അങ്ങിനെ ചിന്തിക്കാനേ കഴിയില്ല, അത് അവര്‍ക്ക് അര്‍ത്ഥശൂന്യമായ ഒന്നാണ്. മാത്രമല്ല, മനുഷ്യന് ഒരിക്കലും ദൈവമാകാന്‍ കഴിയില്ല എന്നത് യേശുവിന്‍റെ കാര്യത്തിലൊഴികെ അവര്‍ക്ക് അംഗീകരിക്കാനേ കഴിയില്ല. അവര്‍ക്ക് യേശുക്രിസ്തു അവതാരമാണ്. ഇവിടെ ക്രിസ്ത്യാനികള്‍ക്ക് മൂന്ന് വിധത്തിലാണ് ക്രിസ്തു പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്‍, അഥവാ പാപിയായ മനുഷ്യന്‍; രണ്ട്, അവതാര പുരുഷന്‍; മൂന്ന്, ദൈവം. ഈ മൂന്ന് വിഭാഗത്തില്‍ ബുദ്ധനെ എവിടെയാണ് പ്രതിഷ്ട്ടിക്കുന്നത് ? ആചാരനിഷ്ഠയുള്ള ഒരു ക്രിസ്ത്യാനി ബുദ്ധന്‍റെ രൂപത്തെ കാണുമ്പോള്‍ മേല്‍പറഞ്ഞ ഏതു വിഭാഗത്തിലാകും തിരിച്ചറിയുക. അവര്‍ ഏതു വിഭാഗത്തിലേക്കാകും ബുദ്ധനെ തരംതിരിക്കാന്‍ ശ്രമിക്കുന്നത്. ഇത് വളരെ പ്രകടമാണ്, ആചാരനിഷ്ഠയുള്ള ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് ബുദ്ധനെ ഒരിക്കലും ദൈവമായി അംഗീകരിക്കില്ല. കാരണം അവര്‍ക്ക് ഒരു ദൈവമേയുള്ളു. അതുപോലെതന്നെ ബുദ്ധന്‍ ഒരിക്കലും അവതാരമോ ദൈവ പുത്രനോ അല്ല, കാരണം ദൈവം ഒരേയൊരു തവണ മാത്രമാണ് മനുഷ്യപുത്രനായി അവതരിച്ചത്, അത് മറ്റാരുമല്ല, യേശുക്രിസ്തുവായിരുന്നു. ആയതിനാല്‍ ആചാരനിഷ്ഠയുള്ള ഒരു ക്രിസ്ത്യാനിയും ബുദ്ധനെ മനുഷ്യനായിട്ടല്ലാതെ കാണുനില്ല, കേവലം സാധാരണ മനുഷ്യനായിട്ട്‌ കാണുന്നു. മിക്കവാറും മറ്റെല്ലാവരെ പോലെ പാപിയായ മനുഷ്യന്‍, അതേസമയം അവര്‍ പറയും ബുദ്ധന്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ട്ടനായിരുന്നു, ധാര്‍മിക വ്യക്തിയായിരുന്നു. എന്നാല്‍ എന്തൊക്കെ പറഞ്ഞാലും ദൈവത്തില്‍നിന്നു വളരെയധികം അധീനനാണ്, യേശുക്രിസ്തുവിനോടൊപ്പം ബുദ്ധനെ താരതമ്യം ചെയ്യാനാകില്ല എന്നും അവര്‍ പറയും.

