#

അനുരാജ് ഗിരിജ കെ എ

കൊത്തുനേരം : Aug 15, 2017

പങ്കു വെയ്ക്കൂ !

സറഹ മെസേജുകളിൽ വന്നതാണ്. മറുപടി വിശദമായി എഴുതണം എന്നുള്ളതുകൊണ്ട് മാറ്റി വച്ചിരുന്നു. എഴുതിയതാരായാലും എന്റെ സ്നേഹവും നന്ദിയും ആദ്യമേ പറഞ്ഞുകൊള്ളട്ടെ.

"സംവരണം കൊടുക്കുക എന്നത് എങ്ങനെയാണ് കാസ്റ്റിസം(ജാതീയത) 2.0 ആകാതിരിക്കുന്നത്?". ഇതാണ് ചോദ്യം.

ഒറ്റ വരിയിൽ ഒരുത്തരം ആദ്യമേ തരാം.

കാസ്റ്റിസം 2.0 ഉണ്ടാക്കാനല്ല സംവരണം നിലനിൽക്കുന്നത്, കാസ്റ്റിസം 1.0 അവസാനിപ്പിക്കാനാണ്!

ആ ഉത്തരത്തിൽ അൽപ്പം തൃപ്ത്തിക്കുറവ് ഉണ്ടാകാം. ഞാൻ വിശദമാക്കട്ടെ.

സംവരണം ഒരു കോൺസ്റ്റിറ്റ്യൂഷണൽ മെക്കാനിസമാണ്. ഇന്ത്യ എന്ന രാജ്യത്ത് എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾക്കും നീതി സ്വാഭാവികമായി ലഭ്യമാകില്ല എന്നതിനാൽ നീതി ഉറപ്പാക്കുക എന്ന കർത്തവ്യമാണ് സംവരണം ചെയ്യുന്നത്. പണ്ടെപ്പൊഴോ സംഭവിച്ച ജാതി പ്രശ്നങ്ങൾ കാരണമല്ല ഇന്ന് സംവരണം കൊടുക്കുന്നത്. ഇന്നത്തെ സമൂഹത്തിലും ജാതി നിലനിൽക്കുന്നു എന്നതിനാലാണ്.

"നീതി ലഭിക്കില്ല എന്നൊക്കെ ചുമ്മാതങ്ങ് പറഞ്ഞാൽ എങ്ങനെ ശരിയാകും? അതൊക്കെ നിങ്ങൾക്ക് ചുമ്മാ തോന്നുന്നതാണെങ്കിലോ? "

തോന്നൽ അല്ല എന്ന് തെളിയിക്കാൻ എന്താണ് ഏറ്റവും നല്ല മാർഗ്ഗം? തീർച്ചയായും അത് ഞാൻ എനിക്ക് ചുറ്റും മാത്രം കാണുന്ന പരിമിതമായ തെളിവുകൾ എടുത്തിട്ടല്ല തെളിയിക്കേണ്ടത്. ഉദാഹരണത്തിന് എന്റെ വീട്ടിലും അപ്പുറത്തെ വീട്ടിലും ജാതി ഉണ്ട്, ആയതിനാൽ എല്ലായിടത്തും ജാതിയുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ലല്ലോ. ഒരു സമൂഹം എന്ന നിലയിൽ നമുക്കിടയിൽ ജാതീയത നിലനിൽക്കുന്നുണ്ട്, ആയതിനാൽ നീതി കൃത്യമായി വിതരണം ചെയ്യപ്പെടുന്നില്ല എന്ന് തെളിയിക്കാൻ നമുക്ക് മുഴുവൻ സമൂഹത്തിന്റെയും സ്ഥിതിവിവരക്കണക്കുകൾ ആണ് ശ്രദ്ധിക്കേണ്ടത്. അല്ലേ?

