#

സിദ്ധീഖ് പടപ്പിൽ
കൊത്തുനേരം : Jan 29, 2016

പങ്കു വെയ്ക്കൂ !

പത്മ അവാർഡുകൾ


ഇന്ത്യയിലെ പരമോന്നത സിവിൽ അവാർഡ്‌ ഭാരത രത്ന ആണ്‌. ഭാരത്‌ രത്നയ്‌ക്ക്‌ താഴെ ഏറ്റവും വലിയ അവാർഡുകളായാണ്‌ പത്മ അവാർഡുകളെ കണക്കാക്കുന്നത്‌. 1954 ൽ ആണ്‌ ഭാരതരത്നയും പത്മ അവാർഡുകളും നൽകി ആദരിക്കാൻ ഇന്ത്യൻ സർക്കാർ തുടക്കമിട്ടത്‌.


]എല്ലാ വർഷവും റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ചാണ്‌ പത്മ അവാർഡുകൾ നൽകപ്പെടുന്നത്‌. ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമായ ഭാരതരത്ന ക്ക്‌ താഴെ മൂന്ന് അവാർഡുകളാൺ പ്രഖ്യാപിച്ചത്‌. കല, സാഹിത്യ, വിദ്യഭാസ മേഖലയിൽ, കായികം, വൈദ്യം, ശാസ്ത്രം, സാമൂഹ്യ പ്രവർത്തനം, ആതുര സേവനം, കച്ചവടം, വ്യവസായം തുടങ്ങിയ മേഖലയിലും അപൂർവ്വവും വിശിഷ്‌ടവുമായ നേട്ടങ്ങൾ സമ്മാനിച്ച വ്യക്തികൾക്കാൺ പത്മ അവാർഡുകൾ നൽകുന്നത്‌.


1954 ൽ ഭാരതരത്ന ക്ക്‌ താഴെ മറ്റു മൂന്ന് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പത്മ വിഭൂഷൺ എന്ന് മാത്രമായിരുന്നു ഈ അവാർഡുകളുടെ മൊത്തത്തിലുള്ള പേർ. പത്മവിഭൂഷൺ 'പെഹല വർഗ', പത്മവിഭൂഷൺ 'ദൂസര വർഗ', പത്മവിഭൂഷൺ 'തീസര വർഗ' എന്നിങ്ങനെയാൺ പത്മ അവാർഡുകൾ അറിയപ്പെട്ടിരുന്നത്‌. പിന്നീട്‌ 1955 ലാൺ പെഹല വർഗ യെ പത്മവിഭൂഷൺ ആയി നില നിർത്തുകയും ദൂസര വർഗ യെ പത്മഭൂഷൺ എന്നും തീസര വർഗ യെ പത്മശ്രീ എന്നും പുനർ നാമകരണം ചെയിതത്‌. ജാതി വർഗ്ഗ വ്യത്യാസമോ തൊഴിൽ, ഉദ്യോഗസ്ഥാന വ്യത്യാസമോ ലിംഗ വ്യത്യാസമോ ഇല്ലാതെ രാജ്യത്തെ എല്ലാ പൗരന്മാരും ഈ അവാർഡുകൾക്ക്‌ യോഗ്യരാണ്‌.


1954 ൽ അവാർഡുകൾ നൽകാൻ ആരംഭിച്ചതിന്ന് ശേഷം ചരിത്രത്തിൽ രണ്ട്‌ പ്രാവശ്യങ്ങളിലായി പത്മ അവാർഡുകൾ നിർത്തി വെക്കേണ്ടതായി വന്നിട്ടുണ്ട്‌. 1977 മുതൽ 1980 വരെയും 1993 മുതൽ 1997 വരെയുമാണത്‌. 1977 ജൂലൈയിൽ മൊറാർജി ദേശായി ആധികാരത്തിൽ വന്നപ്പോൾ നിർത്തലാക്കിയ പത്മ അവാർഡുകൾ 1980 ൽ ഇന്തിരാ ഗാന്ധി വീണ്ടും അധികാരത്തിൽ വന്നപ്പോൾ പുനസ്ഥാപ്പിച്ചു. പത്മ അവാർഡുകൾ നൽകുന്നതിനെ ചോദ്യം ചെയിത്‌ 1992 ഫെബ്രവരി 13 ന്ന് കേരള ഹൈക്കോടതിയിൽ ബാലാജി രാഘവൻ സമർപ്പിക്കപ്പെട്ട പൊതു താൽപര്യ ഹർജിയുടെയും 1992 ആഗസ്റ്റ്‌ 24 ന്ന് സത്യപാൽ ആനന്ദ്‌ എന്ന വ്യക്തി മദ്ധ്യ പ്രദേശ്‌ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയുടെയും ഫലമായി 1993 മുതൽ 1997 വരെ പത്മ അവാർഡുകൾ നൽകുന്നതിൽ തടസ്സം നേരിട്ടു.