ഒന്നാമതായി ഇത്തരത്തിലൊരു വലിയ തെറ്റിദ്ധാരണ നിലനില്‍ക്കുന്നു. അതില്‍നിന്ന് ഉയരുന്ന രണ്ടാമത്തെ തെറ്റിദ്ധാരണ, ബൗദ്ധ പഠനം നടത്തുന്ന പല പണ്ഡിതന്മാരുടെ ഇടയിലുള്ള അഭിപ്രായം ഇതാണ്. ബുദ്ധന്‍ കേവലമൊരു മനുഷ്യനായിരുന്നു എന്നാല്‍ അദ്ദേഹത്തിന്‍റെ അനുയായികള്‍ അദ്ദേഹത്തെ ദൈവമാക്കി മാറ്റിയിരിക്കുന്നു. ബുദ്ധന്‍ മരിച്ചതിന് ശേഷം തന്‍റെ അനുയായികള്‍ അദ്ദേഹത്തെ ആരാധിക്കാന്‍ തുടങ്ങി, അവര്‍ക്ക് ദൈവത്തിന്‍റെ അസ്ഥിത്വത്തെ നിഷേധിക്കാനായില്ല, അതിനാല്‍ അവര്‍ ബുദ്ധനെ ദൈവമായി കണ്ട് ആരാധിക്കുന്നു. ബുദ്ധിസ്സത്തില്‍ ആരാധന എന്നതിന്‍റെ നിജസ്ഥിതി മനസിലാക്കാതെയാണ് അവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. അവരെ സംബന്ധിച്ച് ആരാധിക്കപ്പെടെണ്ടത് ദൈവത്തെ മാത്രമേയാകാവു. നിങ്ങള്‍ എന്തിനെയെങ്കിലും ആരാധിക്കുന്നുവെങ്കില്‍ ക്രിസ്ത്യാനികള്‍ ചിന്തിക്കുന്നത് നിങ്ങള്‍ അതിനെ ദൈവമായി പരിഗണിക്കുന്നത് കൊണ്ടെന്നാണ്.

ഈ രണ്ട് തെറ്റിദ്ധാരണകളെയും വളരെ എളുപ്പം തെളിയിക്കാനാകും, അതിന് ആദ്യമായി നാം ചെയ്യേണ്ടത് ക്രിസ്ത്യന്‍ മനോഭാവത്തില്‍ നിന്ന് സ്വതന്ത്രമാക്കുക. ഒരുവന്‍ സ്വയം ക്രിസ്ത്യാനിയല്ലന്നു കരുതുന്നുവെങ്കിലും, ബുദ്ധനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആ പദത്തെ തന്‍റെ അബൗദ്ധ പദാവലിയിലൂടെ ഗ്രഹിക്കുന്നു, തന്‍റെ ഉപബോധമനസ്സില്‍ അടിഞ്ഞുകിടക്കുന്ന ക്രിസ്ത്യന്‍ സംസ്കാരത്തിലൂടെ പ്രതികരിക്കുന്നതിനെ തടയേണ്ടതുണ്ട്. നമ്മള്‍ എപ്പോഴും ഓര്‍ത്തിരിക്കേണ്ടത് ബുദ്ധിസ്സം ഒരു നിരീശ്വരവാദ പരമ്പരയാണ്, അത് പ്രപഞ്ചത്തെ സൃഷ്ട്ടിച്ച പരമോന്നതനായ ഒരു ദൈവത്തെ വിശ്വസിക്കുന്നില്ല, യഥാര്‍ത്ഥത്തില്‍, അതിന്‍റെ അസ്തിത്വത്തെ ബുദ്ധിസം നിരാകരിക്കുന്നു. ബുദ്ധന്‍ പറയുന്നത്, ദൈവവിശ്വാസം അഥവാ സൃഷ്ട്ടവിലുള്ള ഭയം, അത് എപ്പോഴും നമ്മുടെ ധാര്‍മിക ജീവിതത്തിന് തടസ്സമാണ്.

