#

പ്രദീപ്‌ പി ജി
കൊത്തുനേരം : May 06, 2016

പങ്കു വെയ്ക്കൂ !

Jisha

ഒറ്റമുറി വീടും അടച്ചുറപ്പിക്കാൻ വയ്യാത്ത കതകും ആണോ പ്രശ്നക്കാർ?


ജിഷയുടെ സാമ്പത്തിക പിന്നാക്കാവസ്ഥയെ മാത്രം ഊതി വീർപ്പിക്കുമ്പോൾ ജിഷ അനുഭവിച്ചിരുന്ന ജിഷയുടെ അമ്മ ഇനിയും അനുഭവിക്കാൻ പോകുന്ന ജാതീയ വിവേചനത്തിനു നേരെ കണ്ണടക്കുക കൂടി ആണ്. ശരിയാണ് ജിഷ ദരിദ്രയായിരുന്നു. എന്നാൽ ജിഷയുടെ ദാരിദ്രത്തിനു കാരണം തിരഞ്ഞു പോയാലും ജാതിയിൽ മാത്രമേ എത്തി നിൽക്കാൻ കഴിയൂ. കേവലം സാമ്പത്തിക മാനദണ്ഡങ്ങളാൽ അളന്നെടുക്കാവുന്ന പരിഹരിക്കാനാവുന്ന ഒരു ജീവിതപരിസരമായിരുന്നില്ല ജിഷക്കുണ്ടായിരുന്നത്.

Ajay Kumar പറയുന്നു..." ജിഷയുടെയും അമ്മയുടെയും 'ഒറ്റപെട്ടജീവിതം' വാര്‍ത്ത വിവരണങ്ങളിലെ ഒരു ല സ ഘു ആണിത് ! അതിന്‍റെ മലയാള പരിഭാഷ 'ജാതിയാല്‍ സാമൂഹികമായ് ബഹിഷ്ക്കരിക്കപെട്ട ജീവിതം എന്നാണ്."


വിദ്യാഭ്യാസപരമായി ഉയർന്ന നിലയിൽ എത്തിയ പെൺകുട്ടി സമൂഹത്തിൽ ബഹിഷ്കൃതയായിരുന്നു എന്നും. ഒരു വലിയ ശബ്ദം വീട്ടിൽ നിന്നും കേട്ടാലും ആരും ഓടി എത്തില്ല എന്നതും അവളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ കൊണ്ടുണ്ടായ ദുർസ്ഥിതി അല്ല. അടുത്തുള്ള വീടുകളില്‍ നിന്ന് കുടിവെള്ളം പോലും ഇവര്‍ക്ക് നല്‍കിയിരുന്നില്ല. വൈള്ളമെടുക്കാന്‍ അരികിലോമീറ്ററിലധികം പോകണമായിരുന്നു. ജാതി എന്ന ഒറ്റക്കാരണം കൊണ്ട് സമൂഹത്തിൽ നിന്നും വേർതിരിക്കപ്പെട്ട് ജീവിക്കുന്ന ഇതു പോലെ ആയിരക്കണക്കിനു ദലിത് ആദിവാസി ജീവിതങ്ങളുണ്ട്. മലയാളി തന്റെ ജാതി ചിന്ത വളരെ വിദഗ്ദമായി പരമാവധി അദൃശ്യമായി തന്നെ ഉപയോഗിക്കുന്നതിനാൽ തങ്ങൾ അനുഭവിക്കുന്ന ജീവിത സ്ഥിതിയുടെ മൂലകാരണം ജാതിയാണ് എന്നു തന്നെ അവർക്കെല്ലാവർക്കും പോലും അറിയുമെന്ന് തോന്നുന്നില്ല. അതു കൊണ്ട് തന്നെ ജിഷയെ ദലിത് പെൺകുട്ടി എന്നു വിളിച്ചാൽ പല നിഷ്കളങ്കരും ചോദിക്കും, ദലിത് എന്ന് പറയുന്നതെന്തിനാണ്. എല്ലാവരും മനുഷ്യരല്ലേ. ശരിയാണ് മനുഷ്യരാണ്. എന്നാൽ മനുഷ്യരായതു കൊണ്ട് ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നു കൂടി ഓർക്കണം. ഹിറ്റ്ലറെപറ്റി പറയാറുള്ളത് ഉദാഹരിക്കാമെന്ന് തോന്നുന്നു. ഹിറ്റ്ലർ മനുഷ്യരെ കൊന്നു എന്ന് ആരും പറയാറില്ല. ജൂതന്മാരെയാണ് കൊന്നത്. അങ്ങനെ പറഞ്ഞാലേ അത് പൊളിറ്റികലി കറക്റ്റ് ആകൂ.


