#

സജീവൻ പ്രദീപ്‌

കൊത്തുനേരം : Jan 18, 2016

പങ്കു വെയ്ക്കൂ !

ചോരയുടെ നിറം കറുപ്പാണ്

ഗത്യന്തരമില്ലാതെ

ആത്മഹത്യ ചെയ്യപ്പെടുന്നവന്റെ

അമ്മ,

പെലകുളിക്കാൻ പുഴയിലിറങ്ങി

കാലുളുങ്ങി

മുങ്ങിപോവുമ്പോൾ

കണ്ണ്കൊത്തിയെടുത്ത മീനുകളുടെ

ചുരുണ്ടകൊടലുകൾക്കുളളിലാണ്

ചോരയുടെ നിറം

കൊല്ലപ്പെടുമ്പോൾ മാത്രമറിയാവുന്ന

കറുപ്പാണ്

എന്നറിയുക.


പേജുകൾ ചോരയാലൊട്ടി പിടിച്ച

പുസ്തകം,

മണ്ണെണ്ണ വിളക്ക് തട്ടിമറിഞ്ഞ് തീപിടിച്ച

സ്വപ്നം,

ഓടകോരിയും കരിംപാറപൊട്ടിച്ചും

അന്നം കണ്ടെത്തിയ അച്ഛൻ.

ഉദ്യോഗം കിട്ടിയേട്ടൻ വാങ്ങിതരുന്ന

കുപ്പായത്തെയോർത്ത് പിഞ്ഞിപോയവ വീണ്ടും വീണ്ടും തുന്നിയുടുക്കുന്ന പെങ്ങൾ.


ഒരാംബുലൻസിൽ

മടക്കിയൊതുക്കിക്കെട്ടിയ

നിരവധി

ജീവിതങ്ങളുടെ പ്രതീക്ഷ

ഗ്രാമാതിർത്തി കടന്ന് വരുന്നു.


എവിടെ നിന്നാണ്

എന്തിൽ നിന്നാണ്

ഞങ്ങൾ പഠിക്കേണ്ടത് ?

ഓരോരുത്തരും

വെള്ളതുണിക്കെട്ടായി

വീട്ടിലേക്ക് മടങ്ങുമ്പോൾ

നിങ്ങൾ

വംശീയത ഇല്ലെന്ന് പറയുമ്പോൾ

ഞങ്ങളെങ്ങിനെ വിശ്വസിക്കും ?


ശംബൂക നീതിയുടെ

ഈയ്യാക്ഷരങ്ങൾ

നിങ്ങളിപ്പോഴും വളർത്തുന്ന

നരഭോജികളായ ചെന്നായ്ക്കളല്ലേ ?


രാജ്യമാരുടേതാണ് ?


കൊല്ലപ്പെടുമ്പോൾ,

ബലാൽസംഘം ചെയ്യപ്പെടുമ്പോൾ,

ഗത്യന്തരമില്ലാതെ

ആത്മഹത്യ ചെയ്യുമ്പോൾ,

അകാരണമായി പുറത്താക്കപ്പെടുമ്പോൾ,


മാത്രമറിയാം

ചോരയുടെ നിറം കറുപ്പാണ്..!

Loading Conversation