30 Dec 2016 - 'ഇന്ത്യൻ ദേശീയതയിൽ അംബദ്കറിസത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ അംബദ്കർ ഇന്നൊവേറ്റിവ് മൂവേമെന്റ് നടത്തിയ സെമിനാറിൽ മാന്യ ഫ്രാൻസിസ് നസ്രേത് നടത്തിയ പ്രഭാഷണം.
---------------------------------------------------------------------------------------------------------------
1) മാർക്സിസമോ മറ്റ് പല ഇസങ്ങളോ പോലെ എഴുതിത്തയ്യാറാക്കിയ ഒരു സിദ്ധാന്തമോ സംഹിതയോ അല്ല അംബദ്കറിസം. അങ്ങനെ ഒരു റ്റെക്സ്റ്റ് ഇല്ല. അംബദ്കറിന്റെ ജീവിതവും ആ ജീവിതകാലത്ത് അദ്ദേഹം എഴുതിയ നൂറോളം പുസ്തകങ്ങളും അദ്ദേഹത്തിന്റെ വാക്കിലും പ്രവർത്തിയിലും ആകെയുള്ള സന്ദേശവുമാണു അംബദ്കറിസം. ആ ഭൂമികയിൽ നിന്ന് ഇന്നത്തെ ഇന്ത്യൻ ദേശീയതയും അംബദ്കറിസവും നോക്കാം. അംബകറിസത്തിന്റെ കാതൽ, ഗെയിൽ ഓംവെദിന്റെ അഭിപ്രായത്തിൽ ആറു കാര്യങ്ങളായിരുന്നു. 1) തന്റെ ജനത - ദളിതരോടുള്ള ഒത്തുതീർപ്പുകളില്ലാത്ത സമർപ്പണം, 2) ഇന്ത്യ എന്ന യാതാർത്ഥ്യത്തോടുള്ള - ഹിന്ദു ഇന്ത്യയല്ല, സാധാരണക്കാരായ ജനങ്ങളുടെ ഇന്ത്യയോടുള്ള സമർപ്പണം, 3) ജാതി ഇല്ലാതാവണം എങ്കിൽ ഹിന്ദുമതം ഇല്ലാതാവണം, ഹിന്ദുമതം തകരണം എന്ന ചിന്ത, 4) സോഷ്യലിസത്തിലും സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായങ്ങളിലും ഊന്നിയുള്ള സാമ്പത്തിക നയം, 5) അതിശക്തമായ യുക്തിചിന്ത, സ്ത്രീപുരുഷ സമത്വത്തിലുള്ള വിശ്വാസം. 6) രാഷ്ട്രീയപാർട്ടികൾക്കോ മറ്റ് പ്രസ്ഥാനങ്ങൾക്കോ അടിമകളാവാതെ ഐക്യവും സ്വന്തം നിലനിൽപ്പുമുള്ള ദളിത് പ്രസ്ഥാനം വേണം എന്ന ആശയം.
2) ദേശീയത മതം പോലെ ഒരു കാര്യമാണു. ഒരാൾ ജനിച്ചു വീഴുന്നത് ഒരു ആക്സിഡന്റ് ആയി കണ്ടാൽ - ഏതെങ്കിലും രാജ്യത്ത് ജനിക്കുന്നത് കൊണ്ട് അവിടത്തെ പൗരനാകുന്നു, ഏതെങ്കിലും മതത്തിലുള്ള മാതാപിതാക്കൾക്ക് ജനിക്കുന്നത് കൊണ്ട് അവരുടെ മതം കുട്ടിക്കാലം മുതൽക്കേ പിന്തുടരുന്നു. മതവും ദേശീയതയും കുട്ടിക്കാലം മുതലേ ഒരു വ്യക്തിയുടെ ബോധത്തിലേക്ക് കടത്തിവിടുന്ന കാര്യങ്ങളാണു. അനുസ്യൂതം കണ്ടീഷനിങ്ങ് നടക്കുന്ന കാര്യങ്ങൾ. മതത്തെ എന്നതുപോലെ ദേശീയതയെയോ ദേശസ്നേഹത്തെയോ നിഷേധിക്കേണ്ട കാര്യമില്ല. ഇന്ത്യ ഒരു ക്രിക്കറ്റ് കളി ജയിക്കുമ്പൊഴോ പി.വി. സിന്ധു ജയിക്കുമ്പൊഴോ ഒരാൾ സന്തോഷിക്കുന്നത് സ്വാഭാവിക കാര്യങ്ങളാണു.