നമുക്ക് ചിലത് ശ്രദ്ധിക്കാം.
  • നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ വെബ്സൈറ്റിൽ നിന്നെടുത്ത കണക്കുകളാണ്. എസ് സി/എസ് റ്റി വിഭാഗത്തിലെ ആളുകൾക്കെതിരെ നടക്കുന്ന ക്രൈമുകൾ: (Prevention of Atrocities (അതായത് ജാതി കാരണം സംഭവിച്ച കേസുകൾ) കേസുകളും ആകെ കേസുകളും എന്ന ക്രമത്തിൽ) 2001 : POA : 13113 Total: 33501 2002 : POA : 10770 Total: 33507 2003 : POA : 8048 Total: 26252 2004 : POA : 8891 Total: 26887 2005 : POA : 8497 Total: 26127 2006 :POA : 8581 Total: 27070 2007 : POA : 9819 Total: 30031 2008 : POA : 11465 Total: 33430 2009 : POA : 11037 Total: 33412 2010 : POA : 10419 Total: 32643 2011 : POA : 11342 Total: 33719 2012 : POA : 12576 Total: 33655 2013 : POA : 13,975 Total: 39,408 2014 : POA : 40,300 Total: 47,064 (അവലംബം: https://data.gov.in/catalog/crime-against-schedule-caste)റെജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ കണക്കുകൾ മാത്രമാണിത്. ആ കണക്കുകൾ ശ്രദ്ധിക്കുക. പ്രിവൻഷൻ ഓഫ് അറ്റ്രോസിറ്റീസ് ആക്റ്റ് വഴിയുള്ള ക്രൈമുകൾ മാത്രം 2015 ഒക്കെ എത്തുമ്പോൾ 55,000 കവിയുന്നുണ്ട് എന്നാണ് ന്യൂസ് റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാകുന്നത്.
  • ക്രൈം എന്ന വിഷയത്തിൽ അങ്ങനെയാണ് കണക്കുകൾ. ഇനി ജോലിയുടെ വിഷയത്തിലേക്ക് വരാം. കേരളം തന്നെയെടുക്കാം. കേരള സർക്കാർ ശമ്പളം നൽകുന്ന 2,00,000 ഐഡഡ് മേഖല തൊഴിലാളികളിൽ വെറും 586 പേർ മാത്രമേ എസ് സി/ എസ് റ്റി വിഭാഗത്തിൽ നിന്നുള്ളൂ. അതായത് 0.29% പേർ. സംവരണം കൊടുക്കണം എന്ന് കോടതി പറഞ്ഞിട്ടുള്ളതാണ്. പക്ഷെ കൊടുക്കില്ല എന്ന് മാനേജ്മെന്റുകൾ. ആ മാനേജ്മെന്റുകളിൽ ഹിന്ദു മുസ്ലീം ക്രിസ്ത്യൻ തുടങ്ങിയ എല്ലാ മത/ജാതി മനേജുമെന്റുകളും പെടും. "As per 2015-16 data, Kerala has 5, 11,487 government employees. Nearly 2, 00,000 of them are employed in aided institutions. Only 586 employees out of 2, 00,000 belong to SC and ST categories, which is a just 0.29% of the total strength. If Kerala would have been a state which ensured constitutionally mandated equality of opportunity, SCs and STs would have received 20,000 posts in the aided sector. " (അവലംബം : )


  • ഇന്ത്യൻ മീഡിയാ ഹൗസുകളിൽ, ഐഐടി ഐഐഎം സ്റ്റാഫുകളിൽ തുടങ്ങി സമൂഹത്തിന്റെ എലീറ്റ് ആയ മേഖലകളിലെല്ലാം സംവരണവിഭാഗങ്ങളുടെ പ്രാതിനിധ്യം അഥവാ റപ്രസന്റേഷൻ എത്രയാണ് എന്നൊന്ന് അന്വേഷിക്കുക. അതിലെ റപ്രസന്റേഷന്റെ ഈ കുറവ് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് ചിന്തിക്കുക.
"അതിപ്പോൾ കഴിവ് ഉള്ളവരെയെടുക്കുമ്പോൾ ഇല്ലാത്തവർ പുറകോട്ട് പോകുന്നതാണെങ്കിലോ? അങ്ങനെ സംഭവിക്കുന്നതാണ് ഇതെങ്കിലോ? "

ഇത് സത്യമാണെങ്കിൽ നിങ്ങൾക്ക് രണ്ട് ഓപ്ഷൻ ഉണ്ട്. അതിൽ ഒന്നിൽ നിങ്ങൾ വിശ്വസിച്ചേ മതിയാകൂ.