ഇവിടെ ആരാണ്, അഥവാ എന്തായിരുന്നു ബുദ്ധന്‍ ? ഒരു ബൗദ്ധന്‍ അദ്ദേഹത്തെ കുറിച്ച് എന്ത് ചിന്തിക്കുന്നു ? എന്തായിരുന്നു ബുദ്ധന്‍ സ്വയം തന്നെപറ്റി ചിന്തിച്ചിരുന്നത് ? ഒന്നാമതായി, ബുദ്ധന്‍ ഒരു മനുഷ്യനായിരുന്നു. എന്നാല്‍ ഒരു സാധാരണ വ്യക്തിയായിരുന്നില്ല, അദ്ദേഹം ബോധോദയ പ്രാപ്തി നേടിയ വ്യക്തിയായിരുന്നു. അദ്ദേഹം അതിരുകളില്ലാത്ത സ്നേഹത്തിന്‍റെയും കരുണയുടെയും മൂര്‍ത്തീഭാവമായിരുന്നു, അനിയന്ത്രിതമായ ഊര്‍ജ്ജത്തിന്‍റെ ഉറവിടമായിരുന്നു, പരിപൂര്‍ണ്ണതയുള്ള ജ്ഞാനത്തിന്‍റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു. അദ്ദേഹം ജനിച്ചത്‌ ഒരു അസാമാന്യ മനുഷ്യനായിട്ടായിരുന്നില്ല. എന്നാല്‍ ബുദ്ധത്വ പ്രാപ്തിയിലൂടെ അദ്ദേഹം അസാമാന്യ മനുഷ്യനായി മാറുകയായിരുന്നു. അതിനു കാരണമായത്‌ തന്നില്‍ അടങ്ങിയിരിന്ന മാനവീക കഴിവുകളെ, മൂല്യങ്ങളെ സ്വന്തം പ്രയത്നത്തിലൂടെ പരിപൂര്‍ണ്ണമായി വികസിപ്പിച്ചത്തിലൂടെ ആയിരുന്നു. അതിനാല്‍ ബുദ്ധിസ്സത്തില്‍ രണ്ട് പ്രധാനപ്പെട്ട തരംതിരുവുകള്‍ക്ക് ഊന്നല്‍ നല്‍കുന്നു. ഒന്ന്, സാധാരണ മനുഷ്യന്‍; രണ്ട് ബോധോദയ വ്യക്തി. ഈ രണ്ട് തരംതിരിവുകള്‍ക്കിടയില്‍ വല്യൊരു വിടവുണ്ട്‌, അതിലെ അന്തരത്തെ തരണംചെയ്യുക പ്രയാസമേറിയ വസ്തുതയാണെങ്കില്‍ പോലും, ഇവിടെ മനുഷ്യനും ദൈവവും തമ്മിലുള്ള അന്തരമായിട്ടല്ല ചൂണ്ടിക്കാട്ടുന്നത്. ആ വിടവിനെ മറികടക്കാന്‍ വളരെയധികം പ്രയത്നത്തിന്‍റെ ആവശ്യമുണ്ട്, ആത്യന്തികമായി അത് സാധ്യമായ ഒന്നാണ്. യഥാര്‍ത്ഥത്തില്‍ പല ബൗദ്ധരും വിശ്വസിക്കുന്നത് ഒരുവന്‍റെ ജീവിത്തിലുടനീളം ഘട്ടം ഘട്ടമായി അത് സാധ്യമാക്കാമെന്നാണ്. അതുകൊണ്ടാണ് ബോധോദയ മനുഷ്യനെ സ്വതന്ത്രമായ തരംതിരിവില്‍ പരിഗണിക്കപെടുന്നത്. ബൗദ്ധ കാഴ്ച്ചപ്പാടില്‍ ബോധോദയ വ്യക്തിയെ പ്രപഞ്ചത്തിലെ പരമോന്നത മൂര്‍ത്തീകരണമായി കണക്കാക്കുന്നു, ദൈവത്തെക്കാളുപരി മഹത്വം നല്‍കുന്നു. എന്നാല്‍ ബോധോദയ വ്യക്തിയെ ആരാധിക്കുന്നത്, ദൈവത്തെ ആരാധിക്കുന്നത് പോലെയല്ല. അത് മനുഷ്യന് തന്‍റെ സ്വന്തം കഴിവില്‍ വികസിക്കാനുള്ള പാത കാണിച്ച് നല്‍കിയ, ഒരുത്തമ മാതൃകയായി ജീവിച്ച വ്യക്തിയെന്ന നിലയില്‍ ബഹുമാന സൂചകമായ ആരാധനയാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ബുദ്ധനെ ദൈവമായല്ല, ഒരു ശിക്ഷകാനായി, ഒരു വഴികാട്ടിയായി, ഒരു മാതൃകാ ബിംഭമായി ആരാധിക്കുന്നു.