3) ഇന്നത്തെ അതിദേശീയത എങ്ങനെയാണു നിർമ്മിച്ചിരിക്കുന്നത് എന്ന് നോക്കണം. വ്യക്തമായ രാജ്യാതിർത്തികൾ, ആർമി, കേന്ദ്രസർക്കാർ പോലുള്ള സ്ഥാപനങ്ങൾ, ക്രിക്കറ്റ് പോലുള്ള കളികൾ, പൊതു നിയമം, ഇതിലൊക്കെക്കൂടെയാണു ദേശീയത കെട്ടിപ്പടുക്കുന്നത്. ഇതയും മുൻപേയുണ്ട്. ഇന്നു പശുദേശീയത, അല്ലെങ്കിൽ ഹിന്ദുത്വ ദേശീയതയുടെ നിർമ്മിതിയാണു നടക്കുന്നത്. അത് ആരെയൊക്കെയാണു പുറത്ത് നിർത്തുന്നത്, എന്തിനെയൊക്കെയാണു എതിർപക്ഷത്ത് നിർത്തുന്നത് എന്ന് കാണണം. ഇന്ത്യ എന്നത് ഒരു വെജിറ്റേറിയൻ രാജ്യമായി, ഹിന്ദു സംസ്കാരമായി നിർവ്വചിക്കപ്പെടുന്നുണ്ട്, ഇന്ത്യക്ക് അകത്തും പുറത്തും. ഞങ്ങൾ ഇന്ത്യക്കാർ ചിക്കനും ബീഫും ഒന്നും കഴിക്കാറില്ല എന്ന് (ചില) ഇന്ത്യക്കാരും, ഇന്ത്യൻ ആണെങ്കിൽ വെജിറ്റേറിയനായിരിക്കും എന്ന മുൻവിധി വിദേശീയരും സ്വീകരിക്കുന്നുണ്ട്. ഇന്ത്യൻ ദേശീയതയിൽ ബിരിയാണിയുടെ സ്ഥാനം എവിടെയാണു? ഈ പശുദേശീയത ഒരു അപ്പർ കാസ്റ്റ് ഹിന്ദു ദേശീയതയാണു. അതിൽ മുസ്ലീം, ക്രിസ്ത്യൻ സാംസ്കാരിക സങ്കലനങ്ങളെ പുറത്ത് നിർത്തുന്നു, ഇവയെ വൈദേശീകമായി കാണുന്നു.
4) അംബദ്കറിന്റെ ദേശീയതയെപ്പറ്റിയുള്ള സങ്കല്പങ്ങൾ ഏതെങ്കിലും ഒരു മതത്തിന്റെയോ സംസ്കാരത്തിന്റെയോ അധീശത്വത്തിൽ അടിസ്ഥാനമാക്കിയുള്ളവ ആയിരുന്നില്ല. അംബകറിന്റെ അഭിപ്രായത്തിൽ എല്ലാ മനുഷ്യരും തുല്യരായുള്ള, അത്തരം മനുഷ്യരുടെ സാഹോദര്യത്തിൽ നിന്ന് വരുന്ന സാമൂഹിക ഐക്യത്തിന്റെ പ്രകാശനം (expression of social unity) ആണു ദേശീയത. രാഷ്ട്രീയ സ്വാതന്ത്ര്യം ഉണ്ടാവുകയും സാമൂഹ്യ സ്വാതന്ത്ര്യം ഇല്ലാതിരിക്കുകയും ചെയ്താൽ ഇന്ത്യയിലെ ജാതീയ അടിമത്തം തുടരുകയേ ഉള്ളൂ - ജാതി വ്യവസ്ഥയെ തകർക്കാതെ, ഒന്ന് തൊടുക പോലും ചെയ്യാതെ, രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം നടത്തി അത് വിജയിച്ചാൽ ബ്രിട്ടീഷുകാരുടെ സ്ഥാനത്ത് സവർണ്ണ ഹിന്ദു മേലാളന്മാർ ദളിതരെ അടിമകളാക്കി ഭരിക്കും എന്നായിരുന്നു അംബദ്കറിന്റെ തോന്നൽ.
