#

ഷാബു പ്രസാദ്‌
കൊത്തുനേരം : Jan 11, 2016

പങ്കു വെയ്ക്കൂ !

മൈ ഡിയർ കുട്ടിച്ചാത്തൻ - ദൃശ്യവിസ്മയത്തിന്റെ ഗൃഹാതുരസ്മരണകൾ...മലയാളത്തിലെ ആദ്യ 70 എം എം സിനിമയായ ബ്രഹ്മാണ്ഡ ചിത്രം പടയോട്ടത്തിനു ശേഷം, നവോദയയുടെ പണിപ്പുരയിൽ മറ്റൊരു മഹാത്ഭുതം പിറവികൊള്ളുന്നു എന്ന വാർത്ത, 1984 തുടക്കത്തിൽ തന്നെ മലയാള പത്രങ്ങളിൽ തെന്നിത്തെറിച്ച്‌ നടക്കുന്നുണ്ടായിരുന്നു..... ദൃശ്യമാധ്യമങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്ത്‌, വല്ലപ്പോഴും പത്രത്തിൽ വരുന്ന ഇത്തരം വാർത്തകൾ സാന്താക്ലോസ്സിന്റെ കീശയിലെ മിഠായികൾ പോലെ കേരളം ആസ്വദിച്ചു.മലയാള സിനിമ, ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്‌ കാലത്ത്‌ നിന്ന് രക്ഷപെടാൻ പെടാപ്പാടു പെടുന്ന സമയത്ത്‌ , സിനിമാസ്കോപ്പ്‌, 70എം എം എന്നീ സാങ്കേതികകളിലൂടെ, കാലത്തിനു മുൻപേ നടന്ന അപ്പച്ചൻ നൽകാൻ പോകുന്നത്‌ മറ്റൊരു ചരിത്രമായിരിക്കും എന്നത്‌ ഉറപ്പായിരുന്നു.


അങ്ങിനെ 1984 സെപ്റ്റംബറിൽ, നവോദയ, കുട്ടിച്ചാത്തനെ കുടം തുറന്ന് വിട്ടു. ആലീസിന്റെ അത്ഭുതലോകത്ത്‌ നിന്നോ, ആയിരത്തൊന്ന് രാവുകളിൽ നിന്നോ ഇറങ്ങിവരുന്നവരെ പോലെ തിയേറ്റർ വിട്ട്‌ വരുന്ന ജനങ്ങൾ മഹാവിസ്മയങ്ങളുടെ കഥകൾ കൊണ്ട്‌ കേരളം നിറച്ചു.... സിനിമ കാണാൻ പ്രത്യേക കണ്ണട, കാണികൾക്ക്‌ നേരേ പറഞ്ഞ്‌ വരുന്ന തീപ്പന്തങ്ങൾ, പാഞ്ഞടുക്കുന്ന വാഹനങ്ങൾ, കല്ലുകൾ ചീറിവരുമ്പോൾ, ഒഴിഞ്ഞു മാറുന്ന തലകൾ കൂട്ടിയിടിക്കുന്ന കൗതുകക്കാഴ്ചകൾ..... അങ്ങനെയങ്ങനെ, ഒരു കൊല്ലം കുട്ടിച്ചാത്തൻ നിറഞ്ഞാടി...... സാങ്കേതിക വിദ്യകൊണ്ട്‌ മാത്രം ഒരു സിനിമ മെഗാഹിറ്റായ ആദ്യ സംഭവം.ഇൻഡ്യയിലേക്ക്‌, 3-ഡി ടെക്നോളജി കൊണ്ടുവന്ന് കൊണ്ട്‌, കേൾവികേട്ട നവോദയയുടെ പെരുമ, അപ്പച്ചൻ പുതിയ ഉയരങ്ങളിൽ തന്നെ പ്രതിഷ്ഠിച്ചു.