ഇന്ത്യൻ രാഷ്ട്രപതിയാൽ നൽകപ്പെടുന്ന പത്മ അവാർഡുകൾ പിങ്ക്‌ റിബ്ബണിൽ കോർത്തപ്പെട്ട മെഡലുകളാൺ. മെഡലുകളുടെ മദ്ധ്യത്തിലായി താമര ചിത്രണം ചെയ്യപ്പെട്ട മുഖവഷത്തിൽ മേലെ പത്മ എന്നും താമരക്ക്‌ താഴെ വിഭൂഷൺ എന്നും ഹിന്ദിയിൽ എഴുതി ചേർത്തിരിക്കുന്നു. പിറക്‌ വശത്ത്‌ മദ്ധ്യത്തിലായി അശോകചക്രവും 'സത്യമേവ ജയതേ' എന്ന വാചകവും എഴുതി ചേർട്ടിട്ടുണ്ട്‌.


1954 ൽ തുടങ്ങിവെച്ചത്‌ മുതൽ ഈ കൊല്ലം വരെ 294 പത്മവിഭൂഷൺ അവാർഡുകൾ വിതരണം ചെയിതിട്ടുണ്ട്‌. വി. കെ. കൃഷ്ണ മേനോൻ അടക്കം 5 പേർക്കാണ്‌ ആദ്യവർഷം പത്മവിഭൂഷൺ നൽകപ്പെട്ടത്‌. ഈ വർഷം നൽകപ്പെട്ട 10 പേരിൽ പ്രശസ്ത തമിഴ്‌ നടൻ രജനീകാന്തും ഉൾപ്പെട്ടിരുന്നു. 2016 ലെ ഉൾപ്പടെ 1230 പേർക്ക്‌ നൽകപ്പെട്ട പത്മഭൂഷൺ അവാർഡ്‌ നിരാകരിച്ചവരിൽ, പ്രസിദ്ധ പിന്നണി ഗായിക എസ്‌. ജാനകിയും ഉൾപ്പെടുന്നു. 2013 ലാൺ വൈകിയെത്തിയ ഈ അംഗീകാരത്തെ ജാനകിയമ്മ, തെക്കേ ഇന്ത്യൻ കലാകാരന്മാരെ സർക്കാർ ആദരിക്കാൻ താൽപര്യം കാണിക്കുന്നില്ല എന്ന് പറഞ്ഞ്‌ നിരാകരിച്ചത്‌. ഇത്‌ വരെ 2680 പേർക്ക്‌ നൽകപ്പെട്ടിട്ടുള്ള പത്മശ്രീ അവാർഡാണ്‌, ഏറ്റവും വലിയ നാലാമത്തെ സിവിലിയൻ പുരസ്കാരം. കേരളത്തിൽ നിന്നുള്ള പി. പി. ഗോപിനാഥൻ നായർ അടക്കം 81 പേരാൺ ഈ വർഷം പത്മശ്രീ അവാർഡിന്ന് അർഹരായത്‌.


ഭാരത രത്നയും പത്മ വിഭൂഷണും പത്മ ഭൂഷണും പത്മ ശ്രീ യും ലഭിച്ച ഒരേയൊരു വ്യക്തി സത്യജിത്‌ റേ മാത്രമാണ്‌. 1958 പത്മശ്രീയും 1965 ൽ പത്മഭൂഷണും 1976 ൽ പത്മ വിഭൂഷണും 1992 ൽ ഭാരതരത്നയും നൽകി റേ ആദരിക്കപ്പെട്ടിട്ടുണ്ട്‌. പത്മശ്രീ ഒഴികെയുള്ള മറ്റു രണ്ടു പത്മ അവാർഡുകളും പരമോന്നത ബഹുമതിയായ ഭാരതരത്നയും നൽകി ആദരിക്കപ്പെട്ടിട്ടുള്ള രണ്ടു വ്യക്തിത്വങ്ങളിൽ ഒരാൾ അബ്ദുൽ കലാമും മറ്റൊരാൾ ഇന്ത്യയുടെ വാനന്പാടി ലതാ മങ്കേഷ്‌കറുമാൺ. 1981 ൽ പത്മഭൂഷണും 1990 ൽ പത്മവിഭൂഷണും 1997 ൽ ഭാരതരത്നയും നേടാൻ അബ്ദുൽ കലാമിന്ന് സാധിച്ചപ്പോൾ 1969 ൽ പത്മഭൂഷണും 1999 ൽ പത്മവിഭൂഷണും 2001 ൽ ഭാരതരത്നയും നേടാൻ ലതാ മങ്കേഷ്‌കറിന്നുമായി.


കടപ്പാട്

Loading Conversation