#

Jayakumar M K

കൊത്തുനേരം : Apr 18, 2018

പങ്കു വെയ്ക്കൂ !


സാമൂഹിക നീതിക്കു സമർപ്പിത യൗവനം


പ്രിയ സഹോദരങ്ങളെ,

പരംപൂജനീയ ബാബാസാഹേബ് അംബേദ്കറുടെ ആശയത്തേയും അദ്ദേഹം ആഗ്രഹിച്ച രാഷ്ട്രീയാധികാരമെന്ന സ്വപ്നത്തെയും ജീവവായു ആയി സ്വീകരിച്ച കേരളത്തിലെ യുവജനത ഇക്കഴിഞ്ഞ ഏപ്രിൽ 14 ന് എറണാകുളം ജില്ലയിൽ, ആലുവ മുനിസിപ്പൽ ടൗൺ ഹാളിൽ വിപുലമായ രീതിയിൽ ബാബാസാഹേബ് അംബേദ്‌കർ ജയന്തിയും ബഹുജൻ യുവജന സംഗമവും സംഘടിപ്പിക്കുകയുണ്ടായി. ബാബാസാഹേബിൻറെ 'രാഷ്ട്രീയാധികാരമാണ് മുഖ്യ താക്കോൽ' എന്ന വാക്യത്തെ പ്രായോഗികമാക്കുവാൻ 1984-ൽ പരംപൂജനീയ ദാദാസാഹേബ് കാൻഷീറാംജി രൂപീകരിച്ച 'ബഹുജൻ സമാജ് പാർട്ടി' (BSP) ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരോട്ടമുള്ള മൂന്നാമത്തെ ദേശീയ പാർട്ടിയാണ്. പാർട്ടിയുടെ കേരള ഘടകത്തിന് നേതൃത്വം നൽകുന്ന ബഹുമാന്യരായ നേതാക്കളുടെയും, വിശിഷ്യാ കേരളത്തിൻറെ ചുമതലയുള്ള ദേശീയ കോർഡിനേറ്റർ മാന്യവർ ഗോപിനാഥിൻറെയും മുൻകയ്യിൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി യുവാക്കളുടെ ഇടയിൽ നിരന്തരം ബഹുജൻ പ്രസ്ഥാനത്തിൻറെയും ബാബാസാഹേബ് അംബേദ്കറുടെയും പ്രസക്തിയും ആശയവും വ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. കേരളത്തിലേയും ഇന്ത്യയിലേയും രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും, സ്വന്തമായി രാഷ്ട്രീയാധികാരം നേടിയെടുക്കേണ്ടതിൻറെ പ്രാധാന്യം ഉൾക്കൊള്ളുകയും ചെയ്ത ആയിരക്കണക്കിന് യുവാക്കളെ ഉൽപ്പാദിപ്പിക്കാൻ ഈ പ്രവർത്തനം കൊണ്ട് സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ സംഘപരിവാറിൻറെ മനുസ്മൃതി ഭരണം തുടങ്ങിയതുമുതൽക്ക്, ചക്രവർത്തി രോഹിത് വെമുലയുടെ കൊലപാതകവും, സഹാറൻപൂർ, ഉന, ജെ.എൻ.യു, മദ്രാസ് ഐ.ഐ.ടി, ഭീമ കോരേഗാവ്, തുടങ്ങി ഭരണകൂട ഒത്താശയോടെ സംഘപരിവാർ അനുയായികൾ നടത്തിയ ക്രൂര കൊലപാതകങ്ങളും, കയ്യേറ്റങ്ങളും അതിക്രമങ്ങളും ബഹുജൻ സമൂഹത്തെ ഒന്നാകെ ഇന്ത്യയിൽ നിന്നും ഉന്മൂലനം ചെയ്യുക എന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായി നടത്തപ്പെട്ടവയാണ്. ഇതിനെതിരെ ദേശീയമായി നിരവധിയായ പ്രക്ഷോഭങ്ങളും പ്രതിക്ഷേധങ്ങളും ഉയർന്നു വരികയുണ്ടായി. ചക്രവർത്തി ചന്ദ്രശേഖർ രാവണനും, ബഹുമാന്യ ജിഗ്നേഷ് മേവാനിയും മാന്യവർ പ്രകാശ് അംബേദ്കറും തുടങ്ങിയുള്ള നേതാക്കളും അതുപോലെ ബാപ്‌സ, എ.എസ്.എ, തുടങ്ങിയ പ്രസ്ഥാനങ്ങളും, എല്ലാത്തിനുമുപരി ബഹൻ കുമാരി മായാവതി പാർലമെൻറിൽ ഉയർത്തിയ വൻ പ്രതിക്ഷേധവും, ബഹൻജിയുടെ രാജിയും എല്ലാം തന്നെ വലിയ ചലനമാണ് ബഹുജൻ സമൂഹത്തിൽ ഉണ്ടാക്കിയത്.