ത്രി-ഡി

നമ്മുടെ ചുറ്റുമുള്ള, എന്തും നാം കാണുന്നത്‌ മൂന്ന് മാനങ്ങളിലൂടയാണു. നീളം, വീതി, കനം എന്നിങ്ങനെ. രണ്ട്‌ കണ്ണുകളിലൂടെ റെറ്റിനയിൽ പതിയുന്ന, രണ്ട്‌ പ്രതിബിംബങ്ങളെ കൂട്ടിയോജിപ്പിച്ചാണു, തലച്ചോർ നമുക്കിത്‌ സാധ്യമാക്കുന്നത്‌. ഒരു കണ്ണു കൊണ്ട്‌ മാത്രം കണ്ടാൽ ഇത്‌ അനുഭവപ്പെടുകയില്ല.അതായത്‌, രണ്ട്‌ കണ്ണുകൾ കൊണ്ട്‌ കണ്ടാലേ നമുക്ക്‌, വസ്തുക്കൾ തമ്മിലുള്ള അകലം, പ്രത്യേകിച്ച്‌ മുൻപിലും പിന്നിലുമുള്ള വസ്തുക്കളുടെ, കൃത്യമായി അറിയാൻ കഴിയൂ....

1.jpg


സാധാരണ ഗതിയിൽ എടുക്കുന്ന ഒരു ഫോട്ടോ, ഒരു ചലച്ചിത്രം ഒക്കെ ഒരു ലെൻസ്‌ കൊണ്ട്‌ മാത്രം ചിത്രീകരിക്കുന്നതാണു അത്‌ കൊണ്ട്‌ തന്നെ, നീളം, വീതി എന്നീ ഡയമൻഷനുകളിൽ മാത്രമേ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെടുന്നുള്ളു. നാം കാണുന്നതും അങ്ങനെ തന്നെ. എന്നാൽ പ്രത്യേക ക്യാമറ ഉപയോഗിച്ച്‌, രണ്ട്‌ കണ്ണുകളുടെ കാഴ്ച പ്രത്യേക മായിത്തന്നെ ചിത്രീകരിച്ച്‌, പ്രത്യേക പ്രൊജക്ഷൻ സംവിധാനത്തിലൂടെ പ്രൊജക്റ്റ്‌ ചെയ്ത്‌, പ്രത്യേക കണ്ണട ഉപയോഗിച്ച്‌ കണ്ടാൽ...... ദൃശ്യങ്ങൾ യഥാർത്ഥത്തിൽ കാണുന്നത്‌ പോലയുള്ള, 3ഡി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ആണു ഇവിടെ ഉപയോഗിക്കുന്നത്‌. 1922 റിലീസ്‌ ചെയ്യപ്പെട്ട പവർ ഓഫ്‌ ലവ്‌ ആണു ആദ്യത്തെ 3ഡി സിനിമ. ചുവപ്പും നീലയും നിറങ്ങളുടെ കോമ്പിനേഷനുകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന ത്രിമാന അനുഭവങ്ങളിൽ നിന്ന് ലോകം പിന്നീടൊരുപാട്‌ മുൻപോട്ട്‌ പോയി, ഇന്ന്, ഡിജിറ്റൽ മിഴിവോടെ,അവതാറും, ലൈഫ്‌ ഓഫ്‌ പൈയ്യും, എവറസ്റ്റുമെല്ലാം നമ്മെ അത്ഭുതപ്പെടുത്തുന്നു......


എങ്കിലും.... കാലം എത്രയൊക്കെ കഴിഞ്ഞാലും,നിളയിലൂടെ എത്ര വെള്ളം ഒഴുകിയാലും....അപ്പച്ചനെന്ന ദീർഘ ദർശി, മലയാളത്തിനു നൽകിയ ആ അലാവുദീന്റെ അത്ഭുത വിളക്കിലെ മഹാവിസ്മയങ്ങളുടെ, രോമാഞ്ചം മറക്കാൻ കഴിയുകയില്ല......


കടപ്പാട് : ഇന്നലെകളുടെ നേർക്കാഴ്ചകൾ - Rays to the past

Loading Conversation