അംബദ്കർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നില്ല. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനെക്കാൾ ഉപരി സാമൂഹിക സ്വാതന്ത്ര്യമായിരുന്നു അംബക്ദർ ആഗ്രഹിച്ചത്. അതേസമയം അംബദ്കർ ദേശീയതയെയോ ദേശസ്നേഹത്തെയോ തള്ളിക്കളയുന്നില്ല. ദേശസ്നേഹവും ദേശീയതയും ജനാധിപത്യത്തിനും തുല്യതയ്ക്കും അത്യന്താപേക്ഷിതമാണെന്നായിരുന്നു അംബദ്കറിന്റെ അഭിപ്രായം. മതത്തിന്റെയോ ദേശീയതയുടെയോ പേരിലുള്ള ഹിപ്പോക്രിസിയെയും അടിച്ചമർത്തലുകളെയും അംബക്ദർ എതിർത്തു. മതങ്ങൾ മനുഷ്യരെ ഒരുമിപ്പിക്കണം എന്ന അഭിപ്രായമായിരുന്നു അംബദ്കറിനു. ഭൂരിപക്ഷത്തിനു തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ന്യൂനപക്ഷങ്ങളെ ഭരിക്കാം എന്ന് ദൈവികമായി അധികാരമുണ്ടെന്ന തോന്നൽ, അംബക്ദറിന്റെ അഭിപ്രായത്തിൽ പൊട്ടത്തരവും പ്രതിദേശീയതയും (ആന്റി-നാഷണലിസവും) ആയിരുന്നു.
5) രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രം പോരാ, അതിന്റെ ഫലമായി അധികാരം വരുമ്പോൾ ഈ അധികാരം സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ കയ്യിൽ വരണം, അങ്ങനെ അവരുടെ കയ്യിൽ അധികാരം വന്നില്ലെങ്കിൽ അടിച്ചമർത്തപ്പെട്ട ജാതികൾക്ക് തുല്യതയോ സ്വാതന്ത്ര്യമോ അധികാരങ്ങളോ വരില്ല എന്ന് അംബദ്കർ വിശ്വസിച്ചു. ജാതിവ്യവസ്ഥയെ തകർക്കാൻ ബ്രിട്ടീഷുകാർക്കും താല്പര്യമില്ല എന്നും, അടിമവ്യവസ്ഥയെക്കാൾ മോശമായ അവസ്ഥയാണു ജാതി വ്യവസ്ഥ എന്നും അംബദ്കർ വിശ്വസിച്ചു. ഗാന്ധിയുടെ സ്വരാജിലൂടെ തൊട്ടുകൂടാത്തവർക്ക് ഒരു അധികാരവും കിട്ടില്ലെന്നും ഈ അടിമത്തത്തിന്റെ ശാശ്വതമായ തുടർച്ചയാണു ഉണ്ടാവാൻ പോകുന്നത് എന്നും അംബദ്കർ ചിന്തിച്ചു.
6) മനുഷ്യന്റെ തുല്യതയിലും ആ തുല്യതയിലൂന്നിയുള്ള സാഹോദര്യത്തിലും നിന്ന് ഉളവാകുന്ന രാജ്യസങ്കല്പവും സ്വയംഭരണവും രാഷ്ട്രീയ സാമൂഹ്യ സ്വാതന്ത്ര്യങ്ങളും ആണു അംബദ്കറിന്റെ ദേശീയത. ഇന്നത്തെ പശുദേശീയതയെ പല തരത്തിലും മാറ്റാനും പരുവപ്പെടുത്താനും കഴിയുന്ന ചിന്താധാരയാണു അംബദ്കറിന്റെ ദേശീയതാ സങ്കല്പങ്ങൾ. ഇന്ത്യൻ ദേശീയതയിൽ ദളിത് ഇടപെടലുകൾ നടത്താൻ എന്താണു തടസ്സങ്ങൾ എന്നും നോക്കാം.