അതിൻറെ അലയൊലികൾ ഇങ്ങു കേരളത്തിലും ഉണ്ടായി. വിനായകൻ, മധു തുടങ്ങിയ സഹോദരങ്ങളുടെ ക്രൂരമായ കൊലപാതകവും, വടയമ്പാടിയിലെ ജാതിമതിലും, ചെങ്ങറ, അരിപ്പ, മുത്തങ്ങ തുടങ്ങി മുപ്പതിനായിരം കോളനികളിലെ നരക ജീവിതവും കേരളത്തിലെ ബഹുജൻ യുവാക്കളിൽ ഒരു അഗ്നിയായി കത്തിപ്പടർന്നത് അടുത്തകാലത്ത് കേരളം സാക്ഷ്യം വഹിച്ചതാണ്. ഇന്ത്യയിലെയും , കേരളത്തിലെയും മാറിമാറി അധികാരത്തിൽ വന്ന കോൺഗ്രസ്സ്, സംഘപരിവാർ, ഇടതുപക്ഷ സർക്കാരുകളെല്ലാം എല്ലാക്കാലവും ബഹുജൻ സമൂഹത്തെ ഒന്നടങ്കം അടിച്ചമർത്തുന്ന സമീപനമാണ് സ്വീകരിച്ചു പോന്നത്. നമുക്കറിയാം കേരളത്തിലെ ഇടതു-വലത് ഭരണകൂടങ്ങൾ എക്കാലവും തങ്ങളുടെ വോട്ടുബാങ്കായി മാത്രം പരിഗണിച്ച ഈ സമൂഹത്തിന് ഭൂമിയും, അധികാര സ്ഥാനങ്ങളും എക്കാലവും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ നമുക്ക് കിട്ടിയ പ്രഹരമാണ് പട്ടികജാതി/പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിലെ സുപ്രിം കോടതി വിധി. ഭരണകൂടത്തെ പോലെ തന്നെ , ജ്യുഡീഷ്യറി, ബ്യൂറോക്രസി, മറ്റിതര അധികാര സ്ഥാനങ്ങൾ എന്നിവയിലെല്ലാം തന്നെ 'ബ്രാഹ്മണിസം' പിടിമുറുക്കി എന്നതിൻറെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ആ വിധി. ദലിതരേയും മറ്റു ദുർബല വിഭാഗങ്ങളെയും ആർക്കും എന്തും ചെയ്യാമെന്നുള്ള ലൈസൻസ് ആയാണ് ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ടവർ ആ വിധിയെ കണ്ടത്. അതിനെതിരെ ദേശീയമായി ഉയർന്നുവന്ന പ്രക്ഷോഭങ്ങൾക്കൊപ്പം കേരളത്തെയും നിശ്ചലമാക്കുവാൻ നമുക്ക് കഴിഞ്ഞു എന്നത് നമ്മുടെ ശക്തി സ്വയം ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു.
ഈ അവസരത്തിലാണ് ബഹുജൻ യുവത വലിയൊരു രാഷ്ട്രീയ മാറ്റം കേരളത്തിൽ സാധ്യമാണ്