Ajith Kumar A S പറയുന്നു..." അതി ക്രൂരമായി ബലാല്‍സംഗം ചെയ്യപെട്ടു കൊലപ്പെടുകയും ചെയ്തതോടെ ദൌര്‍ബല്യങ്ങള്‍ മാത്രമുള്ള ഏറ്റവും മോശപെട്ട ജീവിതസാഹചര്യങ്ങള്‍ ഉള്ള ഒരു ഇരയായി മാത്രമാണ് ജിഷയെന്നു കാണാനാണ് കൂടുതല്‍ പേരും ശ്രമിക്കുന്നത്."

ദലിതിതര സമൂഹത്തിനു അനഭിമതരാകുന്ന ദലിതർ ആരൊക്കെ എന്ന് പരിശോധിച്ച് നോക്കണം. ഉന്നത വിദ്യാഭ്യാസത്തിനു പോകുന്നവർ. പ്രതികരണ ശേഷി ഉപയോഗിക്കുന്നവർ. ഉയർന്ന ജീവിത സൗകര്യങ്ങൾ അനുഭവിക്കുന്നവർ.

കോളേജിൽ പോകുന്നത്, "നീയൊക്കെ എന്തിനാടാ പഠിക്കാൻ പോകുന്നത്" എന്ന ചോദ്യം നേരിട്ടു കൊണ്ടാണ്. അധികാരികളുടെ വിവേചനങ്ങൾക്ക് നേരെ പ്രതികരിച്ചാൽ അഹങ്കാരിയും സർവോപരി മാവോയിസ്റ്റുമാകും.

#

പെണ്മകൾ ഉറങ്ങുന്ന വീട്ടിൽ കമ്പിപ്പാരയുമായി കാവൽ ഇരിക്കുന്ന, മുറ്റത്തെ കാല്പെരുമാറ്റങ്ങൾക്ക് ഉച്ചവെക്കുന്ന അമ്മമാർ 'മാനസികവിഭ്രാന്തി ഉള്ളവരാകും.

ജിഷയെ ശല്യം ചെയ്തിരുന്ന ആള്‍ അമ്മയെ ബൈക്കിടിച്ചു കൊല്ലാന്‍ നോക്കിയപ്പോള്‍ ബൈക്കിന്റെ താക്കോലെടുത്തിട്ടു "അമ്മയെ ആശുപത്രിയിലെത്തിചിട്ടെ താക്കോല്‍ തരു " എന്നു പറഞ്ഞാൽ അത് തന്റേടമല്ല അഹന്തയും തോന്നിയവാസവുമാകും.

അടിസ്ഥാനപരമായ ചില പ്രശ്നങ്ങളിലേക്ക് ശ്രദ്ധ തിരിക്കാതെ താൽകാലിക പ്രതിവിധികളും 'ചാരിറ്റി പ്രവർത്തനങ്ങളും' മാത്രം മാത്രം നടത്തിയത് കൊണ്ട് പ്രത്യേകിച്ച് ഗുണങ്ങൾ ഉണ്ടെന്ന് തോന്നുന്നില്ല. ദലിതാദിവാസികളുടെ ഭൂമിയുടെ പ്രശ്നം ഏതു രീതിയിൽ ഗവണ്മെന്റ് പരിഹരിക്കും എന്നത് ഗൗരവമുള്ള ഒരു ചോദ്യമായി ദലിത് പ്രവർത്തകർ ഉന്നയിച്ചു കൊണ്ടേയിരിക്കുകയാണ്