ഇതുമായി ബന്ധപ്പെടുത്തി ഗൗതമ ബുദ്ധനെ ലോകജേഷ്ഠനെന്ന്‍ പരാമര്‍ശിക്കുന്നു. പാശ്ചാത്യലോകത്ത് ഗൗതമ ബുദ്ധനെ മിക്കവാറും എല്ലാവരും അറിയുന്നത് ബുദ്ധന്‍ എന്ന് തന്നെയാണ്, എന്നാല്‍ കിഴക്കന്‍ രാജ്യങ്ങളില്‍ ബുദ്ധനെ ഒട്ടേറെ തലവാചകത്തില്‍ വിളിക്കപ്പെടുന്നു, - തഥാഗതന്‍, ഭഗവാന്‍, അറഹന്തന്‍, ലോകജേഷ്ഠന്‍. ലോകജേഷ്ഠന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം ‘ലോകത്തിന്‍റെ ജേഷ്ഠ സഹോദരന്‍’, അഥവാ മനുഷ്യത്വത്തിന്‍റെ ജേഷ്ഠ സഹോദരന്‍ എന്നാണ്. ബുദ്ധന്‍ തന്‍റെ ശിഷ്യന്മാരെ പലപ്പോഴും വിളിക്കാറുള്ളത്, ‘നിങ്ങള്‍ എന്‍റെ ശരിയായ പുത്രന്മാരാണ്, എന്‍റെ അധരങ്ങളില്‍ നിന്ന്, എന്‍റെ ശിക്ഷണങ്ങളില്‍ നിന്ന് നിങ്ങള്‍ ജനിച്ചു, ധാര്‍മികതയാണ് നിങ്ങളുടെ പിതൃസ്വത്ത്, അല്ലാതെ ലൗകിക വസ്തുക്കളല്ല’. വിനയ പിടകയില്‍ മുട്ടത്തോട് സ്വയം പൊട്ടിച്ച് വന്ന ആദ്യത്തെ കോഴികുഞ്ഞ് എന്ന് താരതമ്യം ചെയ്തു വിശേഷിപ്പിക്കുന്നു. ആ ആദ്യത്തെ കോഴികുഞ്ഞ് വിരിയാറായ മുട്ടകളെ കൊത്തിപൊട്ടിച്ച് മറ്റുള്ളവരെ തോടിന് പുറത്തുവരാന്‍ സഹായിക്കുന്നു. ബുദ്ധനെ ഇവിടെ അതുപോലൊരു കോഴികുഞ്ഞായി പറയപ്പെടുന്നു. അദ്ദേഹമാണ് ആദ്യമായി അറിവില്ലായ്മയുടെ തോട്പൊട്ടിച്ച്, ധാര്‍മികതയുടെ അന്ധതയും അന്ധകാരത്തിലും നിന്ന് പുറത്തുവന്ന്, മറ്റുള്ളവരെയും അതില്‍ നിന്ന് പുറത്തേക്ക് വരാന്‍ സഹായിച്ച വ്യക്തി. അദ്ദേഹം നമ്മെ ഉണര്‍ന്നെണീക്കാന്‍ സഹായിച്ചു.

ഇവയില്‍ നിന്ന് നമുക്ക് കാണാന്‍ സാധിക്കുന്നത്, പാശ്ചാത്യലോകത്തെ ചിന്തകളുമായോ ആത്മീയ പാരമ്പരകളുമായോ താരതമ്യം ചെയ്യാനാകുന്ന വിഭാഗത്തില്‍ വരുന്ന വ്യക്തിയല്ല ബുദ്ധന്‍. ക്രിസ്ത്യന്‍ അര്‍ത്ഥത്തില്‍ അദ്ദേഹം ദൈവമോ മനുഷ്യനോ അല്ല. ചിലര്‍ ചിന്തിക്കുന്നത് പോലെ അദ്ദേഹം ദൈവത്തെ ഉപേക്ഷിച്ച വ്യക്തിയോ, ദൈവമില്ലാത്ത വ്യക്തിയോ അല്ല. അദ്ദേഹം ഇവക്കിടയിലും അതിന് അപ്പുറവുമാണ്.