എന്ന സന്ദേശം പകർന്ന് യൂത്ത് മീറ്റ് സംഘടിപ്പിച്ചത്. ചെറിയ ചെറിയ

ക്‌ളാസ്സുകളിലൂടെ രൂപപ്പെടുത്തുയെടുത്ത യുവാക്കളുടെ ഒത്തുചേരലിലൂടെ വലിയൊരു ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണ് ആലുവയിൽ കണ്ടത്. ഏകദേശം 11.30 മണിക്ക് മാന്യവർ ഗോപിനാഥിൻറെ നേതൃത്വത്തിൽ പരംപൂജനീയ ബാബാസാഹേബ്

അംബേദ്കറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ച സംഗമത്തിൽ കേരളത്തിൻറെ പതിനാലു ജില്ലകളിൽ നിന്നുമായി ഏതാണ്ട് ആറായിരത്തിലധികം ആളുകളാണ് എത്തിച്ചേർന്നത്. ടൗൺ ഹാൾ നിറഞ്ഞു കവിഞ്ഞതിനാൽ വന്നതിൽ പകുതിയിലധികം

ആളുകളും പുറത്തായിരുന്നു. ബഹുജൻ യൂത്ത് മൂവ്മെൻറിന് നേതൃത്വം

നൽകിയ യുവാക്കളും യുവതികളും ബാബയെ അനുസ്മരിപ്പിക്കും വിധം കോട്ടും സ്യൂട്ടുമണിഞ്ഞാണ് വേദിയിൽ നിറഞ്ഞു നിന്നത്.


കണ്ടുപഴകിയ പരിപാടികളിൽ നിന്നും വ്യത്യസ്ത അനുഭവമാണത് തന്നത്. ബഹുജൻ സമാജ് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് ശ്രീ ജെ.സുധാകരൻ IAS (rtd ) അധ്യക്ഷത വഹിച്ച യോഗത്തിൽ, ദേശീയ കോർഡിനേറ്റർമാരായ മാന്യവർ ഗോപിനാഥ്, മാന്യവർ റാംജീ ഗൗതം, വൈസ് പ്രസിഡൻറ് ഡി.രതീഷ്, ഹരി അരുമ്പിൽ, പ്രവീൺ കൊണ്ടോട്ടി, നിയാമത്തുള്ള , ഇബ്രാഹിം കുട്ടി, ഷിബു പാറക്കടവൻ, ശ്രീനി കെ ജേക്കബ്, സജി ചേരമൻ, സുശീല മോഹൻ, ആരാ എസ് ബാബു, ജിജോ കുട്ടനാട്,തുടങ്ങിയവർ പാർട്ടിയെ പ്രതിനിധീകരിച്ചും, മനു ബുദ്ധൻ, അഖിൽജിത്ത്, ശരത്ത്, അഖിൽ മോഹൻ, നിഖിൽ ചന്ദ്രശേഖരൻ, അക്ഷയ് അശോക്, അരുൺ ദേവ്, മുഹമ്മദ് അബിനാസ് ,അഞ്ചു മാത്യു, സുമ, ലക്ഷ്മി, ഷിജി, മഹിജ തുടങ്ങിയ യുവ നേതൃത്വങ്ങളും, നിറ സാന്നിധ്യമായി. സദസ്സിൽ ഡോ.രാധാകൃഷ്ണൻ, ഡോ.സുദീപ് ബെൻ, ശ്രീ.അജയകുമാർ, ഡോ.എ.കെ.വാസു, ഡോ.രേഖ രാജ്, മൃദുല ദേവി ശശിധരൻ, ഡോ.ധന്യ മാധവ്, ഡോ.സജ്‌ന നാരായണൻ, ശ്രീ.അജിത്ത് രാജഗൃഹ, ശ്രീ.എം.ആർ.രേണുകുമാർ, ശ്രീ.ബിജു അയ്യമ്പള്ളി, ശ്രീമതി ഡിംപിൾ റോസ്, ഷക്കീല സലിം, ഷണ്മുഖൻ ഇടിയത്തേരിൽ, തുടങ്ങിയ മഹത് വ്യക്തിത്വങ്ങളും സാന്നിധ്യമറിയിച്ചു.


