sajiv.jpg

സജീവൻ പ്രദീപ്‌
കൊത്തുനേരം : Dec 27, 2015

പങ്കു വെയ്ക്കൂ !

ആരാണ് ദൈവം ?


എനിക്കറിയില്ല

ഞാന്‍ കണ്ടിട്ടില്ല

ഉടലില്‍ നിന്ന്

തല തെറിച്ചു പോകുമ്പോള്‍

ഒരത്ഭുതവും കാണിച്ചില്ല

ആരാണ്

ദൈവം,


ഞങ്ങളുടെ പ്രാര്‍ത്ഥനകളത്

സ്വീകരിക്കാറില്ല

ഏകപക്ഷീയ

നംപുസക നീതിമാത്രമാണത്


അധിനിവേശമൂ൪ച്ചയുടെ

മഴു

ഞങ്ങൾക്ക് മുന്നേ പരിചയമുണ്ട്

മുല

വിരൽ

ശിരസ്സ്

കാട്

എല്ലാം അറുത്ത കറയും

കഥയുമുളളതാണിത്


ഏതാണ്

ഞങ്ങളുടെ രാജ്യം,

വിധവകള്‍ തുന്നിയ പതാക

റീത്തിന്റെ

ശീതികരിച്ച സംഭരണശാല


വിശന്ന്

വയറൊട്ടി കരിഞ്ഞ് പോകുന്ന

ഞങ്ങളുടെ കുട്ടികള്‍

മരങ്ങളില്‍ തുക്കപ്പെട്ട

പെണ്‍കുട്ടികള്‍


പട്ടികളെപ്പോലെ

ചത്തുവീഴുന്ന ഞങ്ങള്‍,


ആരുടെ

കാല്‍തുടകള്‍ക്കിടയിലെ

കഴപ്പാണ്

സ്വാതന്ത്ര്യം?


ഞങ്ങള്‍

തൊട്ടുകൂടാത്തവരായി

തന്നെ ജീവിക്കുന്നു,


നിങ്ങള്‍

ജനാധിപത്യത്തിന്റെ

മാംസ കേക്ക് മുറിച്ചാഘോഷിക്കുന്നു,


എന്നിട്ടും

അധികാരത്തിന്റെ തൊലി തൊലിപ്പിച്ച്

നിങ്ങള്‍ പറയുന്നു

നിങ്ങളുടെ രാജ്യം വരണമെന്ന്

നമ്മള്‍ ഒന്നാണെന്ന്,


ഞങ്ങള്‍

ഇരുളിലേക്ക് തന്നെ

മടങ്ങേണ്ടവരാണെന്ന്..

പുഴുക്കളെപ്പോലെ

ഇഴയേണ്ടവരാണെന്ന്

നിങ്ങള്‍

പാഠപുസ്തകത്തിന്റെ

രഹസ്യ അധ്യായത്തിലെഴുതി

വെയ്ക്കുന്നു,


തന്തയില്ലായ്മ

തുടരുക..

ഞങ്ങള്‍ക്കുവേണ്ടി

നിരാഹാരമിരിക്കാന്‍

ഗാന്ധികളവതരിക്കില്ല

ജാഥകളുണ്ടാവില്ല

മുദ്രാവാക്യങ്ങളുണ്ടാവില്ല

ഏല്ലാം ഞങ്ങള്‍ക്കറിയാം


പക്ഷെ,

കൊടുംങ്കാറ്റിനു ഭ്രാന്തുപിടിക്കുന്ന

കാലമുണ്ടാവും.


ഇടിവാളുകൾ

ഞങ്ങൾക്ക് മാത്രമായി വെട്ടുന്ന

ദിവസം


മണ്ണടരുകളിൽ

അഗ്നിപ൪വ്വതങ്ങൾ

ഞങ്ങൾക്ക്

മാത്രമായി പൂത്തുപൊട്ടുന്ന

നാഴികകൾക്ക്

വേണ്ടി

വാക്കിന്റെ വാളുഴിഞ്ഞു വെയ്ക്കുന്നു

Loading Conversation