എന്നിരിക്കിലും നമുക്ക് ബോധോദയ വ്യക്തിയെ പരിണാമപ്രക്രിയയിലൂടെ നിര്‍വചിക്കാം. മനുഷ്യന്‍ ഒരു സാമൂഹിക മൃഗമാണ്‌, എന്നാല്‍ അവന്‍ ഒരു സാധാരണ മൃഗമല്ല. അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍, അവന്‍ ചിന്താശക്തിയുള്ള മൃഗമാണ്‌. അവന്‍ പുതിയൊരുതരം വര്‍ഗ്ഗമാണ്, പുതിയൊരു വിഭാഗത്തില്‍പ്പെട്ട മൃഗം, എന്നാല്‍ മൃഗങ്ങളെക്കാള്‍ എണ്ണമറ്റതാണ്, പക്ഷേ അവനും മൃഗവും തമ്മില്‍ അന്തരമുണ്ട്. അതുപോലെതന്നെയാണ് ഇവിടെ ബുദ്ധനും പുതിയൊരുതരം വര്‍ഗ്ഗമാണ്, പുതിയൊരു വിഭാഗത്തില്‍പ്പെട്ട അസ്ഥിത്വം, എന്നാല്‍ ഇവിടെ ബുദ്ധനെക്കാള്‍ എണ്ണമറ്റതാണ് മനുഷ്യര്‍, ബുദ്ധനും മനുഷ്യനും തമ്മില്‍ വളരെയധികം അന്തരമുണ്ട്.

നമുക്കിനി ബുദ്ധിസ്സത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ എന്തെല്ലാമെന്ന് നോക്കാം. പാശ്ചാത്യ കാഴ്ചപ്പാടിലുള്ള ഒരു മതമല്ല ബുദ്ധിസ്സം, തികച്ചും അത് നിരീശ്വര മതമാണ്‌. എന്നാല്‍ അതിനെ എപ്പോഴും മതമായി പരിഗണിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിസ്സം ശരിക്കും എന്തെന്ന് മനസിലാക്കാന്‍ പ്രയാസമുണ്ടാകുന്നു. മതമെന്നാല്‍ പൊതുവേ ടെലിവിഷനിലും സര്‍വ്വവിജ്ഞാനകോശത്തിലും വ്യാഖ്യാനിക്കുന്ന ആശയം ‘ദൈവവിശ്വാസം’ എന്ന രീതിയിലാണ്. അതുകൊണ്ടുതന്നെ ബുദ്ധിസ്സവും ദൈവവിശ്വാസവുമായി ബന്ധപ്പെട്ട ശിക്ഷണമാണ് നല്‍കുന്നത് എന്ന് തെറ്റിദ്ധരിക്കുന്നു. ഇത് ഒരുതരം കൂട്ടികുഴച്ച ചിന്താഗതിയാണ്. ചിലര്‍ ചിന്തിക്കുന്നത്, ബുദ്ധിസ്സത്തില്‍ എവിടെയോ ദൈവമുണ്ടെന്നും അവര്‍ അതിനുള്ളില്‍ കണ്ടെത്താന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. മാത്രമല്ല ബുദ്ധിസ്റ്റുകള്‍ ദൈവത്തെ മറച്ചുവെക്കാന്‍ ശ്രമിക്കുന്നു, അവര്‍ ദൈവത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു എന്നൊക്കെ അത്തരക്കാര്‍ ആരോപിക്കുകയും ചെയ്യുന്നു.