1. ഇന്നാട്ടിലെ കഴിവുള്ളവർ എല്ലാം കൃത്യമായി സവർണ്ണ ജാതികളിൽ ജനിക്കുന്നു.

2. ഇന്നാട്ടിൽ ജാതീയതയുണ്ട്.

നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

"വല്ല തൂമ്പാപ്പണിക്കും പോയ്ക്കൂടെ", "പുലയന്റെ മോനേ", "നാടി ലുക്ക്", "പെലക്കളർ" എന്നിങ്ങനെ ആയിരമായിരം പ്രയോഗങ്ങളിലൂടെ ഇന്നും ജാതി നമ്മുടെ ഭാഷയിലൂടെ ജീവിക്കുന്നു. അറേഞ്ച്ഡ് ആയി നടക്കുന്ന കല്യാണങ്ങൾ എല്ലാം ജാതി നോക്കിത്തന്നെ മാത്രം നടക്കുന്നു. വിവാഹങ്ങൾ ഇന്നും ഉറപ്പിച്ച് നിർത്തുന്നത് ജാതി വ്യവസ്ഥയെ തന്നെയാണ്.

ഇങ്ങനെ പലരീതിയിൽ ഇന്നും നാട്ടിൽ ജാതി നിലനിൽക്കുന്നു. ജാതി നിലനിൽക്കുന്ന ഒരു സമൂഹത്തിൽ ചില സമൂഹങ്ങളെ സംരക്ഷിച്ചേ തീരൂ. അത് ഒരു രാഷ്ട്രത്തിന്റെ കടമയാണ്. അമേരിക്കയിൽ "അഫിർമേറ്റീവ് ആക്ഷൻ" എന്ന പോലെ ഇന്ത്യയിൽ സംവരണം എന്നത് നടപ്പാക്കേണ്ടത് ഒരു ഭരണകൂടത്തിന്റെ ബാധ്യതയാണ്.

അതുകൊണ്ടൊക്കെത്തന്നെ സംവരണം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് കാസ്റ്റിസം 1.0-യിൽ നിന്നുള്ള സംരക്ഷണമാണ്. അത് കാസ്റ്റിസം 2.0-യിലേക്ക് വഴി വയ്ക്കില്ലേ എന്ന ചോദ്യത്തിന് ഒരു ഉത്തരം കൂടി നൽകാം.

സവരണം ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചതിൽ ഏറ്റവും പ്രധാന പങ്ക് വഹിച്ച ഡോ. ബി ആർ അംബേദ്കർ എഴുതിയ പുസ്തകത്തിന്റെ പേര് "ജാതി ഉന്മൂലനം" എന്നാണ്, "മനുസ്മൃതി" എന്നോ "ഭഗവദ് ഗീത" എന്നോ അല്ല. ജാതി ഉന്മൂലനം! ജാതിയെ വേരോടെ ഉന്മൂലനം ചെയ്യാൻ ജീവിതം മുഴുവൻ യത്നിച്ച ഒരാൾ, അത് നിലനിർത്താനുള്ള പ്രൊപ്പഗാണ്ടയുണ്ടാക്കില്ല എന്നെങ്കിലും മനസ്സിലാക്കുക.

(പ്രിയപ്പെട്ട സറഹ ചോദ്യകർത്താവേ, ഈ മറുപടി തൃപ്തിയായില്ലെങ്കിൽ ഇനിയും സറഹയിൽ തന്നെ ചോദിക്കാം. ഇവിടെ കമന്റായി മറുപടി തരാം. സന്തോഷമേയുള്ളൂ. theindianraj.sarahah.com )

Loading Conversation