Pramod Sankaran പറയുന്നു.... "മൂന്ന് സെന്‍െും ലക്ഷവീട് പദ്ധതികളും അവതരിപ്പിക്കുമ്പോള്‍ ദലിത് ആദിവാസി സമൂഹത്തിനായ് കൃഷിഭൂമി ലഭ്യമാക്കുന്ന ഒരും അജണ്ടയും നമ്മുക്കിലായെന്ന് മനസിലാക്കുന്നു. അതായത് ദലിതരുടെ ഭൂമി പ്രശനമെന്നത് വീട് വെക്കാനുള്ള മൂന്ന് സെന്‍െറ് മാത്രമാണെന്നും അതിനപ്പുറും ആലേചിക്കേണ്ടതില്ലയെന്ന്. കേരളത്തിലെ മറ്റെല്ലാ ജാതി സമൂഹത്തിനും ഭൂപരിക്ഷരണത്തിലൂടെ കൃഷി ഭൂമി ലഭ്യമാക്കിയപ്പോള്‍ ദലിത് സമൂഹം ഉപയോഗ ശൂന്യമായ കോളനികളിലേക്ക് ഒതുക്കപ്പെട്ടത് ആണ് ഇന്ന് അവരുടെ സാമൂഹ്യ -സാമ്പത്തിക അതി ജീവനത്തിന് തടസ്സമായ് തുടരുന്നത്.കോളനികളിലെ 90 % ആളുകള്‍ക്കും പട്ടയും പോലും ലഭ്യമല്ല."

ചെങ്ങറ, മുത്തങ്ങ, അരിപ്പ തുടങ്ങിയ ഭൂസമരങ്ങളെ മലയാളി എങ്ങനെയാണ് കൈകാര്യം ചെയ്തത്? ഭരണാധികാരികൾ എങ്ങനെയാണ് കൈകാര്യം ചെയ്തത്? "നാട്ടുകാർ" സമരം ചെയ്തവരെ എങ്ങനെയാണ് കൈകാര്യം ചെയ്തത്? "റബ്ബർ പാൽ മോഷ്ടിച്ച് വിൽക്കുന്നവർ" എന്നു വിളിച്ച് ചെങ്ങറ സമരക്കാരെ ആക്ഷേപിച്ചത് "പാവങ്ങളുടെ പടത്തലവൻ" ആയിരുന്നു. "പാളെൽ കഞ്ഞി കുടിപ്പിക്കാൻ" നടക്കുന്നവരുടെ രാഷ്ട്രീയം ഇവിടെ പറയേണ്ടത് പോലുമില്ല.


കാതലായ പ്രശ്നങ്ങൾ അല്ല നമ്മൾ അഭിസംബോധന ചെയ്യുന്നതെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുക തന്നെ ചെയ്യും. പൂണ്ണിൽ മരുന്നു വെക്കുന്ന രീതി ഉപേക്ഷിച്ച് ഒരു പുതിയ സമീപനം ദലിത് ആദിവാസികളോട് ഉണ്ടായില്ല എങ്കിൽ ഇത്തരം സംഭവങ്ങളുടെ ഉത്തരവാദികളെ തേടി അധികം അലയേണ്ടി വരില്ല. വിരൽ സ്വന്തം നെഞ്ചിലേക്ക് ചൂണ്ടിയാൽ മതിയാകും.

(ജിഷയുടെ ദലിത് ഐഡന്റിറ്റി , സ്ത്രീ എന്ന ഐഡന്റിറ്റി പോലെ തന്നെ വെല്ലുവിളികൾ സമ്മാനിച്ചു കൊണ്ടിരുന്ന ഒന്നാണ്. സ്ത്രീപക്ഷത്ത് നിന്നുള്ള വിലയിരുത്തലുകൾ കുറച്ചധികം പേർ എഴുതിയിട്ടുണ്ട്. അവയും ഇതിന്റെ കൂടെ ചേർത്തു വായിക്കണം.)


Loading Conversation