പൊതുവേ മതത്തെ കാണുന്ന കാഴ്ച്ചപ്പടല്ല ബുദ്ധിസ്സത്തിനുള്ളത്, എങ്കില്‍ എന്താണ് അതിലുള്ളത് ! ഇതിന്‍റെ ഉത്തരത്തിനായി നമ്മള്‍ ആദ്യംതന്നെ വ്യാഖ്യാനിച്ച രണ്ട് ആദര്‍ശങ്ങളുടെ വ്യത്യാസം മനസിലാക്കുമ്പോള്‍ വ്യക്തമാകും. ഒന്ന് ശരിയായ ആദര്‍ശം അഥവാ വ്യവഹാര ജീവിതത്തിലെ സ്ഥിതിഗതികള്‍ അത്യന്തം ഉന്നതമാക്കുന്ന ആദര്‍ശം; രണ്ട്, മാതൃകാപരമായ ആദര്‍ശം. ഇവയുടെ വ്യത്യാസം ബോധോദയ വ്യക്തിയും സാധാരണ മനുഷ്യനും തമ്മിലുള്ള വ്യത്യാസമാണ്. ഇവിടെ ബുദ്ധിസ്സത്തില്‍ വ്യവഹാര ജീവിതത്തിലെ സ്ഥിതിഗതികള്‍ അത്യന്തം ഉന്നതമാക്കുന്നതിന് എന്തെല്ലാമാണോ ഉത്തകുന്നത് അവ ധമ്മത്തില്‍ നിന്ന് ലഭിക്കുന്നു, ധമ്മം സാധാരണ മനുഷ്യനെ ബോധോദയ വ്യക്തിയായി പരിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്നു. ധമ്മം അജ്ഞതയുടെ അവസ്ഥയും ബോധോദയ അവസ്ഥയും തമ്മിലുള്ള വിടവ് നികത്താന്‍ സഹായിക്കുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, ബുദ്ധിസം നമ്മെ വികസിക്കാന്‍ സഹായിക്കുന്നു

ബുദ്ധന്‍റെ കുഞ്ഞമ്മയും വളര്‍ത്തമ്മയുമായ മഹാപ്രജാപതിയോട് ബുദ്ധന്‍ പറയുന്നത് ഇതാണ്, ‘താങ്കള്‍ക്ക് എന്തൊക്കെയാണോ അറിയാവുന്നത് അവയില്‍ നിങ്ങളെ നിര്‍വികാരതയിലെക്ക് നയിക്കുന്നതും, തീവ്രവികാരങ്ങളെ അണക്കുന്നതുമായത്; നിസ്സംഗത നിര്‍മ്മിക്കപ്പെടുന്നതും, അനാസക്തി ഉളവാക്കുന്നതുമായാത്; വിട്ടുകളയാന്‍ പ്രേരിപ്പിക്കുന്നതും, സംഭരിക്കാന്‍ പ്രേരിപ്പിക്കാത്തതുമായാത്; അനൌചിത്യത്തെ വളര്‍ത്തുന്നതും, അഭിലാഷങ്ങളെ വിട്ടുകളയുന്നതുമായത്; സംതൃപ്തി ഉളവാക്കുന്നതും, അസംതൃപ്തിയെ ഉന്മൂലനം ചെയ്യുന്നതുമായത്; നിഷ്ക്രീയതെയെ ഇല്ലായ്മ ചെയ്യുന്നതും, ക്രിയാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതുമായാത്; മിതവിനയോഗജീവിതത്തെ പുണരുന്നതും, ധാരാളിത്തത്തില്‍ നിന്നും അകറ്റുന്നതുമായത്; അങ്ങിനെ എല്ലാ ശ്രേഷ്ഠമായ കഴിവുകളെയും വികസിപ്പിക്കാനും, ഉന്നതിയിലേക്ക് നയിക്കുന്നതായ ശിക്ഷണങ്ങളെല്ലാം തീര്‍ച്ചയായും ധമ്മമാണ്, അത് എന്‍റെ ശിക്ഷണങ്ങളാണ്.’ ഈ മാനദണ്ഡം കേവലം സിദ്ധാന്തമല്ല, ഇവ പ്രായോഗികമാണ്.ബുദ്ധിസ്സത്തിന്‍റെ ദീര്‍ഘകാല ചരിത്രത്തില്‍ അതിന്‍റെ തത്വചിന്ത പല വ്യത്യസ്ത രീതിയില്‍ വികസിച്ചു. അത് പല സ്ഥാപനങ്ങളായി മാറി, പല പരമ്പരകള്‍ അതിലുണ്ടായി, എന്നാല്‍ ഇവ എല്ലാത്തിന്‍റെയും ആത്യന്തികമായ ഉദ്ദേശം ഒന്ന് തന്നെയാണ്, അവയെല്ലാം മനുഷ്യനെ വ്യക്തിയായി വികസിക്കാന്‍ സഹായിക്കുന്നു, സാധാരണ മനുഷ്യനില്‍ നിന്ന് ബോധോദയ അവസ്ഥയിലേക്ക്, ബുദ്ധനിലേക്ക് നയിക്കുന്നു.