കേരളത്തിലെ സാമൂഹിക ചിന്താധാരയുടെ പ്രധാന

മുഖങ്ങളിലൊരാളായ ബഹുമാന്യ സണ്ണി.എം കപിക്കാടിൻറെ ആവേശഭരിതമായ വാക്കുകൾ നിറഞ്ഞ കരഘോഷത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.


'കേരളത്തിൻറെ രാഷ്ട്രീയചരിത്രം ഏപ്രിൽ ഒൻപതിന് മുൻപും ശേഷവും എന്ന് കാലം രചിക്കും' എന്നും,

'തനിക്കു മുന്നിലിരിക്കുന്ന ഈ യുവാക്കൾ കേരളം ഭരിക്കാൻ പ്രാപ്തിയുള്ളവരാണെന്നും അത് അസാധ്യമല്ലെന്നും' അദ്ദേഹം പറഞ്ഞു.തുടർന്ന് കേരളത്തിലെ പാർശ്വവത്കൃത സമൂഹത്തിൽ വിദ്യാർത്ഥി ജീവിതം മുതൽക്കേ ഇടപെടുകയും ഇന്നും നിറ സാന്നിധ്യമായി നമ്മോടൊപ്പം സഞ്ചരിക്കുകയും ചെയ്യുന്ന കാലിക്കട്ട് യൂണിവേഴ്‌സിയിയിലെ അധ്യാപകൻ ഡോ.എം.ബി.മനോജിൻറെ 'ജാഗ' എന്ന നോവൽ പ്രകാശനം ചെയ്യുകയുണ്ടായി.


കേരളത്തിൽ താമസിയാതെ വലിയൊരു രാഷ്ട്രീയ വികാസം

സംഭവിക്കുമെന്ന സൂചനയിലൂടെയാണ് തൻറെ വാക്കുകൾ അദ്ദേഹം അവസാനിപ്പിച്ചത്.


ഉച്ചഭക്ഷണത്തിനു ശേഷം, കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവും പ്രസിദ്ധ നാടൻപാട്ട് കലാകാരനുമായ പി.എസ്.ബാനർജിയുടെ നാടൻപാട്ടോടുകൂടി കലാ സാംസ്കാരിക പരിപാടിക്ക് തുടക്കം കുറിച്ചു.


നാടൻപാട്ടും വിവിധങ്ങളായ കലാപരിപാടികളോടും കൂടി ബഹുജൻ യൂത്ത് മീറ്റ് സമാപിച്ചു.


കേരള രാഷ്ട്രീയത്തിൽവലിയൊരു ചലനം സൃഷ്ടിക്കാൻ കഴിവുള്ള നേതാക്കളും യുവാക്കളും ഉണ്ടെന്ന ആവേശം

നെഞ്ചിലേറ്റിയാണ് ഓരോപ്രവർത്തകരും സമ്മേളന നഗരിയിൽ നിന്നും മടങ്ങിയത്. അതെ, നമുക്ക് ബാബയുടെ സ്വപ്നം സഫലീകരിച്ചേ മതിയാവു. രാഷ്ട്രീയാധികാരം, ആ താക്കോൽ നമുക്ക് സ്വന്തമാക്കുക തന്നെ വേണം. വിട്ടുവീഴ്ചകളുടേയും, ചർച്ചകളുടേയും, സമവായത്തിൻറെയും പുതിയ മനസ്സ് തുറന്നിട്ട് കൈകോർത്തു മുന്നോട്ടു പോകാം. കേരളത്തിൽ നാം അധികാരം പിടിക്കുക തന്നെ ചെയ്യും.

ജയ് ഭീം..!!!

Loading Conversation