ഈ സവർണ്ണ ഹിന്ദു ചിന്തയിലൂന്നിയുള്ള രാജ്യസങ്കല്പം ബി.ജെ.പി.യുടെ സംഭാവനയല്ല. സ്വാതന്ത്ര്യസമരത്തിലെ പല കോൺഗ്രസ് നേതാക്കളെ നോക്കിയാലും പിന്നാലെ വന്ന കോൺഗ്രസ് ഭരണവർഗ്ഗത്തെ നോക്കിയാലും ജാതി വ്യവസ്ഥയെ നിലനിർത്തിക്കൊണ്ട് തന്നെ ഭരിക്കുകയും അതേസമയം പശുദേശീയതയുടെ സങ്കല്പങ്ങൾ മുന്നോട്ട് വെക്കുകയും ചെയ്യുന്നത് കാണാം. ഈ ചിന്താധാരയിൽ ദളിതർക്ക് അനുകൂലമായ നിർണ്ണായകമായ ഇടപെടലുകൾ നടത്തിയത് അംബക്ദറാണു. ജാതിയെ പൂർണ്ണമായി അഡ്രസ് ചെയ്യാതിരിക്കുകയും (അതായത് തങ്ങളുടെ ജാത്യാധികാരങ്ങൾ നിലനിർത്തുകയും) അതേസമയം ന്യൂനപക്ഷങ്ങളെ അന്യരാക്കാതെ രാജ്യശരീരത്തിന്റെ ഭാഗമാക്കി നിർത്താൻ ശ്രമിക്കുകയുമായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ നയം. ബി.ജെ.പി. ചെയ്തത് ഈ സവർണ്ണ ദേശീയതയിൽ നിന്ന് ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളെ അന്യരാക്കുകയും ഹിന്ദു ദേശീയതയെ രാജ്യത്തിന്റെ ദേശീയതയായി വ്യക്തമായി അടിച്ചേൽപ്പിക്കുകയുമാണു.
ഇന്നത്തേതിലും കുറെക്കൂടി ഇൻക്ലൂസീവ് ആയ ഒരു ദേശീയതയെയും ദേശസങ്കല്പത്തെയും മുന്നോട്ട് വെക്കാൻ അംബക്ദറിസത്തിനു കഴിയും. പക്ഷേ അങ്ങനെ ദേശീയതയെ ദളിതർക്ക് നിർണ്ണായകമായി സ്വാധീനിക്കണമെങ്കിൽ ദളിതർ ഒറ്റ ജനതയാകണം. ഈഴവരെ ഒരു സമൂഹമായി, ഒരു ജനതയായി ഒരുമിപ്പിക്കുന്നത് ശ്രീനാരായണഗുരു എന്ന ദൈവസങ്കല്പമാണു. ഗുരു എന്നതിലുപരി ദൈവസങ്കല്പമാണു. മനുഷ്യർ പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ദൈവം. ദളിതർക്ക് വിവിധ ജാതികൾക്ക് ഉപരിയായി ഇത്തരം ചിഹ്നങ്ങളുടെ കുറവുണ്ട്.
ക്രിസ്ത്യാനികളുടെ കാര്യം നോക്കിയാലും മതം ഒരുമിപ്പിക്കുന്ന ഒരു ഘടകമാണു. അതുകൊണ്ടാണു കസ്തൂരിരംഗൻ, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടുകൾക്കെതിരെ മലയോര വികസന സമിതി എന്ന ഒരു ക്രിസ്ത്യൻ നേതൃത്വത്തിലുള്ള പ്രസ്ഥാനം വന്നപ്പോൾ ഇടത് വലത് ഭേദമന്യേ രാഷ്ട്രീയ പാർട്ടികൾ മലയോര വികസന സമിതിയെ പ്രീണിപ്പിക്കാൻ നോക്കിയത്.
ദളിതരെ വൈകാരികമായി ഒരുമിപ്പിക്കുന്ന ചിഹ്നങ്ങൾ കണ്ടെത്തേണ്ടത് ദളിത് ഐക്യത്തിനു ആവശ്യമാണു. ഇത്തരം ചിഹ്നങ്ങളുടെ നിർമ്മിതി ബോധപൂർവ്വമായി നടക്കേണ്ടതുണ്ട്. ഇങ്ങനെ വൈകാരികമായി ഒരേ പ്രതലത്തിൽ നിൽക്കുന്ന, ഒരുമിച്ച് നിൽക്കുന്ന ഒരു ദളിത് കോൺഷ്യസ്നെസ് വരണം, അത്തരം ഒരു ഐക്യമുള്ള ദളിത് കോൺഷ്യസ്നെസിനു ദേശീയതയുടെ ഡയലോഗിൽ ദളിത് പ്രസക്തി ഉറപ്പിക്കാൻ കഴിയും.
നന്ദി, ജയ് ഭീം.