ഗൗതമ ബുദ്ധനെന്ന രൂപത്തില്‍ നിന്ന് തുടങ്ങിയ ഈ വിഷയത്തെ നമുക്കിവിടെ ഉപസംഹരിക്കാം. ബുദ്ധത്വ പ്രാപ്തി നേടിയതില്‍ പിന്നീട് അദ്ദേഹം ബോധിവൃക്ഷ ചുവട്ടില്‍ ഏതാനം ആഴ്ച്ചകള്‍ അവിടെ തന്നെ തുടര്‍ന്നു. ഏറ്റവും പുരാതന ധമ്മഗ്രന്ഥ പ്രകാരം, അദ്ദേഹം ആ വേളയില്‍ ലോകത്തെ മുഴുവനായി കണ്ടു, മാനവീക സമൂഹത്തെ നോക്കികണ്ടു, - നഗ്നനേത്രങ്ങള്‍ കൊണ്ടല്ല കാണാന്‍ ശ്രമിച്ചത്, തനിക്ക് ലഭിച്ച ഉള്‍കാഴ്ച്ചയിലൂടെ കണ്ടു, അതിനെ ദിവ്യദ്രിഷ്ട്ടി എന്ന് പറയപ്പെടുന്നു. അപ്രകാരം നോക്കിയപ്പോള്‍ തനിക്ക് കാണാന്‍ കഴിഞ്ഞത് മനുഷ്യജന്മങ്ങള്‍ വലിയൊരു തടാകത്തിലെ തമാരകളെപോലെയാണ്. അവയില്‍ പലതും തടാകത്തിലെ ചെളിയില്‍ മുങ്ങികിടക്കുന്നു, എന്നാല്‍ ചിലത് വെള്ളത്തില്‍ നിന്ന് പുറത്തേക്ക് പൊന്തിവരുന്നു, മറ്റുചിലത് പൂര്‍ണ്ണമായും വെള്ളത്തില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്നു. അവയില്‍ ചിലത് മുകിളിതമാകുന്നു, മറ്റുചിലത് പൂര്‍ണ്ണമായും വിടര്‍ന്ന് നില്‍ക്കുന്നു. അതായത് ആ താമരകളെ മനുഷ്യരുമായി താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം പറയുന്നത്, എല്ലാ മനുഷ്യജന്മങ്ങളും ഈ താമരക്കുളത്തിലെ താമരകളെ പോലെയാണ്. അവര്‍ ഓരോരുത്തരും വികാസത്തിന്‍റെ വ്യത്യസ്ത തലങ്ങളിലാണ്. ഈ ദ്രിഷ്ട്ടാന്തത്തില്‍ നിന്ന് നമുക്ക് പറയാന്‍ കഴിയും, ബുദ്ധിസ്സം എല്ലാ മനുഷ്യന്‍റെയും സ്വതന്ത്രമായ വ്യക്തിഗത വികാസത്തെ കുറിച്ചാണ് സംസാരിക്കുന്നത്, എന്നാല്‍ അവര്‍ക്ക് വികസിക്കണമെങ്കില്‍ ഉള്ളില്‍നിന്ന് ചിലത് വളര്‍ത്തേണ്ടതുണ്ട്, അത് ചെടികളെ പോലെ അജാഗ്രതയില്‍ വളരുന്ന ഒന്നല്ല, എന്നാല്‍ നാം ജാഗ്രതയോടെ വികസിപ്പിക്കേണ്ട ഒന്നാണ്. ഓരോ മനുഷ്യനും ജാഗ്രതയോടെ തന്‍റെ ബോധത്തെ വികസിപ്പിക്കുമ്പോള്‍ ബുദ്ധിസ്സത്തില്‍ മനുഷ്യന്‍ വികസിക്കുന്നുവെന്ന് പറയുന്നു. അതിനായി മനുഷ്യന് ഉയര്‍ന്നതരം, മികച്ച ഒരു ആദര്‍ശം ആവശ്യമാണ്‌. സ്വന്തം ജീവിതത്തിലെ ബന്ധങ്ങളും ബന്ധനങ്ങളും മാത്രം അടങ്ങിയ കേവല ആദര്‍ശമല്ല വേണ്ടത്. എന്നാല്‍ ആ ആദര്‍ശം മാനവീകസമൂഹത്തിന് മുഴുവനായും ആദര്‍ശവത്തായതാകണം. അത് ഒരുവനില്‍ സ്വയം അടിച്ചേല്‍പ്പിക്കപ്പെട്ട കൃത്രിമമായ ആദര്‍ശത്തിനുപരി, ‘നൈസര്‍ഗ്ഗീക ആദര്‍ശമാകണം’, അതിലൂടെ തന്‍റെ സ്വാഭാവിക ഗുണങ്ങളെ കണ്ടെത്താനും അവക്ക് പരിപോഷണം നല്‍കുവാനും പൂര്‍ണ്ണമായി വികസിപ്പിക്കുവാനും കഴിയണം. ഈ ആദര്‍ശത്തെ കുറിച്ചാണ് എന്‍റെ ഈ പ്രസംഗത്തിലൂടെ നിങ്ങളോട് പങ്കുവയ്ക്കാന്‍ ശ്രമിച്ചത്.

ഇന്നത്തെ അവസ്ഥയില്‍ നമ്മള്‍ തിരിച്ചറിയേണ്ടത്, ജനങ്ങള്‍ തന്‍റെ ആദര്‍ശത്തെ കുറിച്ച് സംശ്യാലുക്കളാണ്, പ്രത്യേകിച്ച് ധാര്‍മിക/ആത്മീയ ആദര്‍ശങ്ങളില്‍, - ശരിയായത്തില്‍ നിന്ന് ശ്രേഷ്ട്ടമായ ആദര്‍ശത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നതിന്‍റെ സാധ്യതയെ പറ്റി അവര്‍ക്ക് ആശങ്കയുണ്ട്. എന്തായാലും ബുദ്ധിസ്സത്തില്‍ അത്തരം സംശയങ്ങള്‍ക്ക് ഇടമില്ല. അത് ധാര്‍മിക ആദര്‍ശത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നു, അത് മാനവരാശിയുടെ ആദര്‍ശത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നു, കാരണം അതിന് മനുഷ്യനില്‍ വിശ്വാസമുണ്ട്‌, അവന്‍റെ സര്‍ഗ്ഗാത്മക കഴിവുകളില്‍ വിശ്വസിക്കുന്നു, അത് ആവശ്യപ്പെടുന്നത് ഒരുവന്‍ സ്വയം വിശ്വാസം അര്‍പ്പിക്കുവാനാണ്. നിങ്ങള്‍ ബുദ്ധിസ്സത്തില്‍ വിശ്വസിക്കണമെന്ന് ഒരിക്കലും ആവശ്യപ്പെടുന്നില്ല, പകരം മാനവരാശിയുടെ ആദര്‍ശത്തെ പ്രായോഗികമായി പരീക്ഷച്ച് തിരിച്ചറിയുവാനാണ് ആവശ്യപ്പെടുന്നത്. നിങ്ങള്‍ അത് ശ്രമിക്കുക.

Loading Conversation