#

ഷഫീക് സുബൈദ ഹക്കീം
കൊത്തുനേരം : Jan 22, 2016

പങ്കു വെയ്ക്കൂ !

ബ്രാഹ്മണിക്കല്‍ ആത്മസംതൃപ്തികളോട് !! (ഐക്യദാര്‍ഢ്യക്കാരോട്)


(Hatred in the belly, എന്ന പുസ്തകത്തിന്റെ ആമുഖമായി ഗുരീന്ദര്‍ ആസാദ് എഴുതിയ Confronting Brahminical complacency എന്ന കവിതയുടെ വിവര്‍ത്തനം. ഹിന്ദിയില്‍ നിന്നും ഇംഗ്ലീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തത് അക്ഷയ് പഥക്കും നരേന്‍ ബിദിഡെയും ചേര്‍ന്ന്. )


കുറുക്കുവഴികളേതുമില്ലാത്ത

മുന്നേറ്റമാണിത്.

പ്രകൃതി നിയമം പിന്‍പറ്റുംപോലെ

സ്വന്തം വഴിതിരഞ്ഞെടുത്ത

സഞ്ചാരക്കൂട്ടമാണിത്.


ഒരിക്കലീ വഴിയില്‍

വന്‍ഗര്‍ത്തങ്ങളുണ്ടായിരുന്നു.

ഇതൊന്നു നികത്താന്‍

എത്രയെത്ര ത്യാഗങ്ങള്‍...


ഭാവനയിലൊന്നു കാണൂ...

നിങ്ങളമ്പരന്നുപോകും.


ഞങ്ങള്‍ മര്‍ദ്ദിതര്‍ക്ക്

ആ ത്യാഗങ്ങളോട്

കനത്ത സ്‌നേഹമാണ്...


ഞങ്ങള്‍...

കോടാനുകോടികളായ ഞങ്ങള്‍ക്കറിയാം,

ഭയക്കാന്‍

ജീവിക്കാന്‍

പോരാടാന്‍

ഉറക്കെ മുഷ്ടിചുരുട്ടാന്‍

എന്തിന്!

ജീവിതം പരിപോഷിപ്പിക്കാനൊക്കെ

എങ്ങനെ പരിശ്രമിക്കണമെന്ന്

ഞങ്ങള്‍ക്കറിയാം...


ഞങ്ങളുടെ പാതയുടെ

അടിക്കല്ലുകളായ്

അടരടരുകളായി

നിറഞ്ഞിരിക്കുന്നതിതെല്ലാമാണ്.


ചിലയിടങ്ങളിലവ

പൂക്കള്‍പോലെ പൊട്ടിവിടരും.

ചിലയിടങ്ങളിലവ

ലാവ പോലെ പൊട്ടിയൊഴുകും.


ആ പുസ്തകങ്ങളിലെ

ഓരോ വാക്കുകളുടെയും ചരിത്രങ്ങളില്‍

ഈ അനുഭവങ്ങള്‍

ഞങ്ങളുടെ നിശ്വാസങ്ങള്‍പോലെ

ആഴത്തില്‍ പതിഞ്ഞുകിടപ്പുണ്ട്.


ആ പുസ്തകത്തിന്

ഇനിയുമൊ'രാമുഖ'മോ?

അതിന്റെ ആവശ്യമെന്ത്?


പക്ഷെ...

പക്ഷെ എനിക്കിപ്പോഴും

മനസിലാകാത്തതിതാണ്;


'ഐക്യദാര്‍ഢ്യ'ത്തിന്റെ പേരില്‍

നിങ്ങള്‍ക്കെന്തും ചെയ്യാമെന്നോ?


നിങ്ങളുടെ

സവിശേഷാധികാര*ങ്ങളുടെ

പാരച്ചൂട്ടില്‍ കയറി

ഞങ്ങളുടെ തലയില്‍ ചാടിയിറങ്ങാമെന്നോ?


എങ്ങനെ നടക്കണം

എങ്ങനെ ചിന്തിക്കണമെന്ന്

ഞങ്ങളോട് ഉപദേശിക്കാമെന്നോ?


ഈ ദേശത്തെങ്ങുമുള്ള ഞങ്ങളുടെ

പ്രക്ഷോഭകാരികള്‍

വാക്കുകളെ

തീജ്വാലയായാളിക്കത്തിക്കുമ്പോള്‍,


നിങ്ങളുടെ നികൃഷ്ട സമുദായങ്ങള്‍

എങ്ങുംപരത്തിക്കൊണ്ടിരിക്കുന്ന

അന്ധകാരത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുമ്പോള്‍.


ഞങ്ങളുടെ ചെറുവെട്ടങ്ങള്‍

എങ്ങനെ തീ പടര്‍ത്തുമെന്ന്

ഞങ്ങളെ ബോധിപ്പിക്കുകയാണോ നിങ്ങള്‍?


ഐക്യദാര്‍ഢ്യത്തിന്റെ പേരില്‍

ഞങ്ങളുടെ തലയിലേയ്ക്ക് കയറരുത്!


ആദ്യം നിങ്ങള്‍

നിങ്ങളുടെ മര്‍ദ്ദക സമുദായത്തെ

ചോദ്യം ചെയ്യു.


എന്നിട്ട്


ഞങ്ങളുടെ ഉപ്പുറ്റിക്കുള്ളില്‍

ഒന്ന് കയറി നില്‍ക്കു.

ഞങ്ങള്‍ക്കൊപ്പം,

ഞങ്ങളുടെ വേദനകളിലൂടെ

ഞങ്ങളുടെ നിശ്വാസങ്ങളിലൂടെ

ഞങ്ങളനുഭവിക്കുന്ന യാതനകളിലൂടെ

ഒന്ന് സഞ്ചരിച്ചുനോക്കൂ...

ഓരോ നിമിഷവും

കണ്ണാടിയില്‍ നോക്കാന്‍ മറക്കരുത്.


എല്ലാത്തിനും പുറമെ ഒന്നുകൂടെ പറയട്ടെ;

ഐക്യദാര്‍ഢ്യത്തിനും വേണം

ചില നൈതികതകള്‍.


ഈ മുന്നേറ്റം

ഗാന്ധിയെ എന്നോ മറികടന്നിരിക്കുന്നു.

അതുകൊണ്ട്...

ദയവായി നിങ്ങള്‍

സ്വയം അപ്‌ഡേറ്റ് ചെയ്യൂ...


-ഗുരീന്ദര്‍ ആസാദ്


വിവര്‍ത്തനം: ഷഫീക്ക് സുബൈദ ഹക്കീം


*Social Privileges

>>FaceBook Note


ഗുരീന്ദര്‍ ആസാദ് എഴുതിയ Confronting Brahminical complacency എന്ന കവിത മൂലരൂപംLoading Conversation